സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ

സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ

മൊബൈലും എഐയും നമ്മുടെ ജീവിതങ്ങളെ എത്രതന്നെ സ്വാധീനിച്ചാലും ഡയറി എഴുതുന്ന ശീലം മനുഷ്യൻ ഉടനെന്നും നിർത്താൻ വഴിയില്ല. സ്വകാര്യതകൾ സൂക്ഷിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സർവർ ആണല്ലോ ഡയറി.

ഒരു പുതുവർഷാരംഭത്തിൽ, എന്തുകൊണ്ട് തനിക്കും ഒരു ഡയറി എഴുതിക്കൂടായെന്ന് എം പി നാരായണ പിള്ള എന്ന നാണപ്പൻ ചിന്തിച്ചു. ജെയിൻ-ഹവാല കേസിലെ സിബിഐ പിടിച്ചെടുത്ത ഡയറി വിവാദമായി മാധ്യമങ്ങളിൽ  നിറഞ്ഞ കാലം. ഹവാല ഇടപാട് ഡയറിയിൽ പണം വാങ്ങിയതായി സൂചിപ്പിച്ച രാഷ്ട്രീയക്കാർക്ക് അധികാര സ്ഥാനങ്ങൾ രാജിവെക്കേണ്ടി വന്നതായിരുന്നു നാണപ്പന് പ്രചോദനം. 

നാണപ്പൻ തന്റെ പംക്തിയിൽ എഴുതി, ''ഇന്നു കാലത്ത്‌ 11 മണിക്ക്‌ എഴുന്നേറ്റു ഇതു ശരിയല്ല. മനുഷ്യരായാല്‍ 10 മണിക്കെങ്കിലും എണീക്കണം,” തുടങ്ങിയ ആത്മനിന്ദയുടെ ഡയലോഗ്‌ എത്ര ദിവസം തുടരാന്‍ പറ്റും? പിന്നെ ടി ഡയറി പൊതുസ്വത്തായി മാറും. എല്ലാവരും അതില്‍ എഴുത്ത്‌ ആരംഭിക്കും. തിരിച്ചു വിളിക്കണമെന്നു പറയുന്നവരുടെ ഫോണ്‍ നമ്പരുകള്‍, ചായപ്പൊടി തീര്‍ന്നു, അരി തീര്‍ന്നു തുടങ്ങിയ അടിയന്തര സ്വഭാവമുള്ള സന്ദേശങ്ങള്‍ മുതാലയവ കൊണ്ടു ഡയറി നിറയും.

അടുത്ത ഘട്ടം തുണിയുമായിട്ട്‌ അലക്കുകാരന്‍ വരുമ്പോള്‍ കൊടുക്കാനുള്ള കാശ്‌, അപരിചിതര്‍ അയക്കുന്ന കല്യാണക്കത്തുകള്‍ മുതലായ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്‌റ്റോറേജ്‌ ആയിട്ട്‌ ഡയറി മാറുന്നതാണ്‌. “ഈ വര്‍ഷം ഇതൊക്കെ ഞാന്‍ ഒറ്റയടിക്ക്‌ അവസാനിപ്പിച്ചു. എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് പോലുള്ള അതിപ്രധാനമായ രേഖകള്‍ക്കൊപ്പം സൂക്ഷിക്കുന്ന സാധനമാക്കി ഈ ഡയറിയെ മാറ്റി,” അദ്ദേഹം എഴുതി. 

സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ
സ്കൂൾ കലോത്സവത്തിൽ അടിയന്തരാവസ്ഥ ഇടപെട്ടതെങ്ങനെ?

അടുത്ത ദിവസം പത്രത്തിലെ ‘ഇന്നത്തെ പരിപാടി’ എന്ന പംക്തിയില്‍ കവി ഒഎന്‍വി കുറുപ്പിനു സ്വീകരണം എന്നൊരു വാര്‍ത്ത വായിച്ചാല്‍ ഉടനേ ഡയറിയില്‍ എഴുതും, ഒഎന്‍വി - 5,000. എന്റെ ഡയറിയില്‍ വരാനിരിക്കുന്ന കുറെ കണക്കുകള്‍ താഴെ കൊടുക്കുന്നു: വിഎസ്‌എ - 20,000  കെകെ - 50,000 എംവിആര്‍ - 43,000, ഇകെഎന്‍ - 21,000 കെഎംഎം - 14000, പികെവി - 12,000.

വിഎസ് അച്യുതാനന്ദൻ, കെ കരുണാകരൻ, ഇ കെ നായനാർ, എം വി രാഘവൻ, പി കെ വാസുദേവൻ നായർ എന്നിവരുടെ ചുരുക്കെഴുത്ത് പേരുകളാണ് ഇവയൊക്കെ. സിബിഐ തന്റെ വീട്‌ റെയ്ഡു ചെയ്യുന്ന ഒരു നിലവാരത്തിലേക്ക്‌ എന്നെങ്കിലും താനുയർന്നേക്കാമെന്നും ആ സമയത്ത്‌ അവര്‍ ഈ ഇനിഷ്യലുകളുടെയൊക്കെ കോഡ്‌ പൊട്ടിച്ച്‌ യഥാര്‍ത്ഥ അഴിമതിക്കാരെ കണ്ടു പിടിക്കുമെന്നായിരുന്നു നാണപ്പന്റെ യുക്തി! 

