കറുപ്പും വെളുപ്പും മിഴിവേകിയ 
നൂറ്റാണ്ടിന്റെ സത്യം

കറുപ്പും വെളുപ്പും മിഴിവേകിയ നൂറ്റാണ്ടിന്റെ സത്യം

ഇന്ത്യയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ പിതാവ് ടി എസ് സത്യന്റെ ജന്മശതാബ്ദി. ഗോമടേശ്വരന്റെ മഹാമസ്തകാഭിഷേകത്തിന്റെ ചിത്രത്തിലൂടെ പ്രശസ്തനായ സത്യന്റെ ക്യാമറയിൽ നെഹ്‌റുവും ദലൈലാമ ഉൾപ്പെടെ പതിഞ്ഞു

അതൊരു ‘രാമൻ പ്രഭാവം’ തന്നെയായിരുന്നു; ഭൗതിക ശാസ്ത്രത്തിലേതല്ലെന്നു മാത്രം. 1948-ൽ ഡെക്കാൻ ഹെറാൾഡ് ഇംഗ്ലീഷ് ദിനപത്രത്തിന് വേണ്ടി ഫോട്ടോ ഫീച്ചറിനായ് നോബേൽ സമ്മാന ജേതാവ് സി വി രാമനെ കാണാൻ മൈസൂരിലേക്ക് ടി എസ് സത്യനെന്ന യുവഫോട്ടോഗ്രാഫർ പോകുമ്പോൾ പത്രത്തിന്റെ വിഖ്യാത എഡിറ്റർ പോത്തൻ ജോസഫ് മുന്നറിയിപ്പ് നൽകി, “സൂക്ഷിക്കണം. ആൾ മുൻ ശുണ്ഠിക്കാരനാണ്”.

എഴുപത്തഞ്ച് വർഷം മുൻപ് മൈസൂരിൽ വെച്ച് ആ ഫോട്ടോ ക്ലിക്ക് ചെയ്യാൻ സത്യന് സാധിച്ചിരുന്നെങ്കിൽ അത് നോബൽ സമ്മാന ജേതാവ് സി വി രാമന്റെ അപൂർവ ചിത്രമെന്ന നിലയിൽ അനശ്വരമായേനെ. മൈസൂരിലെ സ്വന്തം വീട്ടിലെ പരീക്ഷണശാലയിലെ ഭിത്തിയിലെ ബ്ലാക്ക് ബോർഡിൽ രാമൻ പ്രഭാവം ഡയഗ്രം വരച്ച് വിശദീകരിക്കുന്ന സി വി രാമന്റെ ഫോട്ടോ എടുക്കാനായിരുന്നു സത്യന്റെ പദ്ധതി. ഒരു മണിക്കൂർ ചെലവിട്ട് സി വി രാമന്റെ വിവിധ ചിത്രങ്ങൾ എടുത്ത അയാൾ നോബേൽ ജേതാവിന്റെ ഒരു ക്ലാസിക്ക് ചിത്രം വേണമെന്ന ഉദ്ദേശ്യത്തോടെ സി വി രാമനോട് ഈയൊരു ചിത്രത്തിന് നിന്ന് തരണമെന്ന് അപേക്ഷിച്ചു.

ടി.എസ് . സത്യന്റെ ലൈഫ് മാസികയിലെ അനുഭവ ചിത്രങ്ങൾ
ടി.എസ് . സത്യന്റെ ലൈഫ് മാസികയിലെ അനുഭവ ചിത്രങ്ങൾ

“വേഗമാകട്ടെ,” അക്ഷമയോടെ അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ആ അത്യാഹിതമുണ്ടായത്. തന്റെ സഹായിയിൽ നിന്ന് ക്യാമറ വാങ്ങാൻ ഫോട്ടോ ഗ്രാഫർ തിരിഞ്ഞപ്പോൾ കയ്യിലുള്ള പുത്തൻ സ്പീഡ് ഗ്രാഫിക്ക് ക്യാമറ അയാളുടെ കയ്യിൽ നിന്ന് തറയിലേക്ക് വീണു. പിന്നെ കണ്ടത് സി വി രാമൻ കോപം കൊണ്ടു വിറച്ച് സഹായിയുടെ കുത്തിന് പിടിക്കുന്നതാണ്. ദേഷ്യം കൊണ്ട് വിറച്ച രാമൻ ചോദിച്ചു, “You know what you have done? You have damaged a beautiful instrument of science. Why weren't you careful?

