മാറാതെ മാറ്റിവച്ച ചെക്കും പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരും

മാറാതെ മാറ്റിവച്ച ചെക്കും പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരും

കലാകൗമുദിയുടെയും സമകാലിക മലയാളം വാരികയുടെയും പത്രാധിപരായിരുന്ന എസ് ജയചന്ദ്രൻ നായരോടൊപ്പം ജോലി ചെയ്ത ഓർമകൾ പങ്കിടുന്നു രവി മേനോൻ

ബാങ്കിൽ ചെന്ന് രൂപയായി രൂപം മാറാൻ ഒരിക്കലും യോഗമുണ്ടാകാതെ പോയ ഒരു ചെക്കുണ്ടായിരുന്നു എന്റെ കയ്യിൽ. 25 രൂപയുടെ ചെക്ക്. പി ടി ഉഷയെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമകളിൽ മോക്ഷം നേടാതെ പോയ ആ ചെക്കുമുണ്ട്. 

1985 ലെ ജക്കാർത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണമടക്കം ആറ് മെഡൽ  നേടി തിരിച്ചെത്തിയ ഉഷയെ പയ്യോളിയിൽ ചെന്നുകണ്ട് എഴുതിയ ഫീച്ചറിന്  കലാകൗമുദി പത്രാധിപർ ജയചന്ദ്രൻ നായർ സാർ അയച്ചുതന്നതായിരുന്നു ആ ചെക്ക്. "രവിക്ക് ചായ കുടിക്കാൻ" എന്ന കുറിപ്പോടെ. എഴുത്തുജീവിതത്തിൽനിന്ന് ആദ്യമായി ലഭിച്ച പ്രതിഫലം. 

ചായ-പഴംപൊരിയാദികൾക്ക്  മാത്രമല്ല ബിരിയാണിക്ക് പോലും അന്നത്തെ  25 രൂപ  ധാരാളമായിരുന്നെങ്കിലും ചെക്ക് മാറാൻ മനസ്സ് സമ്മതിച്ചില്ല. എഴുതിയത് ഉഷയെക്കുറിച്ച്; അയച്ചുതന്നത് സാക്ഷാൽ ജയചന്ദ്രൻ സാറും. എങ്ങനെ കൈവിടാനാകും അമൂല്യമായ ആ ചരിത്രരേഖയെ? അതൊരു സ്മാരകമായി അങ്ങനെ പെട്ടിയിലിരിക്കട്ടെയെന്ന് തീരുമാനിക്കുന്നു അന്നത്തെ ട്രെയിനി പത്രപ്രവർത്തകൻ. കുറേക്കാലം കൂടി പെട്ടിയിൽ ജീവിച്ചിരുന്നു ആ ചരിത്രരേഖ. പിന്നെ എങ്ങോ മറഞ്ഞു.  

മാറാതെ മാറ്റിവച്ച ചെക്കും പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരും
ഇതൊക്കെയല്ലേ നമ്മുടെ കേരളഗാനങ്ങള്‍?

അതിനും രണ്ടാഴ്ച മുൻപാണ് ജയചന്ദ്രൻ സാറുമായി ആദ്യം സംസാരിച്ചത്; ഫോണിൽ. ഏഷ്യൻ മേളയിൽ സ്വർണക്കൊയ്ത്ത് നടത്തി തിരിച്ചെത്തിയ പി ടി ഉഷയെക്കുറിച്ച് ഒരു ഫീച്ചർ വേണം. "സ്ഥിരം ഫോർമാറ്റ് വേണ്ട. വ്യത്യസ്തമാവണം. ഉഷയെ നേരിൽ കണ്ട് എഴുതി അയയ്ക്കൂ,'' അദ്ദേഹം പറഞ്ഞു. വിശ്വസിക്കാനായില്ല. കലാകൗമുദിയിൽ ഒരു ബൈലൈനോ? തുടക്കക്കാരനായ പത്രപ്രവർത്തകനെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാവാത്ത സൗഭാഗ്യം. അതായിരുന്നു തകഴിയും എം ടിയും വി കെ എന്നും എം കൃഷ്ണൻ നായരുമൊക്കെ എഴുതിയിരുന്ന, നമ്പൂതിരി വരച്ചിരുന്ന അന്നത്തെ കലാകൗമുദി. പിന്നെ സംശയിച്ചില്ല. ഉഷയെ പയ്യോളിയിൽ ചെന്നുകണ്ട് കഴിയുന്നത്ര `വ്യത്യസ്തമായ' ഫീച്ചർ എഴുതി സാറിന് അയച്ചുകൊടുത്തു. പിറ്റേ ആഴ്ച അതടിച്ചുവരികയും ചെയ്തു.

