സ്കൂൾ കലോത്സവത്തിൽ അടിയന്തരാവസ്ഥ ഇടപെട്ടതെങ്ങനെ?

സ്കൂൾ കലോത്സവത്തിൽ അടിയന്തരാവസ്ഥ ഇടപെട്ടതെങ്ങനെ?

മത്സരാർഥികളുടെ എണ്ണം തികയാത്തതുകൊണ്ട് ചുമ്മാ ഒരു രസത്തിന് പേരുകൊടുത്തതാണ് പഠിക്കുന്ന സ്‌കൂളിലെ കഥയെഴുത്തു മത്സരത്തിന്. പ്രതിഭാശാലികളുമായി മത്സരിച്ചു ജയിച്ചായിരുന്നു ചെറിയാന്റെ വരവ്

കഥ എഴുതേണ്ടത് അങ്ങനെയല്ല, ഇങ്ങനെയാണ് എന്ന് പറഞ്ഞുതന്നത് ചെറിയാച്ചനാണ്. എഴുതാൻ കയ്യിൽ കോപ്പില്ലെങ്കിൽ നിൽക്കണ്ട, വണ്ടി വിട്ടോ എന്നുപദേശിച്ചതും. ചെറിയാച്ചന് അതൊന്നും ഓർമകാണില്ല. രണ്ടും അവൻ പറയാതെ പറഞ്ഞുതന്ന കാര്യങ്ങളാണല്ലോ. അഥവാ, അവന്റെ എഴുത്തിൽ നിന്ന് ഞാൻ പഠിച്ചെടുത്ത സത്യങ്ങൾ.

ആദ്യ സമാഗമത്തിന്റെ ഓർമകളിലേക്ക് തിരികെ നടക്കുന്നു മനസ്. 1976-ലാവണം. കോഴിക്കോട് ജില്ലാ സ്‌കൂൾ യുവജനോത്സവത്തിലെ കഥാരചനാ മത്സരത്തിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ് ഞങ്ങൾ. കോഴിക്കോട് സെൻറ് ജോസഫ്‌സ് ഹൈസ്കൂളിനെ പ്രതിനിധാനം ചെയ്ത് ചെറിയാൻ കെ ജോസഫ്. വയനാട്ടിലെ ചുണ്ടേൽ ആർ സി ഹൈസ്‌കൂളിൽ നിന്ന് കെ പി രവീന്ദ്രനാഥും. കോഴിക്കോട് ജില്ലയുടെ ഭാഗമാണ് അന്ന് വയനാട്. യുവജനോത്സവവേദിയും വയനാട്ടിൽ തന്നെ, മീനങ്ങാടി സ്‌കൂൾ.

മത്സരാർഥികളുടെ എണ്ണം തികയാത്തതുകൊണ്ട് ചുമ്മാ ഒരു രസത്തിന് പേരുകൊടുത്തതാണ് പഠിക്കുന്ന സ്‌കൂളിലെ കഥയെഴുത്തു മത്സരത്തിന്. ഭാഗ്യത്തിന് ഒന്നാം സമ്മാനം കിട്ടി എനിക്ക്. എന്നാൽ ചെറിയാന്റെ കാര്യം അതല്ല. പ്രതിഭാശാലികളുമായി മത്സരിച്ചു ജയിച്ചാണ് അവന്റെ വരവ്. മീനങ്ങാടി സ്‌കൂളിൽ വെച്ച് പരസ്പരം പേര് പറഞ്ഞു പരിചയപ്പെട്ടപ്പോൾ വെറുതെ ചോദിച്ചു: "ന്തായിരുന്നു നിങ്ങടെ കഥാവിഷയം ?''

ചെറിയാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു: "ഓ... വലിയ കാര്യമൊന്നുമില്ല. എന്തോ ഒരു വിഷയം. മറന്നുപോയി...''