ഒരാൾ ഡയറി എഴുതുന്നത് എന്തിനാണ്? തന്റെ  സ്വകാര്യത കടലാസിലാക്കുന്നു. സ്വന്തം കുറ്റവും കുറവും മറ്റുള്ളവരെ കുറിച്ചുള്ള  നിരീക്ഷണങ്ങളും തുടങ്ങി ഒരായിരം കാര്യം ഒരാളുടെ ഡയറിയിൽ കണ്ടേക്കാം

കോടികളുടെ അഴിമതിയായ ഹവാല കേസിന്റെ പ്രധാന തെളിവ് ഒരു ഡയറിയാണെന്ന് സ്ഥാപിച്ച് അതിന്റെ പിന്നാലെ പായുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയുടെ നിരർത്ഥകതയേയും, അത് ഊതിപ്പെരുപ്പിക്കുന്ന ദിനപത്രങ്ങളേയും ഒന്നു പരിഹസിച്ചതായിരുന്നു നാണപ്പന്റെ ഈ ഡയറി വിശേഷം.

ഒരാൾ ഡയറി എഴുതുന്നത് എന്തിനാണ്? തന്റെ  സ്വകാര്യത കടലാസിലാക്കുന്നു. സ്വന്തം കുറ്റവും കുറവും മറ്റുള്ളവരെ കുറിച്ചുള്ള  നിരീക്ഷണങ്ങളും തുടങ്ങി ഒരായിരം കാര്യം ഒരാളുടെ ഡയറിയിൽ കണ്ടേക്കാം. സ്വന്തം ജീവിതത്തിന്റെ ഏണും കോണും ഒരാൾ സ്വയം കണക്കാക്കി കുറിക്കുന്ന പുസ്തകം എന്ന് വേണമെങ്കിൽ പറയാം. ആത്മകഥാപരമായ എഴുത്തിന്റെ രൂപം, പ്രവർത്തനങ്ങളുടെയും പ്രതിഫലനങ്ങളുടെയും പതിവായി സൂക്ഷിക്കുന്ന രേഖ എന്ന് ഡയറിയെ നിർവ്വചിക്കാം. പ്രതിദിന അലവൻസ് എന്നർത്ഥം വരുന്ന ‘ഡയറിയം’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ‘ഡയറി’ എന്ന പദം ഉത്ഭവിക്കുന്നത്.  പത്തൊൻപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച, ബ്രിട്ടിഷ് പാർലമെന്റ് എംപിയും നാവിക ഉദ്യോഗസ്ഥനുമായ സാമുവൽ പെപ്പിസിന്റെതാണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച  ആദ്യത്തെ ഡയറിയായി കണക്കാക്കുന്നത്.

സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ
ഭരിക്കപ്പെടുന്ന മനുഷ്യരെ നിസാര ജീവികളാക്കിമാറ്റുന്ന രഥയാത്രയുടെ കാലം

ഈ ഡിജിറ്റൽ യുഗത്തിൽ ഡയറിയെഴുത്ത് നഷ്ടപ്പെടുന്ന ഒരു ശീലമായോ? ഇല്ല എന്നാണ് പറയണ്ടത്. രണ്ട് വർഷം മുൻപ്  ന്യൂയോർക്ക് ബുക്ക് റെവ്യുവിന്റെ എഡിറ്റർ പമേല പോൾ ഒരു പുസ്തകമെഴുതി. ‘100 Things We Lost to the Internet ‘ (ഇന്റർനെറ്റ് ഇല്ലാതാക്കിയ 100 കാര്യങ്ങൾ). ഈ ലിസ്റ്റിലെ ഒന്നാമൻ (boredom) ‘വിരസത’ യാണ്. ഇന്റർനെറ്റ് വന്നതോടെ വിരസത ഇല്ലാതായി. സൂചിക്കുഴ മുതൽ ഒട്ടകത്തെ വരെ തപ്പാൻ കെൽപ്പുള്ള സെർച്ച് എഞ്ചിനുകൾ നെറ്റിലുള്ളപ്പോൾ എന്ത് വിരസത? പക്ഷേ, പമേല പറയുന്നത് ആളുകൾക്ക് വിരസത കുറച്ച് വേണം, എന്നാലെ ഭാവന ഉണരൂ, പുതിയ ആശയങ്ങൾ ഉണ്ടാവൂ എന്നാണ്. ഏതായാലും പമേലയുടെ പുസ്തകത്തിൽ  ഇന്റർനെറ്റ് ഇല്ലാതാക്കിയ ഈ നൂറ് കാര്യങ്ങളിൽ ഡയറി ഇല്ല.  

ഡയറിക്കുറിപ്പുകൾ ഉപയോഗിച്ച് എഴുതിയ ലോക പ്രസിദ്ധമായ കൃതികളുണ്ട്. ജോനാഥൻ ഹാർക്കറുടെ ഡയറി കുറിപ്പുകളിലൂടേയും കത്തുകളിലൂടെയുമാണ് നൂറ്റമ്പത് വർഷം പൂർത്തിയായ ക്ലാസിക്ക് ഹൊറർ  ‘ഡ്രാക്കുള’ നോവൽ പുരോഗമിക്കുന്നത്. ലോകത്തിലെ 70 ഭാഷകളിൽ പ്രസിദ്ധീകരിച്ച ‘ആൻ ഫ്രാങ്കിന്റെ ഡയറി’  ഈ രൂപത്തിലെഴുതപ്പെട്ട ഏറ്റവും പ്രസിദ്ധമായ സാഹിത്യ കൃതിയാണ്. 1957ൽ ജപ്പാനീസ് എഴുത്തുകാരൻ ജൂനി സിറോ താനി സാക്കി എഴുതിയ  ‘താക്കോൽ’  പൂർണമായും ഡയറിക്കുറിപ്പായി എഴുതിയ നോവലാണ്. നോവലിലെ കഥാപാത്രങ്ങളായ ഭാര്യയുടേയും ഭർത്താവിന്റെയും സ്വകാര്യ ലൈംഗിക ഡയറിക്കുറിപ്പുകൾ വിവാദമാക്കിയ ഈ നോവലിന്. പിന്നീട് ഏഴു ചലച്ചിത്രാവിഷ്കാരങ്ങൾ ഉണ്ടായി. 

