ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം

ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം

ഷനോജ് ആർ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന കഥാസമാഹാരം കുട്ടനാടിന്റെ പ്രകൃതിയെയും പുഴയുടെ തണുപ്പിനേയും രചനയിൽ ആവാഹിച്ച കൃതിയാണ്. നിഷ്കളങ്കരുടെ സ്നേഹവും പ്രണയവും രതിയും മരണവുമാണ് കഥകളിലെ പ്രമേയം 

കഥപറച്ചിലിന്റെ  സമകാലിക മുഖമാണ് ഷനോജ് ആർ ചന്ദ്രൻ. അധിവസിക്കുന്ന നാടിന്റ ചരിത്രവും ഭാഷയും മിത്തും ജീവിതങ്ങളും തുടിപ്പും ഒപ്പിയെടുത്താണ് ഷനോജ് തന്റെ കഥകൾ നിർമിച്ചെടുക്കുന്നത്. കേവലം നിർമിത കഥകളിൽ നിന്ന് വ്യത്യസ്തമായി വൈവിധ്യമായ ഭാവനയുടെ അലകുകൾ ചാർത്തി കുട്ടനാടിന്റെ പ്രകൃതിയെയും പുഴയുടെ തണുപ്പിനേയും കഥകളിലേക്ക് ആവാഹിക്കുവാൻ ഷാനോജിന് കഴിഞ്ഞിട്ടുണ്ട്. പക, വിദ്വേഷം, ചതി എന്നീ ഭാവങ്ങളിൽ നിന്ന് വ്യതിചലിച്ച് നിഷ്കളങ്കരായ മനുഷ്യരുടെ സ്നേഹവും പ്രണയവും രതിയും മരണവുമാണ് ഷനോജിന്റെ കഥകളിൽ കൂടുതൽ പ്രതിപാദിക്കുന്നത്. ആദ്യ കഥാസമാഹാരമായ ‘കാലൊടിഞ്ഞ പുണ്യാളനി’ൽ വ്യത്യസ്തമായ ഏഴു കഥകളാണുള്ളത്. ആവിഷ്ക്കാരം  കൊണ്ടും കഥാവതരണം കൊണ്ടും ഭിന്ന സ്വഭാവമുള്ള കഥകളാണെങ്കിലും അവയിൽ മിക്കതിനേയും കൂട്ടിയോജിപ്പിക്കുന്ന ദൃശ്യവും അദൃശ്യവുമായ കണ്ണികളുണ്ട്.

ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ  പരസ്പരപൂരതമായി വർത്തിക്കുന്ന രതിയും മൃതിയും ഉള്‍പ്പെടെ കഥാഗതിക്ക് ആക്കം കൂട്ടുന്നത്

പ്രാദേശിക അനുഭവക്കാഴ്ചകൾക്ക് ഊന്നൽ നൽകിക്കൊണ്ട് ദേശീയവും അന്തർദേശീയവുമായ  ആക്ഷേപ രാഷ്ട്രീയവും ജീവിതകാമനകളും ഷനോജിന്റെ കഥകളിൽ കടന്നു വരുന്നു. മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള യാത്രയിൽ സന്തതസഹചാരിയാകുന്ന പ്രകൃതി, കാമനകൾക്കും നിസ്സഹായതക്കും മരണത്തിനും സാക്ഷ്യം വഹിക്കുന്ന പുഴ, ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ  പരസ്പരപൂരതമായി വർത്തിക്കുന്ന രതിയും മൃതിയും ഇവയെല്ലാമാണ് കഥാഗതിക്ക് ആക്കം കൂട്ടുന്നത്.

ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ  മർത്യനു പെറ്റമ്മ തൻ ഭാഷ താൻ

പമ്പാനദിയുടെ അരികുപറ്റി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങളോടൊപ്പം അന്യദേശക്കാരും കഥയിൽ കടന്നുവരുന്നത്  അപ്രതീക്ഷിതമല്ല. ആദ്യ കഥയായ മീന്റെ വാലേൽ  പൂമാല 2020-ൽ  എഴുതപ്പെട്ട കഥയാണ്. ഒറ്റമുറിയിൽ ജീവിതം തുടങ്ങുകയും അവസാനിപ്പിക്കേണ്ടിയും വരുന്ന ദളിതരായ മനുഷ്യരുടെ അതിദയനീയതയെ മനുഷ്യന്റെ ജൈവിക ചോദനയായ പ്രണയത്തിന്റേയും രതിയുടേയും ഭാഷ്യം കലർത്തിയാണ് കഥയിൽ ആവിഷ്കരിക്കുന്നത്. സിനിമാവിഷ്കരണത്തിന്റെ മാതൃകയിൽ ദൃശ്യാത്മകവും സംഗീതാത്മകവുമായാണ് മീന്റെ വാലേൽ പൂമാല എന്ന കഥ. കോളനികളിൽ ജീവിക്കുന്ന മനുഷ്യരുടെ ദാരിദ്ര്യം വ്യക്തമാക്കുന്നതോടൊപ്പം ഒരു മുറിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം ആസ്വദിക്കുന്നത് എങ്ങനെയെന്ന ചിത്രം കൂടി ഈ കഥ വരച്ചിടുന്നു. അപ്രതീക്ഷിതമായി കടന്നുവരുന്ന മരണം മൂലം മകന്റെ ആദ്യരാത്രിയുടെ മാധുര്യം കുറയാതിരിക്കാൻ അമ്മയുടെ ശവക്കുഴി തന്നെ മണ്ണിട്ടുമൂടി ആദ്യരാത്രിക്കുള്ള കട്ടിലായി മാറ്റിയെടുക്കുന്നു കഥയിൽ നളിനിയും ദാസനും. പ്രണയവും രതിയും മരണത്തിന്റെ തണുപ്പിനെ  മറികടക്കുന്ന സന്ദർഭമാണ് കഥയിൽ കാണുന്നത്. മരണ ഗന്ധം  മായ്ക്കാനായി കത്തിച്ച സുഗന്ധ തിരികളും വിതറിയ പൂക്കളും  പകിട്ടു കൂട്ടുന്നത് ആദ്യ രാത്രിക്ക് കൂടിയാണ്. തലചായ്ക്കാൻ മറ്റൊരു ഇടമില്ലാതെ ജയിൽ മുറിയിൽ നിന്ന് ഇറങ്ങാൻ വിസമ്മതിക്കുന്ന നളിനിയുടേയും  ദാസന്റേയും  മുഖത്തെ ദൈന്യത എളുപ്പം വായിച്ചെടുക്കാവുന്നതാണ്. അതേസമയം അവരുടെ മകൻ ബിജുവും ഭാര്യ വിനീതയും ആദ്യരാത്രിയുടെ പടവുകൾ പാട്ടുകൾ പാടികൊണ്ട്  ഓരോന്നായി കയറി തുടങ്ങുന്നു. ജയിലിനുള്ളിൽ നിന്നും ഒറ്റ മുറിയിലെ ജനാലയുടെ വിടവിലൂടെയും നിലാവിനെയും ചന്ദ്രനേയും തിരഞ്ഞു പോകുന്ന  കണ്ണുകളിൽ ഒരേ പ്രണയത്തിന്റെയും രതിയുടെയും  തീവ്രതയാണുള്ളത്. "ശ്മാശാനങ്ങളാ സാറേ ഞങ്ങളുടെ ഭൂമിക" എന്ന് അധികാരികളോട് ഗദ്ഗദത്തോടെ പറഞ്ഞിറങ്ങുന്ന ദാസൻ നിസ്സഹായരായ ഒരുപറ്റം മനുഷ്യരുടെ പ്രതീകമാണ്. കഥയിൽ ഷനോജ് സ്വീകരിച്ച ആവിഷ്കാരവൈദഗ്ധ്യവും  കഥാപാത്രനിർമ്മിതിയും ഭാഷയും എടുത്തു പറയേണ്ടതാണ്. ശൃംഗാരം കലർന്ന പ്രണയവും രതിയും ആസ്വദിക്കുന്ന തലത്തിൽ നിന്ന്  ആത്യന്തികമായ മനുഷ്യ വേദനയെ കൂടി  കഥ ഇതിവൃത്തമാക്കുന്നു. ജീവിതവും മരണവും തമ്മിലുള്ള അതിർവരമ്പ് എത്രമാത്രം നേർത്തതാണെന്ന് കഥ തെളിച്ചെടുക്കുകയും ചെയ്യുന്നു. 

