മോഷണവസ്തുവായി ഇന്ത്യയിൽ, വിപ്ലവത്തെ ഉത്തേജിപ്പിക്കുമെന്ന തോന്നലിൽ നിരോധനം; കാപ്പിയുടെ പലവിധ ചരിത്ര യാത്രകൾ

മോഷണവസ്തുവായി ഇന്ത്യയിൽ, വിപ്ലവത്തെ ഉത്തേജിപ്പിക്കുമെന്ന തോന്നലിൽ നിരോധനം; കാപ്പിയുടെ പലവിധ ചരിത്ര യാത്രകൾ

ഏതാണ്ട് 1200 കൊല്ലം മുൻപ് ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ കൽദി എന്ന ആട്ടിടയനാണ് കാപ്പിയുടെ സവിശേഷത ആദ്യമായി തിരിച്ചറിഞ്ഞതെന്ന് കരുതപ്പെടുന്നു

കാപ്പിപ്പൂവിന്റെ ഗന്ധമറിഞ്ഞിട്ടുണ്ടോ? മോഹിപ്പിക്കുന്ന, ഒരു പ്രദേശമാകെ പരന്നൊഴുകുന്ന പൂമണം. അതറിയണമെങ്കിൽ ഇപ്പോൾ ഹൈറേഞ്ചിലേക്കുള്ള വണ്ടി പിടിച്ചോളൂ.

വേനൽ മഴയ്ക്കു പിന്നാലെ ഇവിടെയിപ്പോൾ കാപ്പിച്ചെടികൾ പൂവിട്ടു തുടങ്ങി. വരണ്ടുണങ്ങിക്കിടന്നിരുന്ന മണ്ണും മരങ്ങളും മഴപ്പെയ്ത്തിൽ നനുത്തും തളിർത്തും നിൽക്കുമ്പോഴാണ് കാപ്പിപ്പൂക്കളും ഇതൾ വിരിക്കുന്നത്. കരിമ്പച്ച നിറമുള്ള ഇലച്ചാർത്തുകൾക്കിടയിൽ തൂവെള്ള പൂച്ചെണ്ടുകൾ. വിരൽ വണ്ണത്തിൽ നീണ്ടു പടർന്നുകിടക്കുന്ന ചെറുചില്ലകളിലെല്ലാം പത്തും പതിനഞ്ചും പൂക്കളുണ്ടാകും. ദീർഘമായ പൂക്കാലമല്ല കാപ്പിയുടേത്. കഷ്ടിച്ച് രണ്ടോ മൂന്നോ ദിനങ്ങൾ മാത്രം നീളും. പക്ഷേ ആ ഹ്രസ്വവസന്തത്തിൽ പ്രദേശമാകെ പരക്കുന്ന സുഗന്ധത്തിനു പകരക്കാരനില്ല.

പൂക്കളെല്ലാം കരിഞ്ഞു തുടങ്ങിയാൽ വീണ്ടുമൊരു മഴ പെയ്യണം. വാടിയ പൂക്കൾ ആ മഴയിൽ കൊഴിഞ്ഞു ോയാലേ അടുത്ത കൊല്ലം ചെടി നന്നായി കായ്ക്കൂ. പൂക്കൾ കൊഴിയാതിരുന്നാൽ തേൻകുടിക്കാനെത്തുന്ന ഉറുമ്പുകൾ അവിടെ സ്ഥിര താമസമാക്കും. അത് കായ പിടിക്കുന്നതിന് തടസമാണത്രേ.

ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ കാപ്പിക്കുരു പറിച്ചുണങ്ങി വിൽക്കുന്നതിനൊപ്പം വീട്ടാവശ്യത്തിനായി കുറച്ച് പൊടിച്ചുസൂക്ഷിക്കാറുണ്ട് എല്ലാക്കൊല്ലവും. ചിക്കറിയും ഏലക്കയും ചേർത്തുപൊടിച്ച് ടിന്നുകളിലടച്ച് ഭദ്രമായി സൂക്ഷിക്കുന്ന കാപ്പിപ്പൊടിക്ക് മദിപ്പിക്കുന്നൊരു മണമാണ്. തകർത്തുപെയ്യുന്ന ഇടവപ്പാതിയുടെ കുളിരിൽ വിറകടുപ്പിനരികിലിരുന്ന് കടുപ്പവും മധുരവുമുള്ള കട്ടൻകാപ്പി മൊത്തിക്കുടിക്കുന്നത് ബാല്യത്തിലെ നല്ല ഓർമകളിലൊന്നാണ്.