2007ൽ  പുറത്ത് വന്ന ’വിംപി കിഡ്‘ (Wimpy Kid) ഡയറികളുടെ രചയിതാവായ അമേരിക്കാക്കാരനായ ജെഫ് കിന്നി ലോകമെമ്പാടുമുള്ള  കുട്ടികളുടെ പ്രിയ എഴുത്തുകാരനാണ്. വിംപി കിഡ് ഡയറിയിൽ എഴുതുകയും വരക്കുകയും ചെയ്ത ജെഫ് കിന്നി 18 ഡയറി പുസ്തകങ്ങളാണ് ഇതുവരെ  പ്രസിദ്ധപ്പെടുത്തിയത്. ആറ് അനുബന്ധ കൃതികളും. ഏകദേശം 275 ലധികം  മില്യൺ കോപ്പികൾ (അതായത് മുപ്പതു കോടിയോളം കോപ്പികൾ) ഇതിനകം വിറ്റു പോയി. ഈ നൂറ്റാണ്ടിൽ കുട്ടികളുടെ സാഹിത്യ ലോകത്തെ ഏറ്റവും വായിക്കപ്പെടുന്ന രചനകളിലൊന്നാണ് വിംപി കിഡ് ഡയറി.

എസ് കെ പൊറ്റെക്കാടിന്റെ ഡയറിക്കുറിപ്പുകളുടെ സാഹിത്യ സാക്ഷാൽക്കാരമായിരുന്നു  വിഖ്യാതമായ അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ. 1937 മുതൽ 1989 വരെ തുടർച്ചയായി 45 കൊല്ലം മുടങ്ങാതെ ഡയറിയെഴുതിയ, പ്രപഞ്ച ചാരുത കണ്ട പൊറ്റെക്കാടെന്ന സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ മകളുടെ പൂച്ചക്കുട്ടി ‘പരമൻ’ ചത്തതും താൻ ‘ഹെയർ കട്ട്’ ചെയ്തതും വരെയുള്ള സംഭവങ്ങൾ കടന്നുകൂടി. തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ കൂടെയുള്ള സഹയാത്രികരുടെ പേരും വിലാസവും ഡയറിയിൽ കുറിക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നീട് ഇവരൊക്കെ കഥകളിലും നോവലുകളും പ്രത്യക്ഷപ്പെട്ടു. ഏതെങ്കിലും കാലത്തെ ഏതെങ്കിലും  സംഭവങ്ങളറിയണമെങ്കിൽ അച്ഛന്റെ ഡയറി എടുത്തു നോക്കിയാൽ മതിയെന്ന് മകൾ സുമിത്ര എഴുതിയിട്ടുണ്ട്. ‘കൃത്യമായി അത് ആ തിയതിയിലുള്ള പേജിൽ കുറിച്ചിരിക്കും’. 

സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ
രാജാ ഹരി സിങ്ങും ബ്രിട്ടീഷുകാര്‍ ഒതുക്കിയ, 104 വര്‍ഷം പഴക്കമുള്ള തേന്‍കെണിയും

എകെജി തന്റെ ആത്മകഥയെഴുതുന്ന സമയത്ത്  പൊറ്റെക്കാടിനോട് പറഞ്ഞു. ‘ഞാൻ ജീവിതകഥ’യിലെ പുതിയ അദ്ധ്യായങ്ങൾ എഴുതി കൊണ്ടിരിക്കുകയാണ്. 1962-67 കാലത്തെ നിങ്ങളുടെ ഡയറിക്കുറിപ്പുകളും മറ്റും എനിക്കൊന്നു കാണണം ഒത്തു നോക്കാൻ. പൊറ്റെക്കാടിന്റെ ഡയറിയെഴുത്തിനോട് അത്രക്ക് മതിപ്പായിരുന്നു എകെജിക്ക്.

ഡയറിക്കുറിപ്പുകൾ  മലയാളത്തിൽ പ്രശസ്തമായതും ശ്രദ്ധ നേടിയതും കേരളചരിത്രത്തിന്റെ ഭാഗമായി തീർന്ന ജീവിത ശൈലിക്കുടമയായ സി  അച്യുതമേനോന്റെ 1976 മുതലുള്ള 14 വർഷത്തെ ഡയറിക്കുറിപ്പുകൾ കലാകൗമുദി വാരികയിൽ മൂന്ന് പതിറ്റാണ്ട് മുൻപ് പ്രസിദ്ധീകരിച്ചപ്പോഴാണ്. ആത്മകഥയെഴുതാൻ വിസമ്മതിച്ച അദ്ദേഹം ജീവിത സായാഹ്നത്തിൽ തന്റെ ഡയറികുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ അനുവാദം മൂളി. അതിന് നിരന്തരം നിർബന്ധിച്ച ടി എൻ ജയചന്ദ്രനാണ് അച്യുതമേനോൻ അന്തരിച്ച്  രണ്ട് വർഷത്തിന് ശേഷം 1993-94 കാലത്ത് വാരികയിൽ അത് പകർത്തിയെഴുതി  പ്രസിദ്ധീകരിച്ചത്. എന്നാൽ രാജൻ കേസ്, കരുണാകരൻ, ജയറാം പടിക്കൽ തുടങ്ങിയ വിവാദ വിഷയങ്ങൾ ഡയറിയിൽ  പ്രതീക്ഷച്ചവർക്ക് നിരാശപ്പെടേണ്ടി വന്നു.

