വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ

‘തമ്പി‘യെന്ന് ആദരപൂർവ്വം വെൽവെറ്റി തുറക്കാർ വിളിച്ച വേലുപ്പിള്ള പ്രഭാകരൻ ‘അണ്ണൻ ‘ എന്ന വിളിപ്പേരിലേക്ക് പരിണമിച്ച് അനിഷേധ്യ നേതാവായ കഥ അവിടെ തുടങ്ങുന്നു

1983 ജൂലൈ 15, നാൽപ്പത് വർഷം മുൻപ് ശ്രീലങ്കയിലെ കാൻഡി റോഡിലൂടെ ആ സായാഹ്നത്തിലൂടെ പായുന്ന ആ മിനി ബസ്സിൽ യാത്ര ചെയ്തിരുന്ന 12 യാത്രക്കാർ സാധാരണക്കാരായിരുന്നില്ല. സിവിലിയൻ വേഷത്തിലുള്ള തീവ്രവാദികളെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച ശ്രീലങ്കൻ പട്ടാളത്തിലെ സ്പെഷൽ കമ്മാൻഡോ യൂണിറ്റായിരുന്നു. ജാഫ്നയിലെ ഇന്റലിജൻസ് മേധാവി മേജർ ശരത് മുനി സിംഗയായിരുന്നു ഒരു പ്രത്യേക ദൗത്യത്തിന് പോകുകുയായിരുന്ന ആ യുണിറ്റിന്റെ തലവൻ. മുനി സിംഗയെ സംബന്ധിച്ചിടത്തോളം അത് ഒരു കാട്ടു താറാവിനെ വേട്ടയാടാൻ പോകുന്നതു പോലെയാണെങ്കിലും അതൊരു വളരെ പ്രധാനപ്പെട്ട ദൗത്യമായിരുന്നു.

ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട , ശപിക്കപ്പെട്ട, രക്തരൂഷിതമായ ഒരു വർഷമാണ് 1983. 30 കൊല്ലം നീണ്ട് നിന്ന ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ച വർഷം.. അതിന് തുടക്കം കുറിച്ച സംഭവ പരമ്പരയിലെ ആദ്യത്തെ അദ്ധ്യായമായിരുന്നു ശരത് മുനി സിംഗയുടെ നേരെത്തെ പറഞ്ഞ ദൗത്യം.

ശരത് മുനി സിംഗയുടെ നിർദേശമനുസരിച്ച് എൽ ടി ടി ഇ വേഷം ധരിച്ച രണ്ട് പട്ടാളക്കാർ ഒരു ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു മിനി ബസ് തട്ടിയെടുത്തു. എൽ ടി ടി ക്കാരുടെ ഇത്തരം ചെയ്തികൾ ആ പ്രദേശത്ത് സാധാരണയായതിനാൽ ആരും സംശയിച്ചില്ല. ആ ബസിലാണ് അവർ ദൗത്യത്തിന് പുറപ്പെട്ടത്.

ശ്രീലങ്കൻ മേജർ ശരത് മുനിസിംഗ
ശ്രീലങ്കൻ മേജർ ശരത് മുനിസിംഗ

തമിഴർക്ക് ആധിപത്യമുള്ള വടക്കുകിഴക്കൻ മേഖലയായ ജാഫ്നയിൽ തമിഴ് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ട് തമിഴ് തീവ്രവാദ പ്രസ്ഥാനങ്ങൾ സായുധ കലാപങ്ങളാരംഭിച്ചു കഴിഞ്ഞിരുന്നു. സിംഹളരും ഭരണകൂടവും അതിനെ ശക്തമായി അടിച്ചമർത്താനാരംഭിച്ചതോടെ വംശീയ കലാപമായി മാറി. 1948ൽ ശ്രീലങ്ക സ്വതന്ത്രമായതോടെ ഏറെ താമസിയാതെ തമിഴ് വംശജർക്കെതിരെ സിംഹളർ കലാപമഴിച്ചു വിട്ടു. 1956 മുതൽ 1981 വരെ നാല് തവണ തമിഴർക്കെതിരെ രൂക്ഷമായ സംഘടിത ആക്രമണമുണ്ടായി. ഇതിനെ ചെറുക്കാൻ തമിഴർ സംഘടിച്ചെങ്കിലും അത് ഒരു കൂട്ടായ്മയിൽ ഒതുങ്ങിയില്ല. 1980 കളോടെ പല സായുധ സംഘടനകളും രൂപം കൊണ്ടു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 1976ൽ രൂപം കൊണ്ട എൽ ടി ടി ഇ.

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
വിമോചന പോരാളിയോ, ഭീകരനോ? ആരാണ് വേലുപ്പിള്ള പ്രഭാകരൻ?

വടക്കൻ ശ്രീലങ്കയിലെ കടലോര ഗ്രാമമായ വെൽവെറ്റിത്തുറെയിൽ തിരുവെങ്കിടം പിള്ളയുടെ മകനായി 1953ൽ ജനിച്ച വേലുപ്പിള്ള പ്രഭാകരൻ തമിഴർക്കെതിരെ സിംഹളർ നടത്തിയ കൊടുംക്രൂരതകളുടെ കഥ കേട്ടാണ് വളർന്നത്. പിതാവ് ഗാന്ധിയനാണെങ്കിലും മകൻ സുഭാഷ് ചന്ദ്രബോസിന്റെ കടുത്ത ആരാധകനായിരുന്നു. സായുധ വിപ്ലവത്തിലൂടെ മാത്രമേ തമിഴർക്ക് സ്വന്തം രാജ്യം നേടാനാവൂ എന്ന് ഉറച്ചുവിശ്വസിച്ച തമിഴൻ.

