ചന്ദ കൊച്ചാറിൻ്റെ അറസ്റ്റ് നിയമവിരുദ്ധം; ഇടക്കാല ഉത്തരവ് ശരിവച്ച്‌ ബോംബെ ഹൈക്കോടതി

ചന്ദ കൊച്ചാറിൻ്റെ അറസ്റ്റ് നിയമവിരുദ്ധം; ഇടക്കാല ഉത്തരവ് ശരിവച്ച്‌ ബോംബെ ഹൈക്കോടതി

വീഡിയോകോണ്‍ ലോണ്‍ കേസില്‍ ചന്ദ കൊച്ചാറിനും പങ്കാളി ദീപക് കൊച്ചാറിനും ഇടക്കാല ജാമ്യം നല്‍കിയ 2023ലെ ജനുവരി ഒമ്പതിലെ ഉത്തരവ് സ്ഥിരീക്കരിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഐസിഐസിഐ ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കൊച്ചാറിനെ സിബിഐ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. വീഡിയോകോണ്‍ ലോണ്‍ കേസില്‍ ചന്ദ കൊച്ചാറിനും പങ്കാളി ദീപക് കൊച്ചാറിനും ഇടക്കാല ജാമ്യം നല്‍കിയ 2023ലെ ജനുവരി ഒമ്പതിലെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ അനുജ പ്രഭുദേശായി, എന്‍ ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചത്. 2022 ഡിസംബര്‍ 24നാണ് ചന്ദ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്യുന്നത്. 2012ല്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ 3250 കോടി രൂപ വായ്പയില്‍ ക്രമക്കേടും തട്ടിപ്പും നടന്നിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഈ പണമിടപാടില്‍ നിന്നും ചന്ദയുടെ പങ്കാളിക്കും കുടുംബാംഗങ്ങള്‍ക്കും നേട്ടമുണ്ടെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്.

ചന്ദ കൊച്ചാറിൻ്റെ അറസ്റ്റ് നിയമവിരുദ്ധം; ഇടക്കാല ഉത്തരവ് ശരിവച്ച്‌ ബോംബെ ഹൈക്കോടതി
പട്ടികജാതി-വർഗ സംവരണത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് ഉപസംവരണം ഏർപ്പെടുത്താമോ? സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി

ചന്ദ കൊച്ചാര്‍ ബാങ്കിന്റെ ചുമതലയിലെത്തിയപ്പോള്‍ വീഡിയോകോണ്‍ കമ്പനിക്ക് വായ്പ അനുവദിച്ചുവെന്നും വീഡിയോകോണില്‍ നിന്നും ദീപക് ചന്ദയുടെ കമ്പനി റിന്യൂവബിള്‍ നിക്ഷേപം സ്വീകരിച്ചുവെന്നും ഇതിന്റെ പ്രതിഫലമായാണ് ലോണ്‍ നല്‍കിയതെന്നുമാണ് ഇരുവര്‍ക്കുമെതിരായ പരാതി. വായ്പ പിന്നീട് നിഷ്‌ക്രിയ ആസ്തിയായി മാറുകയും ബാങ്ക് തട്ടിപ്പായി ട്ടിപ്പായി വിലയിരുത്തുകയുമായിരുന്നു.

പിന്നാലെ പ്രത്യേക സിബിഐ കോടതി ഡിസംബര്‍ 29ന് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. എന്നാല്‍ തങ്ങളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും വെറുതെവിടണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരി ഒമ്പതിന് കോര്‍ഡിനേറ്റ് ബെഞ്ച് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.

ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് നല്‍കേണ്ട സിആര്‍പിസിയിലെ അനുച്ഛേദം 41 എയുടെ ലംഘനത്തിലൂടെയാണ് അറസ്റ്റ് ചെയ്തതെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്ന് ചന്ദയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി പറഞ്ഞു. ചന്ദയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയ ഐസിഐസി ബാങ്കിനെതിരെ ഇരുവരും മറ്റൊരു ഹര്‍ജി നല്‍കിയതിനാലാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ചന്ദ കൊച്ചാറിൻ്റെ അറസ്റ്റ് നിയമവിരുദ്ധം; ഇടക്കാല ഉത്തരവ് ശരിവച്ച്‌ ബോംബെ ഹൈക്കോടതി
'ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു'; എഎസ്ഐ റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം

അതേസമയം ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവില്‍, അറസ്റ്റ് മെമ്മോ മാത്രമാണ് പരിഗണിച്ചതെന്നും കേസ് ഡയറിയോ റിമാന്‍ഡ് അപേക്ഷയോ പരാമര്‍ശിച്ചിട്ടില്ലെന്നും സിബിഐക്ക് വേണ്ടി ഹാജരായ കുല്‍ദീപ് പാട്ടീല്‍ പറഞ്ഞു.

ചന്ദ കൊച്ചാറിനെ അറസ്റ്റ് ചെയ്തത് വനിതാ ഉദ്യോഗസ്ഥയല്ലെന്ന അമിത് ദേശായിയുടെ വാദവും അദ്ദേഹം തള്ളി. ശാരീരികമായി സ്പര്‍ശിക്കുന്നില്ലെങ്കില്‍ സ്ത്രീകളെ പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അറസ്റ്റ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് നടക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥ കൂടെയുണ്ടായെന്നും കുല്‍ദീപ് പറയുന്നു.

2019ലെ സിബിഐയുടെ എഫ്‌ഐആറില്‍ ചന്ദ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ധൂട്ട് എന്നിവരുടെയും നു പവര്‍ റിന്യൂവബിള്‍, സുപ്രീം എനര്‍ജി പ്രൈവറ്റ്, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും പേരുകളാണ് ഉള്‍പ്പെട്ടത്.

logo
The Fourth
www.thefourthnews.in