ഭാഗ്യംവിറ്റ് ശതകോടീശ്വരനായ മാര്‍ട്ടിന്‍, കേരളത്തിലും വിവാദനായകന്‍; ബോണ്ട് വാങ്ങിയത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയോ?

ഭാഗ്യംവിറ്റ് ശതകോടീശ്വരനായ മാര്‍ട്ടിന്‍, കേരളത്തിലും വിവാദനായകന്‍; ബോണ്ട് വാങ്ങിയത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയോ?

ദേശാഭിമാനിയ്ക്ക് രണ്ട് കോടി രൂപ സാന്റിയാഗോ മാർട്ടിൻ നൽകിയത് വലിയ വിവാദമാകുകയും ഇ പി ജയരാജന് ജനറൽ മാനേജർ സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും ദേശീയതലത്തിലെ വലിയ ചര്‍ച്ചയായി മാറുകയാണ്. സുപ്രീംകോടതി ഉത്തരവിനെത്തതുടര്‍ന്ന് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയവരുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനുപിന്നാലെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയ്മിങ് ആൻഡ് ഹോട്ടല്‍ സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ് 1368 കോടിരൂപയാണ് തിരഞ്ഞെടുപ്പ് ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. പാർട്ടികൾക്ക് സംഭാവന നൽകാനായി 11,671 പേര്‍ വാങ്ങിയ കോടി രൂപ വീതമുള്ള ബോണ്ടുകളിൽ 1368 എണ്ണം സാന്റിയാഗോ മാര്‍ട്ടിന്റേതാണ്.

സാന്റിയാഗോ മാര്‍ട്ടിന് മലയാളികള്‍ക്ക് സുപരിചിതനാണ്. ഒരുകാലത്ത് കേരളത്തിലെ ലോട്ടറിമേഖലയെ അടക്കിവാണിട്ടുണ്ട് മാര്‍ട്ടിന്‍. അന്നൊക്കെ കേരളത്തിലെ പത്രങ്ങളുടെ തലക്കെട്ടായിരുന്നു പലപ്പോഴും മാര്‍ട്ടിന്‍. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കും പിന്നീട് കര്‍ണാടകത്തിലേക്കും വ്യാപിച്ച് ഇന്ന് ഇന്ത്യയിലെ ലോട്ടറി മേഖലയെ അടക്കിവാഴുന്ന അക്ഷരാര്‍ത്ഥത്തില്‍ രാജാവ് തന്നെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍. 2021-22 വര്‍ഷത്തെ മാര്‍ട്ടിന്റെ കമ്പനിയുടെ മൊത്തവരുമാനം 20,000 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ പശ്ചിമബംഗാളില്‍ മാത്രം 6,000 കോടി രൂപ മാര്‍ട്ടിന്റെ നികുതി അടച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഭാഗ്യംവിറ്റ് ശതകോടീശ്വരനായ മാര്‍ട്ടിന്‍, കേരളത്തിലും വിവാദനായകന്‍; ബോണ്ട് വാങ്ങിയത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയോ?
ഇലക്ടറല്‍ ബോണ്ട് സംഭാവന: സാന്റിയാഗൊ മാർട്ടിന്‍ ഒന്നാമത്, 1368 കോടി രൂപ; മുന്നിലുള്ള കമ്പനികളില്‍ മൂന്നും ഇഡി റഡാറിലുള്ളവ
2022 ഏപ്രിലിൽ ഇ ഡി പരിശോധന മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ നടന്നു. 400 കോടി രൂപയുടെ അനധികൃത സ്വത്ത് മാര്‍ട്ടിനുണ്ടെന്ന് കണ്ടെത്തിയതായി പിന്നീട് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഈ കേസുകളെല്ലാം ഉന്നത കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കോടികളുടെ സംഭാവന തിരഞ്ഞെടുപ്പ് ബോണ്ട് വഴി നല്‍കിയെന്ന കണക്ക് പുറത്തുവരുന്നത്.

എന്തിനായിരിക്കും മാര്‍ട്ടിന്‍ ഇത്രയും വലിയ തുക രാഷ്ട്രീയ പാര്‍ടിക്ക് നല്‍കിയത്?

സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയ്മിങ് കമ്പനി കുറച്ചുകാലമായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമൊക്കെ മാര്‍ട്ടിന്റെ കമ്പനിയില്‍ പലതവണ കയറിയിട്ടുണ്ട്.

2023ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാര്‍ട്ടിന്റെ 910.29 കോടി സ്വത്ത് ജപ്തി ചെയ്തിരുന്നു. ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ആ നടപടി. എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ചോദ്യം ചെയ്ത് മാര്‍ട്ടിന്‍ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. 2023 ഒക്ടോബറില്‍, ആദായനികുതി വകുപ്പ് ഫ്യൂച്ചര്‍ ഗെയിമിങ്ങുമായി ബന്ധപ്പെട്ട് നാല് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള ഇ ഡി അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. ഇതേത്തുടര്‍ന്നായിരുന്നു 910. 29 കോടി രൂപയുടെ സ്വത്ത് താല്‍കാലികമായി മരവിപ്പിച്ചത്.

ഭാഗ്യംവിറ്റ് ശതകോടീശ്വരനായ മാര്‍ട്ടിന്‍, കേരളത്തിലും വിവാദനായകന്‍; ബോണ്ട് വാങ്ങിയത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയോ?
ഇലക്ടറൽ ബോണ്ട്: പട്ടികയിൽ വിവിധ ഏജൻസികളുടെ അന്വേഷണ നടപടികൾ നേരിട്ട മുൻനിര കമ്പനികളും, ബോണ്ട് വാങ്ങിയത് റെയ്ഡിന് പിന്നാലെ

2022 ഏപ്രിലിലും ഇ ഡി പരിശോധനകള്‍ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ നടന്നു. 400 കോടി രൂപയുടെ അനധികൃത സ്വത്ത് മാര്‍ട്ടിനുണ്ടെന്ന് കണ്ടെത്തിയതായി പിന്നീട് ഇ ഡി വ്യക്തമാക്കിയിരുന്നു. ഈ കേസുകളെല്ലാം ഉന്നത കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കോടികളുടെ സംഭാവന തിരഞ്ഞെടുപ്പ് ബോണ്ട് വഴി നല്‍കിയെന്ന കണക്ക് പുറത്തുവരുന്നത്. അതും ചെറിയ കോടികളല്ല, 1368 കോടി രൂപ.

സാൻ്റിയാഗോ മാർട്ടിൻ്റെ ഭാര്യ ലീമ റോസ് മാർട്ടിൻ പ്രധാനമന്ത്രിക്കൊപ്പം രാഷ്ട്രീയ യോഗത്തിൽ
സാൻ്റിയാഗോ മാർട്ടിൻ്റെ ഭാര്യ ലീമ റോസ് മാർട്ടിൻ പ്രധാനമന്ത്രിക്കൊപ്പം രാഷ്ട്രീയ യോഗത്തിൽ

തമിഴ്നാട്ടിലെ അനധികൃത മണല്‍ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി മാര്‍ട്ടിന്റെ മരുമകന്‍ ആധവ് അര്‍ജുനിന്റെ സ്വത്ത് വിവരങ്ങള്‍ ഈ വര്‍ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു

2014ല്‍ നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തമിഴ്‌നാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ട ഒരു വ്യക്തി മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിനായിരുന്നു. അന്ന് പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായി. ടി ആര്‍ പച്ചമുത്തുവിന്റെ ഐ ജെ കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിരുന്നു അന്ന് മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ്. എ ജെ കെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. 2015ല്‍ മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് ജോസ് മാര്‍ട്ടിന്‍ റാം മാധവിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. ഈ സാഹചര്യങ്ങളും തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനയും ചേര്‍ത്തുവായിക്കേണ്ടതാണ്.

