രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം

രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം

സിനിമയിലെ ദളപതി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കലൈഞ്ജർ കുടുംബത്തിലെ ഇളവരശൻ ഉദയനിധി ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാവും?

സസ്‌പെൻസുകൾക്കെല്ലാം ഒടുവിൽ വിജയ് പാർട്ടി പ്രഖ്യാപിക്കുമ്പോൾ ഉയരുന്ന ചോദ്യമുണ്ട് ആരായിരിക്കും വിജയുടെ എതിരാളി? ഉത്തരമൊന്നേയുള്ളൂ ഉദയനിധി സ്റ്റാലിൻ. ഇപ്പോഴത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്തുടർച്ചാവകാശിയായി ഉയർത്തികൊണ്ടുവരുന്ന അതേ ഉദയനിധി സ്റ്റാലിൻ.

വിജയ് ചിത്രങ്ങൾക്കെതിരെ ഉദയനിധി സ്റ്റാലിൻ നിലകൊണ്ടെന്നതും തന്റെ രാഷ്ട്രീയസ്വാധീനവും റെഡ് ജെയന്റ് എന്ന നിർമാണ-വിതരണ കമ്പനിയുടെ സ്വാധീനമുപയോഗിച്ച് വിജയ് ചിത്രങ്ങളുടെ റിലീസ് തന്നെ പലപ്പോഴും അനിശ്ചിതത്തിലാക്കിയെന്നതും കോടമ്പാക്കത്തെ വിലകൂടിയ ഗോസിപ്പുകളിലൊന്നാണ്.

സിനിമയിലെ ദളപതി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കലൈഞ്ജർ കുടുംബത്തിലെ ഇളവരശൻ ഉദയനിധി ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാവും?

രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം
'തമിഴക വെട്രി കഴകം', ഒടുവിൽ പാർട്ടി പ്രഖ്യാപിച്ച് വിജയ്; ആഘോഷമാക്കി ആരാധകർ

അധികാരത്തിലുള്ള ഡിഎംകെയ്ക്കും പ്രതിപക്ഷമായ അണ്ണാ ഡിഎംകെയ്ക്കും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ഒരേപോലെ അനഭിമതനാണ് വിജയ്. 2010നു ശേഷമുള്ള ചിത്രങ്ങളിലും അതിന്റെ ഓഡിയോ ലോഞ്ചുകളിലും തനിക്ക് പറയാനുള്ള രാഷ്ട്രീയം ഡയലോഗുകളായും കഥകളായും ടാഗ് ലൈനുകളായും വിജയ് അവതരിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളുടെയെല്ലാം റിലീസ് സമയങ്ങളിൽ വിവാദങ്ങളുമുണ്ടാവാറുണ്ട്.

കത്തി, സർക്കാർ, മെർസൽ തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിമർശനങ്ങൾ വിജയ് നടത്തിയിരുന്നു. മെർസലിൽ ബിജെപി സർക്കാറിനെ വിമർശിച്ചു എന്നതിന്റെ പേരിൽ സംഘപരിവാർ വൃത്തങ്ങളിൽനിന്ന് കടുത്ത എതിർപ്പുകളാണ് താരത്തിനും സിനിമയ്ക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങൾക്ക് പകരം ആശുപത്രി വേണമെന്നുള്ള ഡയലോഗ് സിനിമയിൽ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാറിന്റെ ആരോപണം. വിജയ്യുടെ മുഴുവൻ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവർ കണ്ടെത്തിയ ന്യായം.ലേറ്റസ്റ്റ് ന്യൂസ്

എന്നാൽ അതിലെന്താണ് തെറ്റെന്ന്, തന്റെ മുഴുവൻ പേരായ ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന് വ്യക്തമാക്കുന്ന ലെറ്റർ പാഡിൽ പുറത്തുവിട്ട പ്രസ്താവനയിൽ ചോദിച്ചുകൊണ്ടായിരുന്നു വിജയ് ഇതിന് മറുപടി നൽകിയത്. 'ജീസസ് രക്ഷിക്കട്ടേ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ പ്രസ്താവന ആരംഭിക്കുന്നത്. 2016 ൽ കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന അപൂർവം ചില താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു വിജയ്.