1960 കളിൽ കൽക്കി വാരികയിൽ വന്ന തമിഴ് എഴുത്തുകാരനായ രാസു നല്ല പെരുമാളിന്റെ ‘കല്ലുക്കൾ ഈരം‘ എന്ന ചരിത്രനോവൽ - ബ്രിട്ടിഷ്കാർക്കെതിരെ പോരാടുന്ന നേതാജിയെപ്പൊലെ ഒരു നായകന്റെ വീരകഥയാണത്. ആ കൃതി അയാളെ അളവറ്റു സ്വാധീനിച്ചു. അതിൽ നിന്ന് ആവേശം കൊണ്ട് പത്തൊമ്പതാം വയസിൽ കുറച്ച് ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഇന്ത്യൻ വിപ്ലവ നായകരുടേയും, ചെഗുവേര, ഹോ ചിമിൻ എന്നിവരുടെയും സാഹസികമായ പോരാട്ടങ്ങൾ വായിച്ചറിഞ്ഞ് ആവേശം കൊണ്ട് അയാൾ ‘തമിഴ് ന്യൂ ടൈഗേഴ്സ് ‘ എന്നൊരു സായുധ സംഘടന രൂപികരിച്ചു.

ഇതാണ് പിന്നീട് ഈഴം എന്ന വാക്ക് ചേർത്ത് 'ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം' എൽ ടി ടി ഇ ആയി മാറിയത്. ‘തമ്പി‘യെന്ന് ആദരപൂർവ്വം വെൽ വെറ്റി തുറക്കാർ വിളിച്ച വേലുപ്പിള്ള പ്രഭാകരൻ ‘അണ്ണൻ ‘ എന്ന വിളിപ്പേരിലേക്ക് പരിണമിച്ച് അനിഷേധ്യ നേതാവായ കഥ അവിടെ തുടങ്ങുന്നു.

വേലുപ്പിള്ള പ്രഭാകരൻ
വേലുപ്പിള്ള പ്രഭാകരൻ

80 കളോടെ തമിഴ് - സിംഹള ശത്രുത ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി. എത് സമയത്തും ഒരു വംശീയ കലാപം ആസന്നമായിരുന്നു. എൽ ടി ടി യെ കൂടാതെ സീരി സഭാരത്നം നയിക്കുന്ന ടി ഇ എൽ ഒ (തമിഴ് ഈഴം ലിബറേഷൻ ഓർഗനൈസേഷൻ) കെ പത്മനാഭയുടെ ഇപിആർഎൽഎഫ് (ഈഴം പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്) ഉമാമഹേശ്വന്റെ പിഎൽഒടിഇ (പീപ്പിൾസ് ലിബറേഷൻ ഓഫ് തമിഴ് ഈഴം) വി ബാലകുമാറിന്റെ നേതൃത്വത്തിലുള്ള ഇഒആർഎസ് (ഈഴം റവല്യൂഷണറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്സ്) എന്നിവയായിരുന്നു പ്രധാനപ്പെട്ട തമിഴ് വിമോചന പ്രസ്ഥാനങ്ങൾ. തമിഴ് ദേശീയ വാദത്തിന് എതിരായ ഒരു സ്വരവും ഇവർ വെച്ചു പൊറുപ്പിച്ചില്ല. സിംഹളരുടെ വേട്ടയാടലിൽ നിന്ന് രക്ഷനേടാൻ തെക്കൻ ശ്രീലങ്കയിൽ നിന്ന് തമിഴർ കൂട്ടത്തോടെ വടക്കൻ ഭാഗത്തേക്ക് വരാൻ തുടങ്ങിയതോടെ വിമോചന പ്രസ്ഥാനങ്ങൾ വളർന്ന് ശക്തി പ്രാപിക്കാൻ തുടങ്ങി. എങ്കിലും വേലുപിളള പ്രഭാകരന്റെ വ്യക്തി പ്രഭാവമോ നേതൃത്വഗുണമോ ധീരതയോ മറ്റൊരു നേതാവിനും ഉണ്ടായിരുന്നില്ല.

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
'വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പില്ല, മരിച്ചതിന് തെളിവുകളുണ്ട്'; അവകാശവാദങ്ങള്‍ തള്ളി ശ്രീലങ്കന്‍ സേന

ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശം വഴി. ആർഎഡബ്ല്യു (റിസർച്ച് അനാലിസിസ് വിംഗ്) ഇന്ത്യൻ സഹായം നൽകി ഇവർക്കെല്ലാം രഹസ്യമായി പണവും ആയുധങ്ങളും നിർലോഭം നൽകി സഹായിച്ചു. പക്ഷെ, ഇതിൽ ഒരു സംഘടനയ്ക്കും കിട്ടാത്ത ഒന്ന് എൽ ടി ടി ഇക്കും പ്രഭാകരനുണ്ടായിരുന്നു. അക്കാലത്തെ തമിഴ് നാട് മുഖ്യമന്ത്രിയായ എം ജി ആറിന്റെ പരിപൂർണ്ണ പിന്തുണയായിരുന്നു അത്.

