കലിപൂണ്ട് കടൽ; പട്ടിണിയും പരിവട്ടവുമായി കടലോര ജനത

കലിപൂണ്ട് കടൽ; പട്ടിണിയും പരിവട്ടവുമായി കടലോര ജനത

കേരള തീരത്തെ ന്യൂനമർദ്ദം, അതിതീവ്രമർദ്ദം ചുഴലിക്കാറ്റുകൾ എന്നിവയുടെ എണ്ണം കഴിഞ്ഞ 20 വർഷത്തിൽ കുത്തനെ കൂടിയെന്നാണ് നേച്ചർ മാസിക പ്രസിദ്ധീകരിച്ച പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്

കഴിഞ്ഞ രണ്ടാഴ്‌ചയോളമായി പൂന്തുറയുള്ള വിൽ‌സൺ കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടില്ല. പ്രതികൂല കാലാവസ്ഥ തന്നെ കാരണം.ശക്തമായ മഴ,  ന്യൂനമർദ്ദം, കടലിൽ പോകരുത് എന്ന സർക്കാരിൻറെ മുന്നറിയിപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഓരോ ദിവസവും വിത്സന്റെ ഉപജീവന വഴിയിലെ തടസമായി നിൽക്കുകയാണ്. കേരളത്തിന്റെ തീരദേശത്തെ കുടുംബങ്ങൾ മുൻപില്ലാത്ത വിധം വറുതിയിൽ വലയുന്ന കാലമാണ്. 

കടം വാങ്ങിയാണ് വിൽസൺ പലപ്പോഴും വീട്ടിലെ ചിലവ് നടത്തുന്നത്. ഒരു വയസായ കുട്ടിയും ഭാര്യയും പ്രായമായ അമ്മയും ഒപ്പമുണ്ട്. ഓരോ ദിവസവും തള്ളി നീക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണെന്ന് വിൽ‌സൺ  ‘ദ ഫോർത്തി’നോട് പറഞ്ഞു. മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലെ കഥ പലപ്പോഴും ഇതിലും ബുദ്ധിമുട്ടാണ്. ഭാഗ്യം അനുസരിച്ചാണ് ഇപ്പോൾ മൽസ്യ ലഭ്യതയെന്നു വിൽ‌സൺ പറയുന്നു. നാലു പേർക്ക് 12 മണിക്കൂർ ഒരു മോട്ടോർ വള്ളത്തിൽ മൽസ്യബന്ധത്തിനു പോകണമെങ്കിൽ ഇന്ധനത്തിനും ഭക്ഷണത്തിനുമായി ചുരുങ്ങിയത് 7000 രൂപ ചിലവുണ്ട്. ഇതെല്ലാം മുടക്കിയാലും ചില ദിവസങ്ങളിൽ 1000 രൂപയുടെ മീൻ പോലും കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

പലർക്കും ഉണ്ടായിരുന്ന ബോട്ടുകൾ ഓഖിയുടെ സമയത്തു നഷ്ടപ്പെട്ടത് കൊണ്ട് ഒരു ബോട്ടിൽ പങ്ക് തുക വെച്ചു മൽസ്യബന്ധനത്തിനു പോകുന്ന രീതിയാണ് മൽസ്യത്തൊഴിലാളികൾ പിന്തുടരുന്നത്. ഈ കഷ്ടപ്പാടുകൾക്കിടയിലും തന്റെ സുഹൃത്തുക്കളെ പോലെ  2018 ലെ പ്രളയത്തിൽ ചെങ്ങന്നൂരിൽ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിപോയവരെ രക്ഷിക്കാൻ പോയ ‘കേരള സൈന്യ’ത്തിലെ അംഗം ആയിരുന്നു വിൽസൺ.

കലിപൂണ്ട് കടൽ; പട്ടിണിയും പരിവട്ടവുമായി കടലോര ജനത
പാസ്പോർട്ട് തടഞ്ഞും ശമ്പളം നൽകാതെയും തൊഴിൽ ഉടമകളുടെ പീഡനം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലേക്ക് പരാതി പ്രവാഹം

മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ കുത്തനെയുള്ള ഇടിവ് കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപ് നേച്ചർ മാസിക പ്രസിദ്ധീകരിച്ച പഠനം കണക്കുകൾ നിരത്തി തന്നെ കേരള തീരത്തെ കടൽ ക്ഷോഭത്തിന്റെ രൂക്ഷത വെളിവാക്കുന്നു. 

