പ്രധാനമന്ത്രി താമസിച്ചതിന്റെ ബില്ലടച്ചില്ല; മൈസൂരുവിലെ ആഡംബര ഹോട്ടല്‍ നിയമനടപടിക്ക്

പ്രധാനമന്ത്രി താമസിച്ചതിന്റെ ബില്ലടച്ചില്ല; മൈസൂരുവിലെ ആഡംബര ഹോട്ടല്‍ നിയമനടപടിക്ക്

80.6 ലക്ഷം രൂപയുടെ ബില്ലാണ് തീര്‍പ്പാക്കാനുള്ളത്

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക ഒരു വർഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടൽ. 80.6 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതി. പണം കിട്ടാനായി നിയനടപടിക്ക് ഒരുങ്ങുകയാണ് ഹോട്ടല്‍.

'പ്രൊജക്റ്റ് ടൈഗർ' അൻപതാം വാര്‍ഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് റാഡിസണ്‍ ബ്ലൂ പ്ലാസയിൽ താമസിച്ചത്. പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറി വാടക ഉൾപ്പെടെയുള്ള താമസച്ചെലവും തുക ലഭിക്കാൻ 12 മാസം വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേർത്തുള്ള തുകയാണ് ഹോട്ടൽ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.

വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തയാറാക്കിയ പദ്ധതിയായിരുന്നു പ്രൊജക്റ്റ് ടൈഗര്‍. പദ്ധതിയുടെ അമ്പതാം വാര്‍ഷികം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും കര്‍ണാടക വനം വകുപ്പും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജംഗിള്‍ സഫാരി പരിപാടിയുടെ ഭാഗമായിരുന്നു.

പ്രധാനമന്ത്രി താമസിച്ചതിന്റെ ബില്ലടച്ചില്ല; മൈസൂരുവിലെ ആഡംബര ഹോട്ടല്‍ നിയമനടപടിക്ക്
അപകീര്‍ത്തി കേസിൽ മേധ പട്കര്‍ കുറ്റക്കാരി; ഡൽഹി കോടതി വിധി ലെഫ്. ഗവര്‍ണർ വി കെ സക്സേനയുടെ ഹർജിയിൽ

തുക അടയ്ക്കാതായതോടെ നിരവധി തവണ ഹോട്ടല്‍ മാനേജ്മെന്റ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനും കര്‍ണാടക വനം വകുപ്പിനും ഇമെയില്‍ മുഖേനെ സന്ദേശമയച്ചിരുന്നു. ഒരിടത്തുനിന്നും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

ബില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് 2023 സെപ്റ്റംബറിലായിരുന്നു ആദ്യമായി ഹോട്ടല്‍ മാനേജ്‌മെന്റ്, വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് കത്തയച്ചത്. കര്‍ണാടക സര്‍ക്കാരാണ് ബില്ലടക്കേണ്ടതെന്ന മറുപടി ഫെബ്രുവരിയില്‍ ലഭിച്ചത്. വീണ്ടും മാര്‍ച്ചില്‍ കത്തെഴുതിയെങ്കിലും മറുപടി കിട്ടിയില്ല, ഈ സാഹചര്യത്തിലാണ് ജൂണ്‍ ഒന്നിന് ബില്ലുകള്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ നിയമ നടപടിക്കൊരുങ്ങുമെന്ന് ഹോട്ടല്‍ അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രി താമസിച്ചതിന്റെ ബില്ലടച്ചില്ല; മൈസൂരുവിലെ ആഡംബര ഹോട്ടല്‍ നിയമനടപടിക്ക്
ലോക്സഭാ തിരഞ്ഞെടുപ്പ്: 88 മണ്ഡലങ്ങളിൽ 2019നേക്കാൾ വോട്ട് കുറവ്, ചർച്ചയായി വോട്ടിങ് ശതമാനത്തിലെ താഴ്ച

2023-ലെ കര്‍ണാടക നിയസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു പ്രധാനമന്ത്രി പ്രൊജക്റ്റ് ടൈഗര്‍ പരിപാടിക്കായി മൈസൂരുവില്‍ എത്തിയത്. സംസ്ഥാനത്ത് അന്ന് ബിജെപി ഭരണമായിരുന്നു. അന്നത്തെ ബസവരാജ് ബൊമ്മെ സര്‍ക്കാരും വനം വകുപ്പും പരിപാടി സംഘടിപ്പിക്കാന്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ ഹോട്ടല്‍ ബില്ലിന്റെ കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രൊജക്റ്റ് ടൈഗര്‍ അൻപതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചത് കേന്ദ്ര സര്‍ക്കാരായതിനാൽ പണം നല്‍കാനാവില്ലെന്നാണ് കര്‍ണാടക വനംവകുപ്പിന്റെ നിലപാട്.

logo
The Fourth
www.thefourthnews.in