പ്രേക്ഷകരേറ്റെടുത്ത്  പൊന്നിയിന്‍ സെല്‍വന്‍; ചോളന്മാരെ ഹിന്ദുക്കളാക്കാന്‍ നോക്കുന്നെന്ന് രാഷ്ട്രീയവിവാദം

പ്രേക്ഷകരേറ്റെടുത്ത് പൊന്നിയിന്‍ സെല്‍വന്‍; ചോളന്മാരെ ഹിന്ദുക്കളാക്കാന്‍ നോക്കുന്നെന്ന് രാഷ്ട്രീയവിവാദം

വെട്രിമാരനാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്

ബോക്സ്ഓഫിസിൽ വെന്നിക്കൊടി പാറിച്ച, തമിഴകത്തെ ഇളക്കിമറിച്ച മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ 1 ആണ് സമൂഹ മാധ്യമങ്ങളിലെ ട്രെൻഡിങ് വാർത്ത. പുറത്തിറങ്ങി ഒൻപത് ദിവസം പിന്നിടുമ്പോള്‍, ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവൽ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ മുന്നൂറ് കോടി കളക്ഷൻ മറികടന്നിരിക്കുകയാണ്.

തീയറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രേമേയത്തെ ചൊല്ലി തർക്കവും രാഷ്ട്രീയ വിവാദങ്ങളും ഒരുവശത്ത് കനക്കുകയാണ്.

ചോള രാജ്യ സാമ്രാജ്യത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ രാജരാജ ചോളനെ ഹിന്ദുവായി ചിത്രീകരിച്ചിരിക്കുന്നു എന്ന നിരീക്ഷണമാണ് വിവാദത്തിന് വഴിവച്ചത്. രാജരാജ ചോളൻ ഹിന്ദുമത വിശ്വാസിയല്ലെന്ന് അഭിപ്രായപ്പെട്ട് സംവിധായകൻ വെട്രിമാരനും കമൽഹാസനും രംഗത്തുവന്നു. അദ്ദേഹം ഹിന്ദു രാജാവാണെന്ന് ആവർത്തിച്ച് ബിജെപിയും. ഇങ്ങനെ തര്‍ക്കം കൊഴുക്കുമ്പോൾ അറിയേണ്ടത് എന്തൊക്കെയാണ്?

ആരാണ് രാജരാജ ചോളൻ?

ചരിത്രത്തിൽ എക്കാലവും ജനങ്ങളെ ആകർഷിച്ചിരുന്ന ജീവിത സാഹചര്യമാണ് തെക്ക് ശ്രീലങ്ക മുതൽ വടക്കുകിഴക്ക് കലിംഗ (ഒറീസ) വരെ വ്യാപിച്ചുകിടന്ന ചോള രാജവംശത്തിന്റേത്. ക്രിസ്തുവർഷം 985 -1014 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനും ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ചോളന്മാരുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്ത രാജാവാണ് രാജരാജ ചോളൻ. വടക്ക് ചാലൂക്യരുമായും തെക്ക് പാണ്ഡ്യരുമായും നിരവധി യുദ്ധങ്ങൾ നടത്തിയ അദ്ദേഹം, ചാലൂക്യ ചോള രാജവംശത്തിന് അടിത്തറയിട്ടു.

ശ്രീലങ്കയില്‍ ഒരു നൂറ്റാണ്ടോളം ആധിപത്യം തുടര്‍ന്ന അദ്ദേഹം, ലക്ഷദ്വീപ്, തിലധുന്മദുലു, മാലിദ്വീപിലെ ചില പ്രദേശങ്ങള്‍ എന്നിവ ആക്രമിച്ച് കീഴടക്കി. ശക്തമായ കപ്പൽപ്പടയുടെയും സൈന്യത്തിന്റെയും സഹായത്തോടെ കണ്ടല്ലൂർ ശാലി പ്രദേശവും (കേരളം), ഗംഗാപദി, നോളമ്പപ്പടി, തടിഗൈപ്പടി (കർണാടക) എന്നീ പ്രദേശങ്ങളും അദ്ദേഹം പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം ദ്രാവിഡ വാസ്തുവിദ്യയുടെ തിളക്കമാർന്ന ഉദാഹരണമാണ്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രം, ഇന്ന് മതാചാരങ്ങളുടെ കേന്ദ്രമാണ്. ഗ്രാമസഭകൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും സ്വയംഭരണാവകാശം നൽകിയതും രാജരാജ ചോളന്റെ ഭരണ കാലത്താണ്.

പ്രേക്ഷകരേറ്റെടുത്ത്  പൊന്നിയിന്‍ സെല്‍വന്‍; ചോളന്മാരെ ഹിന്ദുക്കളാക്കാന്‍ നോക്കുന്നെന്ന് രാഷ്ട്രീയവിവാദം
കൊളുത്താനുള്ളതുണ്ട്! ആരാധകരെ ആവേശത്തിലാക്കി പൊന്നിയിന്‍ സെല്‍വന്‍; പ്രേക്ഷക പ്രതികരണം

എന്താണ് രാജരാജ ചോളനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ തുടക്കം?

