ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ

ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ

ക്വിയർ വ്യക്തികളെ മനുഷ്യരായും പരിഗണന അർഹിക്കുന്നവരായും കണ്ടുള്ള നിലപാട് ഉയർത്തിപ്പിടിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാവുന്ന കാതൽ

ക്വിയർ വ്യക്തികൾ മലയാള സിനിമയ്ക്ക് എന്നും തമാശയായിരുന്നു. പലതരം പദങ്ങൾ ഉപയോഗിച്ച് ക്വിയർ വ്യക്തികളെക്കുറിച്ച് തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നതിന് മലയാള സിനിമ വഹിച്ച പങ്ക് വളരെ വലുതാണ്. ലൈംഗികതയ്ക്കുവേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യർ എന്ന നിലയിലാണ് പലപ്പോഴും ക്വിയർ വ്യക്തികളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാറുള്ളത്.

സ്‌ത്രൈണതയുള്ള വ്യക്തികളെയും ട്രാൻസ്‌ജെൻഡർ വ്യക്തികളെയും കളിയാക്കി വിളിക്കാൻ ഒരു പേര് പോലും മലയാള സിനിമ പുതുതായി സമ്മാനിച്ചു, 'ചാന്തുപൊട്ട്'. 2005 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ 'ചാന്തുപൊട്ട്' എന്ന ചിത്രം തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങളെക്കുറിച്ച് നിരവധി ക്വിയർ വ്യക്തികൾ പിന്നീട് തുറന്നുപറഞ്ഞിരുന്നു.

ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ
നൊമ്പരമായി കലാഭവൻ ഹനീഫ്; വെള്ളിത്തിരയിലെ അവസാന കഥാപാത്രം കാതലിൽ

'കുണ്ടൻ, ഒമ്പത്, ആണും പെണ്ണും കെട്ടത്, സാധനം' തുടങ്ങി നിരവധി വാക്കുകൾക്കൊപ്പം ഈ സിനിമ സമ്മാനിച്ച 'ചാന്തുപൊട്ടുകൾ, മാങ്ങപറി ചളികുത്ത്, ധിംതരികിട തോം' എന്നീ പേരുകളും ക്വിയർ വ്യക്തികൾ കാലാകാലങ്ങളായി പേറേണ്ടി വന്നിരുന്നു. പേരിനുപുറമെ സിനിമയുടെ കഥയും കഥ മുന്നോട്ടുവച്ച ആശയവും പ്രശ്‌നമുള്ളതായിരുന്നു. 'ക്രോസ് ഡ്രസ്സറായ' രാധാകൃഷ്ണൻ എന്ന രാധ സ്‌ത്രൈണതയുള്ള കഥാപാത്രമായി മാറിയത് മുത്തശ്ശിയും അമ്മയും വളർത്തിയ രീതികൊണ്ടാണെന്നും വില്ലനെ തല്ലിവീഴ്ത്തി 'ആണായി' മാറുകയും തനിക്ക് ജനിച്ച കുഞ്ഞിനെ 'ആണായി' വളർത്തുന്നതുമായിരുന്നു ചാന്തുപൊട്ടിന്റെ കഥയിൽ പറയുന്നത്.

ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ഒരു രംഗം
ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ഒരു രംഗം

2005 ലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ചിത്രമാണ് ചാന്തുപൊട്ട്. എന്നാൽ സിനിമ റിലീസ് ചെയ്തതിനുപിന്നാലെ പൊതു ഇടങ്ങളിലും കുടംബത്തിനകത്തും എന്തിന് വിദ്യാലയങ്ങളിൽ പോലും ഈ സിനിമമൂലം ക്വിയർ വ്യക്തികൾക്ക് പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നു. മുഹമ്മദ് ഉനൈസിനെപ്പോലുള്ള ക്വിയർ ആക്ടിവിസ്റ്റുകൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറയുകയും ചെയ്തു.