മോഷണവസ്തുവായി ഇന്ത്യയിൽ, വിപ്ലവത്തെ ഉത്തേജിപ്പിക്കുമെന്ന തോന്നലിൽ നിരോധനം; കാപ്പിയുടെ പലവിധ ചരിത്ര യാത്രകൾ
വെള്ള ചെറുതേനും കഠിനാധ്വാനത്തിന്റെ തേന്‍പാഠങ്ങളും

ഇപ്പോൾ മില്ലുകളെ ആശ്രയിച്ചായിരുന്നെങ്കിൽ മുൻപ് വീട്ടിൽ തന്നെയായിരുന്നു കാപ്പി പൊടിപ്പിച്ചിരുന്നത്. ഉണങ്ങിയ കാപ്പിക്കുരു ഉരലിലിട്ട് ഉലക്കയുടെ മറുഭാഗത്തെ ഇരുമ്പുചട്ട പിടിപ്പിച്ച പൊള്ളയായ ഭാഗം കൊണ്ട് ഇടിക്കും. തൊണ്ട് പൊളിക്കാനാണിത്. പിന്നീട് മുറത്തിലിട്ട് പേറ്റി പരിപ്പ് വേർതിരിച്ചെടുക്കും. വലിയ അടുപ്പിൽ ഓട്ടുരുളിയിലിട്ട് പരിപ്പ് വറുത്തെടുക്കും. കറുപ്പ് കലർന്ന തവിട്ട് നിറമാകുന്നതാണ് പാകം. ശേഷം വീണ്ടും ഉരലിലേക്ക്. ഉരലിലിട്ടിടിച്ച് പൊടിക്കുമ്പോളുയരുന്ന കാപ്പിയുടെ ആ മാദക ഗന്ധം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.

ഏതാണ്ട് 1200 കൊല്ലം മുൻപ് ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ കൽദി എന്ന ആട്ടിടയനാണ് കാപ്പിയുടെ സവിശേഷത ആദ്യമായി തിരിച്ചറിഞ്ഞതെന്ന് കരുതപ്പെടുന്നു. കാട്ടിൽ മേഞ്ഞുനടന്ന തന്റെ ആട്ടിൻകൂട്ടം ചുവന്ന നിറത്തിലുള്ള ഒരുതരം പഴം കഴിച്ചശേഷം കൂടുതൽ ഉന്മേഷം പ്രകടിപ്പിച്ചതായി അയാൾ ശ്രദ്ധിച്ചു. പഴം ചവച്ചരച്ച് കഴിച്ചപ്പോൾ തനിക്കും സമാനമായ അനുഭവമുണ്ടായതോടെ ആട്ടിടയൻ ആ പഴങ്ങൾ ശേഖരിച്ച് തന്റെ ഗ്രാമത്തിലെത്തിച്ചു.

കാപ്പി ഇന്നു കാണുന്ന നിലയിൽ വറുത്തുപൊടിച്ച് പാനീയമായി ഉപയോഗിക്കാൻ തുടങ്ങിയത് യെമനിലെ സൂഫി സന്യാസിമാരാണ്

