'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി';  കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

അരവിന്ദ് കെജ്‌രിവാളിന്റെ സ്വീകരണ മുറിയില്‍ ഇരിക്കുകയായിരുന്ന സ്വാതിയെ ബൈഭവ് കുമാര്‍ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിനെതിരെ പാര്‍ട്ടി എംപി സ്വാതി മലിവാള്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്ത് ഡല്‍ഹി പോലീസ്. സ്വാതി മലിവാളിന്റെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ച് ബൈഭവ് കുമാര്‍ നിരവധി തവണ തല്ലിയെന്നാണ് സ്വാതിയുടെ മൊഴി. വയറ്റില്‍ ഉൾപ്പെടെ ഏഴ്-എട്ട് തവണ അടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ''അരവിന്ദ് കെജ്‌രിവാളിന്റെ ഡ്രോയിങ് മുറിയില്‍ ഇരിക്കുകയായിരുന്ന സ്വാതിയെ ബൈഭവ് കുമാര്‍ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കെജ്‌രിവാള്‍ വീട്ടിലുണ്ടായിരുന്ന സമയമായിരുന്നു അത്,'' എഫ്‌ഐആറില്‍ പറയുന്നു. സ്വാതിയുടെ ഷർട്ടിൽ കയറിപ്പിടിച്ചെന്നും തലമുടിയിയിൽ പിടിച്ച് മേശയിൽ ഇടിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി';  കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി
പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ബൈഭവിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് സെല്ലിനെയും ക്രൈം ബ്രാഞ്ച് സംഘത്തെയും സജ്ജമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 506, 509, 323 വകുപ്പുകൾ ചുമത്തിയാണ് വൈഭവിനെതിരെ കേസെടത്തിരിക്കുന്നത്.

ബൈഭവ് കുമാറിനെ ദേശീയ വനിതാ കമ്മിഷന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് സ്വാതി ഡല്‍ഹി പോലീസിന് മൊഴി നല്‍കിയത്. ഡൽഹി പോലീസ് അ പിഎസ് കുഷ്‌വാഹയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ടീമാണ് സ്വാതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാല് മണിക്കൂര്‍ നീണ്ട മൊഴി രേഖപ്പെടുത്തലിനു പിന്നാലെ ആരോഗ്യപരിശോധനയ്ക്കായി സ്വാതി കഴിഞ്ഞ ദിവസം എയിംസ് സന്ദര്‍ശിച്ചിരുന്നു.

തനിക്ക് നേരിട്ടത് അങ്ങേയറ്റം മോശമായ കാര്യമാണെന്നും ഉചിതമായ നടപടി സ്വീകരിക്കണണെന്നും പോലീസിനു മൊഴി നല്‍കിയതിന് പിന്നാലെ സ്വാതി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഈ പ്രശ്‌നത്തില്‍ ബിജെപി ഇടപെടരുതെന്നും സ്വാതി വ്യക്തമാക്കി. താന്‍ ഇത് മറ്റേതെങ്കിലും പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്നു പറഞ്ഞവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

''ഈ കുറച്ചുദിവസങ്ങള്‍ എനിക്കു കഠിനമായിരുന്നു. എനിക്കു സംഭവിച്ചതിനെക്കുറിച്ച് ഞാന്‍ പോലീസില്‍ മൊഴിനല്‍കി. ഉചിതമായ നടപടിയെടുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കു നന്ദി. രാജ്യത്ത് പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വാതി മലിവാള്‍ അല്ല, മറിച്ച് രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കാണു പ്രാധാന്യം. ഈ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നു ബിജെപി പ്രവര്‍ത്തകരോട് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു,'' സ്വാതി പറഞ്ഞു.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി';  കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി
'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

തിങ്കളാഴ്ചയാണ് സ്വാതിക്കു ബൈഭവില്‍നിന്നു മര്‍ദനമേറ്റത്. നേരത്തെ സ്വാതി സിവില്‍ പോലീസ് സ്‌റ്റേഷനില്‍ വരികയും ബൈഭവ് ഉപദ്രവിച്ചുവെന്ന് ആരോപിക്കുകയും ചെയ്തതായും പരാതി രേഖപ്പെടുത്താതെ പോകുകയുമായിരുന്നുവെന്നും ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. പിന്നീട് ആം ആദ്മി നേതാവ് സഞ്ജയ് സിങ് നടത്തിയ വാർത്താസമ്മേളനത്തിൽ, സ്വാതിക്ക് മർദനമേറ്റതായും സംഭവം കെജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. കെജ്‌രിവാളിന്റെ വീട്ടിലെ സ്വീകരണമുറിയിൽനിന്നാണ് സ്വാതിക്കു മര്‍ദനമേറ്റതെന്നും സഞ്ജയ് സിങ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മുന്നണിയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സ്വാതി മലിവാളിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് കെജ്‌രിവാള്‍ ഒഴിഞ്ഞുമാറിയിരുന്നു. അതേസമയം, തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംഭവത്തെ രാഷ്ട്രീയായുധമാക്കുകയാണ്. ബൈഭവിനെ അരവിന്ദ് കെജ്‌രിവാളിനൊപ്പം ലഖ്‌നൗവില്‍ കണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി ഗുണ്ടയാണെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.

logo
The Fourth
www.thefourthnews.in