അയോധ്യ രാമക്ഷേത്രം: കോൺഗ്രസ് ത്രിശങ്കുവിൽ, തീരുമാനം 'ഇന്ത്യ'യുടെ ഭാവിക്കും നിർണായകം

അയോധ്യ രാമക്ഷേത്രം: കോൺഗ്രസ് ത്രിശങ്കുവിൽ, തീരുമാനം 'ഇന്ത്യ'യുടെ ഭാവിക്കും നിർണായകം

കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ, അവർക്ക് ചിന്തിക്കാൻ സാധിക്കാത്ത തിരിച്ചടിയാണ് ഉണ്ടാകുക എന്ന കാര്യത്തിൽ സംശയമില്ല

2024 ജനുവരി 22ന് നടക്കാനിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിന് പ്രതിപക്ഷപാർട്ടി നേതാക്കൾ പങ്കെടുക്കുമോ എന്ന ചോദ്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാൻ ശേഷിയുള്ള കീറാമുട്ടിയായി നിൽക്കുകയാണ്. വലിയ ആശങ്കകളിലേക്കാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ പോകുന്നത്. 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണവിഷയമായി ബിജെപി ഉയർത്തിക്കാണിക്കാൻ സാധ്യതയുള്ള രാമക്ഷേത്രം എന്ന ബ്രഹ്‌മാസ്‌ത്രത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വ്യക്തത ഇപ്പോഴും കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്കില്ല.

ആദ്യം തന്നെ സംശയത്തിനിട നൽകാതെ നിലപാട് വ്യക്തമാക്കുന്നത് സിപിഎമ്മാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. തങ്ങൾ മതവിശ്വാസങ്ങൾക്ക് എതിരല്ലെന്നും, മതവിശ്വാസങ്ങൾ ആളുകളുടെ വ്യക്തിപരമായ വിഷയമാണെന്നും, അതുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കരുതെന്നും പറയുന്ന സി പി എമ്മിന്റെ പ്രസ്താവനയിൽ തങ്ങൾ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കൃത്യമായി പറയുന്നു.

അയോധ്യ രാമക്ഷേത്രം: കോൺഗ്രസ് ത്രിശങ്കുവിൽ, തീരുമാനം 'ഇന്ത്യ'യുടെ ഭാവിക്കും നിർണായകം
'യെച്ചൂരിയെ പോലെ രാമക്ഷേത്രോദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാന്‍ കോൺഗ്രസിനാകുമോ?' രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

തൃണമൂൽ കോൺഗ്രസും ആദ്യമേ നിലപാട് സ്വീകരിച്ചു. ക്ഷണം നിരസിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ രംഗത്തുവന്നു. 'ഇന്ത്യ' മുന്നണിയിൽ ഒരു പൊതു തീരുമാനമെടുക്കാൻ സാധിക്കാത്ത വിഷയമാണ് അയോദ്ധ്യ എന്നതുകൊണ്ട് തന്നെ, ഓരോ പാർട്ടികളും അവരവരുടേതായ നിലപാടുകളാണ് പ്രകടിപ്പിക്കുന്നത്. തൃണമൂലും സി പി എമ്മും അർത്ഥശങ്കയ്ക്കിടയില്ലാതെ അവരുടെ നിലപാടുകൾ പ്രഖ്യാപിക്കുമ്പോൾ സംശയ ദൃഷ്ടിയിലാകുന്നത് കോൺഗ്രസ് തന്നെയാണ്. മധ്യപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് രാമക്ഷേത്രം യാഥാർഥ്യമാകുന്നതിന് കാരണക്കാരനായത് അത് ആദ്യം തുറന്നു നൽകിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് എന്ന് പറഞ്ഞത് കോൺഗ്രസ് മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ച കമൽ നാഥ് ആണ്.

രാമക്ഷേത്രം ഭൂമി പൂജയിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദി
രാമക്ഷേത്രം ഭൂമി പൂജയിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദി

കമൽ നാഥിന്റെ പ്രസ്താവന അതുപോലെ നിൽക്കുമ്പോൾത്തന്നെ ദിഗ്‌വിജയ്‌ സിങ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ വീണ്ടും കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. സോണിയ ഗാന്ധി ചടങ്ങിനോട് അനുഭാവപൂർവമായാണ് പ്രതികരിച്ചതെന്നും, ഒന്നുകിൽ സോണിയ അല്ലെങ്കിൽ ഒരു പ്രതിനിധി ചടങ്ങിൽ പങ്കെടുക്കുമെന്നുമാണ് ദിഗ്‌വിജയ് സിങ് പറഞ്ഞത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ നേതാക്കൾ ഈ ക്ഷണത്തിൽ ഒരു പ്രശ്നവും കാണുന്നില്ല എന്നിടത്താണ് മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്ന പ്രതിപക്ഷ കക്ഷികളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിനു നേതൃത്വം നൽകുന്ന കോൺഗ്രസിന് നീങ്ങാൻ സാധിക്കുമോ എന്ന സംശയം ഉയരുന്നത്.