ഗ്രാമത്തിലെ മന്ത്രവാദി ആദ്യം കാപ്പിക്കുരുക്കളെ "പിശാചിൻ്റെ ഫലം" എന്ന് പറഞ്ഞ് തീയിലേക്ക് എറിയുകയായിരുന്നു. തീയിൽ കിടന്ന് മൊരിഞ്ഞ കാപ്പിക്കുരു ഗന്ധം മന്ത്രവാദിയേയും ആകർഷിച്ചു. തീ അണഞ്ഞശേഷം ആ വിത്തുകൾ പൊടിച്ച് വെള്ളത്തിൽ കലക്കി കുടിച്ച മന്ത്രവാദിക്കും ആട്ടിടയനും ആടുകൾക്കുമുണ്ടായ സമാന ഉന്മേഷം അനുഭവപ്പെട്ടു. അതോടെ കാപ്പിക്കുരുവും അത് ചേർത്ത വെള്ളവും ഗ്രാമക്കാർക്കിടയിൽ സവിശേഷമായൊരു സ്ഥാനം നേടിയെടുത്തു. കേൾക്കുമ്പോൾ രസകരമായി തോന്നുന്ന ഈ നാടോടിക്കഥ നടന്നതായി പറയപ്പെടുന്നത് എത്യോപയിലെ കഫ്ഫ (Kaffa) എന്ന സ്ഥലത്താണ്. അതു കൊണ്ടാവാം കാഫി/കോഫി എന്ന പേര് വന്നതെന്ന് കരുതുന്നു.

കാപ്പി ഇന്നു കാണുന്ന നിലയിൽ വറുത്തുപൊടിച്ച് പാനീയമായി ഉപയോഗിക്കാൻ തുടങ്ങിയത് യെമനിലെ സൂഫി സന്യാസിമാരാണ്. പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു അത്. എന്തായാലും അവർ സ്വന്തം രാജ്യത്തേക്കു കാപ്പിക്കുരു എത്തിച്ചിരുന്നത് നേരത്തെ പറഞ്ഞ എത്യോപ്യയിൽനിന്ന് തന്നെയാണ്. ചെങ്കടൽ വഴിയായിരുന്നു ഇത്.

കാപ്പി ആദ്യമായി ഇന്ത്യയിൽ എത്തിയതിനുപിന്നിലും രസകരമായൊരു കഥയുണ്ട്. കാപ്പിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര ഒരു മോഷണ മുതലായാണത്രേ. അക്കാലത്ത് കാപ്പിക്കച്ചവടത്തിന്റെ കുത്തകാവകാശം യമനികൾ കൈയടക്കിവെച്ചിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമെത്തിക്കുന്ന കാപ്പിക്കുരു ഉണക്കിപ്പൊടിച്ചാണ് യെമനികൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയച്ചിരുന്നത്. വിത്തായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ കാപ്പിക്കുരു ഒരിടത്തും എത്താതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തങ്ങളല്ലാതെ മറ്റാരും ഉത്പാദനമോ വിൽപ്പനയോ നടത്തരുതെന്ന കച്ചവടതാല്പര്യമായിരുന്നു ഇതിനുപിന്നിൽ.

മോഷണവസ്തുവായി ഇന്ത്യയിൽ, വിപ്ലവത്തെ ഉത്തേജിപ്പിക്കുമെന്ന തോന്നലിൽ നിരോധനം; കാപ്പിയുടെ പലവിധ ചരിത്ര യാത്രകൾ
റംബൂട്ടാന്‍ മുതല്‍ സാലഡ് ഓറഞ്ച് വരെ; വ്യത്യസ്ത തീര്‍ക്കുന്ന ഫലവര്‍ഗങ്ങളുമായി ഭക്ഷ്യവനം

1670 ൽ ഹജ്ജ് കഴിഞ്ഞുള്ള മടക്കത്തിനിടെ ബാബ ബുദാൻ എന്ന സൂഫി വര്യനാണ് യെമനിലെ മോക്കോ തുറമുഖ നഗരത്തിൽനിന്ന് ആരുമറിയാതെ ഏഴ് കാപ്പിക്കുരുക്കൾ നെഞ്ചിൽ കെട്ടിവെച്ച് ഇന്ത്യയിലെത്തിച്ചത്. മൈസൂരിനടത്ത് ചിക്കമംഗളൂരിനടുത്തുള്ള ആശ്രമത്തിൽ അദ്ദേഹം അവ നട്ടുമുളപ്പിക്കുകയും ചെയ്തു.