പകച്ചു പോയ ഇരുവരും അദ്ദേഹത്തിനോട് ക്ഷമ പറഞ്ഞു. അദ്ദേഹം ഉടനെ ശാന്തനായി. വേഗം തറയിൽ നിന്ന് ക്യാമറ എടുത്ത് പരിശോധിച്ചു. എന്നിട്ട് ഒരു കഷ്ണം കടലാസിൽ എഴുതി, “Prisms out of alignment. Replace one broken piece and realign. Set right the metallic dents.” മാത്രകൾ കൊണ്ട് ക്യാമറയുടെ കേട്ട് പാട് തീർക്കാനുള്ള നിർദ്ദേശമെഴുതിയ കടലാസ് ഫോട്ടോഗ്രാഫർക്ക് കൊടുത്തു രാമൻ പറഞ്ഞു. ‘നിങ്ങൾക്ക് പോകാം‘.

ഇന്ത്യയിലെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫിയുടെ പിതാവായി അറിയപ്പെടുന്ന ടി എസ് സത്യന്റെ ആദ്യത്തെ പ്രധാന ഫോട്ടോ ഫീച്ചർ ഉദ്യമം അങ്ങനെയവസാനിച്ചെങ്കിലും ഇതിന് ഒരു ഉപകഥ കൂടിയുണ്ടായി. കേടായ ക്യാമറ ശരിയാക്കിയ ബാഗ്ലൂരിലെ എലൈറ്റ് സ്‌റ്റുഡിയോവിലെ സി എക്സ് ലോ എന്ന ഇംഗ്ലീഷുകാരൻ അതിന്റെ പ്രതിഫലം വാങ്ങിയില്ല. പകരം സത്യൻ കൊടുത്ത കടലാസ് തിരികെ നൽകാതെ അയാൾ നിധിപോലെ സൂക്ഷിച്ചു. കാരണം ഫിസിക്സിന് നോബൽ സമ്മാനം നേടിയ ഡോ സി വി രാമന്റെ കയ്യക്ഷരത്തിലുള്ള കുറിപ്പ് സ്വന്തമാകുന്നത് ഒരു വലിയ ബഹുമതിയാണ്. ക്യാമറ നിലത്തിട്ട സത്യന്റെ സഹായിയാണ് പിൽക്കാലത്ത് പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ എം എസ് സത്യു.

1959ല്‍ ദലൈ ലാമ ഇന്ത്യയിലെത്തിയപ്പോൾ
1959ല്‍ ദലൈ ലാമ ഇന്ത്യയിലെത്തിയപ്പോൾ

ഇന്ന് ടി എസ് സത്യന്റെ ജന്മശതാബ്ദി

മൈസൂരിലെ ഒരു ബ്രാഹ്മണ കുടംബത്തിൽ ഒരു ഡോക്ടറുടെ മകനായിരുന്ന തമ്പ്രഹള്ളി സുബ്രഹ്മണ്യ സത്യനാരായണ അയ്യർ എന്ന സത്യൻ മൈസൂർ മഹാരാജാസ് കോളേജിൽ നിന്ന് ആർട്‌സിൽ ബിരുദം നേടിയ ശേഷം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിൽ എഞ്ചിൻ ഇൻസ്പെക്ടറായി ജോലി ആരംഭിച്ചു. അത് ഉപേക്ഷിച്ച് സ്‌കൂളിൽ അദ്ധ്യാപകനായും തുടർന്ന് 'ആകാശവാണി' റേഡിയോ സ്റ്റേഷനിൽ പാർട്ട് ടൈം ന്യൂസ് റീഡറായും ജോലി ചെയ്ത ശേഷമാണ് തന്റെ സ്വപ്നമായ ഫോട്ടോഗ്രാഫി ജീവിതം ആരംഭിക്കുന്നത്.