ചങ്ങാടം രണ്ട് തവണ കഥയുടെ  ഗതി നിർണയിക്കുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് ആമ്പൽ  പാടത്തെ ഒരു ചങ്ങാടത്തിൽ വച്ചാണ് അന്നയും ക്ലീറ്റസും ആദ്യമായി ചുംബിക്കുന്നത്. ക്ലീറ്റസിന്റെ ശവശരീരം കൊണ്ടുവന്ന അലങ്കരിച്ച ആംബുലൻസ് കാണുമ്പോൾ ആമ്പൽ  പാടത്തെ ചങ്ങാടം അന്നയ്ക്ക്  ഓർമ്മ വരുന്നത് സ്വാഭാവികമായിരിക്കാം

കാലൊടിഞ്ഞ പുണ്യാളനിലെ  മറ്റൊരു കഥയായ ‘ആമ്പൽ പാടത്തെ ചങ്ങാടം’ നോക്കിയാൽ കുട്ടനാടിന്റെ ജീവിതയാഥാർത്ഥ്യങ്ങളും പമ്പാ നദിയുടെ ഒഴുക്കിനൊപ്പം നീങ്ങുന്ന കഥാ വിഗതികളും കൊണ്ട് സമ്പന്നമാണ്. പ്രത്യക്ഷമായി തന്നെ പ്രണയവും രതിയും ഇഴ കലർത്തിയാണ് കഥയുടെ ആഖ്യാനം. കുട്ടനാടൻ കഥാ ഭൂമികയിൽ നിന്നുകൊണ്ടുതന്നെ സാധാരണ മനുഷ്യരുടെ മാനസികാവസ്ഥകളെ ഒപ്പിയെടുക്കാനുള്ള തീവ്രശ്രമം കൂടിയാണ് ഈ കഥയിലും ഷനോജ് നടത്തുന്നത്. കാമുകിയെ കാണാൻ അവളുടെ ഭർത്താവില്ലാത്ത സമയം നോക്കി ഒരു ചങ്ങാടത്തിന്റെ സഹായത്തോടെ അവളുടെ വീട്ടിൽ എത്തുന്ന ജോർജുകുട്ടി. വാഴപ്പിണ്ടി ചങ്ങാടവും പുഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കമിതാക്കളായ അന്നയുടെയും ജോർജുകുട്ടിയുടെയും ശരീരവുമായി ചേർത്തുവയ്ക്കുന്നുണ്ട് കഥയിൽ. സ്ത്രീ ശരീരത്തിന്റെ മിനുസവും വഴക്കവും വെണ്മയും വാഴപ്പിണ്ടി ചങ്ങാടമായും ഒഴുകുന്ന പുഴയെ പുരുഷനായും ഉപമിച്ചിരിക്കുന്നു. ഒരു സെക്കൻഡ് പോലും നഷ്ടപ്പെടാതെ പ്രണയനിയിൽ മുങ്ങി നിവർന്ന് അവളുടെ ഓരോ തുള്ളിയും രുചിക്കാനാണ് അയാൾ  (ജോർജുകുട്ടി) പുഴ കടക്കുന്നത്. വീര്യം കൂടിയ ലഹരി പോലെ ആസ്വദിച്ചു തീരണം ജീവിതമെന്ന  യാഥാർത്ഥ്യം കൂടി ഇവിടെ വ്യക്തമാക്കുന്നുണ്ട്. അന്നയുടെ ഭർത്താവായ ക്ലീറ്റസിന്റെ ശവശരീരം ഇരുട്ടിന്റെ മറവിൽ ചങ്ങാടമായി തെറ്റിദ്ധരിച്ചാണ് ജോർജുകുട്ടി പുഴകടന്ന് പോകുന്നത്. ചങ്ങാടം രണ്ട് തവണ കഥയുടെ  ഗതി നിർണയിക്കുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് ആമ്പൽ  പാടത്തെ ഒരു ചങ്ങാടത്തിൽ വച്ചാണ് അന്നയും ക്ലീറ്റസും ആദ്യമായി ചുംബിക്കുന്നത്. ക്ലീറ്റസിന്റെ ശവശരീരം കൊണ്ടുവന്ന അലങ്കരിച്ച ആംബുലൻസ് കാണുമ്പോൾ ആമ്പൽ  പാടത്തെ ചങ്ങാടം അന്നയ്ക്ക്  ഓർമ്മ വരുന്നത് സ്വാഭാവികമായിരിക്കാം. പ്രേമം നീരു  വറ്റിയാൽ എല്ലാവരും ശവങ്ങളാ ജീവിച്ചിരിക്കുമ്പോൾ തന്നെ എന്ന തത്വവും അന്നയിൽ  നിന്നുതന്നെ ഉരുത്തിരിഞ്ഞു വരുന്നതാണ്. പ്രണയം ഇല്ലാത്ത കാമവും കാമമില്ലാത്ത പ്രണയവും മനുഷ്യനിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ഷനോജ് കഥ പൂർത്തിയാക്കുന്നത്.  

ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം
മായ്ച്ചുകളയാനാവാത്ത 'കറ'കൾ

അരയന്നം, പ്രണയ സാഫല്യത്തിനായി ആഭിചാരക്രിയ നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. അരയന്നത്തിലെ കഥാനായകന്റെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം അയാൾക്കുണ്ടാകുന്ന നൈരാശ്യമാണ് കഥാതന്തു. ബാർബർ അഭിലാഷിന്  എസ് ഐ ളൂബിയുടെ സഹോദരി എൽസമ്മയോടുള്ള ആഗ്രഹവും കൊതിയുമാണ് അയാളെക്കൊണ്ട് ആഭിചാരക്രിയ നടത്താനും  ഫേസ്ബുക്കിൽ ഫെയ്ക്ക് ഐഡി നിർമ്മിച്ച്‌ സന്ദേശം അയക്കാനും പ്രേരിപ്പിക്കുന്നത്.  വെളുത്ത വാവ് ദിവസം ഒഴുകുന്ന വെള്ളത്തിൽ  താറാവിടുന്ന മുട്ടയിൽ എൽസമ്മയുടെ മുടിനാരുകൾ നട്ടു മുളപ്പിച്ച് അവളെ വശത്താക്കാനുള്ള വിദ്യ ഉപദേശിച്ചത് ദുർമന്ത്രവാദിയായ കുര്യനാണ്. അതോടൊപ്പം ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച അവൾക്ക് സന്ദേശമയച്ചു  ബന്ധം ദൃഢമാക്കാനും  അഭിലാഷ് തയ്യാറാക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധ മൂലം സന്ദേശം അയക്കുന്നത് അഭിലാഷിന്റെ യഥാർത്ഥ പ്രൊഫൈലിൽ നിന്നാവുകയും എസ്ഐ കാര്യമറിഞ്   ബാർബർ ഷോപ്പിലെത്തി തന്റെ  ഗുഹ്യഭാഗം ഷേവ് ചെയ്യാനായി അഭിലാഷിനെ  നിർബന്ധിക്കുകയും ചെയ്യുന്നു. ആഭിചാരക്രിയ തെറ്റിയത് മൂലം ഹൃദയത്തിൽ വളരേണ്ട പ്രേമം തലക്കകത്തു  ക്യാൻസർ പോലെ വളർന്നു വരികയും അവളുടെ തല താറാ മുട്ട പോലെയായി എന്നും കഥാകൃത്ത് പറയുന്നുണ്ട്.  എൽസമ്മയെ  കാണാനെത്തിയ അഭിലാഷിനോട് അവൾ  ചോദിക്കുന്നുണ്ട് വെളുത്ത വാവ് ദിവസം തന്നെയാണോ മുട്ടയെടുത്തത് എന്ന്. അന്തരീക്ഷം വെളുത്തതായിരുന്നെങ്കിലും തന്റെ മനസ്സിൽ കറുത്തവാവായിരുന്നു എന്ന സത്യം അഭിലാഷ് വെളിപ്പെടുത്തുന്നു. പ്രണയിക്കുമ്പോൾ ധൈര്യമില്ലാതായതിന്റെ  പരിണിതഫലമാണ് താൻ അനുഭവിക്കുന്നതെന്ന് അഭിലാഷ് വിശ്വസിച്ചു. പ്രണയവും കാമവും അത്രകണ്ട് ഹൃദയത്തിൽ കൊണ്ടു നടക്കുമ്പോഴും ധൈര്യമുള്ള കാമുകനാകാൻ പറ്റുന്നില്ല  എന്നതാണ് ഇവിടെ അഭിലാഷ് വ്യക്തമാക്കുന്നത്. ഈ കഥയിലെ പ്രണയ പ്രതീകം കുട്ടനാട്ടിലെ താറാവാണ്. അത് അരയന്നമായി അഭിലാഷിന്റെ മനസ്സിലാകെ  നീന്തിത്തുടിക്കുന്നുണ്ട്; ആമ്പൽ പാടത്തെ ചങ്ങാടത്തിലാകട്ടെ ചങ്ങാടമാണ് പ്രണയത്തിന്റെ ബിംബമായി വർത്തിക്കുന്നത്.

കാലൊടിഞ്ഞ പുണ്യാളൻ എന്ന് പേരിട്ട കഥ പുണ്യാളൻ  സ്വരൂപത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള രണ്ട് വിഭാഗങ്ങളുടെ തർക്കത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. കഥയ്ക്കുള്ളിൽ മറ്റൊരു കഥ ചേർത്തുവച്ച് തന്നെയാണ് കാലൊടിഞ്ഞ പുണ്യാളന്റെയും നിർമിതി