‘ഒരു വ്യക്തിയുടെ ജീവിത കണക്കുകൾ എഴുതിയ പുസ്തകം എന്ന് മാത്രം വിളിക്കാമെന്ന്’ കലാകൗമുദി എഡിറ്റർ എസ് ജയചന്ദ്രൻ നായർ എഴുതി. ‘മനുഷ്യന്റെ മണം’ അതിലില്ലായിരുന്നു എന്നായിരുന്നു എഡിറ്ററുടെ അഭിപ്രായം. എന്നാൽ മുഖ്യമന്ത്രിയായ അച്യുതമേനോൻ  ജീവിതത്തേയും പൊതു പ്രശ്നങ്ങളെയും സമീപിച്ചതെങ്ങനെയെന്ന സൂചന മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ നൽകിയത്. ഡയറി ഒരു സാഹിത്യ കൃതിയാണെന്ന് അച്യുതമേനോൻ വിശ്വസിച്ചിരുന്നില്ല. തന്നോട് തന്നെയുള്ള ഒരു കത്തെഴുത്തായി ഡയറിയെഴുത്ത് അദ്ദേഹം കണക്കാക്കി.

പക്ഷേ, വ്യക്തികൾ, താൻ വായിച്ച പുസ്തകങ്ങൾ, സിനിമകൾ, പ്രതികരണങ്ങൾ എന്നിവയുടെ  സത്യസന്ധമായ ഒരു അവലോകനം അതിലുണ്ടായിരുന്നു. ഒരു പൊതുപ്രവർത്തകൻ എങ്ങനെ പെരുമാറണം, ജീവിക്കണം, പ്രതികരിക്കണമെന്നതിന്റെ പാഠപുസ്തകമായിരുന്നു ആ ദിനക്കുറിപ്പുകൾ .

“ഞാൻ കോപിച്ചില്ല. തെറ്റ് എന്റെതാണെന്ന് പറഞ്ഞു. മനസിലായപ്പോൾ സാധു മനുഷ്യൻ വീട്ടിൽ വന്നു മാപ്പു ചോദിക്കാൻ! ഞാൻ അയാളോടാണ് മാപ്പ് ചോദിക്കേണ്ടിയിരുന്നത്,” ആ സംഭവത്തിന്റെ തുടർച്ചയായി ആ മുൻ മുഖ്യമന്ത്രി തന്റെ ഡയറിയിൽ എഴുതി

‘റിസർവേഷൻ ഇല്ലാത്തതിന്  ടിടിഇ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടു,’ എന്ന് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഒരാൾ ഡയറി ദിനക്കുറിപ്പിൽ എഴുതിയത് വിശ്വസിക്കാൻ  നമുക്ക് ബുദ്ധിമുട്ടാണ്. ഇന്നാണെങ്കിൽ ചാനലുകളിലെ ബ്രേക്കിങ് ന്യൂസോ പത്രത്തിലെ വേലി കെട്ടിയ വാർത്തയോ ആവും. റിട്ടയർ ചെയ്ത ഒരു പൊതുപ്രവർത്തകൻ എന്ന ഗരിമ പോലും ഒഴിവാക്കിയാണ് അദ്ദേഹം ജീവിച്ചത്. അതിനാൽ തന്റെ ചലനങ്ങൾ വാർത്തയാകാൻ ഒരു അവസരവും അച്യുതമേനാൻ  നൽകിയില്ല.  

ടാക്സി വാടക കൂടിയതിനാൽ ഇനി യാത്ര കുറയ്ക്കണമെന്നും റെയിൽ വേസ്റ്റേഷനിൽ പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാത്തതിനാൽ ചെറുപ്പക്കാരൻ ഉദ്യോഗസ്ഥൻ വഴക്കു പറഞ്ഞുവെന്നുമൊക്കെ അദ്ദേഹം എഴുതി. “ഞാൻ കോപിച്ചില്ല. തെറ്റ് എന്റെതാണെന്ന് പറഞ്ഞു. മനസിലായപ്പോൾ സാധു മനുഷ്യൻ വീട്ടിൽ വന്നു മാപ്പു ചോദിക്കാൻ! ഞാൻ അയാളോടാണ് മാപ്പ് ചോദിക്കേണ്ടിയിരുന്നത്,” ആ സംഭവത്തിന്റെ തുടർച്ചയായി ആ മുൻ മുഖ്യമന്ത്രി തന്റെ ഡയറിയിൽ എഴുതി. കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രം സാധാരണ മലയാളിയുടെ നിരീക്ഷണമായി  അദ്ദേഹം ഡയറിയിൽ എഴുതി അത് തന്നെയാണ് ആ  കുറിപ്പുകളെ ഹൃദ്യമാക്കിയത്.

സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ
കാലത്തിനു മുന്‍പേ നടന്ന കല്യാണിക്കുട്ടിയമ്മ

സ്വന്തം പാർട്ടിയുടെ  അപചയമെല്ലാം  ഡയറിയിൽ  എഴുതിയത്  ഇന്ന് സത്യമായത് കാണുമ്പോൾ ആ ദീർഘ വീഷണം എത്ര ശരിയാണെന്ന്  മനസിലാകും. മുഖ്യമന്ത്രിയായിരിക്കെ കേരളത്തിന്റെ വികസനം വേഗതയേറിയതിനു കാരണമായ ആ ദീർഘവീക്ഷണം ഡയറിയെഴുത്തിലും കാണാം. പറയാതെയും പകുതി പറഞ്ഞു നിറുത്തിയതുമായ പലതും ആ ഡയറിക്കുറിപ്പുകളിലുണ്ട്. വായിക്കുമ്പോൾ ഇന്നും പുതിയ ഉൾക്കാഴ്ച നൽകുന്നവ.