ചാന്തുപൊട്ട് ചിത്രീകരണവേളയിൽ നടൻ ദിലീപും സംവിധായകൻ ലാൽജോസും
ചാന്തുപൊട്ട് ചിത്രീകരണവേളയിൽ നടൻ ദിലീപും സംവിധായകൻ ലാൽജോസും
ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ
മമ്മൂട്ടിയുടെ കാതല്‍ ജിയോ ബേബിയുടെ മധുരപ്രതികാരം? വീണ്ടും ഓര്‍മയിലെത്തുന്ന 'സീക്രട്ട് മൈന്‍ഡ്‌സ്'

ചാന്തുപൊട്ട് എന്ന സിനിമയുടെ മാത്രം പ്രശ്‌നമായിരുന്നില്ല ഇത്. മലയാള സിനിമയിൽ കാലങ്ങളായി ക്വിയർ വ്യക്തികളെ അവതരിപ്പിച്ച രീതിയുടെ പ്രശ്‌നമായിരുന്നു. ആക്ഷൻ ഹീറോ ബിജുവിൽ എസ് ഐ ബിജു പൗലോസിന്റെ കൈയിൽ തൊടുന്ന സ്‌ത്രൈണതയുള്ള വ്യക്തി കോമഡിയായി മാറുന്നത് അങ്ങനെയായിരുന്നു. ടു കൺട്രീസ് എന്ന ചിത്രത്തിലും സമാനമായിരുന്നു അവസ്ഥ.

ഇത്തരത്തിൽ മലയാള സിനിമ ക്വിയർ സമൂഹത്തോട് ചെയ്ത ക്രൂരതകൾ ഒരുവശത്ത് നിലനിൽക്കെ, അത്തരം വ്യക്തികളെ മനുഷ്യരായും പരിഗണന അർഹിക്കുന്നവരായും കണ്ടുള്ള നിലപാട് ഉയർത്തിപ്പിടിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാവുന്ന കാതൽ. (ഇനി പറയുന്നതിൽ സ്‌പോയിലർ ഘടകങ്ങൾ ഉണ്ടാവുമെന്നതിനാൽ സിനിമ കാണാത്തവർ വായിക്കാതിരിക്കാൻ ശ്രമിക്കുക)

സ്വവർഗലൈംഗികതയെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളെ പൊളിക്കുന്ന സിനിമയിൽ ഒരിക്കലും അതൊരു പ്രശ്‌നം എന്ന രീതിയിലല്ല അവതരിപ്പിക്കുന്നത്. ഇതാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം. മമ്മൂട്ടി എന്ന സൂപ്പർ താരത്തിനെ 'സമ്പൂർണ ആണത്ത'ത്തിന്റെ ഉത്തമ ഉദാഹരണമായിട്ടാണ് മലയാള സിനിമയിൽ കാലാകാലങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. അതേ സൂപ്പർ താരം തന്റെ ഇമേജിനെ തന്നെ തലകീഴായി മറിച്ചുകൊണ്ടാണ് കാതൽ എന്ന ചിത്രവുമായി എത്തുന്നത്. അഭിനയത്തിന് പുറമെ കാതൽ എന്ന ചിത്രം നിർമിക്കാൻ കൂടി എടുത്ത തീരുമാനത്തിനും മമ്മൂട്ടി കയ്യടി അർഹിക്കുന്നു.

മലയാള സിനിമ പൊതുവെ കൈകാര്യം ചെയ്യാൻ മടിക്കുന്ന അല്ലെങ്കിൽ തെറ്റായി കൈകാര്യം ചെയ്തിട്ടുള്ള ഒന്നാണ് സ്വവർഗ പ്രണയം. മുമ്പ് മൂത്തോൻ എന്ന സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ ആ സിനിമക്കൊപ്പം തിയേറ്ററുകളിൽ ഉയർന്ന അടക്കിപ്പിടിച്ച ചിരികളും കമന്റുകളുമുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി എന്ന മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒന്ന് തന്നെ ഇത്തരമൊരു വിഷയവുമായി എത്തിയപ്പോൾ അന്ന് അടക്കിപ്പിടിച്ച ചിരികൾ തീയേറ്റിൽ കൈയടികളും ചിന്തകളുമായി മാറുന്നുണ്ട്. അതിന് മമ്മൂട്ടി എന്ന സ്റ്റാർഡം വഹിക്കുന്ന പങ്ക് ചെറുതല്ല.