അറബികൾക്ക് കാപ്പി ഇഷ്ടപാനീയമായി മാറിയെങ്കിലും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ യൂറോപ്പ് അക്കാലത്ത് കാപ്പിയോട് മുഖം തിരിച്ചുനിൽക്കുകയായിരുന്നു. മുസ്ലിങ്ങളുടെ പാനീയത്തോടുള്ള എതിർപ്പായിരുന്നു കാരണം. 1600 ൽ പോപ്പ് ക്ലെമന്റ് എട്ടാമൻ കാപ്പി ക്രിസ്ത്യാനികളുടെ കൂടി പാനീയമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് പാശ്ചാത്യർ കാപ്പി കുടിച്ചു തുടങ്ങിയത്. മാർപാപ്പയെക്കൊണ്ട് കച്ചവടക്കാർ അങ്ങനെ പറയിപ്പിച്ചതാകാനേ തരമുള്ളൂ. എന്തായാലും വെനീസ് തീരം വഴി യൂറോപ്പിലാകമാനം പിന്നീട് കാപ്പിയെത്തി. യൂറോപ്പിലാദ്യമായി ഒരു കോഫി ഷോപ്പ് ആരംഭിക്കുന്നതും വെനീസിലായിരുന്നു, 1647ൽ. പതിനേഴാം നൂറ്റാണ്ടിൽ മറ്റു ചരക്കുകൾക്കൊപ്പം കാപ്പിയുടെയും വ്യാപാര കുത്തക അറബികളിൽനിന്ന് യൂറോപ്യന്മാരുടെ കൈകളിലെത്തി.

മദ്യത്തിന്റെ ലഹരിയോളം വലുതല്ലല്ലോ കാപ്പിയെന്ന് ചിന്തിച്ചിരുന്ന അമേരിക്കക്കാർക്ക് ആദ്യമൊന്നും ആ കറുത്ത പാനീയത്തോട് വലിയ താല്പര്യമുണ്ടായിരുന്നില്ല. ഒരു ചരിത്ര സംഭവത്തിനു പിന്നാലെയാണ് അവരുടെ ഇഷ്ടപാനീയമായി കാപ്പി മാറുന്നത്, 1773ലെ ബോസ്റ്റൺ ടീ പാർട്ടി. തങ്ങളുടെ കോളനിയായിരുന്ന അമേരിക്കയിൽ ബ്രിട്ടീഷ് സർക്കാർ തേയിലയ്ക്ക് അമിത നികുതി ചുമത്തി. അമേരിക്കൻ വിപ്ലവം ശക്തിയാർജിച്ച ഘട്ടമായിരുന്നു അത്. തങ്ങൾക്കുകൂടി പ്രാതിനിധ്യമുള്ള നിയമനിർമാണസഭകളിൽ പാസാക്കുന്ന നിയമങ്ങൾ മാത്രമേ അനുസരിക്കൂയെന്ന് വിപ്ലവകാരികൾ നിലപാടെടുത്തു.

1600 ൽ പോപ്പ് ക്ലെമന്റ് എട്ടാമൻ കാപ്പി ക്രിസ്ത്യാനികളുടെ കൂടി പാനീയമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് പാശ്ചാത്യർ കാപ്പി കുടിച്ചു തുടങ്ങിയത്.

1773 ഡിസംബറിൽ തേയിലയുമായി മൂന്ന് ബ്രിട്ടീഷ് കപ്പലുകൾ ബോസ്റ്റൺ തുറമുഖത്ത് എത്തിയപ്പോൾ വിപ്ലവകാരികൾ കപ്പലുകളിൽ പ്രവേശിച്ച് അതിലുണ്ടായിരുന്ന ചായപ്പെട്ടികൾ കടലിലേക്കെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി. ബോസ്റ്റൺ ടീ പാർട്ടിക്കു പിന്നാലെ അമേരിക്കൻ ജനത ഒന്നടങ്കം തങ്ങളിനി ചായയെ പ്രോത്സാഹിപ്പിക്കില്ലെന്ന് തീരുമാനിച്ചു. ഇതോടെ കാപ്പിയുടെ തലവര തെളിഞ്ഞു. അമേരിക്കക്കാർ കാപ്പിയെ അവരുടെ ദേശീയപാനീയമായും പ്രഖ്യാപിച്ചു.