കരിയറിൽ നല്ലൊരു കാലം ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന സത്യന്റെ ചിത്രങ്ങൾ 1950 കൾ മുതൽ ലൈഫ്, ടൈം, ന്യൂസ്‌വീക്ക് , ക്രിസ്റ്റ്യൻ സയൻസ് മോണിറ്റർ തുടങ്ങിയ ലോകത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളിൽ അടിച്ചു വന്നു. ഒരു ഇന്ത്യൻ ഫോട്ടോഗ്രാഫറുടെ ഏറ്റവും മിഴിവാർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളായി അവ തിളങ്ങി നിന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണങ്ങളായ ഇല്ലുസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ഔട്ട്‌ലുക്ക്, ഡെക്കാൻ ഹെറാൾഡ്, ന്യൂസ്‌വീക്ക് എന്നിവയിൽ പതിവായി പ്രസിദ്ധീകരിക്കുന്ന മികച്ച ഫോട്ടോ ഫീച്ചറുകളും സത്യന്റെതായിരുന്നു.

കറുപ്പും വെളുപ്പും മിഴിവേകിയ 
നൂറ്റാണ്ടിന്റെ സത്യം
വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ

1940-ൽ സഹപാഠിയും ആത്മ സുഹൃത്തുമായിരുന്ന കൈലാസത്തിന്റെ ബോക്സ് ബ്രൗണി ആറ് രൂപക്ക് വാങ്ങിയതാണ് സത്യന്റെ ആദ്യത്തെ ക്യാമറ. അതിലെടുത്ത ആദ്യ ചിത്രം, ഒരു കൊച്ചു കുട്ടി അബാക്കസുമായി കളിക്കുന്ന ചിത്രം, അക്കാലത്തെ പ്രമുഖ വാരികയായ ദി ഇല്ലുസ്ട്രേറ്റഡ് വീക്കിലി നടത്തിയിരുന്ന ‘സ്നാപ്പ് ഷോട്ട്’ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. പത്ത് രൂപയായിരുന്നു സമ്മാനത്തുക!

ഇല്ലുസ്ട്രേറ്റഡ് വീക്കിലിയുടെ അന്നത്തെ എഡിറ്ററായിരുന്ന സ്റ്റാൻലി ജെപ്സൺ ഒരു മികച്ച ഫോട്ടോഗ്രാഫർ കൂടെ ആയിരുന്നതിനാൽ അദ്ദേഹം സത്യനെ പ്രോത്സാഹിപ്പിച്ചു! തുടർന്ന് വീക്കിലിയിൽ സത്യന്റെ ചിത്രങ്ങൾ സ്ഥിരമായി വന്നു. ഒരു ഡബിൾ സ്പ്രെഡ് പേജിലെ ചിത്രങ്ങൾക്ക് അന്ന് 60 രൂപ പ്രതിഫലം. ഒരു റോൾ ഫിലിമിന്റെ വില അന്ന് രണ്ട് രൂപ. കർണാടക സംസ്ഥാനത്തിൽ വീക്കിലി ഫോട്ടോകളിലൂടെ സത്യൻ എന്ന ഫോട്ടോഗ്രാഫർ അറിയപ്പെടാൻ തുടങ്ങി.

അമേരിക്കയിലെ 17 വിദേശ പ്രസിദ്ധീകരണങ്ങളിൽ വന്ന സത്യന്റെ ചിത്രം. (മഹാമസ്തകാഭിക്ഷേകം.1952.)
അമേരിക്കയിലെ 17 വിദേശ പ്രസിദ്ധീകരണങ്ങളിൽ വന്ന സത്യന്റെ ചിത്രം. (മഹാമസ്തകാഭിക്ഷേകം.1952.)