അങ്ങനെ ശ്രീലങ്ക ആളിക്കത്തുന്നതിന് ഒരു തീപ്പൊരി മാത്രം മതിയായിരുന്ന ആ സാഹചര്യത്തിലാണ് ശരത് മുനി സിംഗ ഒരു പ്രധാന ദൗത്യത്തിനായ് പുലിമടയിലേക്ക് തന്റെ സേനയെ നയിച്ചത്. അതിന് ഒരാഴ്ച മുൻപ് ജാഫ്നയിലെ ശ്രീലങ്കൻ പട്ടാളത്തിന്റെ ആയുധപ്പുര എൽ ടി ടി ഇക്കാർ ആക്രമിച്ച് കുറെ സ്ഫോടക സാമഗ്രികൾ കടത്തിക്കൊണ്ടുപോയിരുന്നു. തുടരെ തുടരെ ജാഫ്നയിൽ പട്ടാളത്തിന് നേരെ ആക്രമണങ്ങളുണ്ടായി. പട്ടാള നിയമത്തിന് കീഴിലുള്ള ജാഫ്ന പുകയാൻ തുടങ്ങി. ഇതിനു പിന്നിൽ എൽ ടി ടി ഇയാണെന്ന് മനസ്സിലാക്കിയ പട്ടാളം അതിന്റെ തലവനേയും കണ്ടെത്തി. ശീലൻ എന്നറിയപ്പെട്ട ‘ചാൾസ് ആന്റണി‘യായിരുന്നു ആക്രമണത്തിനു പിന്നിൽ. എൽ ടി ടി ഇ യിൽ രണ്ടാമനായ ചാൾസ് ആന്റണി പ്രഭാകരന്റെ ഏറ്റവും വിശ്വസ്തനായ അനുയായിയായിരുന്നു. ട്രിങ്കോമാലിയിലെ ഒരു സാധാരണ കുടംബത്തിൽ ജനിച്ച ശീലൻ ചെറുപ്പത്തിലെ തമിഴ് പോരാട്ട പ്രസ്ഥാനങ്ങളിൽ സജീവമായി. ജാഫ്നയിലെ വാവുന്നിയയിൽ പൂന്തോട്ടം എന്ന നാൽപ്പത് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ വേലുപ്പിള്ള പ്രഭാകരൻ ആകെയുള്ള അന്നത്തെ 20 എൽ ടി ടി ഇ അംഗങ്ങൾക്ക് ആദ്യത്തെ ആയുധപരിശീലന ക്യാമ്പ് ആരംഭിച്ചപ്പോൾ അതിൽ പങ്കെടുത്ത ആദ്യത്തെ കേഡർ ചാൾസ് ആന്റണിയായിരുന്നു.

വലിയൊരു ആക്രമണത്തിന് എൽ ടി ടി ഇ തയ്യാറെടുക്കുകയാണെന്ന് ശ്രീലങ്കൻ ഇന്റിലിജെൻസ് ലങ്കൻ സൈനിക മേധാവികളെ അറിയിച്ചു. പരിഭ്രാന്തിയിലാണ്ട അവർ എന്ത് വില കൊടുത്തും ജാഫ്നയിൽ പുലികളെ ഇല്ലാതാക്കണമെന്നും സൈനിക ആക്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ചാൾസ് ആന്റണിയെന്ന ഭീകരനെ എങ്ങനെയെങ്കിലും വകവരുത്തണമെന്നും ഉന്നതസൈന്യ മേധാവികൾ ഉറപ്പിച്ചു.

ജാഫ്നയിലെ മീശൈലെയിൽ എൽ ടി ടി യുടെ ഒരു രഹസ്യ താവളത്തെക്കുറിച്ച് ഇന്റിലിജെൻസിന് അറിവ് കിട്ടി. പ്രദേശിക പോലീസുകാരുടെ സഹായത്തോടെ ഏകദേശ ചിത്രം ലഭിച്ചതോടെ ശരത് മുനി സിംഗ തന്റെ ടീമുമായി ദൗത്യത്തിന് പുറപ്പെട്ടു. ഹോളിവുഡ് ചലചിത്രങ്ങളിലെ യുദ്ധരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന പോരാട്ടങ്ങളായിരുന്നു പിന്നീട് നടന്നത്.

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തൽ; 'ഉചിതമായ സമയത്ത് പുറത്തുവരും'

വൈകിട്ട് 5 മണിയോടെ മീശൈലെയിൽ ബസിൽ എത്തിയ പട്ടാള സംഘം കിണഞ്ഞു ശ്രമിച്ചെങ്കിലും പുലികളേയോ അവരുടെ താവളത്തേയോ കണ്ടെത്താൻ കഴിഞ്ഞില്ല. നേരം ഇരുട്ടാൻ തുടങ്ങിയതോടെ നിരാശരായി ശരത് മുനി സിംഗയും സംഘവും തിരിച്ചു പോകാൻ ഒരുങ്ങി. 6 മണിയോടെ കാൻഡി റോഡിലൂടെ വേഗത്തിൽ പോയ മിനി ബസ്സിന് കുറെ മുൻപിലായി റോഡിലൂടെ രണ്ട് പേർ സൈക്കിളോടിച്ച് പോകുന്നത് അവർ കണ്ടു. ഒരാളുടെ സൈക്കിളിന്റെ പില്യണിൽ മറ്റൊരാൾ കൂടി ഇരുന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു. മിലിറ്ററി യൂണിഫോമിലായിരുന്ന മൂന്നു പേരിൽ ഒരാളുടെ തോളിൽ യന്ത്രതോക്ക് തൂങ്ങിക്കിടക്കുന്നത് ബസിലുള്ളവർ കണ്ടു. ഉടനെ വണ്ടി ഓടിച്ചിരുന്ന ശരത് മുനി സിംഗ മിനി ബസ് വേഗത്തിൽ സൈക്കിൾ യാത്രക്കാരുടെ തൊട്ടടുത്ത് കൊണ്ടുവന്നു നിറുത്തി. ബസിലെ കമാൻഡോകൾ ചാടിയിറങ്ങി സൈക്കിൾ യാത്രക്കാർക്ക് നേരെ വെടിയുതിർത്തു. അവർ സൈക്കിൾ ഉപക്ഷിച്ച് തൊട്ടടുത്ത നെൽപാടത്തിലൂടെ ഓടാനാരംഭിച്ചു. ഒരു മതിലിന് മറവിൽ നിന്ന് മൂന്നു പേരും തിരിച്ച് പട്ടാളക്കാരെ വെടിവെച്ചങ്കിലും അൽപ്പനേരത്തെ പോരാട്ടത്തിന് ശേഷം പട്ടാളക്കാരുടെ വെടിയേറ്റ് രണ്ട് പേർ വീണു. രക്ഷപ്പെടാനായി ഓടിയ ആൾ നിലത്ത് വെടിയേറ്റ് വീണവനെ താങ്ങിയെടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കമാൻഡോകളുടെ വെടിയുണ്ടകളുടെ പേമാരി നേരിടാനാവാതെ ഓടി രക്ഷപ്പെട്ടു. നേരം ഇരുട്ടിയതിനാൽ ശരത് മുനി സിംഗയും സംഘവും പോരാട്ടം അവസാനിപ്പിച്ച് തിരികെ പട്ടാളക്യാമ്പിലെത്തി.