ഈ കഥകളോടൊപ്പം തന്നെ ചേർത്ത് വായിക്കാവുന്ന കഥയാണ് കുളിപ്പുരയിലെ രഹസ്യം എന്ന കഥ. കോവിഡ് പശ്ചാത്തലത്തിലാണ് കഥയുടെ ആവിഷ്കാരം നടന്നിട്ടുള്ളത്. പതിവുപോലെ തന്നെ പ്രാദേശിക കഥാ ഭൂമികയിൽ നിന്ന് തന്നെയാണ് കുളിപ്പുരയിലെ  രഹസ്യവും ഷനോജ് പറഞ്ഞു തുടങ്ങുന്നത്. ലോക്ഡൗണിൽ അകപ്പെട്  മീൻ പിടിക്കാനും കുളിക്കാനുമായി പമ്പയാറിലും പരിസരപ്രദേശത്തും എത്തിച്ചേരുകയും പുഴക്കരയിൽ കുളിക്കുന്ന പ്രതിബയുടെ കുളി കാണാൻ നട്ടുച്ച നേരത്തും വ്യഗ്രത  കാണിച്ചുകൊണ്ട് മീൻ വല വീശുന്ന ഷൈജുവിന്റെ കഥയാണിത്. കൂട്ടത്തിൽ കരുമാടിക്കുട്ടന്റെ മിത്തുകൂടി കഥയുമായി ബന്ധിപ്പിക്കുന്നു. ശവം, രതി എന്നിവ കൊണ്ട് എഴുത്തുകാരൻ നിർമ്മിച്ചെടുത്ത സർഗാത്മകത കൂടുതൽ വ്യക്തമാക്കുന്ന കഥ കൂടിയാണ് കുളിപ്പുരയിലെ രഹസ്യം എന്ന് പറയാം. ഷൈജുവിനൊപ്പം പിറന്ന ഇരട്ടകളിൽ ഒന്നിൽ ചാപിള്ളയായി തീരുകയും അതിന്റെ മാനസികാഘാതത്തിൽ കരുമാടിക്കുട്ടന്റെ പാതി അന്വേഷിച്ചിറങ്ങിയ ഷൈജുവിന്റെ അച്ഛനും പുഴയിൽ കുളിക്കാൻ ഇറങ്ങവേ കഴുന്നകൾ  (ഒരുതരം ജലജീവി) കടിച്ചു പുഴയിൽ താഴ്ത്തിയ അമ്മയും കഥയിൽ കടന്നുവരുന്നുണ്ട്. കഴുന്നകളുടെ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സുന്ദരിയായ പ്രബിത പുഴയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ അവൾക്കുണ്ടാകുന്നതും സമാന അനുഭവം തന്നെയായിരുന്നു. 

ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം
വേര് പടർത്തുന്ന വഴികൾ

പ്രബിതയുടെ കുളിയിൽ ഷൈജു  ആസ്വദിച്ചിരിക്കുന്ന ഒരു നിമിഷത്തിലാണ് കഴുന്നയുടെ ആക്രമണം ഉണ്ടാകുന്നത്. ആസ്വദിച്ചുകൊണ്ടിരിക്കുന്ന രതി കൺമുന്നിൽ മരണമാകുന്ന കാഴ്ചയായി മാറി  പ്രബിതയുടെ മുല കടിച്ചു പറിച്ചു കൊണ്ടുപോകുന്ന കഴുന്നയെ കണ്ടിട്ടും അതിനെ കൊല്ലാനോ പ്രബിതയെ രക്ഷിക്കാനോ ഷൈജുവിന് കഴിയുന്നില്ല. മിത്തും ചരിത്രവും രൂപപ്പെടുത്തുന്നതിനോടൊപ്പം  സ്വപ്നവും യാഥാർത്ഥ്യവും ഇഴകലർത്തിയാണ് കഥ നിർമ്മിച്ചിട്ടുള്ളത്. പ്രബിതയുടെ കുളിയിലും അവളുടെ നഗ്ന  ശരീരത്തിലും ആസക്തനാകുന്ന ഷൈജുവിന്റെ ഉള്ളിൽ കാമം ഇഴഞ്ഞു കയറുന്നതും നഗ്നമായ ശവശരീരത്തിലും പാതിമുറിഞ്ഞ മുലയുടെ പൂർണ്ണതയോർത്താസ്വദിക്കുന്നതും  കഥയിൽ കാണാം. കഴുന്നയെ പിടിക്കാനായി ആഴത്തിൽ വലയെറിയുന്ന അവരുടെ കൈകളിലേക്ക് കരുമാടിക്കുട്ടന്റെ പാതിവിഗ്രഹം വന്നുചേരുന്നതും ശരീരമെന്ന സ്രോതസ്സിലൂടെ  ജീവിതത്തിനുണ്ടാകുന്ന  പൂർണ്ണതയെ കുറിച്ച് സൂചന നൽകുന്നതിന് വേണ്ടി തന്നെയായിരിക്കും.