ജീവിതം ഒരു നേർരേഖയിൽ സഞ്ചരിച്ച് എഴുതിയതാണ് അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളെങ്കിൽ ഒടുങ്ങാത്ത ഉത്സവമായി ജീവിതമാഘോഷിച്ച്  എഴുതിയതാണ് ‘ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകൾ’. കരുവാറ്റയിലെ പ്രശസ്തമായ ചെങ്ങാരപ്പള്ളി മഠത്തിൽ ജനിച്ച ചെങ്ങാരപ്പള്ളി നാരായണൻ  പോറ്റി അരനൂറ്റാണ്ടിലധികം രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലത്തിൽ നിറഞ്ഞ് നിന്ന ബഹുമുഖ പ്രതിഭയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി, തിരു കൊച്ചിയിൽ മന്ത്രിസഭയിൽ ആർഎസ്‍പി അംഗം, പത്രപ്രവർത്തകൻ, വിശ്വവിജ്ജാനകോശത്തിന്റെ എഡിറ്റർ, വിവർത്തകൻ, സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ എഴുത്തുകാരൻ എന്നീ നിലയിൽ പ്രഗൽഭൻ. 55ലേറെ വർഷത്തെ, ഒറ്റ ദിവസം പോലും മുടങ്ങാതെയുള്ള കുറിപ്പുകൾ ചെങ്ങാരപ്പള്ളി എഴുതിയതിൽ 1940 മുതൽ 1956 വരെയുള്ള ഡയറിക്കുറിപ്പുകളാണ് 24 കൊല്ലം മുൻപ് പ്രസിദ്ധീകരിച്ചത്. ഭാഷാശൈലി, ആഖ്യാന രീതി, വിരസതയില്ലാത്ത എഴുത്ത് എന്നീ ഘടകങ്ങൾ ഒത്തുചേർന്നപ്പോൾ ഒരു ബൃഹദ് നോവൽ വായിക്കുന്ന പോലുള്ള അനുഭവം വായനക്കാർക്ക് പകർന്നുനൽകി ഈ കുറിപ്പുകൾ.

ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന്
ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന്

പോറ്റിയുടെ കുടുംബ കഥ എഴുതിയത്  പുസ്തകമാക്കിയാൽ അത് തിരുവിതാം കൂറിലെ ബ്രാഹ്മണ സമുദായ ചരിത്രമാകും. രാഷ്ട്രീയ സംഭവങ്ങൾ എടുത്താൽ നവ കേരള ചരിത്രമാകും. സിനിമാ-നാടക സംഗീത കഥകളിയെ കുറിച്ചുള്ള ഡയറിയിലെ പരാമർശങ്ങൾ എടുത്താൽ അര നൂറ്റാണ്ട് കാലത്തെ മലയാള സാഹിത്യ സംസ്കാരിക ചരിത്രമാകും. വിദ്യാർത്ഥികൾക്ക് ഒന്നാന്തരമൊരു റഫറൻസ് ഗ്രന്ഥമായി മാറിയ ഡയറിക്കുറിപ്പുകളാണിത്.

പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ആനന്ദരംഗ പിള്ളയുടെ ഡയറിക്കുറിപ്പുകൾ’ ചരിത്ര ഗ്രന്ഥമെന്ന നിലയിൽ പ്രാധാന്യം നേടിയതാണ്. ഇതിന്റെ ഉത്തമ തമിഴ് ഗദ്യ ശൈലിയെ കവി സുബ്രഹ്മണ്യഭാരതി ഏറെ പ്രശംസിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ പോണ്ടിച്ചേരി ആസ്ഥാനമായുള്ള ഫഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപദേശകനും ഫ്രഞ്ച് ഗവർണർമാരുടെ ദ്വിഭാഷിയും വാണിജ്യ പ്രതിനിധിയുമായി പ്രവർത്തിച്ച ആനന്ദരംഗപ്പിള്ള 1736ൽ ‘തമിഴ് നള വർഷം ആവണി മാതം ഇരുപത്തഞ്ചുക്ക്, ക്രിസ്തു ആയിരത്തി എഴുനൂറ്റിമുപ്പത്തിയാറു സെപ്റ്റംബർ മാതം ആറാം തിയതി വ്യാഴക്കലമെ’ എന്ന് എഴുതി തുടങ്ങി തുടർച്ചയായി 24 വർഷം ഡയറി എഴുതി. 52 വയസു വരെ  മാത്രം ജീവിച്ച ആനന്ദരംഗപ്പിള്ള ദക്ഷിണേന്ത്യയിലെ ഫ്രഞ്ച് ശക്തിയുടെ ഉദയവും അസ്തമനവും കണ്ട വ്യക്തിയാണ്.

ആനന്ദരംഗ പിള്ളയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന്
ആനന്ദരംഗ പിള്ളയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന്

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഫ്രഞ്ച് ഗവർണർ ജോസഫ് ഫ്രാൻസ ഡ്യൂപ്ലെയെ കുറിച്ചൊക്കെ വിശദമായി എഴുതിയത് അദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ  ഇംഗ്ലീഷ്  ഫ്രഞ്ച് ഏറ്റുമുട്ടലുകളെല്ലാം തന്നെ വിശദമായി രേഖപ്പെടുത്തിയ ചരിത്ര ഗ്രന്ഥമാണ് ഈ ഡയറി. ഫ്രഞ്ച് ആധിപത്യം തകർത്ത് പോണ്ടിച്ചേരി ബ്രിട്ടീഷുകാർ കീഴടക്കിയതു കാലം വരെയുള്ള ചരിത്ര സംഭവങ്ങൾ ഈ ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. മൂലകൃതി നഷ്ടപ്പെട്ടതിനാൽ വിലപിടിച്ച ഈ ചരിത്ര രേഖയുടെ പകർപ്പിൽ നിന്നാണ് 82 കൊല്ലം മുൻപ് മദ്രാസ് സർക്കാർ ഇത് ഇംഗ്ലീഷിൽ വിവർത്തനം പ്രസിദ്ധീകരിച്ചത്. നാലായിരത്തോളം പേജുകൾ വരുന്ന ഈ കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങൾ  കുങ്കുമം വാരികയുടെ എഡിറ്ററായിരുന്ന, സാഹിത്യകാരനും പണ്ഡിതനുമായ എസ് രാമകൃഷ്ണൻ 1992-ൽ മലയാളത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധികരിച്ചു.