സീരി സഭാരത്നം , വി. പ്രഭാകരൻ ,
വി. ബാലകുമാർ , കെ.പത്മനാഭ 1987 ൽ ഇന്ത്യാ ശ്രീലങ്ക കരാറിൽ സന്ധിചെയ്തപ്പോൾ
സീരി സഭാരത്നം , വി. പ്രഭാകരൻ , വി. ബാലകുമാർ , കെ.പത്മനാഭ 1987 ൽ ഇന്ത്യാ ശ്രീലങ്ക കരാറിൽ സന്ധിചെയ്തപ്പോൾ

പോലീസ് രണ്ട് ശവശരീരങ്ങളും ജാഫ്ന ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് പേർ ആരാണെന്ന് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ഗൗരവമറിയാവുന്ന ജാഫ്ന പട്ടാള കമാൻഡർ മേജർ അശോക് ജയവർദ്ധനെയും മുതിർന്ന പട്ടാള ഉദ്യോഗസ്ഥന്മാരും രംഗത്തെത്തി. അതിനിടെ പട്ടാളത്തിന്റെ ഒരു ഇൻഫോർമർ അതിലൊരാളെ തിരിച്ചറിഞ്ഞു. ’ഇത് ശീലനാണ്, ചാൾസ് ആന്റണി എൽ ടി ടി ഇ പുലികളിലെ രണ്ടാമൻ’ അയാൾ പറഞ്ഞു. ശരത് മുനി സിംഗയും ജയവർദ്ധനെയും അത് വിശ്വസിക്കാൻ തയ്യാറായില്ല. ഒടുവിൽ ട്രിങ്കോമാലിയിലെ വീട്ടിൽ നിന്ന് ശീലന്റെ മാതാവിനെ പട്ടാള ഉദ്യോഗസ്ഥർ കൊണ്ടുവന്ന് മൃതശരീരം കാണിച്ചാണ് ചാൾസ് ആന്റണിയാണെന്ന് സ്ഥിരീകരിച്ചത്. അതോടെ ശരത് മുനി സിംഗയും ജയവർദ്ധനെയും അതീവ സന്തോഷത്തിലായി. വിവരം പട്ടാള ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയതോടെ ശ്രീലങ്കൻ ഭരണകൂടവും പട്ടാളവും ആഹ്ലാദത്തിലായി. അവർ വൻ ആഘോഷത്തിലമർന്നു. തങ്ങൾ വിജയിച്ചു. വിമോചനപുലികളിലെ പ്രമുഖനെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ‘എൽ ടി ടി ഇ ഫിനിഷ്ഡ് ‘ എന്ന തലക്കെട്ടുകളോടെ കൊളംബോ പത്രങ്ങളും പ്രദേശിക സിംഹള പത്രങ്ങളും പിറ്റേന്ന് ചാൾസ് ആന്റണിയെന്ന തീവ്രവാദിയുടെ മരണം വൻ വാർത്തയാക്കി. പുലികളുടെ രണ്ടാമന്റെ അന്ത്യം ആ എൽ ടി ടി ഇയെ ദുർബലമാക്കും എന്നതും പട്ടാളത്തെ സന്തോഷിപ്പിച്ചു. തങ്ങളുടെ ആക്രമണത്തിലൂടെ വെടിയേറ്റാണ് ചാൾസ് ആന്റണി കൊല്ലപ്പെട്ടത് എന്നായിരുന്നു ശരത് മുനി സിംഗയും പട്ടാളവും കരുതിയത്, എന്നാൽ വാസ്തവം അതായിരുന്നില്ല.

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
'ആ ഏകാധിപതി രൂപം കൊണ്ടത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല'; നെഹ്റുവില്‍ നിന്നും ഇന്ദിര ഗാന്ധിയിലേക്കുള്ള ദൂരം