സ്കൂൾ കലോത്സവത്തിൽ അടിയന്തരാവസ്ഥ ഇടപെട്ടതെങ്ങനെ?
കൂർക്കം വലിക്കുന്ന 'സുന്ദരി'യും അമ്മയും

അമ്പട കള്ളാ എന്ന് മനസിൽ പറഞ്ഞു ഞാൻ. എന്നോട് പറയാതെ ഒളിച്ചുപിടിക്കുകയാണ് കഥാതന്തു. ഞാനെങ്ങാനും അടിച്ചു മാറ്റിയാലോ എന്ന് പേടിച്ചാവണം. അതൊക്കെ വെറും തോന്നലുകളായിരുന്നെന്നും ചെറിയാച്ചൻ പറഞ്ഞത് പച്ചപ്പരമാർഥം മാത്രമായിരുന്നെന്നും മനസിലായത് പിന്നീടാണ്-- ആളെ ശരിക്കും മനസിലാക്കിയ ശേഷം. ജീവിതത്തെ തന്നെ അങ്ങേയറ്റം ലാഘവത്തോടെ കാണുന്നയാൾക്ക് എന്ത് കഥ? എന്ത് മത്സരം?

ജില്ലാ യുവജനോത്സവത്തിലെ കഥാരചനാ മത്സരം. വിഷയത്തിനായി വീർപ്പടക്കി കാത്തിരിക്കുകയാണ് ഞാനും ചെറിയാനും ഉൾപ്പെടെ സർവ മത്സരാർഥികളും. അമ്മ-മകൻ സ്നേഹബന്ധം, പൂച്ചക്കുട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന വീട്ടമ്മ, ദേശസ്നേഹം, കള്ളന്റെ മാനസാന്തരം...ഇജ്ജാതി വിഷയങ്ങളാണ് അന്നൊക്കെ കുട്ടികളുടെ കഥാരചനക്ക് ഇട്ടുതരിക. അഥവാ അതാണ് എന്റെ പ്രതീക്ഷ. പക്ഷേ, തന്ന വിഷയം കേട്ട് ഞങ്ങൾ ഒന്നടങ്കം ഞെട്ടി, അന്തം വിട്ട് പരസ്പരം നോക്കി.

ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നില്ല. അടിയന്തരാവസ്ഥക്കാലമാണ്. ഇരുപതിന പരിപാടി പോലുള്ള പ്രചാരണവേലകളും "നാവടക്കൂ പണിയെടുക്കൂ'' പോലുള്ള മുദ്രാവാക്യങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കാലം

വിഷയം ഇതായിരുന്നു: "ഇരുപതിന പരിപാടിയുടെ ഗുണഫലങ്ങൾ.''

ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നില്ല. അടിയന്തരാവസ്ഥക്കാലമാണ്. ഇരുപതിന പരിപാടി പോലുള്ള പ്രചാരണവേലകളും "നാവടക്കൂ പണിയെടുക്കൂ'' പോലുള്ള മുദ്രാവാക്യങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കാലം. കഥ, കവിത, പ്രബന്ധം, നാടകം, സിനിമ തുടങ്ങിയ കലാ-സാഹിത്യ മാധ്യമങ്ങളിലൂടെ പോലും അത്തരം പദ്ധതികൾ നാട്ടുകാരിലെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

അതവരുടെ അജണ്ട. പക്ഷേ ഇത്തരമൊരു ആശയം വച്ച് എങ്ങനെ സ്‌കൂൾ കുട്ടി കഥയെഴുതും? ഓർത്തിട്ട് എത്തും പിടിയും കിട്ടിയില്ല എനിക്ക്. ഇരുപത് ഇനങ്ങളിൽ ഒന്ന് കാർഷികമേഖലയിലെ പുരോഗതിയാണെന്ന് എവിടെയോ വായിച്ച ഓർമയുണ്ട്. എന്നാപ്പിന്നെ കൃഷി വെച്ചൊരു കഥ തട്ടിക്കളയാം എന്നായി എന്റെ ചിന്ത.

സ്കൂൾ കലോത്സവത്തിൽ അടിയന്തരാവസ്ഥ ഇടപെട്ടതെങ്ങനെ?
പുറംലോകത്തിന്റെ സ്നേഹം കൊതിച്ച് സജീവൻ