ഇന്ന് ലോകത്ത് ഏറ്റവും അധികം കാപ്പി കൃഷി ചെയ്യുന്ന ബ്രസീലിൽ ആദ്യമായി ഈ വിള എത്തുന്നത് 1727 ലാണ്. 1932ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ കായിക താരങ്ങളെ പങ്കെടുപ്പിക്കാൻ ബ്രസീലിനു പണം തികയാതെ വന്നു. താരങ്ങൾക്കു യാത്ര ചെയ്യേണ്ട കപ്പലിൽ സർക്കാർ ഒരു ലോഡ് കാപ്പിപ്പൊടിയും കയറ്റി. തുറമുഖത്തുവെച്ച് തന്നെ കാപ്പിപ്പൊടി വിറ്റുതീരുകയും താരങ്ങൾക്കു പണം ലഭിക്കുകയും ചെയ്തു.

ഉത്പാദനത്തിൽ മുന്നിൽ ബ്രസീലാണെന്ന് പറഞ്ഞല്ലോ. അതേസമയം ഏറ്റവും കൂടുതൽ കാപ്പി കുടിക്കുന്നത് ഫിൻലൻഡുകാരാണ്. വർഷം ശരാശരി 12 കിലോ കാപ്പിയാണ് ഫിൻലൻഡുകാർ അകത്താക്കുന്നത്, അതായത് 1680 ഗ്ലാസ്.

മോഷണവസ്തുവായി ഇന്ത്യയിൽ, വിപ്ലവത്തെ ഉത്തേജിപ്പിക്കുമെന്ന തോന്നലിൽ നിരോധനം; കാപ്പിയുടെ പലവിധ ചരിത്ര യാത്രകൾ
'ഉസൈന്‍ ബോള്‍ട്ടിന്റെ കാച്ചിലും പ്രമേഹത്തെ ചെറുക്കുന്ന കിഴങ്ങും'; അതിശയിപ്പിക്കും മാനുവലിന്റെ കൃഷിത്തോട്ടം

വിപ്ലവമുണ്ടാകുമെന്ന് ഭയന്ന് ഒരു യൂറോപ്യൻ രാജ്യം കാപ്പിയെ നിരോധിച്ച കഥ കൂടിയുണ്ട്. 18-ാം നൂറ്റാണ്ടിൽ സ്വീഡനിലായിരുന്നു ആ നിരോധനം. കാപ്പി കുടിച്ചാൽ ആളുകൾ വിപ്ലവകരമായി ചിന്തിക്കാൻ തുടങ്ങുമെന്നും ഇത് തങ്ങൾക്കു തിരിച്ചടിയാകുമെന്നും കരുതിയാണ് ഭരണാധികാരികൾ അത്തരമൊരു തീരുമാനത്തിലെത്തിയത്.

ഇന്ത്യയിൽ പതിനേഴാം നൂറ്റാണ്ടിൽ കാപ്പി കൃഷി ആരംഭിച്ചു. രാജ്യത്തെ കാപ്പിയുല്പാദനത്തിന്റെ 71 ശതമാനവും കർണാടകയിലാണ്. 21 ശതമാനം ഉല്പാദനവുമായി കേരളം രണ്ടാമതുണ്ട്. മണത്തിലും രുചിയിലും വ്യത്യസ്തത പുലർത്തുന്ന പലതരം കാപ്പികൾ ഇന്ന് ലോകത്തുണ്ട്. ഇന്ത്യയിൽ അറബിക്ക, റോബസ്റ്റ എന്നീ രണ്ട് ഇനങ്ങളാണുള്ളത്. രണ്ടിനും ഭൗമസൂചികാ പദവി ലഭിച്ചിട്ടുള്ളവയാണ്. നാലര ലക്ഷം ഹെക്ടർ പ്രദേശത്തായി ഇന്ത്യയിലെ കാപ്പി കൃഷി വ്യാപിച്ചുകിടക്കുന്നു. മൂന്നര ലക്ഷത്തിലധികം കർഷകരാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. കാപ്പി പൂർണമായി തണലിൽ കൃഷി ചെയ്യുന്നതും സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നതും ഇന്ത്യയിൽ മാത്രമാണ്. അതുകൊണ്ടിവ ഗുണനിലവാരത്തിലും ഉയർന്ന സ്ഥാനത്താണ്. ഇന്ത്യയിൽ കാപ്പിക്കുരു കൈകളുപയോഗിച്ചാണ് പറിച്ചെടുക്കുന്നത്. ചെറി പിക്കിങ് എന്നറിയപ്പെടുന്ന ഈ രീതിയും കാപ്പിയുടെ സ്വാദിനെ സ്വാധീനിക്കും. കാരണം യന്ത്ര സംവിധാനം ഉപയോഗിച്ച് പറിക്കുമ്പോൾ അതിൽ മൂപ്പെത്താത്തതായ കുരുക്കളും ഉണ്ടാകും.