ഭാഗ്യംവിറ്റ് ശതകോടീശ്വരനായ മാര്‍ട്ടിന്‍, കേരളത്തിലും വിവാദനായകന്‍; ബോണ്ട് വാങ്ങിയത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയോ?
'ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല?'; എസ്ബിഐക്കെതിരെ വീണ്ടും സുപ്രീംകോടതി
സിപിഎമ്മിലെ ഒരു ഉന്നത നേതാവിന്റെ അടുപ്പക്കാരനായ എം കെ ദാമോദരന്‍ ഇ ഡിക്കെതിരായ കേസില്‍ മാര്‍ട്ടിന്റെ ലീഗല്‍ കോണ്‍സലായത് വീണ്ടും കേരളത്തില്‍ വിവാദമായി. മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള സാഹചര്യമൊരുക്കിയത് സിപിഎമ്മാണെന്ന വലിയ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ രണ്ട് കോടി രൂപ നല്കിയത് പാർട്ടിയിൽ വലിയ വിവാദമായി. ഇതേത്തുടർന്ന് ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനം ഇ പി ജയരാജന് നഷ്ടമായി.

കേരളത്തില്‍ വിവാദം സൃഷ്ടിച്ച സാന്റിയാഗോ മാര്‍ട്ടിന്‍

2005 മുതല്‍ സിക്കിം സര്‍ക്കാരിന്റെ ലോട്ടറി എന്ന പേരില്‍ കേരളത്തില്‍ മാര്‍ട്ടിന്‍ തന്റെ ലോട്ടറികള്‍ വിറ്റഴിച്ചു. സിക്കിം സര്‍ക്കാരിനെ വെട്ടിച്ച് 4500 കോടി രൂപ മാര്‍ട്ടിന്‍ സമ്പാദിച്ചെന്ന പേരില്‍ സി ബി ഐ 2011ല്‍ കേസെടുത്തിരുന്നു. ഈ സംഭവം കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. 2014ല്‍ സിക്കിം ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ നിരോധിച്ചു. ഈ കേസില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലാണ് ഇപ്പോഴും.

മാര്‍ട്ടിനുവേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പോയത് കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ചു. കേരളത്തിലെ യുഡിഎഫ് സമ്മര്‍ദത്തെത്തുടര്‍ന്ന് അദ്ദേഹം ആ കേസില്‍ നിന്ന് പിന്മാറി. സിപിഎമ്മിലെ ഒരു ഉന്നത നേതാവിന്റെ അടുപ്പക്കാരനായ എം കെ ദാമോദരന്‍ ഇഡിക്ക് എതിരായ കേസില്‍ മാര്‍ട്ടിന്റെ ലീഗല്‍ കോണ്‍സലായത് വീണ്ടും കേരളത്തില്‍ വിവാദമുയർത്തി.

മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎമ്മാണെന്ന വലിയ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ രണ്ട് കോടി രൂപ നല്കിയത് പാർട്ടിയിൽ വലിയ വിവാദമായി. ഇതേത്തുടർന്ന് ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനം ഇ പി ജയരാജന് നഷ്ടമായി. മാര്‍ട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രേക്ഷണം നടത്തിയിരുന്നത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയില്‍ മാത്രമായിരുന്നുവെന്ന കാര്യവും കോണ്‍ഗ്രസ് ഉന്നയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍നിന്നു കെട്ടുകെട്ടിച്ചശേഷവും മാര്‍ട്ടിന്റെ പരസ്യം ദേശാഭിമാനിയില്‍ വന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പക്ഷേ, ഈ പറയുന്ന കോണ്‍ഗ്രസും ഒട്ടും മോശമല്ല. മാര്‍ട്ടിന്റെ സംഭാവനകള്‍ പല ഘട്ടങ്ങളിലായി കോണ്‍ഗ്രസ് പോക്കറ്റിലേക്കും എത്തിയിട്ടുണ്ട്.

മാര്‍ട്ടിന്റെ ഇലക്ടറല്‍ ബോണ്ട് സംഭാവന ഏതൊക്കെ പാര്‍ട്ടിക്കാണ് പോയതെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പറയുന്നില്ല. എന്തായാലും സിപിഎം, സിപിഐ പാര്‍ട്ടികള്‍ ബോണ്ട് വഴി സംഭാവന കൈപ്പറ്റിയിട്ടില്ല. തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ സുപ്രീംകോടതിയിലെ ഹര്‍ജിക്കാരില്‍ സിപിഎമ്മുമുണ്ട്.