ഏറെ താമസിയാതെ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ഇന്ത്യാ വീക്കിലി’ മൈസൂർ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ കെ സി റെഡ്ഡിയുടേയും മന്ത്രിസഭാംഗങ്ങളുടേയും ഫോട്ടോകൾ വേണമെന്ന് ടെലിഗ്രാമിലൂടെ സത്യനോട് ആവശ്യപ്പെട്ടു. പിന്നാലെ മൈസൂരിൽ ഒരു പൊതുസമ്മേളനത്തെത്തിയ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും സത്യൻ ക്യാമറയിൽ പകർത്തി. രണ്ട് പേജുകളിലായി 'ഫോട്ടോകൾ: ടി എസ് സത്യൻ' എന്ന ബൈലൈനോടെ പുതിയ ലക്കം ഇന്താ വീക്കിലിയിൽ പ്രാധാന്യത്തോടെ അച്ചടിച്ചു വന്നു. അതായിരുന്നു സത്യനെന്ന ഫോട്ടോഗ്രാഫറുടെ ആദ്യത്തെ പ്രധാനപ്പെട്ട വാർത്താ - ഫോട്ടോ കവറേജ്.

സാധാരണക്കാരുടെ ജീവിതവും അവരുടെ സൗന്ദര്യവും തിരിച്ചറിഞ്ഞാണ് അദ്ദേഹം തന്റെ ലെൻസ് ക്രമീകരിച്ചിരുന്നത്. ഇന്ത്യയിലെ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് നേരെയാണ് അദ്ദേഹം പലപ്പോഴും തന്റെ ക്യാമറ കേന്ദ്രീകരിച്ചത്. കറുപ്പും വെളുപ്പും നിറഞ്ഞ ആകർഷകമായ ചിത്രങ്ങളുമായി കാഴ്ചക്കാരെ ആകർഷിച്ച, നീണ്ട 60 വർഷത്തിലേറെ ഫോട്ടോഗ്രാഫറായിരുന്ന ടി എസ് സത്യന്റെ പടങ്ങൾ ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ അമൂല്യമായ ചരിത്രമാണ്.

ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡ് ഇംഗ്ലീഷ് ദിനപത്രത്തിൽ നിന്ന് ബോംബെയിൽ ഇല്ലുസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിൽ ചേരുമ്പോൾ തന്റെ പ്രിയപ്പെട്ട 'മൈസൂർ' സുഹൃത്തുക്കൾ ആർ കെ ലക്ഷ്മണൻ (ടൈംസ് ഓഫ് ഇന്ത്യ), എച്ച് വൈ ശാരദ പ്രസാദ് (ഇന്ത്യൻ എക്സ്പ്രസ്) എന്നിവർ അവിടെ സത്യനെ സ്വാഗതം ചെയ്തു. അവരെല്ലാം ഒരേ ദിശയിൽ ചിന്തിക്കുന്നവരും ‘മൈസൂരിന്റെ’ പൈതൃകം എന്നും അഭിമാനത്തോടെ കാത്തു സൂക്ഷിച്ചവരുമായിരുന്നു.

ഇല്ലുസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിൽ രണ്ട് വർഷം ജോലി ചെയ്ത അദ്ദേഹം ഫോട്ടോയെടുക്കുന്നതിന് ഒപ്പം ഫീച്ചറുകളും എഴുതി. വീക്കിലിയിലെ അക്കാലത്തെ പ്രശസ്തമായ ഫോട്ടോഗ്രഫി പംക്തി ‘Lenslight’ കൈകാര്യം ചെയ്തത് സത്യനായിരുന്നു. 1952 ൽ സത്യൻ വീക്കിലി വിട്ട് സ്വതന്ത്രനായി മൈസൂരിൽ തിരിച്ചെത്തി.

ടിഎസ് സത്യൻ തന്റെ സ്പീഡ് ഗ്രാഫിക്ക് പ്രസ് ക്യാമറയുമായി (1948)
ടിഎസ് സത്യൻ തന്റെ സ്പീഡ് ഗ്രാഫിക്ക് പ്രസ് ക്യാമറയുമായി (1948)