മണ്ണിനോട് പൊരുതി ജീവിക്കുന്ന ഏതോ കർഷകന്റെ കഥയാണ് എഴുതിയതെന്ന് ഓർമയുണ്ട്. ഒരു സാദാ സെന്റിമെന്റൽ സൃഷ്‌ടി. ശശികുമാർ സിനിമയിലെ നസീറിനെപ്പോലെ ബനിയനിട്ട ഒരു "ബാലേട്ട''കർഷകനാണ് കഥാനായകൻ. സർവഗുണ സമ്പന്നൻ. കഥാന്ത്യത്തെ ഇരുപതിന പരിപാടിയുമായി ഏച്ചുകൂട്ടുക അത്ര എളുപ്പമായിരുന്നില്ല. വായിച്ചു നോക്കിയപ്പോൾ അടിമുടി കൃത്രിമത്വം. എന്നിട്ടും എനിക്ക് രണ്ടാം സ്ഥാനം - അതോ മൂന്നോ - കിട്ടി എന്നതാണ് മഹാത്ഭുതം. ഒന്നാം സ്ഥാനം പ്രിയസുഹൃത്ത് ചെറിയാൻ കെ ജോസഫിന്.

ഇരുപതിന പരിപാടി പോലെ ഇത്രയും വരണ്ടുണങ്ങിയ ഒരാശയത്തിൽ നിന്ന് ഇവനെങ്ങനെ ഒരു കഥയുണ്ടാക്കി സമ്മാനം നേടി എന്നറിയാൻ എനിക്ക് മോഹം. ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി ചെറിയാൻ. "അതൊക്കെ എന്താണിത്ര വിശദീകരിക്കാൻ'' എന്ന ഭാവം മുഖത്ത്. സർക്കാരിനെ എന്നെക്കാൾ പ്രകീർത്തിച്ചുകൊണ്ട്, അടിയന്തരാവസ്ഥക്ക് സ്തുതി പാടിക്കൊണ്ട് ഒരു കഥയെഴുതിയിരിക്കും അവൻ എന്നേ തോന്നിയുള്ളൂ എനിക്ക്. വിധികർത്താക്കൾ അതു വായിച്ചു പുളകം കൊണ്ടിരിക്കാം.

ഒറ്റ വായനയിൽ ഭരണവൃന്ദത്തെ പുകഴ്ത്തി എഴുതിയതാണെന്ന് തോന്നും. രണ്ടാം വായനയിലാണ് മറഞ്ഞുകിടക്കുന്ന കൂർത്ത മുള്ളുകൾ കണ്ണിൽ പെടുക

എന്നാൽ ഞെട്ടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ഞാൻ. കലോത്സവത്തിന്റെ സുവനീറിൽ അതാ കിടക്കുന്നു ചെറിയാൻ കെ ജോസഫിന്റെ സമ്മാനാർഹമായ രചന. സത്യം പറയാമല്ലോ, ആദ്യവായനയിൽ ഒന്നും പിടികിട്ടിയില്ല. ആകെ ഒരു കൺഫ്യൂഷൻ. എന്നാൽ രണ്ടാം വായനയിൽ കഥ മാറി. വരികൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്നു ധാർമ്മികരോഷത്തിന്റെ ഒരു ചെങ്കടൽ. അടിയന്തരാവസ്ഥയെയും ഇരുപതിന പരിപാടിയേയും നിർത്തിപ്പൊരിച്ചിരിക്കുകയാണ് വിദ്വാൻ. പൗരന്മാരെ ആട്ടിൻകൂട്ടമാക്കിയിരിക്കുന്നു. ഭരിക്കുന്നവരെ ചെന്നായ്ക്കളും. (ഓർമയിൽ നിന്നെഴുതിയതാണ്).

ഒറ്റ വായനയിൽ ഭരണവൃന്ദത്തെ പുകഴ്ത്തി എഴുതിയതാണെന്ന് തോന്നും. രണ്ടാം വായനയിലാണ് മറഞ്ഞുകിടക്കുന്ന കൂർത്ത മുള്ളുകൾ കണ്ണിൽ പെടുക. വിധികർത്താക്കളിൽ വിവരമുള്ളവരും ഉണ്ടെന്ന് മനസിലായത് അപ്പോഴാണ്. ഇല്ലെങ്കിൽ അടിയന്തിരാവസ്ഥക്കാലത്ത് ഇത്തരമൊരു "പ്രതിലോമകര''മായ കഥക്ക് സമ്മാനം കൊടുക്കാൻ ധൈര്യം വരില്ലല്ലോ. ചുമ്മാ ഗോതമ്പുണ്ട തിന്ന് നേരം വെളുപ്പിക്കാൻ ആർക്കുണ്ട് മോഹം?