മാർട്ടിന്റെ മകൻ ചാൾസ് ജോസ് മാർട്ടിൻ ബിജെപി നേതാവ് രാം മാധവിനൊപ്പം
മാർട്ടിന്റെ മകൻ ചാൾസ് ജോസ് മാർട്ടിൻ ബിജെപി നേതാവ് രാം മാധവിനൊപ്പം
ലോട്ടറി ലാഭത്തില്‍നിന്ന് മാര്‍ട്ടിന്‍ കെട്ടിപ്പൊക്കിയത് വലിയ വ്യവസായങ്ങളായിരുന്നു. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ കമ്പനി, ടെക്‌സ്‌റ്റൈല്‍സ് ശൃംഖലകള്‍, ഹോസ്പിറ്റാലിറ്റി, മാധ്യമം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തുടങ്ങി മാര്‍ട്ടിന്‍ കൈവെക്കാത്തതായി ഒന്നുമില്ല

കോടികളുടെ കൊടുമുടിയിലേക്കുള്ള മാര്‍ട്ടിന്റെ യാത്ര

ചെറുപ്രായത്തില്‍ 1988ലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കച്ചവടം തുടങ്ങുന്നത്. തമിഴ്‌നാട്ടില്‍നിന്നായിരുന്നു തുടക്കം. പിന്നീട് കേരളത്തിലേക്കും കര്‍ണാടകത്തിലേക്കും കച്ചവടം വ്യാപിപ്പിച്ചു. ഭാഗ്യപരീക്ഷണങ്ങളുടെ കച്ചവടത്തില്‍ ഭാഗ്യം മാര്‍ട്ടിനൊപ്പമായിരുന്നു എന്നും. എന്നാല്‍ ജയലളിത മാത്രം മാര്‍ട്ടിനോട് അടുപ്പം കാണിച്ചില്ല. അവരുടെ ഭരണകാലത്താണ് തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധിച്ചത്. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ 2012ല്‍ മാര്‍ട്ടില്‍ ജയിലിലായി. ഏഴു മാസത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി.

ലോട്ടറി ലാഭത്തില്‍നിന്ന് മാര്‍ട്ടിന്‍ കെട്ടിപ്പൊക്കിയത് വലിയ വ്യവസായങ്ങളായിരുന്നു. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ കമ്പനി, ടെക്‌സ്‌റ്റൈല്‍സ് ശൃംഖലകള്‍, ഹോസ്പിറ്റാലിറ്റി, മാധ്യമം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തുടങ്ങി മാര്‍ട്ടിന്‍ കൈവെക്കാത്തതായി ഒന്നുമില്ല. മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും അദ്ദേഹം ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി.

ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 1991-ലാണ് തുടങ്ങിയത്. ലോട്ടറി നിയമവിധേയമായ 13 സംസ്ഥാനങ്ങളിലായി മാര്‍ട്ടിന്റെ ജനപ്രിയ ലോട്ടറി വിപണി കണ്ടെത്തുന്നുണ്ട്. ഏതായാലും ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ഒരുപക്ഷേ, ലോകത്ത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരായി വീണ്ടും സാന്റിയാഗോ മാര്‍ട്ടിന്‍ മാറിയിരിക്കുന്നു.

ഭാഗ്യംവിറ്റ് ശതകോടീശ്വരനായ മാര്‍ട്ടിന്‍, കേരളത്തിലും വിവാദനായകന്‍; ബോണ്ട് വാങ്ങിയത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയോ?
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി; പണം നല്‍കിയത് വമ്പന്‍ കമ്പനികള്‍, സിപിഎമ്മും സിപിഐയും വാങ്ങിയില്ല

16,000 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടില്‍ ഏറ്റവും അധികം ബോണ്ട് വാങ്ങിയ കമ്പനി മാര്‍ട്ടിന്റേതാണെന്ന് വ്യക്തമായി. ഇനി ഔദ്യോഗികമായി പുറത്തുവരേണ്ടത് മാര്‍ട്ടിന്റെ ഈ പണം ആര്‍ക്കാണ് കിട്ടിയത് എന്നാണ്. സാഹചര്യങ്ങള്‍ വെച്ച് അത് ഏത് പാര്‍ട്ടിക്കാണ് കിട്ടിയതെന്ന് ഊഹിക്കാം. പക്ഷേ, വിവരം സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in