'ശബ്ദമില്ലാത്തവരുടെ ശബ്ദം';
നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍

'ശബ്ദമില്ലാത്തവരുടെ ശബ്ദം'; നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍

ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ തന്റെ നാടകത്തിലൂടെയും ഗദ്യത്തിലൂടെയും യോൻ ഫൊസ്സെയ്ക്ക് കഴിഞ്ഞതായി പുരസ്കാരനിർണയ സമിതി

നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം. ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ തന്റെ നാടകത്തിലൂടെയും ഗദ്യത്തിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞതായി പുരസ്കാരനിർണയ സമിതി വിലയിരുത്തി.

ലോകത്തിലെ ഏറ്റവും മികച്ച സമകാലിക നാടകകൃത്തുക്കളില്‍ ഒരാളായാണ് യോൻ ഫൊസ്സെ കണക്കാക്കപ്പെടുന്നത്. 1983-ല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) എന്ന നോവലിലൂടെയാണ് സാഹിത്യലോകത്തേക്ക് എത്തിയത്. ആദ്യ നാടകമായ ഓഗ് ആല്‍ഡ്രി സ്‌കാല്‍ വി സ്‌കില്‍ജസ്റ്റ് 1994-ല്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.

'ശബ്ദമില്ലാത്തവരുടെ ശബ്ദം';
നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍
'ഫൊസ്സെ മിനിമലിസം': മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുന്ന ഫൊസ്സെ ശൈലി

ഡ്രീം ഓഫ് ഓട്ടം, ദി നെയിം എന്നിവ ഫൊസ്സെയുടെ ശ്രദ്ധേയ നാടകങ്ങളാണ്. നാടകങ്ങൾക്കുപുറമെ നിരവധി നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. കൃതികള്‍ നാല്‍പ്പതിലധികം ഭാഷകളിലേക്ക് വര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്റ്റഫർ ഫൊസ്സെ- വിഗ്‌ഡിസ് നന്ന എർലൻഡ് ദമ്പതികളുടെ മകനായി നോർവേയിലെ ഹാഗി‌സണ്ടിൽ 1959 സെപ്റ്റംബർ 29നായിരുന്നു യോൻ ഫൊസ്സെയുടെ ജനനം. അറുപത്തിനാലുകാരനായ ഫൊസ്സെ നിലവില്‍ ബെര്‍ഗനിലാണ് താമസം.

2011 മുതല്‍, നോര്‍വീജിയന്‍ കലകള്‍ക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നോര്‍വീജിയന്‍ സര്‍ക്കാര്‍ സർക്കാർ, ഓസ്ലോ നഗരമധ്യത്തിലെ റോയല്‍ പാലസിന്റെ പരിസരത്തുള്ള ഓണററി വസതിയായ ഗ്രോട്ടന്‍ ഫൊസ്സെയ്ക്ക് അനുവദിച്ചു.

ദ ഡെയ്‌ലി ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ജീവിച്ചിരിക്കുന്ന 100 മികച്ച പ്രതിഭകളുടെ പട്ടികയില്‍ ഫൊസ്സെ 83-ാം സ്ഥാനം നേടിയിട്ടുണ്ട്. 2007-ല്‍ ഫ്രാന്‍സിലെ ഓര്‍ഡ്രെ നാഷണല്‍ ഡു മെറിറ്റിന്റെ ഷെവലിയറായി ഫോസ്സെയെ നിയമിച്ചു.

'ശബ്ദമില്ലാത്തവരുടെ ശബ്ദം';
നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍
റോയല്‍ സ്വീഡിഷ് അക്കാദമിയുടെ അശ്രദ്ധ; രസതന്ത്ര നൊബേല്‍ ജേതാക്കളുടെ പേര് ചോര്‍ന്നത് ഇമെയില്‍ വഴി

'ഫൊസ്സെ മിനിമലിസം' എന്നാണ് യോൻ ഫൊസ്സെയുടെ എഴുത്തുശൈലി പരക്കെ അറിയപ്പെട്ടിരുന്നത്. വേദനാജനകമായ വ്യതിയാനങ്ങളിലൂടെ, ഫൊസ്സെ തന്റെ പ്രധാന പ്രമേയങ്ങളിലൊന്നായ അനിശ്ചിതത്വത്തിന്റെ നിർണായക നിമിഷങ്ങൾ പങ്കുവയ്ക്കുന്ന 'സ്റ്റെങ്ഡ് ഗിറ്റാർ' (1985) ൽ ഇത് പ്രകടമാണ്. ഫൊസ്സെയുടെ രണ്ടാമത്തെ നോവലാണിത്.

മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുന്ന സാഹചര്യങ്ങളാണ് ഫൊസ്സെ തെന്റെ കൃതികളിലൂടെ അവതരിപ്പിക്കുന്നത്.

ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നോയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള ധൈര്യം കണക്കിലെടുത്തായിരുന്നു പുരസ്‌കാരം.

ഇത്തവണത്തെ നോബേല്‍ പുരസ്‌കാരങ്ങളില്‍ സമാധാനത്തിനും സാമ്പത്തികശാസ്ത്രത്തിനുള്ളവയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സമാധാനത്തിനുള്ള പുരസ്‌കാരം നാളെയും സാമ്പത്തികശാസ്ത്രത്തിനുളളത് ഒന്‍പതിനും പ്രഖ്യാപിക്കും.

ഇന്നലെ പ്രഖ്യാപിച്ച രസതന്ത്രത്തിനുള്ള പുരസ്‌കാരം മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്‌സി ഇവാനോവിച്ച് എകിമോവ് എന്നിവര്‍ പങ്കിടുകയായിരുന്നു. അര്‍ധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം.

'ശബ്ദമില്ലാത്തവരുടെ ശബ്ദം';
നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍
നൊബേല്‍ പുരസ്കാരം: അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ചൊവ്വാഴ്ച പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള പുരസ്‌കാരത്തിന് പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരാണ് അര്‍ഹരായത്. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിച്ചതിനാണ് അംഗീകാരം.

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കളെ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കോവിഡ്-19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കര ണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

'ശബ്ദമില്ലാത്തവരുടെ ശബ്ദം';
നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍
നാമനിര്‍ദേശം ചെയ്യപ്പെട്ടത് അഞ്ചു തവണ; എന്നിട്ടും ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ നിഷേധിച്ചത് എന്തിന്?

1895ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 1895 ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണംപൂശിയ ഫലകവും 11 മില്യണ്‍ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ)യുമാണ് ഇത്തവണ പുരസ്‌കാരത്തുക. കഴിഞ്ഞവര്‍ഷം 10 മില്യണ്‍ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.

logo
The Fourth
www.thefourthnews.in