ചാൾസ് ആന്റണിയെ കൂടാതെ സൈക്കിളിൽ ഉണ്ടായിരുന്ന പോരാളികൾ അനന്തൻ, അരുണ എന്നിവരായിരുന്നു. പട്ടാളത്തിന്റെ വെടിയേറ്റ് ആദ്യം തന്നെ അനന്തൻ മരണമടഞ്ഞു. ചാൾസ് ആന്റണിക്ക് നേരെത്തെ ഒരു ആക്രമണത്തിൽ കാൽ മുട്ടിന് പരിക്കേറ്റതിനാൽ ഓടാനായില്ല. താൻ ജീവനോടെ പിടിക്കപ്പെടുമെന്ന് കണ്ട അയാൾ അരുണയോട് തന്നെ വെടിവെച്ച് കൊന്ന് തന്റെ ആയുധവുമായി രക്ഷപ്പെടാൻ ആവശ്യപ്പെട്ടു. സ്‌തബ്ദനായ അരുണ മടിച്ച് നിന്നപ്പോൾ ചാൾസ് തോക്കിൻ കുഴൽ തന്റെ ശിരസ്സിൽ ചേർത്ത് പിടിച്ചു ‘ഷൂട്ട്’ എന്നലറി. പട്ടാളം അടുത്തെത്തും മുൻപ് അത് ചെയ്യാൻ അയാൾ വിളിച്ച് പറഞ്ഞു. ഒടുവിൽ അരുണ തന്റെ നേതാവിന്റെ ആജ്ഞ അനുസരിച്ചു കാഞ്ചി വലിച്ചു. ചാൾസ് ആന്റണിയുടെ തലയിലൂടെ ബുള്ളറ്റ് പാഞ്ഞപ്പോൾ അയാൾ തൽക്ഷണം വീണു മരിച്ചു. വെടിയേറ്റ അരുണ കമാൻഡോകൾ പിടികൂടും മുൻപ് ഓടി രക്ഷപ്പെട്ടു. വിടുതലെ പ്രസ്ഥാനത്തിന് വേണ്ടി ആദ്യത്തെ രക്തസാക്ഷിയായിരുന്നു ചാൾസ് ആന്റണി. പിന്നീട് എൽ ടി ടി ഇ ചരിത്രത്തിൽ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ഇതിഹാസ നായകനായി അയാൾ വാഴ്ത്തപ്പെട്ടു. വേലുപ്പിള്ള പ്രഭാകരൻ തന്റെ മൂത്ത മകന് ചാൾസ് ആന്റണിയെന്ന് പേര് നൽകിയാണ് തന്റെ ഏറ്റവും വിശസ്തനോട് കൂറ് കാണിച്ചത്.

എൽ ടി ടി ഇ വൻ സൈനിക ശക്തിയായപ്പോൾ ഒരു സൈനിക യൂണിറ്റിന് പേര് നൽകിയത് 'ചാൾസ് ആന്റണി ബ്രിഗേഡ്' എന്നായിരുന്നു. തന്റെ വിശ്വസ്തരുടെ മരണത്തെ അയാൾ നിർവ്വികാരനായല്ല കണ്ടിരുന്നത്. ചാൾസിന്റെ മരണം പ്രഭാകരനെ ഞെട്ടിച്ചു. പക്ഷേ, അതോടെ അയാൾ കൂടുതൽ അപകടകാരിയായി. അടുത്ത ദിവസം സൈന്യവുമായി എറ്റുമുട്ടി മരിച്ച രണ്ട് വീര യോദ്ധക്കളെയും ആദരിച്ചു കൊണ്ട് രണ്ട് പേരുടെയും പടങ്ങളുള്ള എൽ ടി ടി ഇ പോസ്റ്ററുകൾ ജാഫ്നയിലും വടക്കൻ ശ്രീലങ്കയിലെല്ലായിടത്തും പ്രത്യക്ഷപ്പെട്ടു. വീര മൃത്യുവിലൂടെ ജനങ്ങളെ ആകർഷിക്കുകയെന്നത് എല്ലാ കാലത്തും എൽ ടി ടി ഇ യുടെ ഏറ്റവും ശക്തമായ പ്രചരണായുധമായിരുന്നു. മരണത്തിലൂടെ ജനങ്ങളിൽ യുദ്ധ ഭ്രാന്ത് ആളിപ്പടർത്താൻ ഇത് വഴി കഴിയും.

പുലികളുടെ രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റര്‍.
പുലികളുടെ രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റര്‍.

ചാൾസ് ആന്റണിയുടെ മരണവും പിന്നിട് നടന്ന സംഭവങ്ങളുമാണ് മൂന്ന് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടത്. ചാൾസ് ആന്റണിയുടെ മരണത്തിന് തക്ക തിരിച്ചടി കൊടുക്കാനായി പ്രഭാകരൻ ഒരുങ്ങി. താൻ ദുർബലനായിട്ടില്ലെന്നും കൂടുതൽ അപകടകാരിയാണ് എന്ന് ലോകത്തിനെ അറിയിക്കാനായിരുന്നു പുലി നേതാവിന്റെ നീക്കം. സൈന്യത്തിന് നേരെയുള്ള ആക്രമണം പ്രസ്ഥാനത്തിന്റെ ഗറില്ലാ യുദ്ധത്തിന്റെ മികവ് ലോകത്തിനും സിംഹള ഭരണകൂടത്തിനും മനസ്സിലാക്കി കൊടുക്കാനുള്ള അവസരമാണെന്ന് വേലുപ്പിളള പ്രഭാകരൻ തന്റെ സഹപ്രവർത്തകരോട് പറഞ്ഞു. ‘നാം തിരിച്ചടിക്കണം. ശ്രീലങ്കൻ സൈന്യത്തിനെ ഒരു പാഠം പഠിപ്പിക്കണം’.

ചാൾസ് ആന്റണിക്ക് അന്തിമോപചാരം അർപ്പിക്കുന്ന പ്രഭാകരൻ
ചാൾസ് ആന്റണിക്ക് അന്തിമോപചാരം അർപ്പിക്കുന്ന പ്രഭാകരൻ
വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
ചരിത്രംകുറിച്ച നിയമജീവിതം; ഫാത്തിമ ബീവി രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ മുഴങ്ങിയ സ്ത്രീശബ്ദം

1983 ജൂലൈ 23ന് രാത്രി പത്ത് മണിക്ക് പട്ടാളത്തിന്റെ പട്രോളിംഗ് വാഹനത്തിന്റെ മടക്ക യാത്ര റൂട്ടിലുള്ള, ജാഫ്നയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള തിരുനെൽവേലിയിൽ പുലികൾ സമ്മേളിച്ചു. എല്ലാ പ്രമുഖ പോരാളികളും അവിടെ പ്രഭാകരന്റെ നേതൃത്വത്തിൽ ആക്രമണത്തിന് തയ്യാറായി. കിട്ടു, അയ്യർ, വിക്ടർ, പുലിന്ദ്രൻ തുടങ്ങിയ എൽ ടി ടി യിലെ പ്രധാനികളെല്ലാം അവിടെയുണ്ടായിരുന്നു. പ്രധാന റോഡിൽ ലാൻഡ് മൈൻ പാകി ഇരു വശത്തും അവർ പതിയിരുന്നു.