മലയാളി ആയ പ്രൊഫസ്സർ എസ് അഭിലാഷും സഹ ഗവേഷകരും  നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത് 1980 മുതൽ 2000 വരെയുള്ള 20 വർഷത്തിനിടയിൽ ഉണ്ടായ ന്യൂനമർദ്ദം, അതിതീവ്രമർദ്ദം, ചുഴലിക്കാറ്റുകളുടെ എണ്ണത്തെക്കാൾ ഏറെ കൂടുതലാണ് 2000-2020 കാലഘട്ടത്തിൽ സംഭവിച്ചിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങൾ. 1982 മുതൽ 2000 വരെ കേരള തീരത്തെ ബാധിച്ചത് അഞ്ച് ചുഴലിക്കാറ്റും ഏഴ് തീവ്ര ന്യൂന മർദവും എട്ട് ന്യൂന മർദവുമാണ്; 2001 - 2020 കാലഘട്ടത്തിൽ ഒൻപത് ചുഴലിക്കാറ്റും 13  തീവ്ര ന്യൂന മർദവും 20 ന്യൂന മർദവുമാണ്. അതായത് കടൽക്ഷോഭത്തിലേക്ക് നയിച്ച കാലാവസ്ഥാ പ്രതിഭാസങ്ങളിൽ 82 ശതമാനം വർധനയാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത് (ഗ്രാഫ് കാണുക). ഈ വർധന നേരിട്ട് തന്നെ മൽസ്യ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളുടെ കുറവായി പ്രതിഫലിക്കും. 

ന്യൂനമർദവും ചുഴലിക്കാറ്റും കൂടുതൽ ഉണ്ടാകുന്നതിനു കാരണം കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന താപനില വർദ്ധനവ് ആണെന്ന് അഭിലാഷ് ദ ഫോർത്തിനോട് പറഞ്ഞു. “വലിയ തോതിൽ സമുദ്രത്തിൻറെ ഉപരിതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കിഴക്കൻ അറബി കടലിൽ ചുഴലിക്കാറ്റുകൾ  രൂപപ്പെടാൻ കാരണം ആകുന്നു. ഇത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു നാശമുണ്ടാക്കുന്നു,” അഭിലാഷ് പറഞ്ഞു. 

കലിപൂണ്ട് കടൽ; പട്ടിണിയും പരിവട്ടവുമായി കടലോര ജനത
തൊഴിലാളിയെ മറന്ന ജി 20 പരാജയം

മൺസൂണിന് ശേഷം ഉണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും ഓരോ വർഷം കഴിയുന്തോറും വർധിക്കുകയാണെന്നും പഠനം പറയുന്നു . 2014-ൽ നിലോഫർ, 2015-ൽ ചപാഹ്, 2017-ൽ ഓഘി, 2019-ൽ മേഘ് ടൗകട്ടെ, 2023-ൽ  ബിപർജോയ് എന്നിവ രൂപപ്പെട്ടു ചെറുതും വലുതുമായ നഷ്ടം  വിതച്ചു കടന്നു പോയി. മറ്റൊരു പഠനം പറയുന്നത് 1979 നും 2019 നും ഇടയിൽ ഇന്ത്യയിൽ 117 ചുഴലിക്കാറ്റുകൾ ഉണ്ടായി എന്നും അവ 40,000 ജീവൻ എടുത്തുവെന്നുമാണ്.

കലിപൂണ്ട് കടൽ; പട്ടിണിയും പരിവട്ടവുമായി കടലോര ജനത
തിരഞ്ഞെടുപ്പാകണം കുടിയേറ്റം

മുൻ വർഷങ്ങളിൽ 200 മുതൽ 250 ദിവസം വരെ മത്സ്യബന്ധനത്തിന് പോകാൻ സാധിച്ചിരുന്നു എങ്കിൽ ഓഖി ചുഴലിക്കാറ്റിന് ശേഷം അത് 150 മുതൽ 200 വരെയായി കുറഞ്ഞുവെന്ന് വിഴിഞ്ഞം സ്വദേശി 60-കാരനായ  ജെയിംസ് ദ ഫോർത്തിനോട് പറഞ്ഞു. മൽസ്യബന്ധനത്തിനു പോകാൻ സാധിക്കുന്ന ദിനങ്ങൾ കുറയുന്നത് കൊണ്ട് പുതിയ തലമുറയിൽപെട്ട യുവാക്കൾ മൽസ്യബന്ധനത്തെ ഒരു തൊഴിൽ ഓപ്ഷനായി കണക്കാക്കുന്നതേയില്ല. നഗരത്തിൽ ഡെലിവറി ബോയ് പോലുള്ള ധാരാളം ജോലികൾ ലഭ്യമാകുന്ന സാഹചര്യത്തിൽ പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് തൊഴിൽ തേടി പോകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവാക്കളുടെ എണ്ണം വർഷം തോറും വർധിക്കുകയാണ്. 