അയോധ്യ രാമക്ഷേത്രം: കോൺഗ്രസ് ത്രിശങ്കുവിൽ, തീരുമാനം 'ഇന്ത്യ'യുടെ ഭാവിക്കും നിർണായകം
അയോധ്യ ഫ്രെയിമിൽനിന്ന് ഒഴിവാക്കപ്പെടുന്ന എൽ കെ അദ്വാനി

സംശയത്തിനിട നൽകാതെ സിപിഎം

ആരേക്കാളും ആദ്യം, തങ്ങൾ ഇതിൽ പങ്കെടുക്കില്ല എന്ന് ഒരു പത്രക്കുറിപ്പിലൂടെ പ്രസ്താവിക്കുന്നത് സിപിഎമ്മാണ്. അതിനു കാരണം ഈ വിഷയത്തിൽ സിപിഎമ്മിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല എന്നതാണ്. അവർക്ക് ഈ നിലപാടെടുത്തതുകൊണ്ട് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനുമില്ല. മതപരമായ വിശ്വാസങ്ങളെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും, എന്നാൽ മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് സിപിഎമ്മിന്റെ പത്രക്കുറിപ്പിൽ പറയുന്നത്.

ഭരണഘടനാപരമായി നമ്മുടെ രാജ്യത്തിന് ഒരു ഔദ്യോഗിക മതമില്ലെന്നും, ഇത്തരമൊരു മതപരമായ ചടങ്ങ് സർക്കാർ പിന്തുണയോടെ പ്രധാനമന്ത്രി തന്നെ നേരിട്ട് പങ്കെടുത്തുകൊണ്ട് നടത്തുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് യോജിക്കുന്നതല്ലെന്ന വിമർശനവും സിപിഎമ്മിന്റെ പ്രസ്താവനയിലുണ്ട്. പോളിറ്റ്ബ്യുറോ അംഗം ബൃന്ദാ കാരാട്ടും പാർട്ടി നിലപാട് അടിവരയിടുന്നു. മതചടങ്ങുകൾ രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും ബൃന്ദ പറയുന്നു.

പണി നടക്കുന്ന രാമക്ഷേത്രം
പണി നടക്കുന്ന രാമക്ഷേത്രം

രാമൻ മനസിലാണെന്ന് കപിൽ സിബൽ

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്ത പ്രതിപക്ഷ നേതാക്കൾ ഇടതുപക്ഷത്തുള്ളവർ മാത്രമല്ല. തന്റെ മനസിലാണ് രാമനെന്നും അതുകൊണ്ടുതന്നെ ഈ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് കരുതുന്നതെന്നും കോൺഗ്രസ് മുൻ നേതാവുകൂടിയായ കപിൽ സിബൽ ട്വിറ്ററിൽ എഴുതി. ഇത് തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ ശക്തിപ്രകടനമായി മാത്രം കണ്ടാൽ മതിയെന്നാണ് സിബലിന്റെ പക്ഷം. രാമനെപ്പറ്റി സംസാരിക്കുമെങ്കിലും രാമന്റെ എന്തെങ്കിലും സ്വഭാവം സ്വീകരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല എന്ന് സിബൽ പരിഹസിക്കുകയും ചെയ്യുന്നു.

ക്ഷണിച്ചതിൽ സന്തോഷം: കെ സി വേണുഗോപാൽ

ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചതിനു നന്ദിയുണ്ടെന്നാണ് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചത്ത്. പങ്കെടുക്കുമോ ഇല്ലയോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും, അത് ജനുവരി 22 ന് എല്ലാവർക്കും മനസിലാകുമെന്നും പറഞ്ഞ കെ സി വേണുഗോപാൽ ചടങ്ങിലേക്ക് വിളിച്ചതിന്റെ സന്തോഷം മാധ്യമപ്രവർത്തകർക്കു മുന്നിൽ ആവർത്തിച്ച് പ്രകടിപ്പിക്കുന്നണ്ട്.

അതേസമയം, രാമക്ഷേത്രമല്ല തൊഴിലില്ലായ്മയും, പണപ്പെരുപ്പവുമാണ് ഇന്ന് ചർച്ചചെയ്യേണ്ടതെന്ന് ഓവർസീസ് കോൺഗ്രസിന്റെ ചെയർമാൻ സാം പിത്രോഡ പറഞ്ഞു. സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും പുറമെ മുൻപ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗിനും, ദേവഗൗഡയ്ക്കും, കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിക്കുമാണ് ക്ഷണം.

എല്ലാവർക്കും ക്ഷണം

ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്ന വാർത്ത പുറത്ത് വന്നപ്പോൾത്തന്നെ അവരെ ക്ഷണിക്കാൻ വിഎച്ച്പി രംഗത്തെത്തിയിരുന്നു. വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ തന്നെ നേരിട്ട് ചെന്നാണ് രണ്ടുപേരെയും ചടങ്ങിന് ക്ഷണിച്ചത്. ശാരീരികമായ അവശതകളുള്ളതുകൊണ്ട് പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നത്. രഥയാത്രയ്ക്ക് നേതൃത്വം നൽകിയ നേതാക്കളെ പുറത്ത് നിർത്തി ഉദ്‌ഘാടന ചടങ്ങിന്റെ കേന്ദ്രബിന്ദുവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവരുന്നതിനാണ് ഈ നീക്കം എന്ന ചർച്ചകൾ ഉയർന്നപ്പോഴാണ് ക്ഷണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്.