സത്യന്റെ ജീവിതം മാറ്റിമറിച്ച ഫോട്ടോ ഏറെ താമസിയാതെ ക്ലിക്ക് ചെയ്യപ്പെട്ടു. മൈസൂരിൽ നിന്ന് രണ്ട് മണിക്കൂർ ബസിൽ യാത്ര ചെയ്താൽ ശ്രാവണ ബൽഗോളയിലെത്താം. തെക്കെ ഇന്ത്യയിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദമായ അവിടെയാണ് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമകളിലൊന്നായ ‘ഗോമടേശ്വരൻ’ നിൽക്കുന്നത്. ഇവിടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹാമസ്താഭിഷേകം ലോക പ്രസിദ്ധമായ ജൈനമത ചടങ്ങാണ്. 57 അടി പൊക്കമുള്ള പ്രതിമയിൽ പാൽ, കരിമ്പ് നീർ, ചന്ദനം, പൂക്കൾ എന്നിവയാൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. 1952 ലെ ഈ ചടങ്ങ് തന്റെ അഗ്രോ ഫ്ലെക്കസ് ക്യാമറയിൽ പകർത്തിയ സത്യൻ ന്യൂയോർക്കിലെ ബ്ലാക്ക് സ്റ്റാർ പിക്ച്ചർ ഏജൻസി എന്ന ഫോട്ടോ സിൻഡിക്കേറ്റിന് അയക്കാനായി ഫിലിം ഭദ്രമായി പാക്ക് ചെയ്ത് പോസ്റ്റാഫീസിൽ ഏൽപ്പിച്ചു. മഹാഭിഷേകത്തിന്റെ ഫോട്ടോകളാണെന്നറിഞ്ഞ പോസ്റ്റ് മാസ്റ്റർ സ്വന്തം പൂജാ മുറിയിൽ നിന്ന് എടുത്ത വിശുദ്ധ കുങ്കുമവും ചന്ദനവും പാക്കറ്റിന്റെ നാല് മൂലകളിലും ചാർത്തിയിട്ടാണ് അത് അയച്ചത്. ‘ദൈവദത്തമായ ആ ചടങ്ങിന്റെ പടത്തിന് വേണ്ട പരിഗണന വിദേശത്ത് കിട്ടാനാണത് ‘ പ്രാർത്ഥിച്ചു കൊണ്ട് അയാൾ സത്യനോട് പറഞ്ഞു.

കറുപ്പും വെളുപ്പും മിഴിവേകിയ 
നൂറ്റാണ്ടിന്റെ സത്യം
കാലത്തിനു മുന്‍പേ നടന്ന കല്യാണിക്കുട്ടിയമ്മ

എതായാലും ഗോമടേശ്വരൻ പ്രാർത്ഥന കേട്ടു തീർച്ച! ഒരു മാസത്തിന് ശേഷം ന്യൂയോർക്കിൽ നിന്ന് സത്യനെ തേടി ഒരു എയർ മെയിൽ വന്നു. ബ്ലാക്ക് സ്റ്റാർ സിൻഡിക്കേറ്റിന്റെ പ്രസിഡന്റിന്റെ അഭിനന്ദ കത്തായിരുന്നു അത്. കൂടെ പ്രതിഫലം 250 ഡോളറിന്റെ ചെക്കും. 1952ൽ 250 ഡോളർ വലിയ തുകയാണ്! അതിലും മൂല്യമുള്ളതായിരുന്നു കത്തിലെ ഒരു വാചകം: അമേരിക്കയിലെ ‘പരേഡ് ‘ മാസികയിൽ മഹാമസ്താഭിഷേകത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ 16 അമേരിക്കൻ ദിനപത്രങ്ങളിലെ ഞായറാഴ്ചപ്പതിപ്പിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ!

അങ്ങനെ ഏഴ് പതിറ്റാണ്ട് മുൻപ് വിദേശത്ത് 17 പ്രസിദ്ധീകരണങ്ങളിൽ ഫോട്ടോ അച്ചടിച്ച് ബഹുമതി നേടിയ ആദ്യത്തെ ഇന്ത്യൻ ഫോട്ടോഗ്രാഫറായി ടി എസ് സത്യൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മേന്മ മനസിലാക്കിയ പ്രസിദ്ധ അമേരിക്കൻ മാസിക ‘ലൈഫ്’ തങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ ഫോട്ടോകൾ എടുത്തയക്കാൻ ആവശ്യപ്പെട്ടു.

