സന്ദേഹിയായ രാഷ്ട്രീയക്കാരനില്‍നിന്ന് മോദിയെ വിറപ്പിച്ച ജനകീയ നേതാവിലേക്ക്; രാഹുലിന്റെ രാഷ്ട്രീയ പരിണാമം

സന്ദേഹിയായ രാഷ്ട്രീയക്കാരനില്‍നിന്ന് മോദിയെ വിറപ്പിച്ച ജനകീയ നേതാവിലേക്ക്; രാഹുലിന്റെ രാഷ്ട്രീയ പരിണാമം

സ്വയം ഉടച്ചുവാര്‍ത്തും കൂടെയുള്ളവരെ നവീകരണത്തിന് പ്രേരിപ്പിച്ചും സമരം നടത്തിയും വളര്‍ന്നുവന്ന രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവിന്റെ കസേര വലിച്ചിട്ട് മോദിക്ക് അഭിമുഖമായിരിക്കുന്നു

''ഞാന്‍ നിങ്ങളെ (സോണിയ ഗാന്ധി) പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ല. എന്റെ അച്ഛന്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ നിങ്ങള്‍ കൊല്ലപ്പെടും. ഞാന്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ എനിക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും''.

'ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡീകേഡ്' (How Prime Ministers Decade) എന്ന തന്റെ പുസ്തകത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക നീരജ ചൗധരി

നെഹ്റു കുടുംബത്തിന്റെ വിശ്വസ്തന്‍ നട്വര്‍ സിങിനെ ഉദ്ധരിച്ചുകൊണ്ടാണ് നീരജ ചൗധരി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന തീരുമാനം ഇങ്ങനെ വിശദീകരിക്കുന്നത്. ലോകം ഇന്ത്യയെ ഉറ്റുനോക്കിയ 2004 ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള മണിക്കൂറുകള്‍. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. എല്ലാ കണ്ണുകളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയിലേക്ക്. എല്ലാ ചോദ്യങ്ങളും ഒരേദിശയില്‍, സോണിയ പ്രധാനമന്ത്രിയാകുമോ? രാഷ്ട്രീയ ഇന്ത്യ ഏകദേശം ഉറപ്പിച്ചിരുന്നു, സോണിയ ഗാന്ധി തന്നെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി. എന്നാല്‍, ഒരാളുടെ എതിര്‍പ്പിന്‍മേല്‍, ഒരൊറ്റയാളുടെ കടുംപിടിത്തത്തിന്‍മേല്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം സോണിയ തന്റെ അമ്പത്തിയേഴാം വയസില്‍ വേണ്ടെന്നുവെച്ചു. തന്റെ മാതാവിനെ പിന്തിരിപ്പിക്കാന്‍ അന്നത്തെ പിടിവാശിക്കാരനായ 34 വയസുകാരന്‍ പറഞ്ഞവാക്കുകളാണ് 'ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡീകേഡ്' എന്ന പുസ്തകത്തില്‍ നീരജ ചൗധരി രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടിന് ഇപ്പുറം ആ പിടിവാശിക്കാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തൊരാളായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. അയാളുടെ വളര്‍ച്ചയും ഇടര്‍ച്ചയും വീഴ്ചകളില്‍ നിന്നെഴുന്നേല്‍ക്കാനുള്ള തത്രപ്പാടുകളും രാജ്യം കണ്ടു. സന്ദേഹിയായ മനുഷ്യനില്‍ നിന്ന്, ഇന്ത്യന്‍ രാഷ്ട്രീയം മനസിലാക്കാത്ത നേതാവില്‍ നിന്ന് ഇന്നയാള്‍, രാജ്യത്തിന്റെ ജനാധിപത്യ വിശ്വാസികളുടെ മുഴുവന്‍ പ്രതീക്ഷയും തോളിലേറ്റി നില്‍ക്കുന്നു, ഒരേയൊരു രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോയ സമയത്താണ് രാഹുല്‍ സംഘടനയുടെ തലപ്പത്തെത്തുന്നത്. പക്വതയില്ലാത്ത പ്രവര്‍ത്തനങ്ങളെന്ന് വിലയിരുത്തപ്പെട്ട പല നടപടികളും രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായി. അതെല്ലാം മുതലെടുക്കാന്‍ ബിജെപിക്ക് അനായാസം കഴിയുകയും ചെയ്തു.