ചെറിയാനാണ് യഥാർഥ കഥാകാരൻ. പൊടി അസൂയയും തോന്നി. എങ്ങനെ തോന്നാതിരിക്കും? മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലും മലയാളനാടിലും ഒക്കെ വരുന്ന കഥകൾ പോലുണ്ട് ചെറിയാന്റെത്

എന്തായാലും, അന്ന് മനസിലായി ഞാനെഴുതിയതല്ല കഥ എന്ന്. ഇതാണ് യഥാർഥ കഥ. ചെറിയാനാണ് യഥാർഥ കഥാകാരൻ. പൊടി അസൂയയും തോന്നി. എങ്ങനെ തോന്നാതിരിക്കും? മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലും മലയാളനാടിലും ഒക്കെ വരുന്ന കഥകൾ പോലുണ്ട് ചെറിയാന്റെത്. എന്റേതാകട്ടെ മനോരമ, മനോരാജ്യം സ്റ്റൈൽ. ഏറിവന്നാൽ കുങ്കുമം.

രണ്ടുമൂന്നു വർഷത്തിനകം പിന്നെയും കണ്ടു ചെറിയാനെ. സുദീർഘമായ ഒരു സൗഹൃദത്തിന് തുടക്കം കുറിച്ച കൂടിക്കാഴ്ച്ച. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽ ഗണിതശാസ്ത്ര ബിരുദ കോഴ്‌സിന് ചേരാൻ എത്തിയതായിരുന്നു കുടിയാന്മലക്കാരൻ ചെറിയാൻ. ഞാനന്ന് അവിടെ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർത്ഥി. രണ്ടു പേരും താമസം ഒരേ ഹോസ്റ്റലിൽ. ആദ്യം ന്യൂമാൻ, പിന്നെ ടാഗോർ.

ഹോസ്റ്റല്‍ ജീവിതകാലത്ത് ലേഖകന്‍(ഇടത് നിന്ന് രണ്ടാമത്)
ഹോസ്റ്റല്‍ ജീവിതകാലത്ത് ലേഖകന്‍(ഇടത് നിന്ന് രണ്ടാമത്)
സ്കൂൾ കലോത്സവത്തിൽ അടിയന്തരാവസ്ഥ ഇടപെട്ടതെങ്ങനെ?
എം ജി ആറിനെ എം ആർ രാധ വെടിവെച്ചതെന്തിന്?

ചെറുകിട ബുദ്ധിജീവി പരിവേഷമൊക്കെ ഉണ്ടായിരുന്നെങ്കിലും ഹോസ്റ്റലിലെ എല്ലാ തട്ടുപൊളിപ്പൻ പരിപാടികൾക്കും മുന്നിലുണ്ടാകും ചെറിയാച്ചൻ. സ്ഥിരം അച്ചടക്ക ലംഘകൻ. ഹോസ്റ്റൽ വാർഡൻ കാനാട്ടച്ചന്റെ പേടിസ്വപ്നം. എങ്കിലും ആത്യന്തികമായി പഞ്ചപാവം. വായനാശീലം ഉണ്ടായിരുന്നതിലാവണം, ചെറിയാച്ചന്റെ വിപുലമായ സൗഹൃദവലയത്തിൽ എനിക്കും കിട്ടി ഒരിടം. അതിനകം ചെറിയാച്ചന്റെ എഴുത്ത് അതിന്റെ പാട്ടിനു പോയിരുന്നെങ്കിലും വായന എന്നും ഒപ്പമുണ്ടായിരുന്നു. ചുണ്ടിൽ സദാസമയവും എരിയുന്ന ബീഡി-സിഗരറ്റാദികൾ പോലെ. ഒ വി വിജയനെയും മുകുന്ദനെയും ആനന്ദിനെയുമൊക്കെ ഞാൻ അടുത്തറിഞ്ഞത് ചെറിയാച്ചന്റെ പുസ്തകശേഖരത്തിൽ നിന്നാണ്. കലാകൗമുദിയുടെയും സ്ഥിരം വായനക്കാരനായിരുന്നു ചെറിയാച്ചൻ.