ലേഖനങ്ങൾ മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതോടൊപ്പം, എഡിറ്റിങ് ഒരു മാന്ത്രിക കലയാണെന്ന് മനസിലാക്കിത്തരിക കൂടി ചെയ്തു എസ് ജയചന്ദ്രൻ നായർ. വെറുമൊരു വെട്ടോ തിരുത്തോ മതി ഏതു ശരാശരി കോപ്പിയേയും ലാവണ്യവതിയാക്കാൻ. എഴുത്തിലെ ദുർമേദസ്സ് ചുരണ്ടിക്കളയുന്നതിൽ പോലുമുണ്ട് സവിശേഷമായ ഒരു ജയചന്ദ്രൻ നായർ ടച്ച്. തലക്കെട്ടിടുന്നതിലും പേജുകൾ രൂപ കൽപ്പന ചെയ്യുന്നതിലുമുള്ള വൈഭവം വേറെ

അതായിരുന്നു തുടക്കം. 'കലാകൗമുദി'ക്കുവേണ്ടി ജയചന്ദ്രൻ സാറിന്റെ നിർദേശപ്രകാരം പിന്നെയും സ്പോർട്സ് ലേഖനങ്ങൾ എഴുതി - ക്രിക്കറ്റ് ഒഴികെ സകല ഇനങ്ങളെക്കുറിച്ചും. കെ ആർ ഉപേന്ദ്രവർമയുടെ മേഖലയായിരുന്നു ക്രിക്കറ്റ്. ക്രിക്കറ്റെഴുത്തിൽ വർമാജിയെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല അക്കാലത്ത്. മലയാളമാധ്യമങ്ങളിലെ കളിയെഴുത്തുകൾ അധികവും ഫുട്ബോളിലും അത്‍ലറ്റിക്സിലും വോളിബാളിലുമൊക്കെ മേഞ്ഞുനടന്ന കാലത്ത് ഉപേന്ദ്രവർമയിൽ ക്രിക്കറ്റ് എക്സ്പേർട്ടിനെ കണ്ടെത്തിയ കലാകൗമുദിയുടെ ദീർഘവീക്ഷണം അപാരം. ആംചെയർ ക്രിക്കറ്റ് വിദഗ്ധരെയും സ്ഥിതിവിവരക്കണക്കുകളുടെ ആശാന്മാരെയും മുട്ടിനടക്കാൻ പറ്റാത്ത ഈ ആധുനിക കാലത്ത് നിന്നുകൊണ്ട് ആ ഗൂഗിൾരഹിത യുഗത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നും.

മാറാതെ മാറ്റിവച്ച ചെക്കും പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരും
പദ്‌മരാജൻ കഥ പറഞ്ഞു; നൊമ്പരത്തോടെ ഇളയരാജ കേട്ടിരുന്നു

ഇടയ്ക്ക് കലാകൗമുദി ഫിലിം മാഗസിനുവേണ്ടിയും എഴുതി. പിന്നണിഗാനരംഗത്തെ യുവപ്രതിഭയായ ജി വേണുഗോപാലിനെക്കുറിച്ചുള്ള ആദ്യ ലേഖനം അടിച്ചുവന്നത് 1986 ൽ ഫിലിം മാഗസിനിലാണ് - 'ഒന്ന് മുതൽ പൂജ്യം വരെ' പുറത്തിറങ്ങിയ സമയത്ത്. അത് പ്രസിദ്ധീകരിച്ചതും ജയചന്ദ്രൻ നായർ തന്നെ-'ആയിരം ഡ്യൂപ്പുകൾക്കിടയിൽ ഒരു ഒറിജിനൽ' എന്ന തലക്കെട്ടോടെ.