തന്റെ 'സർക്കാർ' എന്ന ചിത്രത്തിൽ ജയലളിത സർക്കാർ കൊണ്ടുവന്ന ഫ്രീബിസ് പദ്ധതികളെയും ജിഎസ്ടിയെയുമെല്ലാം വിജയ് വിമർശിച്ചിരുന്നു. വോട്ടും രാഷ്ട്രീയവുമെല്ലാം കടന്നുവന്ന ആ ചിത്രത്തോടെ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന ചർച്ചകൾ സജീവമായി.

രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം
നടികര്‍ തിലകം മുതല്‍ ഉലക നായകന്‍ വരെ; വിജയ് വരുമ്പോള്‍ മറക്കരുത്, ദ്രാവിഡ രാഷ്ട്രീയത്തില്‍ തോറ്റുപോയ താരങ്ങളെ

ഇതിനിടെ രണ്ടുതവണ വിജയ്ക്ക് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയനാവേണ്ടി വന്നു. സിനിമയിലും ജീവിതത്തിലും കേന്ദ്രസർക്കാർ നിലപാടുകളെയും നയങ്ങളെയും തുറന്നെതിർത്തതിന്റെ പേരിൽ ഭരണകൂടം വിജയ്യെ വേട്ടയാടുകയാണെന്ന തരത്തിലാണ് ആരോപണങ്ങളുയർന്നത്. വിജയ്യെ കസ്റ്റഡിയിലെടുത്തുവെന്ന വാർത്ത പരന്നതോടെ ആയിരങ്ങളാണ് നെയ്വേലിയിലെ ഷൂട്ടിങ് സൈറ്റിലേക്ക് ഇരച്ചെത്തിയത്.

അന്ന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പ്രയാസപ്പെട്ടു. ഒടുവിൽ വിജയ് നേരിട്ടെത്തി ആരാധകർക്കൊപ്പം സെൽഫിയെടുത്തു. കൊടുങ്കാറ്റായി മാറിയ ആ ചിത്രമായിരുന്നു ട്വിറ്ററിൽ ആ വർഷം ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്.

ഏറ്റവുമൊടുവിൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം സൈക്കിൾ ചവിട്ടി പോളിങ് ബൂത്തിലേക്ക് പോയതിലൂടെ വിജയ് രാഷ്ട്രീയം പറഞ്ഞുതുടങ്ങിയെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. കമലും അന്ന് രജനികാന്തും തങ്ങളുടെ രാഷ്ട്രീയപ്പാർട്ടി പ്രവേശനം പ്രഖ്യാപിച്ചതോടെ വിജയ്യും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വിലയിരുത്തി.

ഇതേ തിരഞ്ഞെടുപ്പിലാണ് ഉദയനിധിയെന്ന ഡിഎംകെ നേതാവ് പിറവികൊള്ളുന്നതും. ചെപ്പോക്ക്-തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു ഉദയനിധി വിജയിച്ചത്. ഒരു വർഷത്തിനുശേഷം മന്ത്രിസഭയിലേക്ക് യുവജനക്ഷേമ കായിക വികസന മന്ത്രിയായി ഉദയനിധി എത്തുകയും ചെയ്തു. ഇതിനിടെയാണ് വിജയ് ചിത്രങ്ങൾക്ക് ഉദയനിധി സ്റ്റാലിൻ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി ആരോപണം ഉയർന്നത്.

രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം
200 അംഗ ജനറല്‍ കൗണ്‍സില്‍, അധ്യക്ഷന്‍ വിജയ് തന്നെ; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

ഏറ്റവുമൊടുവിൽ വിജയ് ചിത്രമായ ലിയോയുടെ ഓഡിയോ ലോഞ്ച് അവസാന നിമിഷം റദ്ദാക്കി. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചതോടെയാണ് നിർമാതാക്കൾ തീരുമാനത്തിൽനിന്ന് പിന്മാറിയത്. പിന്നീട് ചിത്രത്തന് പുലർച്ചെ നാലിന് സ്പെഷ്യൽ ഷോയ്ക്ക് അനുമതി നൽകിയ തമിഴ്നാട് സർക്കാർ ഏറെ വൈകാതെ ആ തീരുമാനം പിൻവലിക്കുകയും ചെയ്തു.

സിനിമയുടെ വിതരണാവകാശം സംബന്ധിച്ച തർക്കം മുതൽ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളടക്കം ഇതിന് കാരണമായി പറഞ്ഞു. ഒടുവിൽ വിജയ് കരിയറിന്റെ ഏറ്റവും പീക്ക് ടൈമിൽ നിൽക്കുമ്പോൾ ഏറ്റെടുത്ത സിനിമകൾക്കുശേഷം പൂർണമായി രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. സമാനമായി ഉദയനിധി സ്റ്റാലിനും മാമന്നൻ എന്ന ചിത്രത്തിനുശേഷം അഭിനയം മതിയാക്കി പൂർണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

പെരിയാർ, കാമരാജ്, അംബേദ്കർ, എപിജെ അബ്ദുൾകലാം എന്നിവരെയാണ് വിജയ് തന്റെ രാഷ്ട്രീയ ഐക്കണുകളായി ഉയർത്തികാണിക്കുന്നത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ ശക്തമായ ഒരു പ്രതിപക്ഷം നിലവിൽ തമിഴ്‌നാട്ടിൽ ഇല്ല. അധികാരത്തിലേറാൻ സാധിച്ചിട്ടില്ലെങ്കിലും ഈ പ്രതിപക്ഷ സ്ഥാനമായിരിക്കും വിജയ്യുടെയും സംഘത്തിന്റെയും ആദ്യ ലക്ഷ്യം.

തമിഴ്‌നാട്ടിൽ തനിക്കുള്ള ആരാധക പിന്തുണ വോട്ടുകളാക്കി മാറ്റാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം വിജയ്ക്കുണ്ട്. അതേസമയം ഡിഎംകെയെന്ന ദ്രാവിഡ പാർട്ടിയുടെ ശക്തമായ പാരമ്പര്യം തന്നെ തുണയ്ക്കുമെന്ന വിശ്വാസം ഉദയനിധിക്കുമുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ഉദയനിധി ആശംസകൾ അറിയിക്കുകയും ചെയ്തു. ആർക്ക് വേണമെങ്കിലും രാഷ്ട്രീയത്തിൽ വരാമെന്നും ജനങ്ങൾക്ക് നല്ലത് ചെയ്യാൻ സാധിക്കട്ടെയെന്നുമായിരുന്നു ഉദയനിധിയുടെ ആശംസ.

രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം
'31 വർഷത്തെ വിജയിസം'; 'എലി മൂഞ്ചി'യെന്ന് കളിയാക്കിയവരെ 'ദളപതി'യെന്ന് വിളിപ്പിച്ച വിജയ്

മുമ്പ് കരുണാനിധിയെ അധികാരത്തിൽനിന്ന് ഇറക്കിയ എംജിആറിനെ പോലെ ഉദയനിധിയെന്ന രാഷ്ട്രീയക്കാരനെ വിജയ് എന്ന സിനിമക്കാരൻ താഴെയിറക്കുമോ അതോ മുൻഗാമികളെ പോലെ രാഷ്ട്രീയത്തിൽ വിജയ് പരാജയപ്പെടുമോയെന്നാണ് അറിയേണ്ടത്.

logo
The Fourth
www.thefourthnews.in