രാത്രിയിലെ പട്രോളിംഗ് തലവൻ വ്യാസ് ഗുണവർദ്ധന ഒരു ജീപ്പിലും പിറകെ ഒരു പത്ത് പട്ടാളക്കാരുളള ഒരു ട്രക്കുമായാണ് രാത്രിയിലെ നിശാനിയമമുള്ള ജാഫ്നയിൽ പട്രോളിംഗ് നടത്തിയിരുന്നത്. ജാഫ്ന മുഴുവൻ ചുറ്റിയടിച്ച വാഹന വ്യൂഹം എല്ലാം ശാന്തമാണെന്ന് കണ്ട് തിരിച്ച് പട്ടാള ക്യാമ്പിലേക്ക് പോകാനായി തിരുനെൽവേലിയിലെ റോഡിലെത്തി. പെട്ടന്ന് റോഡിൽ പാകിയ മൈൻ ഇടിവെട്ടും പോലെ പൊട്ടിത്തെറിച്ചു!. മുന്നിലുള്ള ജീപ്പ് ഒരു അഗ്നിഗോളമായി വായുവിലേക്ക് ഉയർന്നു. പിറകിലുള്ള ട്രക്ക് ഇതിന്റെ ആഘാതമൊഴിവാക്കാനായി ഡ്രൈവർ ചവുട്ടി നിറുത്തി. അപ്പോൾ രണ്ടാമത്തെ മൈനും പൊട്ടിത്തെറിച്ചു. പട്ടാള ട്രക്കിന് മുന്നിൽ റോഡിൽ വലിയൊരു ഗർത്തം രൂപം കൊണ്ടു. സ്ഫോടനത്തിന്റെ ഭയനാകമായ ഉച്ചത്തിലുള്ള ശബ്ദം ഗുരു നഗറിലുള്ള പട്ടാളക്യാമ്പിലും നാല് കിലോമീറ്റർ ചുറ്റളവിലും മുഴങ്ങിക്കേട്ടു. ജീപ്പിലുണ്ടായിരുന്ന തലവൻ ഗുണവർദ്ധനെയടക്കം നാല് പട്ടാളക്കാരും ആ നിമിഷം ചിതറിത്തെറിച്ചു. പ്രഭാകരനും കൂട്ടാളികളും പട്ടാള ട്രക്കിന് നേരെ വെടിയുതിർത്തു. അപ്രതീക്ഷമായ ആക്രമണത്തിൽ ശ്രീലങ്കൻ പട്ടാളക്കാർ ഒന്നൊന്നായി വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരു ഓഫിസറും 12 പട്ടാളക്കാരെയും പ്രഭാകരൻ ആസൂത്രിതമായ നീക്കത്തിലൂടെ പതിയിരുന്നാക്രമിച്ച് വകവരുത്തി സ്ഥലം വിട്ടു. തന്റെ വിശ്വസ്തനായ പോരാളി ചാൾസ് ആന്റണിയുടെ മരണത്തിന് പ്രഭാകരൻ ശ്രീലങ്കൻ പട്ടാളത്തിന് കനത്ത തിരിച്ചടി നൽകിയിരിക്കുന്നു. ശ്രീലങ്കൻ പട്ടാളത്തിനെതിരെയുള്ള എൽ ടി ടി ഇ യുടെ ആദ്യത്തെ സംഘടിത ആക്രമണമായിരുന്നു ഇത്.

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
അഭയാര്‍ഥി ക്യാമ്പിൽ ജനിച്ച് പലസ്തീൻകാരുടെ നാടോടി നായകനിലേക്ക്; ഇസ്രയേലിനെ ഞെട്ടിച്ച മുഹമ്മദ് ദയിഫ് എന്ന 'കോമേഡിയന്‍'

തിരുനെൽവേലി ആക്രമണം ശ്രീലങ്കൻ ചരിത്രത്തിന്റെ ഗതി മാറ്റി. അത് തമിഴരുടെ ചരിത്രത്തിന്റെ ഗതിയും മാറ്റിമറിച്ചു. എല്ലാറ്റിനുമുപരിയായി അത് ശ്രീലങ്കൻ തമിഴരുടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ചു.

ഇതിനിടയിൽ ജാഫ്നയിൽ നിയന്ത്രണം വിട്ട പട്ടാളക്കാർ ട്രക്കുകളിൽ ക്യാമ്പുകളിൽ നിന്ന് പുറത്ത് വന്ന് തമിഴരെ ആക്രമിച്ചു. അവർ ഒരു ബസ് തടഞ്ഞ് നിർത്തി അതിലുള്ള യൂണിഫോം ധരിച്ച തമിഴരായ 9 സ്കൂൾ വിദ്യാർത്ഥികളെ പുറത്തിറക്കി വെടിവെച്ച് കൊന്നു. മൂന്നിടങ്ങളിലായ് 51 പേരെ പട്ടാളം വധിക്കുകയും നൂറോളം കടകളും തമിഴ് ഭവനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. ശ്രിലങ്കൻ പട്ടാളക്കാരുടെ തേർവാഴ്ചയിൽ തമിഴരെ രക്ഷിക്കാൻ ഒരു പ്രസ്ഥാനവും എത്തിയില്ല.