അക്ഷയ് കുമാറും അമിതാബ് ബച്ചനും ആലിയ ഭട്ടും അനുപം ഖേറുമുൾപ്പെടെയുള്ള സിനിമാ താരങ്ങളും, രത്തൻ ടാറ്റയും, മുകേഷ് അംബാനിയും, ഗൗതം അദാനിയുമുൾപ്പെടെയുള്ള വ്യവസായികളും, സച്ചിൻ തെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയുമുൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ബാബരി മസ്ജിദ് തകർക്കാൻ മുന്നിട്ടിറങ്ങി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട കർസേവകരുടെ കുടുംബത്തെ ആദരിക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

പാർലമെന്റിലേക്ക് 80 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിന്റെ ജനസംഖ്യയിൽ 20 ശതമാനവും മുസ്ലിങ്ങളാണ്. അങ്ങനെയൊരു സംസ്ഥാനത്ത് ന്യൂനപക്ഷത്തെ മനപൂർവം മാറ്റിനിർത്തുക എന്ന ഉദ്ദേശത്തിലാണ് രാമക്ഷേത്രം ഉയർത്തിക്കാണിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അദ്വാനിയും മുരളി മനോഹർ ജോഷിയും
അദ്വാനിയും മുരളി മനോഹർ ജോഷിയും
അയോധ്യ രാമക്ഷേത്രം: കോൺഗ്രസ് ത്രിശങ്കുവിൽ, തീരുമാനം 'ഇന്ത്യ'യുടെ ഭാവിക്കും നിർണായകം
'രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക്, ലോക്ക് തുറന്നത് രാജീവ്'; ഹിന്ദുത്വം കടുപ്പിച്ച് മധ്യപ്രദേശിൽ കമൽ നാഥ്

കോൺഗ്രസിന്റെ ഭാവി നിർണയിക്കപ്പെടുന്ന തീരുമാനം

എന്ത് തീരുമാനമെടുക്കണമെന്ന് സംശയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് എന്ത് തീരുമാനമെടുത്താലും അത് മുന്നോട്ടുള്ള എല്ലാ രാഷ്ട്രീയ നീക്കങ്ങളുടെയും അടിസ്ഥാനമായിരിക്കും. കേവലം 40 ശതമാനത്തിൽ താഴെ ജനങ്ങൾ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്. ബാക്കിയുള്ള 60 ശതമാനവും ബിജെപിയെ പിന്തുണയ്ക്കാത്തവരാണ്. ആ 40 ശതമാനത്തിനു വേണ്ടിയാണോ, ബാക്കിയുള്ള 60 ശതമാനത്തിനു വേണ്ടിയാണോ കോൺഗ്രസ് നിലകൊള്ളേണ്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. എത്ര മൃദുഹിന്ദുത്വ നിലപാടുകൾ കോൺഗ്രസ് സ്വീകരിച്ചാലും ഒരുതരത്തിലും ബിജെപിയുടെ വോട്ട് ബാങ്കിനെ ചോർത്താൻ അവർക്കു സാധിക്കില്ല. അത് ഉറപ്പാണെന്നിരിക്കെ, അയോധ്യയിലുൾപ്പെടെ കോൺഗ്രസ് തുടരുന്ന നിലപാടില്ലായ്മയിൽ പ്രത്യേകിച്ച് ആ പാർട്ടിക്ക് ഒന്നും കിട്ടാനില്ല എന്ന വിലയിരുത്തൽ നടത്തുന്ന നിരവധി രാഷ്ട്രീയ നിരീക്ഷകരുണ്ട്.

കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ, അവർക്ക് ചിന്തിക്കാൻ സാധിക്കാത്ത തിരിച്ചടിയാണ് ഉണ്ടാകുക എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രത്യേകിച്ച് കോൺഗ്രസ് 'ഇന്ത്യ'മുന്നണിയുടെ ഭാഗമായിനിൽക്കുന്ന സാഹചര്യത്തിൽ. ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്നവർ എല്ലാതരത്തിലും ബിജെപിയും അവർ മുന്നോട്ടു വയ്ക്കുന്ന തീവ്ര ഹിന്ദുത്വരാഷ്ട്രീയവും പരാജയപ്പെടണമെന്നാഗ്രഹിക്കുന്നവരാണ്. അത്തരം അഭിപ്രായമുള്ള ജനങ്ങളുടെ പിന്തുണയുള്ള ഒരു സഖ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി തന്നെ ഇങ്ങനെ ഒരു നിലപാടെടുക്കുന്നത്, ആ സഖ്യശ്രമത്തെ തന്നെ നിർവീര്യമാക്കുന്ന നീക്കമാകുമെന്ന കാര്യത്തിൽ സംശയമില്ല.

logo
The Fourth
www.thefourthnews.in