സൂര്യന് കീഴെ എന്തിനെയും വിമർശിക്കാൻ ചങ്കൂറ്റമുണ്ടായിരുന്ന എം കൃഷ്ണൻ നായരാണ് സാഹിത്യ വാരഫലത്തിലൂടെ പവനന്റെ ലേഖനത്തിലെ ഡയറി പരിമിതി വ്യാകുലതയെകുറിച്ച് ഉൽകണ്ഠ പ്രകടിപ്പിച്ചത്

എഴുത്തുകാരനും പത്രപ്രവർത്തകനും സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയുമായിരുന്ന പവനൻ വളരെക്കാലം ഡയറി കൃത്യമായി എഴുതിയ  വ്യക്തിയായിരുന്നു. യുക്തിവാദിയും പൊതുപ്രവർത്തകനുമായതിനാൽ ധാരാളം യോഗങ്ങളും പ്രസംഗങ്ങളും എന്നും കാണും. ഡയറി കുറിപ്പുകൾ ധാരാളം എഴുതണം. ഒരു ജനുവരിയിൽ പവനൻ ‘ഞായറാഴ്ച‘ എന്നൊരു വാരികയിൽ ഒരു ലേഖനമെഴുതി വിഷയം ഡയറി: “എന്തുകൊണ്ടാണെന്ന്  അറിയുന്നില്ല. ഡയറികൾ തയ്യാറാക്കുന്നവർ ഞായറാഴ്ചയ്ക്കു് അനുവദിച്ച സ്ഥലം വളരെ കുറവാണ്. ബഹുഭൂരിപക്ഷത്തിന്റെ സ്ഥിതി ആലോചിച്ചുകൊണ്ടായിരിക്കണം ഡയറി തയ്യാറാക്കുന്നവർ അങ്ങനെ ചെയ്യുന്നതു് എന്നു കരുതുകയേ നിവൃത്തിയുള്ളൂ. എന്നാൽ ഡയറി എഴുതുന്നവരധികവും ഞായറാഴ്ച തിരക്കുള്ളവരായിരിക്കും എന്നാണു് ഞാൻ കരുതുന്നതു്. സാധാരണയായി പൊതുകാര്യ പ്രസക്തന്മാർക്കാണല്ലോ ഡയറിയുടെ ആവശ്യം കൂടുതലുള്ളതു്. എന്നെ സംബന്ധിച്ചിടത്തോളം ഡയറിയിലെ ഞായറാഴ്ചകൾ, ആ ദിവസങ്ങളിലെ ‘എൻഗേജ്മെന്റുകൾ’ കുറിച്ചിടാൻ പോലും മതിയാവുകയില്ല”.  

സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ
ആയിരത്തിലൊരുവര്‍, ചരിത്രത്തിലൊരുവന്‍

ഒരാഴ്ച കഴിഞ്ഞപ്പോൾ പവനന്റെ ഡയറി ലേഖനത്തെ വിശകലനം ചെയ്തു കൊണ്ട് ഒരാൾ എഴുതി, “പുളിമൂട്ടിൽ ഭാസ്കരൻ നായരുടെ കടയിലും ആയുർവേദ കോളേജിനടുത്തുള്ള സ്വാമി ബുക്ക് ഡിപ്പോയിലും അതിനു തൊട്ടടുത്തുള്ള പൈ ആൻഡ് കമ്പനിയിലും 1984ലെ ഡയറികൾ വില്പനയ്ക്കു വച്ചിരിക്കുന്നതു കണ്ടു. ഓരോന്നും എടുത്തു തുറന്നു നോക്കി. ഞായറാഴ്ചകൾക്കു് ആ ഡയറികളിൽ സ്ഥലം വളരെക്കുറച്ചേയുള്ളൂ. പവനൻ തൃശൂരിൽ  ബഹുകാര്യചർച്ചാശീലനായി വസിക്കുന്നുവെന്നു് ഈ ഡയറി നിർമ്മാതാക്കൾ എന്തേ ഓർമ്മിച്ചില്ല! അടുത്ത വർഷത്തെ ഡയറി അച്ചടിക്കുമ്പോൾ ഇവർ പവനന് എൻഗേജ്മെന്റുകൾ കുറിച്ചിടാൻ ഞായറാഴ്ചയുടെ താഴെയായി പത്തു പേജെങ്കിലും ഇടണമെന്ന് ഞാൻ വിനയത്തോടെ നിർദ്ദേശിക്കട്ടോ?.