ജയ്പൂർ മഹാറാണി , ഗായത്രി ദേവി തന്റെ തിരഞ്ഞെടുപ്പ്  പ്രചരണത്തിൽ (1962)
ജയ്പൂർ മഹാറാണി , ഗായത്രി ദേവി തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ (1962)

1955 ലെ ആന്ധ്രയിലെ വിജയവാഡ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ - ഒരു ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ ചൂടും വെളിച്ചവും, ആവേശവും ആദ്യമായി പാശ്ചാത്യ വായനക്കാർ ‘ലൈഫ്’ മാസികയിൽ പ്രസിദ്ധീകരിച്ച സത്യന്റെ ഫോട്ടോകളിലൂടെ കണ്ടറിഞ്ഞു. ലൈഫിന്റെ 1955 മാർച്ച് 14 ലക്കത്തിൽ പ്രസിദ്ധീകരിച്ച ഒമ്പത് തിരഞ്ഞെടുപ്പ് ഫോട്ടോകളിൽ എട്ട് എണ്ണം സത്യനെടുത്തതായിരുന്നു. ശേഷിച്ച ഒരെണ്ണം ലൈഫിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായ ജെയിംസ് ബർക്കിന്റെതും. ഒരു ഇന്ത്യൻ ഫോട്ടോഗ്രാഫർക്കു ലഭിച്ച അപൂർവ്വ ബഹുമതിയാണത്.

1955 ലെ ഗോവൻ വിമോചന സമരത്തിൽ ഗോവൻ അതിർത്തിയിൽ ഇന്ത്യൻ സത്യാഗ്രഹികളെ പോർച്ചുഗീസ് പട്ടാളം വെടിവെച്ചിട്ട സംഭവം നേരിൽ കണ്ട അപൂർവം പത്രക്കാരിലൊരാൾ ടൈം മാഗസിനും ലൈഫിനും വേണ്ടി വാർത്ത കവർ ചെയ്യാനെത്തിയ സത്യനായിരുന്നു. പിന്നീട് 6 വർഷത്തിന് ശേഷം ഒരു വെടിയുണ്ട പോലും പൊട്ടാതെ ഇന്ത്യൻ സേനക്ക് പോർച്ചുഗൽ സേന ഗോവയിൽ കീഴടങ്ങിയത് റിപ്പോർട്ട് ചെയ്യാനെത്തിയ സത്യന് പടമെടുക്കാൻ ഇന്ത്യൻ സൈനിക ഓഫീസർമാരുടെ എതിർപ്പ് കാരണം സാധിച്ചില്ല. അദ്ദേഹത്തിന്റെ ക്യാമറ പോലും അവർ പിടിച്ചെടുത്തു.

തൊഴിൽപരമായ അഭിവൃദ്ധിക്ക് വേണ്ടി സത്യൻ ഇതിനകം മൈസൂരിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറ്റിയിരുന്നു. ന്യൂയോർക്കിലെ ബ്ലാക്ക് സ്റ്റാർ ഫോട്ടോ സിൻഡിക്കേറ്റ് വഴി ഐക്യരാഷ്ട്ര സഭയുടെ എജൻസികളായ യൂണിസെഫ്, ഡബ്യുഎച്ച്ഒ, ഐഎല്‍ഒ, യൂണിഡോ തുടങ്ങിയവക്ക് വേണ്ടി ഫോട്ടോകൾ എടുത്തു. 1973 ലെ അസാമിലെ വെള്ളപ്പൊക്ക കെടുതി സന്ദർശിച്ച യൂണിസെഫ് സംഘത്തിനോടൊപ്പം പോയ സത്യൻ എടുത്ത ദുരിതാശ്വാസ കാമ്പുകളിലേയും വെള്ളപ്പൊക്കക്കെടുതികളുടേയും ചിത്രങ്ങൾ യൂണിസെഫിന്റെ ജോലി എളുപ്പമാക്കിയെന്ന് അതിന്റെ ഡയറക്ടർ ജനറൽ സത്യനോട് നേരിട്ട് പറഞ്ഞു.

രണ്ട് പതിറ്റാണ്ട് കാലം ടൈം-ലൈഫിന് ജോലി ചെയ്തതാണ് സത്യൻ തന്റെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി ജീവിതത്തിൽ ഏറ്റവും മികച്ചതായി തോന്നിയത്. ആ കാലം ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഭൂപ്രകൃതിയിൽ വലിയ മാറ്റത്തിന്റെയും പരിണാമത്തിന്റെയും കാലഘട്ടമായിരുന്നു. സത്യനെ ഇന്നും പ്രസക്തനാക്കുന്നത് ഇന്ത്യയിലെ ജീവിതം മിഴിവോടെ ചിത്രീകരിച്ച ഫോട്ടോകളാണ്.

ചൂടുള്ള ഒരു വേനൽക്കാല ദിനത്തിൽ വെള്ളക്കെട്ടിലേക്ക് തെറിച്ചുവീഴുന്നതിന് ഒരു നിമിഷം മുമ്പ് സന്തോഷമുള്ള കൊച്ചുകുട്ടികളുടെ ഒരു ഫോട്ടോ അല്ലെങ്കിൽ ഡൽഹിയിൽ ചാന്ദിനി ചൗക്കിൽ തന്റെ തൊഴിൽദാതാവിനേയും കാത്ത് ചൂരൽ കുട്ടയിലിരിക്കുന്ന ഒരു കൂലിയുടെ ചിത്രം. സാധാരണക്കാരുടെ ജീവിതം പകർത്തുന്നത് ഫാഷനല്ലായിരുന്ന കാലത്ത് അത് തുടർച്ചയായി താനെടുക്കുന്ന ഫോട്ടോകളിൽ നിലനിറുത്തിയ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം മുതൽ കർണാടകയിലെ കുഗ്രാമങ്ങൾ വരെ സത്യന്റെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളായി. “എന്റെ ഫോട്ടോയിൽ പതിയുന്നവർ പണക്കാരും പ്രശസ്തരുമല്ല. അവർ ലളിതരും സാധാരണക്കാരുമാണ്. അവർ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നവരല്ല,” ഒരിക്കൽ അദ്ദേഹം പറഞ്ഞു.

കറുപ്പും വെളുപ്പും മിഴിവേകിയ 
നൂറ്റാണ്ടിന്റെ സത്യം
മഹാത്മഗാന്ധി മുതൽ ഭിന്ദ്രന്‍വാല വരെ കവർ സ്റ്റോറിയായി; ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓർമയായിട്ട് 30 വർഷം 
ബാഗ്ലൂരിലെ രാമൻ ഇൻസ്റ്റിട്യൂട്ട് ഹാളിൽ
സി വി രാമൻ (1962)
ബാഗ്ലൂരിലെ രാമൻ ഇൻസ്റ്റിട്യൂട്ട് ഹാളിൽ സി വി രാമൻ (1962)

1959ൽ ടിബറ്റിൽ നിന്ന് രക്ഷപ്പെട്ട ദലൈ ലാമ ഇന്ത്യൻ മണ്ണിൽ കാല് കുത്തിയ ലോക പ്രശസ്തമായ സംഭവം ലൈഫ് മാസികക്ക് വേണ്ടി കവർ ചെയ്യാനെത്തിയ ആറു പേരിൽ സത്യനുണ്ടായിരുന്നു. ദലൈ ലാമയുടെ അതിസാഹസികമായ പാലായനത്തിന്റെയും ഇന്ത്യയിലെത്തിയതിന്റെയും വിശദമായ സാഹസിക കഥാ ലോകത്തെ അറിയിച്ചത് ലൈഫ് മാസികയായിരുന്നു. ആ പ്രസിദ്ധമായ ഫീച്ചറിന്റെ കൂടെ നൽകിയ ചിത്രങ്ങൾ സത്യനുൾപ്പടെയുള്ള ലൈഫിന്റെ ഫോട്ടോഗ്രാഫർ ടീം ദലൈ ലാമ ഇന്ത്യയിലെത്തിയ ആദ്യ നിമിഷങ്ങളിലെടുത്തതായിരുന്നു.

