2023ല്‍ പ്രതിദിനം രണ്ട് മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍, ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് റിപ്പോർട്ട്

2023ല്‍ പ്രതിദിനം രണ്ട് മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍, ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് റിപ്പോർട്ട്

ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 668 വര്‍ഗീയ പ്രസംഗങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ത്യയില്‍ വര്‍ഗീയ പ്രസംഗങ്ങളിൽ ക്രമാനുഗതമായ വർധനവാണ് കഴിഞ്ഞ കുറേ വർഷങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ വര്‍ഗീയ പ്രസംഗങ്ങളുടെ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രസംഗങ്ങള്‍ രേഖപ്പെടുത്തുന്ന വാഷിങ്ടണ്‍ ഡിസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബ്. ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 668 വര്‍ഗീയ പ്രസംഗങ്ങളാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്ന് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2023ലെ കണക്കുകളാണ് 'ഹേറ്റ് സ്പീച്ച് ഇവന്റ്‌സ് ഇന്‍ ഇന്ത്യ' എന്ന പേരിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രകാരം പ്രതിദിനം രണ്ട് വീതം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇത് ആദ്യമായാണ് ഒരു വര്‍ഷം നടന്ന ഇന്ത്യയിലെ വര്‍ഗീയ പരാമര്‍ശങ്ങളെ വ്യക്തമായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായാണ് ഹേറ്റ് ലാബിന്റെ ഗവേഷണം നടത്തിയത്.

2023ല്‍ പ്രതിദിനം രണ്ട് മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍, ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ ഭൂരിഭാഗം വിദ്വേഷപ്രസംഗങ്ങൾക്കും ബിജെപി ബന്ധം: 'ഹിന്ദുത്വ വാച്ച്' റിപ്പോർട്ട്

2023ലെ ആദ്യ പകുതിയില്‍ 255 സംഭവങ്ങളും രണ്ടാം പകുതിയില്‍ 413 സംഭവങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് വര്‍ഷത്തിന്റെ പകുതിയാകുമ്പോഴേക്ക് 62 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ആകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 75 ശതമാനവും (498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് നടന്നിട്ടുള്ളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയമായ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായതെന്ന് ഹേറ്റ് ലാബ് വിശകലനം ചെയ്യുന്നു. ഇതേസമയത്ത് തന്നെയാണ് ഗാസയിലെ ഇസ്രയേല്‍ ആക്രമണവും ആരംഭിക്കുന്നത്.

അക്രമത്തിന് നേരിട്ട് ആഹ്വാനം ചെയ്ത സംഭവങ്ങളില്‍ 78 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിജെപി സംസ്ഥാനങ്ങളില്‍ നിന്നാണ്.

മഹാരാഷ്ട്ര (118), ഉത്തര്‍പ്രദേശ് (104), മധ്യപ്രദേശ് (65), രാജസ്ഥാന്‍ (64), ഹരിയാന (48), ഉത്തരാഖണ്ഡ് (41), കര്‍ണാടക (40), ഗുജറാത്ത് (31), ഛത്തീസ്ഗഡ് (21), ബിഹാര്‍ (18) എന്നീ സംസ്ഥാനങ്ങളാണ് വര്‍ഗീയ പ്രസംഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത 10 സംസ്ഥാനങ്ങള്‍. ഇതില്‍ ആറ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുഴുവന്‍ ഭരിച്ചത് ബിജെപിയാണ്. മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിൽ നിന്നു ഭരണം ബിജെപിക്കും, കര്‍ണാടകയിൽ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തു. ബിഹാറാകട്ടെ പ്രതിപക്ഷ സഖ്യമായിരുന്നു ഭരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി നയിക്കുന്ന സഖ്യത്തിലേക്ക് മാറിയതോടെ ഭരണം എന്‍ഡിഎക്ക് ലഭിച്ചു.

റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ 36 ശതമാനം സംഭവങ്ങളും (239) മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ്. കൂടാതെ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഹലാല്‍ ജിഹാദ്, പോപ്പുലേഷന്‍ ജിഹാദ് എന്നീ ഗൂഢാലോചന തന്ത്രങ്ങളാണ് 63 ശതമാനവും (420). ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ വര്‍ഗീയ പ്രസംഗങ്ങളിലെ ഉള്ളടക്കത്തിലും വലിയ വ്യത്യാസങ്ങള്‍ കാണാം.

2023ല്‍ പ്രതിദിനം രണ്ട് മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍, ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് റിപ്പോർട്ട്
ആവശ്യങ്ങള്‍ക്കായി ട്രാക്ടർ റാലി നടത്തി കര്‍ഷകര്‍; അനുഭാവപൂർണമായ പ്രതികരണമില്ലാതെ സര്‍ക്കാര്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും അപകടകരമായ തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അക്രമത്തിന് നേരിട്ട് ആഹ്വാനം ചെയ്ത സംഭവങ്ങളില്‍ 78 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ്. ആരാധനാലയങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ 78 ശതമാനവും നടന്നിരിക്കുന്നത് ബിജെപി സംസ്ഥാനങ്ങളില്‍ തന്നെയാണ്.

ബിജെപി ഇതര സംസ്ഥാനങ്ങളിലാകട്ടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നത് ബിജെപി നേതാക്കന്മാരാണെന്നതും ശ്രദ്ധേയം. ബിജെപി സംസ്ഥാനങ്ങളിലെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ 10.6 ശതമാനം സംഭവങ്ങളില്‍ മാത്രമേ ബിജെപി നേതാക്കന്മാര്‍ ഉള്‍പ്പെടുന്നതെങ്കില്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ 27.6 ശതമാനങ്ങളിലും ബിജെപി നേതാക്കള്‍ ഉള്‍പ്പെടുന്നുണ്ട്.

വര്‍ഗീയ പരാമര്‍ശത്തിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നതും വലതുപക്ഷ ഗ്രൂപ്പുകളാണ്. ഇതില്‍ 32 ശതമാനം (126) സംഭവങ്ങളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്‌റംഗ്ദളും നടത്തിയതാണ്. 2018ല്‍ വിഎച്ച്പിയെയും ബജ്‌റംഗ്ദളിനെയും അമേരിക്കന്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി മതതീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ മാത്രം 50 ഓളം വിദ്വേഷ പ്രസംഗങ്ങളാണ് ബിജെപി നടത്തിയത്. സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളാണ് 2023ലെ 46 ശതമാനം വിദ്വേഷ പ്രസംഗങ്ങളും നടത്തിയിരിക്കുന്നത്. 307 സംഭവങ്ങളാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മാത്രം നടന്നത്. ഗോ രക്ഷാ ദള്‍ പോലുള്ള പശു സംരക്ഷണ സംഘടനകള്‍ വിദ്വേഷ പ്രസംഗങ്ങളില്‍ ഏര്‍പ്പെടുന്ന സമീപകാല പ്രവണതയെയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ 146 വര്‍ഗീയ പരാമര്‍ശങ്ങളിലും (22 ശതമാനം) അഞ്ച് പേരാണ് ഉത്തരവാദികളെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളും ഹേറ്റ് ലാബ് പുറത്തുവിടുന്നുണ്ട്. ബിജെപി എംഎല്‍എമാരായ ടി രാജ സിങ്, നിതേഷ് റേന്‍, അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് മേധാവി പ്രവീണ്‍ ടൊഗാഡിയ, വലതുപക്ഷ ഇന്‍ഫ്‌ളൂവന്‍സര്‍ കാജള്‍ ഷിംഗള, സുദര്‍ശന്‍ബ് ന്യൂസ് ഉടമ സുരേഷ് ചവാന്‍കേ, ഹിന്ദു മതനേതാക്കളായ യതി നരസിംഘാനന്ദ്, കാളീചരണ്‍ മഹാരാജ്, സദ്‌വി സരസ്വതി മിശ്ര എന്നിവരാണ് വിദ്വേഷ പ്രസംഗങ്ങളില്‍ ഉത്തരവാദികളായ എട്ട് നേതാക്കന്‍മാര്‍.