സൂര്യന് കീഴെ എന്തിനെയും വിമർശിക്കാൻ ചങ്കൂറ്റമുണ്ടായിരുന്ന എം കൃഷ്ണൻ നായരാണ് സാഹിത്യ വാരഫലത്തിലൂടെ പവനന്റെ ലേഖനത്തിലെ ഡയറി പരിമിതി വ്യാകുലതയെകുറിച്ച് ഉൽകണ്ഠ പ്രകടിപ്പിച്ചത്. “ഇതാണു ഞാൻ നേരത്തെ പറഞ്ഞത് പവനൻ സൗഭാഗ്യവാനാണെന്ന്, ശ്രീയുക്തനാണെന്ന്. നമ്മളെ ആരെയെങ്കിലും ചാരത്തുനിന്നോ ദൂരത്തുനിന്നോ ആരെങ്കിലും കാണാൻ വരുന്നുണ്ടോ? ഇല്ലേയില്ല. ഞാൻ കാലത്തെഴുന്നേറ്റു കസേരയിൽ ഒടിഞ്ഞു മടങ്ങിയിരിക്കും. വല്ലവനും വരുമെന്നു് കരുതി. ഒരുത്തനുമില്ല. പിന്നെ ഇസ്പീഡ് ഗുലാനെപ്പോലെ വരാന്തയിൽ നില്ക്കും വളരെ നേരം. വീട്ടിനടുത്തേക്കു വരുന്നവർ എന്നെ പ്രസംഗിക്കാൻ ക്ഷണിക്കാനായി വരികയാണെന്നു വിചാരിച്ചു ഞാൻ സന്തോഷിക്കും. ഇല്ല. അവർ വീട്ടിനു സമീപമെത്തി തിരിഞ്ഞങ്ങു പോകുകയാണ്, തൊട്ടപ്പുറത്തുള്ള ബാങ്കിലേക്ക്. ഉച്ചയ്ക്കുശേഷം ഞാനുറങ്ങുന്നു. വൈകുന്നേരം കുറെ നടക്കുന്നു. ഒരുത്തനും സംസാരിക്കുന്നില്ല എന്നോട്; എന്നല്ല നോക്കുക പോലും ചെയ്യുന്നില്ല. ഞാൻ നിരാശനായി പാങ്ങോട്ടുള്ള അമ്പലത്തിൽച്ചെന്നു പ്രാർത്ഥിക്കുന്നു, “ഭഗവാനേ അടുത്ത ജന്മത്തിലെങ്കിലും ഞാൻ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി ജനിക്കേണമേ,” ഇങ്ങനെ തുടർന്നു ആ ലേഖനം.

സാക്ഷി, സുഹൃത്ത്, കുമ്പസാരക്കൂട്; പുതുവർഷത്തിലെ ഡയറി വിചാരങ്ങൾ
കറുപ്പും വെളുപ്പും മിഴിവേകിയ നൂറ്റാണ്ടിന്റെ സത്യം

ഇത് വായിച്ച് തൃശൂരിലിരുന്ന് പവനൻ കോപം കൊണ്ട് വിറച്ചു. യുക്തിയും വാദവുമൊക്കെ പരണത്തു വെച്ചു ഒരു സാധാരണ മനുഷ്യനായി അതിന് മറുപടിയെഴുതി. വാരികയിൽ ലേഖനരൂപത്തിലായിരുന്നെങ്കിൽ, അത് വായിച്ച് പവനന്റെ പക്ഷം പിടിക്കാൻ അഞ്ചാറ് പേർ സഹായത്തിയേനെ. പ്രത്യേകിച്ച് ശത്രുക്കളേറെയുള്ള സാഹിത്യ വാരഫലക്കാരന്റെ ഏതെങ്കിലും ഇരകൾ. പക്ഷേ, പവനൻ ഇത് കത്തായി എഴുതി അയക്കുകയായിരുന്നു.

എം. കൃഷ്ണനായർക്ക് പവനൻ അയച്ച കത്ത് അദ്ദേഹം പിറ്റെ ലക്കം സാഹിത്യ വാരഫലത്തിൽ ‘കമന്റില്ല’  എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ചു. പവനൻ എഴുതി: “താങ്കൾ കുറെക്കാലമായി എന്നെ മറന്നിരിക്കുകയാണെന്നും ഞാനെഴുതുന്നതൊന്നും വായിക്കാറില്ലെന്നുമാണു് കരുതിയത് പക്ഷേ, ‘കലാകൗമുദി’യുടെ 435ആം ലക്കം കണ്ടപ്പോൾ ആശ്വാസമായി. ഒരു പഴയ സുഹൃത്ത് എന്ന നിലയിൽ ഒരു ഉപദേശം തരട്ടെ, അസൂയപ്പെട്ടിട്ടു കാര്യമില്ല. കുറച്ചു മനുഷ്യത്വം വേണം. പാണ്ഡിത്യം മാത്രമുണ്ടായാൽ പോര. മനുഷ്യനോടു മനുഷ്യനെപ്പോലെ പെരുമാറണം. ഉച്ചാരണശുദ്ധി നോക്കി മനുഷ്യന്റെ വില നിശ്ചയിക്കരുത്. ഞാൻ സാഹിത്യ അക്കാദമി സെക്രട്ടറി ആകുന്നതിനു മുമ്പും തിരക്കുള്ള ആളായിരുന്നു; അല്ലാതായാലും തിരക്കൊഴിയാൻ പോകുന്നില്ല. നിങ്ങൾ വൃത്തികെട്ട മാസികകൾ വായിച്ചു സമയം പാഴാക്കുന്നു. ഞാൻ മനുഷ്യനു ഉപയോഗപ്രദമായ വല്ലതും ചെയ്യുന്നു. അതുകൊണ്ടു് ആളുകൾ എന്നെ വന്നു കാണും. പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ പോകും. സുഹൃത്തുക്കളുമായി സല്ലപിക്കും. നിങ്ങളോ? ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നതിൽ ഖേദമുണ്ടു്. എന്നാലും നിങ്ങൾ നന്നാവാൻ പോകുന്നില്ല”.