പൊന്നിയിൻ സെൽവൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ, ചിത്രത്തിലെ ഇതിവൃത്തത്തെ ചൊല്ലി തമിഴ് ചലച്ചിത്ര സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വെട്രിമാരനാണ് വിവാദത്തിന് തിരികൊളുത്തിയത്. ചിത്രത്തിൽ, രാജരാജ ചോളനെ ഒരു ഹിന്ദു രാജാവായി ചിത്രീകരിച്ചിട്ടുണ്ടെന്നും നേരത്തെ തമിഴ് കവി തിരുവള്ളുവറിന്റെ സ്വത്വം ഇല്ലാതാക്കുന്ന തരത്തിൽ ചിത്രീകരിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ഒരുവിധത്തിലും അനുവദിച്ചുകൊടുക്കാൻ കഴിയില്ല എന്നും ബാഹ്യശക്തികളെ ചെറുത്തുതോൽപ്പിക്കുന്ന മതേതര സംസ്ഥാനമാണ് തമിഴ്നാട് എന്നും വെട്രിമാരൻ പറഞ്ഞു. വലതുപക്ഷത്തെ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്നാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ പറയുന്നത്.

വിവാദത്തിന് മൂർച്ചയേറുന്നു

പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി നടന്ന അനുമോദന ചടങ്ങില്‍, വെട്രിമാരന്റെ കാഴ്ചപ്പാടുകൾ അംഗീകരിച്ച് ചലച്ചിത്ര താരം കമൽഹാസൻ രംഗത്തെത്തി. ചോള വംശകാലത്ത് ഹിന്ദു മതം എന്ന പദം ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടിഷുകാർ തൂത്തുക്കുടിയെ ട്യൂട്ടിക്കോറിന്‍ ആക്കി മാറ്റിയതുപോലെ വൈഷ്ണവവും ശൈവമതവും സമനവും ഒന്നാക്കിയാണ് ഹിന്ദു മതം എന്ന പ്രയോഗം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രേക്ഷകരേറ്റെടുത്ത്  പൊന്നിയിന്‍ സെല്‍വന്‍; ചോളന്മാരെ ഹിന്ദുക്കളാക്കാന്‍ നോക്കുന്നെന്ന് രാഷ്ട്രീയവിവാദം
രാജരാജ ചോളൻ ഹിന്ദുവല്ലെന്ന് കമൽഹാസനും വെട്രിമാരനും ; എതിർത്ത് ബിജെപി

ഇതിനെ എതിർത്ത്, തെലങ്കാന പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദരരാജൻ രംഗത്തെത്തിയതോടെ വിവാദം വീണ്ടും കൊഴുത്തു. തമിഴ്നാട്ടിലെ ഹിന്ദു സാംസ്കാരിക സ്വത്വം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനെ ചെറുക്കാൻ ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്വമേധയാ ശിവപാദ ശേഖരനെന്ന് വിശേഷിപ്പിച്ചിരുന്ന ഒരു രാജാവ് ഹൈന്ദവ വിശ്വാസി അല്ലെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നുമാണ് തമിഴിസൈയുടെ ചോദ്യം.

അതേസമയം, വലതുപക്ഷത്തെ പിന്താങ്ങിയാണ് പൊന്നിയിൻ സെൽവൻ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച, ചെന്നൈ ആസ്ഥാനമാക്കിയുള്ള സാംസ്കാരിക ചരിത്ര ഗവേഷകനായ എസ്.ജയകുമാറിന്റെ പ്രതികരണം. പ്രായോഗികമായി, ചോള വംശം തുടർന്നുപോന്ന വിശ്വാസത്തിലൂടെ, അവർ സംരക്ഷിച്ചിരുന്ന ക്ഷേത്രങ്ങളുടെ ചരിത്രത്തിലൂടെയും അവരുടെ ഹൈന്ദവ വിശ്വാസം നിഷേധിക്കാനാവാത്ത വിധത്തിൽ എടുത്തുപറയപ്പെടുന്നെന്ന് ജയകുമാർ അഭിപ്രായപ്പെട്ടു.

ബുദ്ധ മതത്തിലും ജൈന മതത്തിലും പെട്ട ക്ഷേത്രങ്ങൾക്കും വിഷ്ണു ക്ഷേത്രങ്ങൾക്കും അതുല്യമായ സംഭാവനകൾ ചോള രാജാക്കന്മാർ നൽകിയതിന് തെളിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈവമതം ചരിത്രകാരനായ കെഎ നീലകണ്‌ഠ ശാസ്ത്രി സൂചിപ്പിച്ച മധ്യകാല ഹിന്ദുമതത്തിൽ ഉൾപ്പെടുന്നുവെന്നതിനാൽ, ശൈവമതത്തിൽ പെട്ട രാജാവായിരുന്ന അദ്ദേഹം ഹൈന്ദവനാണെന്ന് നിസ്സംശയം പറയാമെന്നും ജയകുമാർ അഭിപ്രായപ്പെടുന്നു.

logo
The Fourth
www.thefourthnews.in