കൊല്ലപ്പെട്ട ശ്രീലങ്കൻ പട്ടാളക്കാരെ കൊളംബോയിലെ കനാട്ടെ ശ്മശാനത്തിൽ അടക്കിയ ശേഷം ജൂലൈ 23ന് കൊളംബോയിൽ തമിഴർക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴർ തെരുവിൽ കശാപ്പ് ചെയ്യപ്പെട്ടു. അവരുടെ കടകൾ കൊള്ള ചെയ്യപ്പെടുകയും വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്തു. തമിഴരുടെ സാമ്പത്തിക അടിത്തറ തകർക്കുകയെന്ന നിഗൂഢ ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നതിനാൽ കർഫ്യൂവോ പട്ടാള നിയമമോ പ്രഖ്യാപിക്കാതെ ഭരണകൂടം നിഷ്ക്രിയത്വം പാലിച്ചു. ‘കറുത്ത ജൂലൈ’ എന്നറിയപ്പെട്ട ഈ വംശീയ കലാപത്തിൽ 6000 ത്തോളം തമിഴർ കൊല്ലപ്പെട്ടു. 2000 തമിഴർ അംഗവിഹീനരായി. അറുന്നൂറോളം സ്ത്രീകൾ മാനഭംഗത്തിനിരയായി.

കൊളംബോയിലെ ഏറ്റവും വലിയ സെൻട്രൽ ജയിലായ ‘വെല്ലിക്കട‘ യിലാണ് ഏറ്റവും വലിയ ക്രൂരത നടമാടിയത്. ജയിൽ അധികാരികളുടെ ഒത്താശയോടെ സിംഹള തടവുകാർ അവിടെയുണ്ടായിരുന്ന 56 തമിഴ് രാഷ്ട്രീയ തടവുകാരെ വെട്ടിയും കുത്തിയും കശാപ്പ് ചെയ്തു. കൊല്ലപ്പെട്ടവരിൽ ടെലോ നേതാവ് കുട്ടുമണിയും തങ്കദുരെയും ഉണ്ടായിരുന്നു. ആ കാലത്ത് കൊളംബോ കലാപം നേരിട്ട് റിപ്പോർട്ട് ചെയ്ത അപൂർവം ഇന്ത്യൻ പത്ര പ്രതിനിധിയായിരുന്നു ‘ടെലിഗ്രാഫ്’ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ലേഖിക അനിതാ പ്രതാപ്. അവരുടെ റിപ്പോർട്ടുകൾ വഴിയാണ് ശ്രീലങ്കയിലെ തമിഴ് വിരുദ്ധ കലാപ വാർത്തകളുടെ യാഥാർത്ഥ്യം ഇന്ത്യയിലറിയുന്നതും ഇന്ത്യ ഉടനടി ശ്രീലങ്കൻ പ്രശ്നത്തിൽ ഇടപെട്ടതും.

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
പി ജി: അറിയാന്‍ വേണ്ടി ജീവിച്ച യാന്ത്രികവാദിയല്ലാത്ത മാര്‍ക്‌സിസ്റ്റ്‌

പക്ഷേ ആ ഇടപെടൽ രണ്ട് രാജ്യങ്ങൾക്കും പിന്നീടുള്ള വർഷങ്ങൾ തീരാത്ത ദുരന്തം വരുത്തി വെച്ചു. ജൂലൈ കലാപത്തിന് ശേഷം തമിഴ് വിമോചന സംഘടനകൾ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി. പ്രഭാകരൻ ഒഴിച്ചുള്ള നേതാക്കളെല്ലാം മദ്രാസിൽ ഓഫീസ് തുറന്ന് പരസ്യ പ്രവർത്തനങ്ങളിലേർപ്പെട്ടു.

1983ലെ കലാപം പ്രഭാകരനെയും എൽ ടി ടി ഇയെയും വളർത്തി. തങ്ങളാണ് തമിഴരുടെ യഥാർത്ഥ പ്രതിനിധികൾ എന്ന് ലോകത്തിന് മുന്നിൽ വരുത്തി തീർക്കലായിരുന്നു അയാൾ ആദ്യം ചെയ്തത്. ആദ്യം ടെലോവിന്റെ സീരി സഭാരത്നത്തെ ജാഫ്നയിൽ വെച്ച് മൃഗീയമായി കൊലപ്പെടുത്തി. 'റോ'യുമായി ടെലോ രഹസ്യ ധാരണയുണ്ടാക്കി. തമിഴ് ഈഴം എന്ന സങ്കൽപ്പം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ‘ടെലോ‘ എന്ന സംഘടന നിരോധിച്ചതായി എൽ ടി ടി ഇ ജാഫ്നയിൽ പ്രഖ്യാപിച്ചു. എൽ ടി ടി ഇ ജാഫ്ന കമാൻഡർ കിട്ടുവിന്റെ നേതൃത്വത്തിൽ ടെലോ അംഗങ്ങളെ ഉൻമൂലനം ചെയ്തു.

'ഇന്ത്യൻ ശിങ്കിടികൾ' എന്ന് ആരോപിച്ച് ചെന്നെയിൻ മിന്നലാക്രമണത്തിലൂടെ ഇആർഎൽഎഫ് നേതാവ് കെ പത്മനാഭയേയും മറ്റ് പ്രധാന നേതാക്കളേയും വധിച്ചു. പിന്നീട് രാജീവ് ഗാന്ധിയെ വധിച്ച പദ്ധതിയുടെ സൂത്രധാരൻ ശിവരശനായിരുന്നു ശ്രീലങ്കയിൽ നിന്ന് കടൽമാർഗം ഇന്ത്യയിലെത്തി പത്മനാഭയെ വധിച്ചത്. ഇതോടെയാണ് ശിവരശൻ പ്രഭാകരന്റെ 'ഹിറ്റ് മാനാകുന്നത്'. മറ്റൊരു പ്രധാനി 'പിഐഒടിഇ' യുടെ ഉമാമഹേശ്വരൻ നേരത്തെ തന്നെ കൊല്ലപ്പെട്ടതിനാൽ തടസ്സങ്ങളൊന്നും ഇല്ലാതെ പ്രഭാകരൻ ശ്രീലങ്കൻ തമിഴ് ഈഴത്തിന്റെ എക ഛത്രപതിയായി.