ഒരു കപ്പ് സാധാരണ കാപ്പിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. ഫിൽട്ടർ കോഫിയിൽ 80 മില്ലിഗ്രാമും, ഇൻസ്റ്റന്റ് കോഫിയിൽ എകദേശം 65 മില്ലിഗ്രാമും കഫീനുണ്ട്

നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന കഫീന്റെ സാന്നിധ്യമാണ് കാപ്പിയെ ഊർജദായക പാനീയമാക്കുന്നത്. ഒരു കപ്പ് സാധാരണ കാപ്പിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. ഫിൽട്ടർ കോഫിയിൽ 80 മില്ലിഗ്രാമും ഇൻസ്റ്റന്റ് കോഫിയിൽ ഏകദേശം 65 മില്ലിഗ്രാമും കഫീനുണ്ട്. ഒരു കപ്പ് പെപ്സിയിലും കൊക്കൊകോളയിലും 23 മില്ലിഗ്രാം വീതം കഫീനാണുള്ളത്. ഒരു ഔൺസ് ചോക്ലേറ്റിൽ 20 മില്ലിഗ്രാമും.

ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി ഒരു മൃഗത്തിന്റെ വിസർജ്യത്തിൽ നിന്നാണന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങനെയാണ്. കോപ്പി ലുവാക്/ സിവറ്റ് കോഫി എന്നറിയപ്പെടുന്ന ഈ സവിശേഷ ഇനം തയ്യാറാക്കുന്നത് വെരുകിന്റെ കാഷ്ടത്തിൽനിന്നാണ്. ഗുണമേന്മയേറിയ കാപ്പിപ്പഴം വെരുകിന് കഴിക്കാൻ കൊടുക്കുന്നു. കാഷ്ടമായി പുറത്തുവരുന്ന കാപ്പികുരുക്കൾക്ക് അവയുടെ ദഹന വ്യവസ്ഥയിലെ പ്രത്യേകതകൾ കൊണ്ട് സവിശേഷ രുചി ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ. ഇവ പിന്നീട് ശുചീകരിച്ച് പൊടിച്ച് ഉപയോഗിക്കുന്നു. ഇന്തോനേഷ്യക്കാരാണ് ഇത്തരം ഒരു കാപ്പിപ്പൊടി ആദ്യമായി തയ്യാറാക്കിയത്. ഇന്ന് കോപ്പി ലുവാക് വലിയൊരു വ്യവസായമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 25,000 രൂപ വരെയാണ് വില.

എസ്പ്രസോ ലാറ്റെ, ബ്ലാക് കോഫി, മോക്ക, അമേരിക്കാനോ, കാപുച്ചിനോ, ഫ്രാപ്പെ, ഐറിഷ് കോഫി എന്നിങ്ങനെ ലോകത്തിന് പ്രിയപ്പെട്ട പലതരം കാപ്പികൾ നമുക്ക് ചുറ്റുമുണ്ട്. ഇന്ന് ആഗോളവിപണിയിൽ പെട്രോളിയം ഉല്പന്നങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം വ്യാപാരം നടക്കുന്ന വസ്തു കാപ്പിയാണ്.

logo
The Fourth
www.thefourthnews.in