പൂവാർ സ്വദേശിയായ ആന്റണി ദ ഫോർത്തിനോട് പറഞ്ഞത് ഈ പ്രവണത തുടർന്നാൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ യുവാക്കൾ പരമ്പരാഗത മൽസ്യബന്ധന രീതികൾ തന്നെ പാടെ മറന്നുപോകുമെന്നാണ്. അതായത്, പരമ്പരാഗത മൽസ്യത്തൊഴിൽ മേഖല തന്നെ അന്യം നിന്ന് പോയേക്കാവുന്ന സ്ഥിതിയാണ്. “ഓഖിക്കു ശേഷം തീരവും നഷ്ട്ടപെടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം കൊണ്ട് തുടർച്ചയായി വരുന്ന ന്യൂനമർദ്ദം, അതിതീവ്രമർദ്ദം ചുഴലിക്കാറ്റുകൾ എന്നിവ മൽസ്യബന്ധനത്തിനു തടസ്സം ആവുകയും അത് തീരത്തെ പട്ടിണിയിലേക്ക് തള്ളി വിടുകയും ചെയ്യുമ്പോൾ അത് ഈ തൊഴിൽ മേഖലയുടെ തന്നെ നാശത്തിലേക്കാണ് നയിക്കുന്നത്,” ആൻറണി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ മാത്രമല്ല ഈ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്നത്. കർഷകർ ഈ പ്രതിഭാസത്തിന്റെ മറ്റൊരു ഇരയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിൻറെ കണക്ക് പ്രകാരം ബിപർജോയ് 1.34 ലക്ഷം ഹെക്ടർ കൃഷി ഭൂമിയെയാണ് ബാധിച്ചത്. ഇത് ഏകദേശം 1212 കോടിയുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് കണക്ക്.  

കാലാവസ്ഥ വ്യതിയാനം എന്ന പ്രതിഭാസം അംഗീകരിച്ചു കൊണ്ട് തന്നെ പരമ്പരാഗത തൊഴിൽ മേഖലകൾ സംരക്ഷിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടതെന്നു മൽസ്യത്തൊഴിലാളി അവകാശ പ്രവർത്തകയായ മാഗ്ലിൻ ഫിലോമിന ദ ഫോർത്തിനോട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണ്. സുസ്ഥിര വികസനം എന്ന ലക്ഷ്യം മുൻനിർത്തി പട്ടിണി മാറ്റാനും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകാനും വേറിട്ട രീതിയിൽ ചിന്തിക്കുകയും അതിന് അനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് നാം ചെയ്യേണ്ടതെന്ന് മാഗ്ലിൻ പറഞ്ഞു.   

മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമാകുന്ന തൊഴിൽ ദിനങ്ങൾക്ക് പരിഹാരമായി സർക്കാർ ധനസഹായം നൽകുന്ന രീതിയാണ് ഈ പ്രശ്നത്തിനുള്ള അടിയന്തര പോംവഴി. കനത്ത മഴയും മറ്റും നാശം വിതയ്ക്കുമ്പോൾ സൗജന്യ റേഷൻ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് അനുവദിക്കുന്ന പതിവാണ് ഇപ്പോൾ ഉള്ളത്. അതിനു പകരം ബാങ്ക് ട്രാൻസ്ഫർ വഴി നിശ്ചിത തുക ഇത്തരം ഘട്ടങ്ങളിൽ തൊഴിലാളികൾക്ക് നൽകുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയെപ്പറ്റി സർക്കാർ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. തൊഴിൽ സുരക്ഷ ഈ മേഖലയിൽ ഉറപ്പാക്കാൻ അത് അത്യന്താപേക്ഷിതമാണ്.

logo
The Fourth
www.thefourthnews.in