അന്ന് സോണിയ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിന്റേയും കോണ്‍ഗ്രസിന്റേയും ഗതി ഇപ്പോഴത്തേത് പോലെയാകില്ലായിരുന്നു എന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. രാഹുലിന്റെ പല തീരുമാനങ്ങളും പ്രതികരണങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോയ സമയത്താണ് രാഹുല്‍ സംഘടനയുടെ തലപ്പത്തെത്തുന്നത്. പക്വതയില്ലാത്ത പ്രവര്‍ത്തനങ്ങളെന്ന് വിലയിരുത്തപ്പെട്ട പല നടപടികളും രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായി. അതെല്ലാം മുതലെടുക്കാന്‍ ബിജെപിക്ക് അനായാസം കഴിയുകയും ചെയ്തു.

ജനപ്രതിനിധികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അയോഗ്യരാക്കാതിരിക്കാന്‍ സ്വന്തം സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തില്‍ വെച്ച് കീറിയെറിഞ്ഞും ഇന്ത്യന്‍ സാഹചര്യങ്ങളെ കുറിച്ച് ധാരണയില്ലെന്ന് തോന്നിക്കുന്ന വിധമുള്ള പ്രസംഗങ്ങള്‍ നടത്തിയും തനിക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നവരെ മാത്രം സംരക്ഷിച്ചും രാഹുല്‍ തന്റെ പക്വതയില്ലാത്ത രാഷ്ട്രീയക്കാരന്‍ ഇമേജ് സംരക്ഷിച്ചുപോന്നു.

അന്നാ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞില്ലായിരുന്നെങ്കില്‍ മോദിയെ വിമര്‍ശിച്ചതിന്റെ പേരിലെ കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞയുടനേ അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് പിടിച്ചുപുറത്താക്കാന്‍ ബിജെപിക്ക് ധൈര്യം വരില്ലായിരുന്നു. പാര്‍ട്ടിയിലേക്ക് യുവാക്കളെ കൊണ്ടുവരാന്‍ ടാലന്റ് ഹണ്ട് നടത്തിയും, ജനകീയരായ പ്രാദേശിക നേതാക്കളെ മുഖവിലയ്‌ക്കെടുക്കാതെയും രാഹുല്‍ നടത്തിയ പ്രകടനങ്ങള്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍, അതെല്ലാം തിരുത്തി സ്വയം നവീകരിച്ച രാഹുലിനെയാണ് ഇനി പാര്‍ലമെന്റില്‍ കാണാന്‍ സാധിക്കുക.

അനിവാര്യമായിരുന്ന തോല്‍വി

2019-ലേറ്റ കനത്ത തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ത്രസിപ്പിക്കും വിധത്തിലാണ്. സന്ദേഹിയായ, നിരാശനായ മനുഷ്യനില്‍ നിന്ന്, രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്ന നേതാവായി രാഹുല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പൊരുതി കയറിവന്നുനിന്നു. 2016-ലെ ജെഎന്‍യു സമരകാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ രാഹുല്‍ ഗാന്ധിയെ സാക്ഷിയാക്കി കനയ്യ കുമാര്‍ ആസാദി മുദ്രാവാക്യം മുഴക്കിയത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. കനയ്യ കുമാറിന് മുന്നില്‍ കയ്യുകെട്ടി നില്‍ക്കുന്ന രാഹുലിന്റെ വീഡിയോ അന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേ കനയ്യ കുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയെത്തിയപ്പോള്‍ ജനക്കൂട്ടം ഇളകിമറിയുന്നതാണ് പുതിയ ഇന്ത്യ കണ്ടത്.

ബിജെപിയുടെ പണക്കൊഴുപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ചക്രശ്വാസം വലിച്ചപ്പോള്‍ രാഗ നിസ്സഹായനായി

നിരന്തരമായ തിരഞ്ഞെടുപ്പ് തോല്‍വികളില്‍ പകച്ചുപോയ രാഹുല്‍ ഗാന്ധി ഇടവേളകളെടുക്കുന്നതും വിദേശത്തേക്ക് പോകുന്നതും പാര്‍ട്ടിയെ ചെറുതായൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റഫാല്‍ അഴിമതി പോലുള്ള വലിയ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, ഇത് സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു. ബിജെപിയുടെ പണക്കൊഴുപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ചക്രശ്വാസം വലിച്ചപ്പോള്‍ രാഗ നിസ്സഹായനായി. കൊഴിഞ്ഞുപോകുന്ന നേതാക്കളെ പിടിച്ചുനിര്‍ത്താന്‍ തക്കതിന് ആത്മവിശ്വാസം അന്ന് അദ്ദേഹത്തിന് ഉണ്ടായിരന്നില്ല. ഹിന്ദുത്വത്തെ തോല്‍പ്പിക്കാന്‍ മൃദുഹിന്ദുത്വത്തിന്റെ കുപ്പായവും എടുത്തണിഞ്ഞ് രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ ലക്ഷ്യമില്ലാതെ വട്ടംകറങ്ങി.