ലേഖനങ്ങൾ മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതോടൊപ്പം, എഡിറ്റിങ് ഒരു മാന്ത്രിക കലയാണെന്ന് മനസിലാക്കിത്തരിക കൂടി ചെയ്തു അദ്ദേഹം. വെറുമൊരു വെട്ടോ തിരുത്തോ മതി ഏതു ശരാശരി കോപ്പിയേയും ലാവണ്യവതിയാക്കാൻ. എഴുത്തിലെ ദുർമേദസ്സ് ചുരണ്ടിക്കളയുന്നതിൽ പോലുമുണ്ട് സവിശേഷമായ ഒരു ജയചന്ദ്രൻ നായർ ടച്ച്. തലക്കെട്ടിടുന്നതിലും പേജുകൾ രൂപ കൽപ്പന ചെയ്യുന്നതിലുമുള്ള വൈഭവം വേറെ. ആദ്യം ആർട്ടിസ്റ്റ് മാധവൻ നായരുടെയും പിന്നെ സാക്ഷാൽ നമ്പൂതിരിയുടേതും ഭട്ടതിരിയുടെയുമൊക്കെ അനുഗൃഹീത വിരലുകളുടെ സഹായത്തോടെ എം എസ് മണിയും എസ് ജയചന്ദ്രൻ നായരും എൻ ആർ എസ് ബാബുവും ചേർന്നൊരുക്കിയ 1970 കളിലെയും 80 കളിലെയും കലാകൗമുദി, കാലത്തിന് മുൻപേ പറന്ന പക്ഷിയായിരുന്നു. മലയാളികളുടെ ഒരു തലമുറയ്ക്ക് വായനാ വസന്തം തന്നെ സൃഷ്ടിച്ചുനൽകിയ വാരിക. കള്ളിക്കാട് രാമചന്ദ്രൻ, ഇ വി ശ്രീധരൻ, എൻ എൽ ബാലകൃഷ്ണൻ, പി കെ ശ്രീനിവാസൻ, കെ വേലപ്പൻ... ഇവരൊക്കെ ആ കാലഘട്ടത്തിന്റെ ഭാഗം.

1991 ലെ നെഹ്‌റു കപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരത്ത് ചെന്നപ്പോഴാണ് ജയചന്ദ്രൻ സാറിനെ നേരിൽ കണ്ടത്. പേട്ട കേരളകൗമുദി ഓഫീസിന്റെ ഒരു കോണിലുള്ള കലാകൗമുദി ഡെസ്കിലിരുന്ന് ആരുടെയോ സാഹിത്യ സൃഷ്ടിയുമായി ഗുസ്തിപിടിച്ചുകൊണ്ടിരുന്ന ശുഭ്രവസ്ത്രധാത്രിയായ പത്രാധിപർക്ക് മലബാറുകാരൻ ജേർണലിസ്റ്റ് ട്രെയിനിയെ പരിചയപ്പെടുത്തിയത് പ്രസാദ് ലക്ഷ്മണൻ. തലയുയർത്തി, സൗമ്യമായ ഒരു ചിരിയോടെ ജയചന്ദ്രൻ സാർ പറഞ്ഞു: "കൊള്ളാം. ഇതാണല്ലേ നമ്മുടെ രവി മേനോൻ. എന്തായാലും ആദ്യത്തെ വരവല്ലേ? നമുക്കൊരു ചായകുടിച്ചു വരാം...''

കൗമുദി വിട്ട് ഇന്ത്യൻ എക്‌സ്പ്രസിൽ ചേർന്നിട്ടും ജയചന്ദ്രൻ സാറുമായുള്ള ബന്ധം വിട്ടില്ല. ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്ക് എങ്ങനെ ആ സൗഹൃദവലയത്തിൽനിന്ന് പുറത്തുകടക്കാനാകും?

സാറിനും പ്രസാദിനും ആർട്ടിസ്റ്റ് ഭട്ടതിരിക്കും വേലപ്പനും ശരത്തിനും (അന്ന് കലാകൗമുദിയിൽ പത്രപ്രവർത്തകൻ. പിൽക്കാലത്ത് സിനിമാ സംവിധായകൻ) ഒപ്പം നേരെ പേട്ട റെയിൽവേ സ്റ്റേഷൻ കാന്റീനിലേക്ക്. അവിടെനിന്ന് സാറിന്റെ വക ചായയും ഉഴുന്നുവടയും. ചായ നുണഞ്ഞുകൊണ്ടുതന്നെ എഴുതാനുള്ള പുതിയ വിഷയങ്ങൾ നിർദേശിച്ചു അദ്ദേഹത്തിലെ പത്രാധിപർ- സ്റ്റെഫി ഗ്രാഫ്, സാൽവറ്റോർ സ്കിലാച്ചി, മാജിക് ജോൺസൺ... അങ്ങനെയങ്ങനെ.

