'രാമക്ഷേത്രം' തള്ളാനും കൊള്ളാനുമാകാതെ കർണാടക സർക്കാർ; ജനുവരി 22ന്  കോൺഗ്രസ് വക പ്രത്യേക പൂജയെന്ന് സിദ്ധരാമയ്യ

'രാമക്ഷേത്രം' തള്ളാനും കൊള്ളാനുമാകാതെ കർണാടക സർക്കാർ; ജനുവരി 22ന് കോൺഗ്രസ് വക പ്രത്യേക പൂജയെന്ന് സിദ്ധരാമയ്യ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിലേക്കില്ലെന്ന് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയതോടെ കർണാടകയിൽ ബിജെപിയെ പ്രതിരോധിക്കാൻ പെടാപാട് പെട്ട് കോൺഗ്രസ്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനമെടുത്തതോടെ ക്ഷണം ലഭിച്ചാൽ പോകാനൊരുങ്ങി നിന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വരെ വെട്ടിലായിരിക്കുകയാണ് കർണാടകയിൽ. രാമക്ഷേത്ര വിഷയം സംസ്ഥാനത്ത്‌ ബിജെപി വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ വിഷയത്തിൽ മൃതുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോരുകയായിരുന്നു കർണാടകയിലെ കോൺഗ്രസ് നേതാക്കൾ.

കോൺഗ്രസുകാർ ഹൈന്ദവ വിരുദ്ധരാണെന്നും രാമക്ഷേത്രത്തെയും ശ്രീരാമനെയും മാനിക്കാത്തവരുമാണെന്ന ബിജെപി നരേറ്റിവിനെ പൊളിച്ചടുക്കാനായിരുന്നു നേതാക്കളുടെ ശ്രമം. രാമഭക്തനാണെന്നു അവകാശപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്ത് വരികയും രാമക്ഷേത്രത്തെ കോൺഗ്രസ്‌ എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നു പൊതുവേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. രാമക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം കിട്ടിയാൽ ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിൽ താനുമുണ്ടാകുമെന്നു വരെ സിദ്ധരാമയ്യ വിളിച്ചു പറഞ്ഞു.

എന്നാൽ ട്രസ്റ്റിന്റെ ക്ഷണം കിട്ടിയ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയുമടക്കമുള്ളവർ അയോധ്യയിലേക്കില്ലെന്നു തീരുമാനിച്ചതോടെ പഴയ ആവേശം കർണാകയിലെ കോൺഗ്രസുകാർക്കില്ലാതായി. ബിജെപി അവസരം മുതലെടുത്ത് കർണാടക കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. കോൺഗ്രസിന് ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ മാത്രമേ ശ്രദ്ധയുള്ളൂ എന്നാണ്‌ കർണാടക ബിജെപി ആരോപിക്കുന്നത്. രാമവിരോധികോൺഗ്രസ് (രാമനെ എതിർക്കുന്ന കോൺഗ്രസ്) എന്ന ഹാഷ് ടാഗ് പ്രാചാരം ആരംഭിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ബിജെപി.

'രാമക്ഷേത്രം' തള്ളാനും കൊള്ളാനുമാകാതെ കർണാടക സർക്കാർ; ജനുവരി 22ന്  കോൺഗ്രസ് വക പ്രത്യേക പൂജയെന്ന് സിദ്ധരാമയ്യ
'രാമക്ഷേത്രത്തില്‍ വിശ്വാസമുള്ളവർക്ക് പോകാം'; മയപ്പെടുത്തിയും ബിജെപിയെ പഴിച്ചും ഖാർഗെ

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന ഈ പ്രചാരണത്തിന് തടയിടാൻ അടുത്ത വൻ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അയോധ്യയിൽ പോകുന്നില്ലെങ്കിലും ജനുവരി 22 ന് കർണാടകയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രത്യേക പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ .സംസ്ഥാനത്തെ എല്ലാ ശ്രീരാമാ ക്ഷേത്രങ്ങളിലും പൂജ നടത്താൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട് . ജനുവരി 22നു ശേഷം സമയം പോലെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

"ശ്രീരാമന് ആരും എതിരല്ല ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനെയാണ് എതിർക്കുന്നത്. ദൈവങ്ങളെ വരെ അവർ രാഷ്ട്രീയ വത്കരിക്കുകയാണ്, ശ്രീരാമൻ എല്ലാവരുടെയും ദൈവമാണ്," സിദ്ധരാമയ്യ വ്യക്തമാക്കി

കർണാടക സർക്കാരിന്റെ മുസറായി (ദേവസ്വം) വകുപ്പിന് കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ ജനുവരി 22ന് മംഗളാരതി പൂജ നടത്താൻ മന്ത്രി രാമലിംഗ റെഡ്ഢി നിർദേശിച്ചിരുന്നു. കർണാടക ബിജെപി ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്ര വിഷയം മുഖ്യ ചർച്ചയാക്കാൻ ലക്ഷ്യമിട്ട ബിജെപിക്ക് വർഗീയ ധ്രുവീകരണത്തിനുള്ള ഒരു പഴുതും ബാക്കി വെക്കാതെയാണ് കോൺഗ്രസ് നീക്കം.

'രാമക്ഷേത്രം' തള്ളാനും കൊള്ളാനുമാകാതെ കർണാടക സർക്കാർ; ജനുവരി 22ന്  കോൺഗ്രസ് വക പ്രത്യേക പൂജയെന്ന് സിദ്ധരാമയ്യ
രാജീവ് മുതല്‍ രാഹുല്‍ വരെ; അയോധ്യയില്‍ നിലപാടുകള്‍ മാറ്റിക്കളിക്കുന്ന കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു ബജ്രങ് ദൾ ഹനുമാനെ കരുവാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ചതിനെ പ്രതിരോധിച്ചതിന് സമാനമാണ് കർണാടക കോൺഗ്രസിന്റെ തന്ത്രം. അന്ന് എല്ലാവരും ഹനുമാൻ ഭക്തരായി മാറിയത് പോലെ ഇന്ന് എല്ലാ കോൺഗ്രസുകാരും രാമ ഭക്തരായി മാറുകയാണ്. ശ്രീരാമനെയോ രാമക്ഷേത്രത്തെയോ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഒന്നും നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകരുതെന്നാണ് കെപിസിസി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അഭ്യർഥിച്ചിരിക്കുന്നത്. ജനുവരി 22ലെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം കൂട്ടമായോ ഒറ്റക്കോ നേതാക്കൾ അയോധ്യയിലേക്കു പോകാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in