മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ;  ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ

മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ; ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ

ഇന്ത്യ സഖ്യം രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്, ജാതി സെന്‍സസ് എന്ന മുദ്രാവാക്യത്തിന്റെ ഭാവി അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയില്‍ അറിയാം

രാജ്യം മറ്റൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് അഞ്ച് സംസ്ഥാനങ്ങള്‍ പോര്‍ക്കളത്തിലേക്ക് ഇറങ്ങുന്നത്. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 679 നിയമസഭാ മണ്ഡലങ്ങളിലാണ് ജനങ്ങള്‍ വിധിയെഴുതുക.

ഈ സംസ്ഥാനങ്ങളിലായി 83 ലോക്സഭാ സീറ്റുകളുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസില്‍ നിന്ന് തട്ടിയെടുത്ത അധികാരവുമായി മധ്യപ്രദേശില്‍ ബിജെപിയുടെ സര്‍ക്കാര്‍. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അടക്കിവാഴുന്ന തെലങ്കാന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍.ഡി.എ ഭരിക്കുന്ന മിസോറം. അഞ്ച് സംസ്ഥാനങ്ങളില്‍ ആരൊക്കെ എന്നത് ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സൂചനയായൊന്നും കാണാനാകില്ല. എങ്കിലും 2024ലേക്കുള്ള പോരാട്ടത്തിന് ആരംഭം കുറിക്കലാകും അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി.

വനിത സംവരണ ബില്ലില്‍ ഒബിസി സംവരണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെ പുറത്തുവന്ന ബീഹാറിലെ ജാതി സെന്‍സസ് ദേശീയ തലത്തില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു

ചന്ദ്രയാനും ജി 20 ഉച്ചകോടിയും പുതിയ പാര്‍ലമെന്റും വനിതാ സംവരണ ബില്ലുമൊക്കെ വലിയ ആവേശമാക്കാന്‍ ബിജെപി ഒരുങ്ങുന്നതിനിടെയായിരുന്നു ജാതി സെന്‍സസ് എന്ന വെടി ബീഹാറില്‍ പൊട്ടിയത്. വനിത സംവരണ ബില്ലില്‍ ഒബിസി സംവരണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെ പുറത്തുവന്ന ബീഹാറിലെ ജാതി സെന്‍സസ് ദേശീയ തലത്തില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ബീഹാര്‍ മാതൃക രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലുമൊക്കെ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. അതിനെ പ്രതിരോധിക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് ബിജെപി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒബിസിക്കാരനാണ്. മുഖ്യമന്ത്രിമാരായാലും കേന്ദ്ര മന്ത്രിമാരായാലും ഒബിസി പരിഗണനയില്‍ മുന്നിലെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബിജെപിയുടെ പ്രതിരോധം.

മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ;  ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ
കർണാടക പാഠവും, ലോക്സഭാ തിരഞ്ഞെടുപ്പും; നിർണ്ണായക കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലെ 'തന്ത്രങ്ങൾ'

പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച് ഇന്ത്യ സഖ്യം രൂപീകരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും കോണ്‍ഗ്രസും ബിആര്‍എസും തമ്മിലുള്ള തൃകോണ മത്സരത്തിനാണ് തെലങ്കാന സാക്ഷിയാവും. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രധാനകക്ഷിയായി നില്‍ക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ ഈ തെരഞ്ഞെടുപ്പിലെ റോള്‍ എന്താകും എന്നത് കാത്തിരുന്ന് കാണണം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ സഖ്യത്തിന്റെ സംയുക്ത നീക്കം തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളി‍ല്‍ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. ജാതി സെന്‍സസ് എന്ന ഇന്ത്യാ സഖ്യത്തിന്റെ മുദ്രാവാക്യത്തിന്റെ ഭാവിയും അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയില്‍ അറിയാം. അഞ്ചില്‍ രണ്ടിടത്തെങ്കിലും അധികാരം പിടിക്കാനായാല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാകും. മാത്രമല്ല. ഇന്ത്യ സഖ്യത്തിന്റെ നേതൃനിരയിലേക്ക് രാഹുല്‍ ഗാന്ധിക്ക് എത്താനും അത് വഴിയൊരുക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ടിയുടെ റോള്‍ എന്താകും എന്നതും പ്രധാനമാണ്.

മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ;  ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ
ചന്ദ്രശേഖർ റാവുവിന്റെ അപ്രമാദിത്യം അവസാനിക്കുമോ? തെലങ്കാനയില്‍ ആരുടെ തന്ത്രങ്ങള്‍ ഫലിക്കും

അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളില്‍ ചത്തീസ്ഗഡില്‍ അധികാര തുടര്‍ച്ച കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം രാജസ്ഥാനില്‍ ആ പ്രതീക്ഷയില്ല. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിലും കോണ്‍ഗ്രസ് പ്രതീക്ഷവെക്കുന്നു. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസിനെതിരെ നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും വലിയ റാലികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. ഒരുപാട് സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചായിരുന്നു സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള റാലികളെങ്കില്‍ ചന്ദ്രശേഖര്‍ റാവുവിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന പോരിന് തുടക്കമിട്ടത്. തെലങ്കാനയില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. കിട്ടുന്ന സീറ്റുകളുടെ എണ്ണം നോക്കിയാകും തെലങ്കാനയില്‍ രാഷ്ട്രീയ സഖ്യമെന്ന സൂചന കോണ്‍ഗ്രസ് നല്‍കുന്നു.

മണിപ്പൂര്‍ മുതല്‍ ജാതി സെന്‍സസ് വരെ;  ബിജെപി- 'ഇന്ത്യ' പോരാട്ടത്തിന് അരങ്ങ് തെളിയുമ്പോൾ
തിരഞ്ഞെടുപ്പിന് സജ്ജമായി ബിജെപി; മൂന്ന് സംസ്ഥാനങ്ങളില്‍ സ്ഥാനാർഥി പട്ടിക പുറത്തിറക്കി

ലോകത്തെ തന്നെ ഞെട്ടിച്ച മണിപ്പൂരിലെ കാഴ്ചകളും സംഘര്‍ഷങ്ങളും മിസോറാമില്‍ എന്‍ഡിഎക്കെതിരെ ആയുധമാക്കിയാകും കോണ്‍ഗ്രസും പ്രതിപക്ഷവും ഇത്തവണ ഇറങ്ങുക. അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ ചൂണ്ടുപലക ആകാനുള്ള സാധ്യതയില്ല. എങ്കിലും തെര‌ഞ്ഞെടുപ്പ് ആവേശത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതാകും അഞ്ച് സംസ്ഥാനങ്ങളിലെ പോരാട്ടം.

logo
The Fourth
www.thefourthnews.in