കോവിഡ് വിവരച്ചോർച്ച: 'ദ ഫോർത്ത്' വെളിപ്പെടുത്തലിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു

കോവിഡ് വിവരച്ചോർച്ച: 'ദ ഫോർത്ത്' വെളിപ്പെടുത്തലിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു

'ദ ഫോർത്ത്' പുറത്തുവിട്ട കോവിഡ് വാക്സിനേഷൻ വിവരച്ചോർച്ചയെക്കുറിച്ച് കേന്ദ്ര ഐടി, ആരോഗ്യ- സാമൂഹിക ക്ഷേമ മന്ത്രാലയങ്ങൾ അന്വേഷണം ആരംഭിച്ചു

കോവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വിവരച്ചോർച്ച സംബന്ധിച്ച 'ദ ഫോർത്ത്' വാർത്തയെത്തുടർന്നാണ് മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ബന്ധപ്പെട്ടവരിൽനിന്ന് മന്ത്രാലയം റിപ്പോർട്ട് തേടി. അതിനിടെ കേന്ദ്ര ആരോഗ്യ- സാമൂഹിക ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥർ 'ദ ഫോർത്തു'മായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.

അതേസമയം, ടെലഗ്രാം ബോട്ടിലൂടെ ചോർന്ന വിവരങ്ങൾ 'പഴയതാ'ണെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ കുട്ടികളുടെ അടക്കം വിവരങ്ങൾ ചോർന്നതിന് തെളിവുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. “ഇപ്പോഴും പരിശോധന നടക്കുകയാണ്. ചോർന്നത് പഴയ വിവരങ്ങളാണ്. സംഭവത്തെ പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

കോവിഡ് വിവരച്ചോർച്ച: 'ദ ഫോർത്ത്' വെളിപ്പെടുത്തലിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു
കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച

വിവരങ്ങൾ പുറത്തുവന്ന ടെലഗ്രാം ബോട്ടിൽ ഒരാളുടെ ഫോൺ നമ്പറോ ആധാർ നമ്പറോ കൊടുക്കുകയാണെങ്കിൽ അവരുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകുന്നതിനെക്കുറിച്ച് ഇന്നലെയാണ് 'ദ ഫോർത്ത്' വാർത്ത പുറത്തുവിട്ടത്. കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ. മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാവരുടെയും വിവരങ്ങൾ ഈ ടെലഗ്രാം ബോട്ടിൽ ലഭ്യമാണ്.

വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിവരങ്ങൾ നൽകുന്ന പ്രവർത്തനം ബോട്ട് അവസാനിപ്പിച്ചിരിക്കുകയാണ്. തങ്ങളെ പറ്റി വാർത്തകൾ പ്രചരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. അതേസമയം ബോട്ടിലൂടെ വിവരങ്ങൾ നൽകുന്നത് ഉടൻ പുനരാരംഭിക്കുമെന്ന് അക്കൗണ്ടിന്റെ അഡ്മിൻ 'ദ ഫോർത്തി'നോട് പറഞ്ഞു.

കോവിഡ് വിവരച്ചോർച്ച: 'ദ ഫോർത്ത്' വെളിപ്പെടുത്തലിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു
കോവിഡ് വിവരച്ചോർച്ച: തിരിച്ചുവരുമെന്ന് പ്രവർത്തനം നിർത്തിയ ടെലഗ്രാം ബോട്ട്

രാജ്യത്തെ 100 കോടിയിലധികം വരുന്ന ജനങ്ങളുടെ സ്വകാര്യതയെ സംബന്ധിക്കുന്ന ഗുരുതര വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. കൃത്യമായി അന്വേഷണം നടത്തി ഇതിന് പുറകിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിവരങ്ങളടക്കമാണ് ചോർന്നിരിക്കുന്നത്.

കോവിൻ പോർട്ടലിൽ ജനങ്ങളുടെ വിവരങ്ങൾ സുരക്ഷിതമല്ലെന്ന് മുൻപ് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ സുരക്ഷാ വീഴ്ചകളൊന്നും സംഭവിക്കാൻ സാധ്യതയില്ലാത്ത തരത്തിൽ സുരക്ഷിതമാണ് വിവരങ്ങൾ എന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ നാഷണൽ ഹെൽത്ത് അതോറിറ്റി മേധാവി ആർ എസ് ശർമ്മ പറഞ്ഞിരുന്നത്. നിലവിലെ സംഭവത്തിൽ പ്രതികരിക്കാൻ അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in