കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച

കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച

കോവിഡ് വാക്സിൻ സ്വീകരിക്കാൻ നൽകിയ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാണെന്നും ചോര്‍ന്നിട്ടില്ലെന്നുമായിരുന്നു കോവിന്‍ ഉന്നതാധികാര സമിതി മേധാവി ഡോ. ആര്‍ എസ് ശര്‍മ നേരത്തെ അവകാശപ്പെട്ടിരുന്നത്
Updated on
2 min read

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സ്വകാര്യവിവരങ്ങള്‍ ടെലഗ്രാം ചാനലിലൂടെ ചോര്‍ന്ന സംഭവത്തിൽ കേന്ദ്രസർക്കാരിന്റ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ച. കോവിഡ് ഡേറ്റ ചോർച്ച സംബന്ധിച്ച് മുൻപ് ആരോപണമുയർന്നപ്പോഴൊക്കെ ഇക്കാര്യം കേന്ദ്രസർക്കാരും കോവിൻ പോർട്ടൽ അധികൃതരും നിഷേധിക്കുകയായിരുന്നു.

എന്നാൽ, കോവിഡ് വാക്സിൻ സ്വീകരിക്കാനായി കോവിൻ പോർട്ടലിൽ നൽകിയ ഫോൺ നമ്പർ, ആധാർ അല്ലെങ്കിൽ പാസ്പോർട്ട് വിവരങ്ങൾ കൂട്ടത്തോടെ ടെലഗ്രാം ബോട്ടിലൂടെ പുറത്തായെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇതുസംബന്ധിച്ച വാർത്ത 'ദ ഫോര്‍ത്ത്' ആണ് പുറത്തുവിട്ടത്. സാധാരണക്കാര്‍ മുതല്‍ രാജ്യത്തിന്റെ ഉന്നതാധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ വിവരങ്ങള്‍ വരെ പുറത്തായിരുന്നു.

കോവിന്‍ പോര്‍ട്ടലിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ മുന്‍പേ തന്നെ ഉയര്‍ന്നിരുന്നെങ്കിലും കോവിന്‍ ഡാറ്റ സുരക്ഷിതമാണെന്നും സ്വകാര്യവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നുമായിരുന്നു കോവിന്‍ ഉന്നതാധികാര സമിതി മേധാവി ഡോ. ആര്‍എസ് ശര്‍മ പ്രതികരിച്ചത്.

''കോവിന് അത്യാധുനിക സുരക്ഷാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്, ഒരിക്കലും സുരക്ഷാ ലംഘനം നടന്നിട്ടില്ല. അതില്‍ രജിസ്റ്റര്‍ ചെയ്ത നമ്മുടെ പൗരന്മാരുടെ ഡാറ്റ തികച്ചും സുരക്ഷിതമാണ്. കോവിനില്‍നിന്നുള്ള ഡാറ്റ ചോര്‍ച്ചയെ സംബന്ധിച്ച ഒരു വാര്‍ത്തയ്ക്കും അടിസ്ഥാനമില്ല,'' എന്നായിരുന്നു നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ) മുൻ സിഇഒ ഡോ. ആര്‍ എസ് ശര്‍മ കഴിഞ്ഞവർഷം ജനുവരി 21ന് ട്വീറ്റിൽ അവകാശപ്പെട്ടത്. സംഭവസമയത്ത് എൻഎച്ച്എയുടെ സിഇഒയായിരുന്ന അദ്ദേഹം ഈ വർഷം ഫെബ്രുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്.

കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച
എന്താണ് കേന്ദ്രത്തിന്റെ 'ഡാറ്റ സുരക്ഷ'? ദ ഫോർത്ത് പുറത്തുവിട്ട കോവിഡ് വിവരച്ചോര്‍ച്ച ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു

വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ കോവിൻ ഹാക്ക് ചെയ്യപ്പെട്ടുവെന്നും 15 കോടി ആളുകളുടെ ഡാറ്റബേസ് വില്പനയ്ക്കുണ്ടെന്നും അവകാശപ്പെട്ട് 2021ൽ തന്നെ ഒരു ഹാക്കര്‍ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ തള്ളുകയായിരുന്നു കേന്ദ്രവും സർക്കാരുമായി ബന്ധപ്പെട്ടവരും.