2023ല്‍ പ്രതിദിനം രണ്ട് മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍, ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് റിപ്പോർട്ട്
യുപിയിൽ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; കൂറുമാറ്റഭീഷണിയിൽ എസ്‌പി, ചീഫ് വിപ്പ് രാജിവച്ചു

മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം വളര്‍ത്താന്‍ ഇസ്രയേല്‍ ഗാസ യുദ്ധവും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഹേറ്റ് ലാബ് കണ്ടെത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴിനും ഡിസംബര്‍ 31നും ഇടയില്‍ നടന്ന 193 വര്‍ഗീയ പരാമര്‍ശങ്ങളില്‍ 41 എണ്ണം (21 ശതമാനം) ഇന്ത്യന്‍ മുസ്‌ലിങ്ങളോടുള്ള വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുസ്‌ലിങ്ങള്‍ അന്തര്‍ലീനമായി അക്രമാസക്തരാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ക്ക് ഭീഷണിയാകുന്നുവെന്നുമുള്ള പരാമര്‍ശങ്ങളാണ് തീവ്ര വലതുപക്ഷ നേതാക്കള്‍ നടത്തുന്നത്.

'ഇന്ന് ഇസ്രയേലിന്റെ സമയമാണ്. ഇതേ പലസ്തീന്‍ നമ്മുടെ ഗ്രാമങ്ങളിലും തെരുവുകളിലും ഉയരുന്നുണ്ട്. അവരില്‍ നിന്നും നമ്മുടെ ക്ഷേമം, സ്ത്രീകള്‍, എന്നിവയെ സംരക്ഷിക്കുന്നത് നമുക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു' തീവ്ര ഹിന്ദു സംഘടന നേതാവ് പ്രവീണ്‍ ടൊഗാഡിയ പ്രസംഗിച്ചത്. 1400 വര്‍ഷങ്ങളോളം നമ്മള്‍ നേരിട്ടതാണ് ഇസ്രയേല്‍ നേരിടുന്നതെന്ന് ബിജെപി നേതാവ് കപില്‍ മിശ്രയും അഭിപ്രായപ്പെട്ടിരുന്നു.

വര്‍ഗീയ പരാമര്‍ശങ്ങളും അക്രമങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന അക്രമങ്ങളെയും ജൂണില്‍ മഹാരാഷ്ട്രയിലെ കൊലഹ്പൂരില്‍ നടന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നൂഹിലെ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഈ മാസം തുടക്കത്തില്‍ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലും അഞ്ച് മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു.

അതേസമയം ഹേറ്റ് ലാബും ഹേറ്റ് ലാബിന്റെ സ്ഥാപകനായ ഹമീദ് നായിക് നടത്തുന്ന ഹിന്ദുത്വ വാച്ചും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കാറുണ്ട്. അതിന്റെ ഭാഗമായി രാജ്യത്തെ ഐടി ആക്ട്, 2000 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്നും ഹേറ്റ് ലാബ് വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. വിദ്വേഷ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ഹിന്ദുത്വ വാച്ചും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിലെ ഭാഗമാകുകയും സാധാരണവല്‍ക്കരിക്കപ്പെടുകയും ചെയ്തതായാണ് ഹമീദ് നായിക് വ്യക്തമാക്കുന്നത്. എന്നാല്‍ ബിജെപി ഇസ്‌ലാമിക മതമൗലികവാദ ശക്തികളെ എതിര്‍ക്കുന്നുവെന്നും ഹേറ്റ് ലാബിന്റെ കണക്കുകള്‍ ഏകപക്ഷീയവുമാണെന്നാണ് പാര്‍ട്ടി ദേശീയ വക്താവ് പ്രേം ശുക്ല അല്‍ജസീറക്ക് നല്‍കിയ പ്രതികരണം.

logo
The Fourth
www.thefourthnews.in