മൂത്തോൻ എന്ന സിനിമയിൽ നിവിൻ പോളി
മൂത്തോൻ എന്ന സിനിമയിൽ നിവിൻ പോളി
ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ
നിര്‍മ്മാല്യത്തിൽനിന്ന് നിർഭാഗ്യത്തിലേക്ക്; രവി മേനോന്റെ കഥ

മമ്മൂട്ടിയെപ്പോലെ ഇന്ത്യൻ സിനിമയിലെ തന്നെ ലെജൻഡ് സൂപ്പർ സ്റ്റാർ സ്വവർഗാനുരാഗിയായി എത്തുമ്പോൾ അത് സമൂഹത്തിലുള്ള പല മുൻധാരണകളെയും തിരുത്താനോ അതുമല്ലെങ്കിൽ ചിന്തിപ്പിക്കാനോ സഹായിക്കും. ക്വിയർ വ്യക്തികളെ 'ആ സിനിമയിലെ കഥാപാത്രം പോലെ' ആയിരിക്കുമല്ലേ എന്ന് കളിയാക്കുന്നവരോട് 'അല്ല ഞാൻ കാതൽ സിനിമയിലെ മമ്മൂട്ടിയുടെ മാത്യു സാറിനെ പോലെയാണ്' എന്ന് ധൈര്യപൂർവം പറയാൻ സാധിക്കും.

പലപ്പോഴും തന്റെ വ്യക്തിത്വം തുറന്നുപറയാൻ കഴിയാത്ത സാഹചര്യം ക്വിയർ വ്യക്തികൾ നമ്മുടെ സമൂഹത്തിൽ നേരിടുന്നുണ്ട്. പലപ്പോഴും സമൂഹം എന്തായിരിക്കും ചിന്തിക്കുകയെന്നുള്ള പേടിയിൽ തങ്ങളുടെ വ്യക്തിത്വം തുറന്നു പറയാൻ സാധിക്കാത്ത മാത്യുമാരും അതുമൂലം ജീവിതം തന്നെ നരകതുല്യമായ ഓമനമാരും.

കാതൽ എന്ന വാക്കിന് പ്രണയമെന്നും ഉൾക്കാമ്പ് എന്നും അർത്ഥമുണ്ട് ഈ രണ്ട് അർത്ഥങ്ങളും ഈ സിനിമയ്ക്ക് പൂർണമായി യോജിക്കുന്നതാണ്. സിനിമയിലേക്ക് എത്തുമ്പോൾ മമ്മൂട്ടി എന്ന നടൻ തന്റെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട്. തന്റെ ലൈംഗിക വ്യക്തിത്വം പുറം ലോകം അറിയോയെന്നുള്ള ഭയം, അടക്കിപ്പിടിച്ച പ്രണയം, പൊതുസമൂഹത്തിൽ താൻ സ്വവർഗാനുരാഗിയാണെന്ന് അറിയിക്കാതെ ഇരിക്കാൻ ശ്രമിക്കുന്ന വ്യഗ്രത എല്ലാത്തിനുമൊടുവിലുള്ള നിസഹായത എല്ലാം അതിഗംഭീരമായി വെള്ളിത്തിരയിൽ മമ്മൂട്ടി പകർന്നാടുന്നുണ്ട്.

ഓമനയെന്ന കഥാപാത്രത്തിന് മറ്റൊരാളെ ചിന്തിക്കാൻ സാധിക്കാത്ത രീതിയിൽ ജ്യോതിക ആ കഥാപാത്രത്തിനെ അവതരിപ്പിക്കുന്നുണ്ട്. തങ്കനായി എത്തിയ സുധി കോഴിക്കോടും മികച്ച പ്രകടനമാണ് അവതരിപ്പിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലൂടെ കുടുംബ ബന്ധത്തിന്റെ ഒരു മുഖം കാണിച്ച ജിയോ ബേബി കാതലിലൂടെ മറ്റൊരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഖം കാണിക്കുന്നുണ്ട്.

ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ
അസഹിഷ്ണുതയുടെ കാലത്ത് അത്ഭുതമായി നിര്‍മ്മാല്യം

കാതൽ തീർച്ചയായും മലയാള സിനിമ ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒരേടായിരിക്കുമെന്ന് ഉറപ്പാണ്. അത് ആ സിനിമയുടെ മേക്കിങ് ഗുണത്തേക്കാൾ ക്വിയർ സമൂഹത്തോട് ചെയ്ത പ്രായശ്ചിത്തം കൂടി മുൻ നിർത്തിയായിരിക്കും. മുമ്പ് മേരിക്കുട്ടിയും തിരയും പോലുള്ള സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും കാതൽ ഉണ്ടാക്കാൻ പോകുന്ന സ്വാധീനം അതിലും വളരെ വലുതായിരിക്കും.

സിനിമയുടെ ക്ലൈമാക്‌സ് പോലെ നമ്മുടെ സമൂഹത്തിലും ശുഭ പര്യവസായിയായ നിരവധി നിരവധി കഥകൾ ഉണ്ടാവട്ടെ.

logo
The Fourth
www.thefourthnews.in