ആദ്യകാലങ്ങളിലെ നിസ്വാർഥമായ നേതൃത്വ ഗുണവും അണികളിൽ നിന്നുള്ള അചഞ്ചലമായ കൂറും സമ്മേളിച്ച പ്രഭാകരനേപ്പോലെ ഒരു നേതാവ് ആധുനിക ചരിത്രത്തിലില്ല. 1987ലെ ഇന്ത്യ - ശ്രിലങ്ക കരാർ അട്ടിമറിച്ച പ്രഭാകരൻ, ശ്രീലങ്കയിൽ തമിഴരെ സഹായിക്കാനെത്തിയ ഇന്ത്യൻ സമാധാന സേന (ഐപികെഎഫ്) ക്കെതിരെ പോരാടി. പ്രഭാകരൻ ഏറെ താമസിയാതെ ഇന്ത്യൻ സേനയെ മുട്ടുകുത്തിച്ചു. രണ്ടായിരത്തോളം ഇന്ത്യൻ പട്ടാളക്കാർ ശ്രീലങ്കയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അറുന്നൂറോളം പേർ അംഗവിഹീനരായി. കോടിക്കണക്കിന് രൂപ ചിലവായി. പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നു പോലും നേടാതെ ഇന്ത്യൻ സമാധാന സേനയ്ക്ക് മുറിവേറ്റ അഭിമാനവുമായി ശ്രീലങ്ക വിടേണ്ടി വന്നു.

വേലുപ്പിള്ള പ്രഭാകരൻ; വെല്‍വെറ്റിത്തുറ കടല്‍ക്കരമുതല്‍ നന്ദി കടല്‍ തടാകം വരെ
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ശ്രീലങ്കയിലേക്ക് വിടാൻ സമ്മതം; മദ്രാസ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ
സയനൈഡ് പുലികൾ
സയനൈഡ് പുലികൾ

ഇന്ത്യൻ സൈന്യത്തേ വെള്ളം കുടിപ്പിച്ച് തിരിച്ചയച്ചതോടെ വേലുപ്പിള്ള പ്രഭാകരനെ ഉലകനായകനായി ലോക തമിഴർ കാണാൻ തുടങ്ങി. താമസിയാതെ ഒരു വ്യോമസേനയും പ്രഭാകരൻ സൃഷ്ടിച്ചെടുത്തു. ഒരു ഭീകര സംഘടനക്കുള്ള അപൂർവ്വ നേട്ടം.

നേരത്തെ തന്നെ എൽ ടി ടി ഇ ചാവേറുകളുടെ 'കരിമ്പുലി=' എന്ന വരേണ്യവർഗത്തെ പ്രഭാകരൻ വളർത്തിയെടുത്തു. ഈഴത്തെ ഏതിർക്കുന്നവരെ ഉന്മൂലനം ചെയ്യാനും ശ്രീലങ്കയിലെ സാമ്പത്തിക സൈനിക കേന്ദ്രങ്ങൾ തകർക്കാനും ഈ ചാവേറുകളെ അയച്ചു. ലക്ഷ്യത്തിന് സമീപത്ത് എത്തുമ്പോൾ മാത്രം പൊട്ടിച്ചിതറുന്ന മനുഷ്യ ബോംബുകൾ. രാജീവ് ഗാന്ധി, പ്രേമദാസ, ഗാമിനി ദിസ നായിക, തുടങ്ങിയ നേതാക്കളെ എൽ ടി ടി ഇ മനുഷ്യ ബോംബുകളെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. എൽ ടി ടി ചാവേർ ബോംബുകളുടെ ക്രൂരമായ വിജയ സ്തംഭങ്ങളാണ്. രാജീവ് ഗാന്ധിയെ വധിക്കുകയെന്ന ചരിത്രപരമായ ‘വിഡ്ഢിത്തം’ പ്രഭാകരനേയും പ്രസ്ഥാനത്തേയും നാശത്തിലേക്ക് നയിച്ചു.

എൽ ടി ടി ഇ ചരിത്രം നന്നായി പഠിച്ച ഒരു മുതിർന്ന പത്രപ്രവർത്തകൻ പ്രഭാകരനെ വിലയിരുത്തിയത് ഇങ്ങനെ: "ഏറ്റവും വിജയി. കൊടും ക്രൂരൻ, കുശാഗ്ര ബുദ്ധിയുള്ളവൻ, ദീർഘവീക്ഷണമുള്ളവൻ. ഒപ്പം പമ്പര വിഡ്ഢി". വെൽവെറ്റിത്തുറയിൽ നിന്ന് ആരംഭിച്ച് നന്ദി കടൽ തടാകക്കരയിൽ 2009 മെയ് 15ന് വേലുപിള്ള പ്രഭാകരൻ അവസാനിച്ചപ്പോഴും, അര നൂറ്റാണ്ടുകാലമായി തുടരുന്ന ലക്ഷക്കണക്കിന് ജീവനും സ്വത്തും സമയവും പാഴായിട്ടും ശ്രീലങ്കൻ തമിഴരുടെ യഥാർത്ഥ പ്രശ്ന പരിഹാരം ഒരടി പോലും മുന്നോട്ട് പോയിരുന്നില്ല എന്നതാണ് നിലനിൽക്കുന്ന സത്യം.

logo
The Fourth
www.thefourthnews.in