മാറാതെ മാറ്റിവച്ച ചെക്കും പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായരും
അറിയുമോ 'ഗോളടിക്കുന്ന' മിഥുൻ ചക്രവർത്തിയെ?

കൗമുദി വിട്ട് ഇന്ത്യൻ എക്‌സ്പ്രസിൽ ചേർന്നിട്ടും ജയചന്ദ്രൻ സാറുമായുള്ള ബന്ധം വിട്ടില്ല. ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്ക് എങ്ങനെ ആ സൗഹൃദവലയത്തിൽനിന്ന് പുറത്തുകടക്കാനാകും? വൈകാതെ, സാറും എക്‌സ്‌പ്രസ് ഗ്രൂപ്പിലെത്തി- സമകാലിക മലയാളത്തിന്റെ പത്രാധിപരായി. രണ്ടാമത്തെ ലക്കം മുതലേ എഴുത്തുകാരനായി എന്നെയും കൂടെക്കൂട്ടി അദ്ദേഹം. ഇത്തവണ കളിയെഴുത്തിനേക്കാൾ `പാട്ടെഴുത്താ'യിരുന്നു എന്നൊരു വ്യത്യാസം മാത്രം. ആദ്യം അടിച്ചുവന്നത് ശെമ്മാങ്കുടി ശ്രീനിവാസയ്യരുമായുള്ള അഭിമുഖം. പിന്നെ അല്ലിയാമ്പൽ ജോബ്, പി ലീല, കോഴിക്കോട് അബ്ദുൽഖാദർ, എ ആർ റഹ്‌മാൻ...

ലളിതമായ ശൈലിയിൽ പ്രസാദാത്മകമായി മാത്രം എഴുതുന്ന ജയചന്ദ്രൻ സാറിന്റെ 'മൗനപ്രാർത്ഥന പോലെ' എന്ന രചന മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയപ്പോൾ അത്ഭുതം തോന്നിയില്ല

ഗാനഗന്ധർവൻ യേശുദാസിന്റെ ഷഷ്ടിപൂർത്തിക്ക് സ്പെഷ്യൽ ഇഷ്യൂ ഇറക്കാൻ വേണ്ടി ചെന്നൈയിലേക്കയച്ചത് മറ്റൊരു നല്ല ഓർമ. യേശുദാസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് "യേശുദാസ്, അയാം സോറി ഫോർ യു'' എന്ന പേരിൽ സക്കറിയയുടെ വിവാദ ലേഖനം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചതും ഇതേ ജയചന്ദ്രൻ സാർ തന്നെയായിരുന്നു എന്നത് കൗതുകമുള്ള കാര്യം. ഓർമപ്പെടുത്തിയപ്പോൾ പതിവുപോലെ നിശബ്ദമായി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "എന്നാൽ ഇതൊരു പ്രായശ്ചിത്തമാകട്ടെ...''

ലളിതമായ ശൈലിയിൽ പ്രസാദാത്മകമായി മാത്രം എഴുതുന്ന ജയചന്ദ്രൻ സാറിന്റെ 'മൗനപ്രാർഥന പോലെ' എന്ന രചന മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയപ്പോൾ അത്ഭുതം തോന്നിയില്ല. എഴുത്തിന്റെ വഴികളിലൂടെ കൈപിടിച്ച് നടത്തിയവരിൽ മുൻപന്തിയിൽ തന്നെയുണ്ടായിരുന്ന ആ അഭിവന്ദ്യനായ പത്രാധിപരെ നന്ദിയോടെ, അളവറ്റ സ്നേഹത്തോടെ ഓർക്കുന്നു. ആശംസകൾ നേരുന്നു...

(കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന രവി മേനോന്റെ 'അക്ഷര നക്ഷത്രങ്ങൾ' എന്ന പുസ്തകത്തിലെ ലേഖനം. പുസ്തകം ഫെബ്രുവരി 10ന് കൊച്ചിയിൽ നടി രമ്യ നമ്പീശന് നൽകി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പ്രകാശനം ചെയ്യും. വില 250 രൂപ)

logo
The Fourth
www.thefourthnews.in