ജലം കൊണ്ട് മുറിവേറ്റവരുടെ സുവിശേഷം
മോക്ഷം തേടി അലയുന്ന ദൈവങ്ങൾ; രാഷ്ട്രീയ മോക്ഷം തേടുന്ന ഭക്തർ

കാലൊടിഞ്ഞ പുണ്യാളൻ എന്ന് പേരിട്ട കഥ പുണ്യാളൻ  സ്വരൂപത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള രണ്ട് വിഭാഗങ്ങളുടെ തർക്കത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. കഥയ്ക്കുള്ളിൽ മറ്റൊരു കഥ ചേർത്തുവച്ച് തന്നെയാണ് കാലൊടിഞ്ഞ പുണ്യാളന്റെയും നിർമിതി. വേദന നിറഞ്ഞ മനുഷ്യരുടെ അവസ്ഥ മനസ്സിലാക്കാൻ അതേ വേദനയുള്ള/ കാലൊടിഞ്ഞ പുണ്യാളനെ മനസ്സിലാകൂ എന്ന ഒറ്റക്കാരണം കൊണ്ട് തന്നെയായിരുന്നു കാലങ്ങൾക്കു മുമ്പ് കടപ്രയിൽ പണിത പള്ളിയിൽ പ്രതിഷ്ഠിക്കാൻ കൊല്ലത്തെ പള്ളിയുടെ മച്ചിൽ കിടന്നിരുന്ന കാലൊടിഞ്ഞ പുണ്യാളന്റെ സ്വരൂപം കടപ്രക്കർ ചോദിച്ച്‌ വാങ്ങിയത്. കാലൊടിഞ്ഞ പുണ്യാളന് മറ്റുള്ളവരുടെ വേദന മനസ്സിലാകും എന്ന വിശ്വാസമാണ് ആ പ്രതിമ തന്നെ വാങ്ങാനും പ്രതിഷ്ഠിക്കാനും അവരെ നിർബന്ധിച്ചത്. പുണ്യാളന്റെ പ്രതിമ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പീറ്ററാണ് കഥയിലേക്ക് കേന്ദ്ര കഥാപാത്രം. ഒന്നര വയസ്സ് പ്രായമായ മകനെ പിള്ളേരെ പിടുത്തക്കാർ തട്ടിക്കൊണ്ടുപോയ വേദനയിലാണ് പീറ്ററും ഭാര്യ ആൻസമ്മയും ജീവിക്കുന്നത്. തന്റെ മകനെ നേടിയെടുക്കണം  എന്ന ചിന്ത തന്നെയാണ് കടപ്ര പള്ളിയിലേക്ക്  പീറ്ററിനേ  എത്തിക്കുന്നതും. അത്രയും കാലം കൊല്ലംകാർ ശ്രമിച്ചിട്ടും നടക്കാതെ പോയ പുണ്യാളനെ തിരിച്ചുപിടിക്കാൻ പീറ്ററിന് സാധിക്കുന്നു . ടർക്കിയിൽ പൊതിഞ്ഞ പുണ്യാളന്റെ രൂപവുമായി ബോട്ട് കടക്കുമ്പോൾ ചോദിക്കുന്നവരോടെല്ലാം  ഇതു തന്റെ കുഞ്ഞാണെന്ന് പീറ്റർ  സാക്ഷ്യപ്പെടുത്തുന്നുണ്ട് എന്നാൽ ബാറിൽ പോയി മദ്യപിക്കുമ്പോൾ പീറ്റർ പ്രതിമ മോഷ്ടിച്ച വിവരം ആളുകൾ അറിയുന്നു. കാലൊടിഞ്ഞ പുണ്യാളനെ തേടി വന്ന പീറ്ററിന്  ലഭിച്ചത് കുറ്റം തീർത്ത് കാൽ  നന്നാക്കിയ  പ്രതിമയാണ് എന്നറിയുമ്പോൾ ആ പ്രതിമ  ഉപേക്ഷിക്കാനാണ് യഥാർത്ഥത്തിൽ പീറ്റർ ബാറിൽ കയറുന്നത്. വേദനിക്കുന്നവനും വേദന തീർന്നവനും തമ്മിലുള്ള വ്യത്യാസമാണ് കഥ അടിവരയിടുന്നത്. തന്റെ  കയ്യിലുള്ള പുണ്യാളൻ വേദന തീർന്നവന്റെ പ്രതീകമാണ്. എന്നാൽ താൻ വേദന തീരാത്തവനും. നഷ്ടപ്പെടുന്ന ഏത് സാധനവും അതേ കാലത്തെ കൂടി ഉൾപ്പെടുത്തി തിരിച്ചുകിട്ടില്ലെന്ന് പീറ്റർ ഓർമിപ്പിക്കുന്നു. പള്ളിപ്പറമ്പിൽ  കണ്ട പത്തു വയസ്സുള്ള കുട്ടിയെ തന്റെ മകന്റെ ചായ തോന്നി കൂടെ കൂട്ടട്ടെ എന്ന് ഭാര്യയെ വിളിച്ച് ചോദിക്കുന്ന  പീറ്ററിനോട് ആൻസമ്മ പറയുന്നതും ഇതാണ്, ഒന്നര വയസ്സുള്ള കുഞ്ഞിനെ അതേ കാലത്തോടൊപ്പം തിരിച്ചു കിട്ടാൻ പറ്റുമോ എന്ന്. അൻസമ്മയ്ക്ക് കുഞ്ഞു നഷ്ടപ്പെട്ടത് അവളുടെ ഇരുപത്തിരണ്ടാം വയസ്സിലാണ്. കാലം എത്ര കഴിഞ്ഞ് മകന് തിരിച്ചു കിട്ടിയാലും ആ അമ്മയ്ക്കും കുഞ്ഞിനും നഷ്ടമായ കാലം തിരികെ കിട്ടില്ലല്ലോ.