കോവിൻ പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്ത 15 കോടിയോളം ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും 800 ഡോളറിന് അത് വില്‍ക്കാനുണ്ടെന്നും 'ഡാര്‍ക്ക് ലീക്ക് മാര്‍ക്കറ്റ്' എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ട്വിറ്ററിലൂടെ അവകാശപ്പെട്ടത്. ആ ഹാക്കിങ് ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വ്യാജമാണെന്നും അവര്‍ ബിറ്റ്‌കോയിന്‍ അഴിമതി നടത്തുകയാണ്'' എന്നുമാണ് സ്വതന്ത്ര സൈബര്‍സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രാജഹരിയ അന്ന് പ്രതികരിച്ചത്.

കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച
ഹനുമാനും പാകിസ്താന്‍ ചാരനും മുതല്‍ മല്ലിയില വരെ എടുത്ത കോവിഡ് വാക്‌സിനേഷന്‍

ഇപ്പോൾ ടെലഗ്രാം ബോട്ട് വഴി വിവരങ്ങള്‍ ചോര്‍ന്നവരുടെ കൂട്ടത്തിൽ മുമ്പ് ആരോപണം നിഷേധിച്ചവരുമുണ്ട്. ചാറ്റ് ബോട്ടില്‍ ഒരാളുടെ മൊബൈല്‍ നമ്പറോ ആധാര്‍ കാര്‍ഡ് നമ്പറോ അയച്ച് നല്‍കിയാല്‍ അവരുടെ പേര്, ഫോണ്‍നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ജനന തീയതി, വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ഏത് വാക്‌സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രങ്ങളില്‍ വച്ച് സ്വീകരിച്ചു എന്നിവയും അറിയാന്‍ സാധിക്കും.

കോവിൻ ഡാറ്റ ചോർച്ച: ഹാക്കിങ് ആരോപണം മുൻപേ ഉയർന്നിട്ടും നടപടി എടുത്തില്ല, കേന്ദ്രത്തിന്റേത് വലിയ വീഴ്ച
കോവിഡ് വിവരച്ചോര്‍ച്ച: 'ദ ഫോര്‍ത്ത്' വെളിപ്പെടുത്തലിന് പിന്നാലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ടെലഗ്രാം ബോട്ട്

കോവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വിവരം ദ ഫോര്‍ത്ത് ഇന്നലെയാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ ദേശീയമാധ്യമങ്ങളും നിരവധി രാഷ്ട്രീയനേതാക്കളും വിദഗ്ധരും വിഷയമേറ്റെടുത്തു. കോവിൻ മേധാവി ആർ എസ് ശർമ യുടെയും കുടുംബത്തിന്റെയും വിവരങ്ങൾ അടക്കം ഇങ്ങനെ ചോരുന്നതായി ഫോർത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. പ്രമുഖരും അല്ലാത്തവരുമടക്കം രാജ്യത്തെ അനേകമാളുകളുടെ വിവരങ്ങൾ ഇങ്ങനെ ടെലഗ്രാം വഴി ചോർന്നു.

ഫോർത്ത് വെളിപ്പെടുത്തലിനുപിന്നാലെ ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചു. നിലവില്‍ ഫോണ്‍ നമ്പര്‍ അടിച്ചു കൊടുക്കുമ്പോള്‍ 'ആധാറും നമ്പര്‍ സെര്‍ച്ചും ഇപ്പോള്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് ബോട്ടില്‍ നിന്ന് ലഭിക്കുന്നത്. 'ഞങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്' എന്ന കുറിപ്പും ദ ഫോര്‍ത്ത് പുറത്തുവിട്ട വാര്‍ത്തയുടെ ലിങ്കും ചേര്‍ത്താണ് മറുപടി സന്ദേശം ലഭിക്കുക.

logo
The Fourth
www.thefourthnews.in