എൽ ഡി എഫ് വരുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാർ 2017-ൽ പുറത്തിറക്കിയ സർക്കാർ ഡയറിയിൽ ശരിയല്ലാത്ത ഒരു കാര്യം നടന്നു

ഇ കെ നായനാർ കണിശമായി ഡയറി ഉപയോഗിച്ചിരുന്ന നേതാവായിരുന്നു.  പോക്കറ്റ് ഡയറിയും  ഉപയോഗിക്കും. ഡിസംബറായാൽ ഡയറി കിട്ടണം. അത് ചിന്ത ഡയറി തന്നെ ആവണം. കിട്ടിയാൽ ആദ്യം അതിലെ പാർട്ടി  ഓഫീസുകളുടെ ഫോൺനമ്പറുകളെല്ലാം പരിശോധിക്കും. രാത്രി അത്താഴം കഴിഞ്ഞാണ് ഡയറിയെഴുത്ത്.

സംവിധായകൻ എം കൃഷ്ണൻ നായരുടെ മകൻ, കവിയും എഴുത്തുകാരനും ഐ എ എസുകാരനുമായ കെ ജയകുമാർ പിതാവിന്റെ ഡയറിയെഴുത്തിനെ കുറിച്ച് ചില രസകരമായ നിരീഷണങ്ങൾ പറഞ്ഞത് ഇങ്ങനെ, അമ്പതുകൾ മുതൽ കൃഷ്ണൻ നായർ ഡയറി സ്ഥിരമായി എഴുതിയിരുന്നു. എഴുതിയ കുറിപ്പുകൾ പലതും സൂചനകളാണ്. ‘ആകെ സുഖമില്ല’ എന്നാണ് എഴുതിയതെങ്കിൽ കൈവശം പണവും സിനിമയും കുറവാണ് എന്നർത്ഥം. ഒരു പാട് പേജുകൾ ഒഴിഞ്ഞ് കിടക്കുകയാണെങ്കിൽ  ആ ദിവസമൊക്കെ മദ്യപിച്ചിരുന്നു എന്നർത്ഥം.

പോലീസിന്റെ കേസ് ഡയറി തൊട്ട് കേരള സംസ്കാരിക വകുപ്പിന്റെ ഡയറി വരെ ഇപ്പോഴും സജീവമായി നിൽക്കുന്നുണ്ട്. ആണ്ട് തോറും സർക്കാർ കലണ്ടറും ഡയറിയും അച്ചടിച്ച് എല്ലാ വകുപ്പിലും എത്തിക്കുന്നു. പല സ്ഥാപനങ്ങളും അച്ചടിച്ച് ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സമ്മാനിക്കുന്ന പല തരം ഡയറികളുണ്ട്. പത്ത് രൂപയുടെ പോക്കറ്റ് ഡയറി തൊട്ട് 600 രൂപയുടെ എക്സിക്യുട്ടീവ് ഡയറി വരെ കടകളിൽ നിന്ന് വിലയ്ക്ക് വാങ്ങാം. കേരളത്തിൽ മാത്രം ഒരു വർഷം ഒരു കോടി വരെ രൂപയുടെ ഡയറി കച്ചവടം നടക്കുന്നുവെന്നാണ് കണക്ക്. 

എൽ ഡി എഫ് വരുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാർ 2017-ൽ പുറത്തിറക്കിയ സർക്കാർ ഡയറിയിൽ ശരിയല്ലാത്ത ഒരു കാര്യം നടന്നു. മുഖ്യമന്ത്രിയുടെ പേരിന് കീഴെ അക്ഷരമാല ക്രമത്തിൽ മറ്റ് മന്ത്രിമാരുടെ പേര് കൊടുത്തിരുന്ന പതിവു രീതി മാറ്റി ആദ്യം സി പി എം മന്ത്രിമാരുടെ പേരും, പിന്നെ എൻ സി പി മന്ത്രിയുടെ പേരും കൊടുത്തു. അത് കഴിഞ്ഞാണ് സി പി ഐ മന്ത്രിമാരുടെ പേര്. 19 നിയമസഭാംഗങ്ങളുള്ള സി പി ഐക്ക് ഈ പന്തിയിലെ പക്ഷഭേദം രസിച്ചില്ല. പ്രതിഷേധവുമായി അവർ രംഗത്തെത്തി. പാർട്ടി പിളർന്ന കാലം തൊട്ടെ തുടങ്ങിയതാണ് സി പി എമ്മിന്റെ ഈ വല്യേട്ടൻ കളി. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കം  സി പി ഐക്കാർ  പ്രതിഷേധം പ്രകടിപ്പിച്ചു. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് പഴയ പോലെ അക്ഷരമാല ക്രമത്തിൽ പേര് നൽകി ഡയറി വീണ്ടും പ്രിന്റ് ചെയ്തു. 

“വർഷത്തിലൊരിക്കൽ പുറത്തിറക്കുന്ന ഡയറി പോലും  അച്ചടിക്കാൻ കഴിയാത്തവരാണ് ഈ നാട് ഭരിക്കുന്നത്,” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അവസരം പാഴാക്കാതെ, തന്റെ ഫേസ്ബുക് പേജിൽ അന്ന് കുറിച്ചു.

ഇനിയുമുണ്ട് ഡയറിക്കഥകൾ പറയാനേറെ. വിസ്താരഭയത്താൽ നിർത്തുന്നു. എത്രയൊക്കെ ഡിജിറ്റൽ അതിപ്രസരം ഉണ്ടായാലും ലോകാവസാനം വരെ, സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പിച്ച് രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ പറ്റുന്ന സ്വകാര്യ സർവർ ഒന്നേയുള്ളൂ - ഡയറി. 

logo
The Fourth
www.thefourthnews.in