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ജലത്തിനു എത്ര മാത്രം പ്രാധാന്യമുള്ളത് പോലെ  ജലത്തേയും പ്രകൃതിയേയും അത്രകണ്ട് ഇഴ ചേർത്താണ് ഷനോജ്  കഥകളൊരുക്കിയിരിക്കുന്നത്

മലയാള ചെറുകഥാ ലോകത്ത് കാല്പനികവും സർഗ്ഗ  ദൃശ്യാത്മകവുമായ  കഥാലോകം സൃഷ്ടിക്കാൻ ഷാനോജ്  ആർ  ചന്ദ്രന്  കഴിയുന്നുണ്ട്. വാക്കുകളും ദൃശ്യവും തമ്മിൽ വേർപ്പെടുത്താനാവാത്ത വിധം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്ന മന്ത്രികവിദ്യ ഈ എഴുത്തുകാരന് കൈമുതലാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ജലത്തിനു എത്ര മാത്രം പ്രാധാന്യമുള്ളത് പോലെ  ജലത്തേയും പ്രകൃതിയേയും അത്രകണ്ട് ഇഴ ചേർത്താണ് ഷനോജ്  കഥകളൊരുക്കിയിരിക്കുന്നത്. തന്റെ പ്രാദേശിക ചരിത്രാഖ്യാനങ്ങളെ മുൻനിർത്തി അനുഭവങ്ങളുടെ സഹായത്തോടെ ഓരോ കഥ അടയാളപ്പെടുത്തുമ്പോഴും ജീവിതത്തേയും  മരണത്തേയും  സംവദിക്കുന്ന യാഥാർത്ഥ്യങ്ങളെ കൂടി അടിവരയിടുന്നു.  

logo
The Fourth
www.thefourthnews.in