സന്ദേഹിയായ രാഷ്ട്രീയക്കാരനില്‍നിന്ന് മോദിയെ വിറപ്പിച്ച ജനകീയ നേതാവിലേക്ക്; രാഹുലിന്റെ രാഷ്ട്രീയ പരിണാമം
ബിഎസ്‌പി തനിച്ച് മത്സരിച്ചതുമൂലം ഇന്ത്യ സഖ്യത്തിനുണ്ടായ നഷ്ടമെത്ര? മായാവതി മുസ്ലിങ്ങളെ പഴിക്കുന്നതിൻ്റെ കാരണമെന്ത്?

എന്നാല്‍, ആ തോല്‍വി രാഹുല്‍ ഗാന്ധിക്ക് അനിവാര്യതയിരുന്നു. അതിന് ശേഷം, സംഘടന ചുമതലകളില്‍ നിന്ന് മാറിനിന്ന രാഹുല്‍, ഭാരത് ജോഡോ യാത്രയുമായി ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കിറങ്ങി. അടിസ്ഥാന ജനവിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി. സമരങ്ങളില്‍ ഐക്യദാര്‍ഢ്യപ്പെടേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി. സ്ത്രീകളെയും അതിരുവത്ക്കരിക്കപ്പെട്ടവരേയും തൊഴിലാളികളേയും കേട്ടു. മോദിയുടെ നോട്ട് നിരോധനം തകര്‍ത്ത ചെറുകിട കച്ചവടക്കാരേയും വിളകള്‍ക്ക് മതിയായ വില ലഭിക്കാതെ കേഴുന്ന കര്‍ഷകരേയും തൊട്ടറിഞ്ഞു. പൊരിവെയിലത്തും കൊടുംമഴയത്തും ഇന്ത്യന്‍ ജനത ഏതുവിധമാണ് ഇന്നാട്ടില്‍ അതിജീവനം സാധ്യമാക്കുന്നതെന്ന് കണ്ടു. നെഹ്‌റുവും ഇന്ദിരയും രാജീവും കണ്ട ഇന്ത്യയെ ഈ നടത്തത്തിലാണ് രാഹുല്‍ മനസ്സിലാക്കിയത്.

സന്ദേഹിയായ രാഷ്ട്രീയക്കാരനില്‍നിന്ന് മോദിയെ വിറപ്പിച്ച ജനകീയ നേതാവിലേക്ക്; രാഹുലിന്റെ രാഷ്ട്രീയ പരിണാമം
'സ്വീകരിക്കാം ഈ ബംഗാള്‍ മോഡല്‍'; പാർലമെൻ്റിൽ കേരളത്തിന്റെ ശബ്ദമാകാൻ വനിതകളില്ല, ബംഗാളിൽ ടിഎംസിക്ക് മാത്രം 11 പേര്‍

ആ മനസ്സിലാക്കലിന്റെ ബാക്കിപത്രമായിരുന്നു കോണ്‍ഗ്രസിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും അടിസ്ഥാന വിഭാഗത്തിനും വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടത് രാഹുല്‍ നടത്തിയ ഈ രണ്ട് യാത്രകളില്‍ കണ്ടറിഞ്ഞ ജീവിതങ്ങള്‍ ഉള്ളില്‍തട്ടിയതുകൊണ്ടുകൂടിയാകണം.

വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കടതുറക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഭയത്തിന്റെ കമ്പളം പുതച്ചിരുന്ന ഇന്ത്യന്‍ അടിസ്ഥാന വര്‍ഗത്തിന് കരുത്തേകി

പ്രാദേശികനേതാക്കള്‍ പറഞ്ഞ വിഷയങ്ങളെ രാഹുല്‍ അഡ്രസ് ചെയ്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇങ്ങനെ ചിട്ടപ്പെടുത്തിയതായിരുന്നു. ഓരോ സംസ്ഥാനത്തും ഏറ്റവും ചര്‍ച്ചയാകുന്ന വിഷയങ്ങളിലൂന്നിയായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. സഖ്യകക്ഷികള്‍ക്ക് മാന്യമായ പരിഗണന നല്‍കിയും ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളെ ചേര്‍ത്തുപിടിച്ചും രാഹുല്‍ സൗഹാര്‍ദമുറപ്പിച്ചു. ഭരണഘടനയും കയ്യിലേന്തിയുള്ള തിഞ്ഞെടുപ്പ് പ്രചാരണം ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കിയ ധൈര്യം ചില്ലറയായിരുന്നില്ല. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കടതുറക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഭയത്തിന്റെ കമ്പളം പുതച്ചിരുന്ന ഇന്ത്യന്‍ അടിസ്ഥാന വര്‍ഗത്തിന് കരുത്തേകി.

ഇടതു നിലപാടുള്ള രാഹുൽ

സ്വയം ഒരിടതുപക്ഷമായി പരിവര്‍ത്തനപ്പടുകയായിരുന്നു രാഹുല്‍ ഗാന്ധി. പല നയങ്ങളും ഇടതു നിലപാടുകള്‍ക്ക് സമാനമായതോ, അല്ലെങ്കില്‍ ഇടത് നിലപാടുകള്‍ തന്നെയോ ആയിരുന്നു. ഇന്ത്യന്‍ സമ്പത്തിന്റെ മുക്കാല്‍ഭാഗവും 21 കോടീശ്വരന്‍മാരുടെ കയ്യിലാണെന്ന് ഉറക്കെപ്പറയാന്‍ ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയോളം ചങ്കുറപ്പുള്ളൊരു മറ്റൊരു നേതാവില്ലെന്നത് വസ്തുതയാണ്. ഇടതുപക്ഷം കോര്‍പ്പറേറ്റ് വത്കരണത്തിന് എതിരെ പറയുന്നതിനെക്കാള്‍ ശക്തമായ ഭാഷയിലാണ് പലപ്പോഴും രാഹുല്‍ മോദിയുടെ പോളിസികളെ ചോദ്യം ചെയ്തത്. അംബാനിയേയും അദാനിയേയും വഴിവിട്ട് സഹായിക്കുന്ന മോദി സര്‍ക്കാര്‍ നയങ്ങള്‍ അദ്ദേഹം നിരന്തരം ചോദ്യം ചെയ്തു. ഒടുലില്‍ ഗത്യതന്തരമില്ലാതെ മോദിക്ക് താനല്ല, കോണ്‍ഗ്രസാണ് അദാനിയെ സഹായിക്കുന്നതെന്ന മറുവാദം ഉയര്‍ത്തേണ്ടിവന്നു.

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാതെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മോദി സര്‍ക്കാര്‍, കോടീശ്വീരന്‍മാരുടെ വായ്പകള്‍ എഴുതിത്തള്ളുകയാണെന്ന് തെരുവുകള്‍ തോറും നടന്ന് സംസാരിച്ചു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം മുതല്‍ വയനാട്ടിലെ വന്യജീവി ആക്രമണം വരെയുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് കൃത്യമായ നിലപാട്, ശക്തമായ വാക്കുകള്‍.

സ്വയം ഉടച്ചുവാര്‍ത്തും കൂടെയുള്ളവരെ നവീകരണത്തിന് പ്രേരിപ്പിച്ചും സമരം നടത്തിയും വളര്‍ന്നുവന്ന രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവിന്റെ കസേര വലിച്ചിട്ട് മോദിക്ക് അഭിമുഖമായിരിക്കുന്നു. ധാര്‍ഷ്ട്യത്തോടെ തന്നെ പാര്‍ലമെന്റില്‍ നിന്നിറക്കിവിട്ട അതേ മോദിക്ക് മുന്നില്‍. ഇനി അയാള്‍ മോദിയോട് പറയാന്‍ പോകുന്നത് താന്‍ കണ്ട ഇന്ത്യയെക്കുറിച്ചാകും. മോദിക്ക് ഒരിക്കലും കാണാന്‍ സാധിക്കാത്ത ഇന്ത്യാ മഹാരാജ്യത്തെ കുറിച്ചാകും.

logo
The Fourth
www.thefourthnews.in