1962 ലെ ജയ്പ്പൂരിലെ ഇലക്ഷൻ പ്രചരണത്തിനെത്തിയ മഹാറാണി ഗായത്രി ദേവിയെ സത്യൻ തന്റെ ക്യാമറയിൽ പകർത്തിയത് മനോഹരമായ ഒരു കലാരൂപമായാണ് ഇന്ത്യൻ ഫോട്ടോഗ്രാഫി ചരിത്രം കണക്കാക്കുന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിലൊരാളായാണ് ഗായത്രി ദേവിയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഒരു ജർമൻ ഫോട്ടോഗ്രാഫി മാസികയായ ‘Bunte Illustrate ‘ വേണ്ടിയായിരുന്നു സത്യൻ ഗായത്രി ദേവിയുടെ ചിത്രങ്ങൾ പകർത്തിയത്.

1977ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1979ൽ അന്താരാഷ്‌ട്ര ശിശുവർഷമായി ആചരിച്ചപ്പോൾ സത്യനോടുള്ള ആദരവിന്റെ ഭാഗമായി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് യുനിസെഫ് അദ്ദേഹത്തിന്റെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. വസൂരി നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന പടമെടുക്കാനാവശ്യപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ടി എസ് സത്യനായിരുന്നു.

ലൈഫ് മാസികക്ക് വേണ്ടി പ്രവർത്തിച്ച മനോഹരമായ കാലത്തെ കുറിച്ചുള്ള ‘ഇൻ ലവ് വിത്ത് ലൈഫ് ‘ തന്റെ ഓർമ്മക്കുറിപ്പായ, ‘എലൈവ് ആൻഡ് ക്ലിക്കിംഗ് ‘എന്നീ ശ്രദ്ധേയമായ പുസ്തകങ്ങളും അദ്ദേഹം എഴുതി. 86 ആം വയസിൽ മൈസൂരിൽ വെച്ച് ടി എസ് സത്യനെന്ന പ്രതിഭ അന്തരിക്കുമ്പോൾ ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം അവസാനിക്കുകയായിരുന്നു.

 മലയാളി കുട്ടികൾ
മലയാളി കുട്ടികൾ

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരണശേഷം, സത്യന്റെ കുടുംബം സത്യന്റെ ഫോട്ടോകളെല്ലാം ബാംഗ്ലൂരിലെ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിക്കു (MAP) നൽകി. അവരത് ഡിജിറ്റൽ ചെയ്ത് ഗാലറിയായ് സൂക്ഷിക്കുന്നു. ഡോ രാധാകൃഷ്ണൻ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, ദലൈ ലാമ, മാർപ്പാപ്പ പോൾ ആറാമൻ, സത്യജിത്ത് റേ , ആർ കെ നാരായണൻ , യോഗാചാര്യൻ ബി കെ അയ്യങ്കാർ, ഇന്ത്യൻ സമൂഹത്തിലെ അനേകായിരം സാധാരണക്കാർ, കുട്ടികൾ, ഗ്രാമീണർ തുടങ്ങിയവരെല്ലാം ഒരിക്കലെങ്കിലം സത്യന്റെ ക്യാമറയിൽ പതിയുകയും ആ ചിത്രങ്ങൾ ലോകം ആസ്വദിക്കുകയും ചെയ്തു.

പ്രശസ്തി ഒരിക്കലും സത്യനെ സ്വാധീനിച്ചില്ല. അദ്ദേഹം മൃദുഭാഷയിൽ സൗമ്യനായി വ്യക്തികളോട് ഇടപെട്ടു. ക്യാമറയുടെ സാന്നിധ്യത്താൽ സ്വയം ബോധവാന്മാരാകുകയോ ഭയപ്പെടുകയോ ചെയ്യുമ്പോൾ ഫോട്ടോയുടെ സ്വാഭാവികത നഷ്ടപ്പെടുമെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം ക്ലിക്കിന് തൊട്ടു മുൻപു മാത്രം ക്യാമറ കയ്യിലേന്തി. ക്ലിക്ക് കഴിഞ്ഞതോടെ അത് അനായാസം അപ്രത്യക്ഷമായി.

logo
The Fourth
www.thefourthnews.in