കോളേജ് വിട്ടതോടെ ഞങ്ങൾ വഴിപിരിഞ്ഞു. ഞാൻ പത്രപ്രവർത്തനത്തിലേക്ക്. ചെറിയാൻ ബാങ്കുദ്യോഗത്തിലേക്കും. ഫെഡറൽ ബാങ്കായിരുന്നു ചെറിയാന്റെ തട്ടകം. സംസാരം അപൂർവമായി. കണ്ടുമുട്ടലുകൾ അത്യപൂർവവും. എങ്കിലും ചെറിയാന്റെ "സംഭവബഹുല''മായ ജീവിതയാത്ര സുഹൃത്തുക്കൾ പറഞ്ഞറിയാം. അത്യാവശ്യം വിപ്ലവകാരിയാണ് അന്നും. പഠിക്കുന്ന കാലത്തേ ഉള്ളിലുണ്ടായിരുന്ന ആ റിബലിനെ മധ്യവയസ്സിലെത്തിയിട്ടും ഇറക്കിവിടാൻ കൂട്ടാക്കിയില്ല ചെറിയാച്ചൻ. വ്യവസ്ഥിതിയോട് കലഹിക്കുന്ന ശീലം ഉപേക്ഷിച്ചുമില്ല.

ആ "കുതിപ്പി''ന് അൽപ്പമെങ്കിലും കടിഞ്ഞാണിട്ടത് വിധിയാണ്, ഒരു പക്ഷാഘാതത്തിന്റെ രൂപത്തിൽ. 2016ലായിരുന്നു ഞാനുൾപ്പെടെ ചെറിയാച്ചന്റെ കൂട്ടുകാരെയെല്ലാം ഞെട്ടിച്ച ആ സ്ട്രോക്ക്. പക്ഷേ, വലതുവശം തളർന്നിട്ടും, മനസ് തളർന്നില്ല. ബാങ്ക് ജോലിയിൽ നിന്ന് സ്വയം വിരമിച്ചിട്ടും എഴുത്തിലൂടെ തന്റെ പോരാട്ടം തുടർന്നുകൊണ്ടിരുന്നു ചെറിയാച്ചൻ. ഇന്നും തുടരുന്നു..

ജീവിതം തന്നെ കഥയാക്കി മാറ്റിയ ഒരെഴുത്തുകാരന്റെ ആത്മഗതങ്ങൾ. സത്യത്തിന്റെ സാക്ഷിയായി ആ കഥകളിൽ നിറഞ്ഞുനിൽക്കുന്നു ഞാനറിയുന്ന ചെറിയാൻ

പുതിയ കഥകൾ എഴുതിയ ഉടൻ അയച്ചുതരും ചെറിയാൻ. വേറിട്ട വായനാനുഭവം പകരുന്ന രചനകൾ. പലതും വ്യക്തമായ രാഷ്ട്രീയമാനങ്ങളുള്ളവ. വേദപുസ്തകവും വിപ്ലവവും രതിയും പരിഹാസവും ആത്മരോഷവും ആത്മീയതയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു ഈ കഥകളിൽ. നാലര പതിറ്റാണ്ടു മുൻപ് ഞാൻ പരിചയപ്പെട്ട ആ നിഷേധിയുടെ തന്റേടത്തിന് വിധി തെല്ലും പോറലേൽപ്പിച്ചിട്ടിട്ടില്ല എന്നറിയുമ്പോൾ സന്തോഷം.

"സത്യത്തിന്റെ സാക്ഷി'' എന്ന പേരിൽ ചെറിയാന്റെ ആദ്യ കഥാ സമാഹാരം പുറത്തിറങ്ങിയിട്ട് അധികമായിട്ടില്ല. "ഇതാണ് ഞാൻ; ഇത് മാത്രമാണ് ഞാൻ. എന്നെ സ്വീകരിക്കുന്നതും തള്ളിക്കളയുന്നതും നിങ്ങളുടെ ഇഷ്ടം'' എന്ന് ഉറക്കെ വിളിച്ചുപറയുന്നു ആദ്യ സമാഹാരത്തിലൂടെ എന്റെ പ്രിയ സുഹൃത്ത്.

ജീവിതം തന്നെ കഥയാക്കി മാറ്റിയ ഒരെഴുത്തുകാരന്റെ ആത്മഗതങ്ങൾ. സത്യത്തിന്റെ സാക്ഷിയായി ആ കഥകളിൽ നിറഞ്ഞുനിൽക്കുന്നു ഞാനറിയുന്ന ചെറിയാൻ; നിശബ്ദമായ ചിരിയോടെ...

logo
The Fourth
www.thefourthnews.in