ദളിതനായതിനാൽ ഹെഡ്ഗേവാർ മ്യൂസിയത്തിൽ കയറ്റിയില്ലെന്ന് ബിജെപി മുൻ മന്ത്രി; വാതിൽ അടയ്ക്കാറില്ലെന്ന് ആർഎസ്എസ്
ആർഎസ്എസിന്റെ ദളിത് വിരുദ്ധത തുറന്നു കാട്ടി കർണാടകയിൽ നിന്നുള്ള മുൻ ബിജെപി മന്ത്രി ഗൂളിഹട്ടി ശേഖറിന്റെ ശബ്ദ സന്ദേശം. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെ ഹെഡ്ഗേവാർ മ്യൂസിയത്തിൽ ദളിതനായതിനാൽ പ്രവേശനം നിക്ഷേധിച്ച ആരോപണമാണ് ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുൻ ഹൊസ്ദുർഗ് എംഎൽഎ കൂടിയായ ഗൂളിഹട്ടി ശേഖർ രംഗത്ത് വന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിൽ മാസത്തിൽ നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് ജാതി വിവേചനം നേരിട്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
ഹെഡ്ഗേവാർ മ്യൂസിയത്തിൽ പ്രവേശിക്കാൻ പേര് വിവരങ്ങൾ രജിസ്റ്ററിൽ കുറിച്ചതോടെ പട്ടികജാതിക്കാരനാണെന്ന് മനസിലാക്കി തന്നെ മാറ്റി നിർത്തുകയായിരുന്നെന്ന ഗുരുതര ആരോപണമാണ് ശേഖർ ഉന്നയിക്കുന്നത്. ദളിതർക്ക് മ്യൂസിയത്തിനകത്ത് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവേശന കവാടത്തിലുണ്ടായിരുന്നയാൾ തിരിച്ചയച്ചു. തനിക്കൊപ്പമുണ്ടായിരുന്ന ഉയർന്ന ജാതിക്കാരായ നാല് പേരെ അകത്തു പ്രവേശിക്കാൻ അനുവദിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലക്കാരനായ ബി എൽ സന്തോഷ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഗൂളിഹട്ടി ശേഖർ ആവശ്യപ്പെട്ടു . അതേസമയം ആർ എസ് എസ് വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട് . ഹെഡ്ഗഹേവാർ മ്യുസിയത്തിൽ ആർക്കും പ്രവേശന നിയന്ത്രണമില്ലെന്നും നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തെ മ്യൂസിയം ഉൾപ്പടെയുള്ള എല്ലാ കാര്യാലയങ്ങളുടെയും കവാടങ്ങൾ ആർക്കു മുന്നിലും അടക്കാറില്ലെന്നും സംഘടന വ്യക്തമാക്കി . ഗൂളിഹട്ടി ശേഖർ പറയുന്ന പ്രകാരമുള്ള ഒരു രെജിസ്റ്ററും ഹെഡ്ഗേവാർ മ്യുസിയത്തിൽ ഇല്ല . സംഭവം നടന്നു ഇത്രയും നാളുകൾക്കു ശേഷമാണു വിവേചനം നേരിട്ട കാര്യം വെളിപ്പെടുത്തുന്നത് ,അന്ന് തന്നെ ഏതെങ്കിലും ആർ എസ് എസ് നേതാവിനോട് കാര്യം പറയാമായിരുന്നു . ആരോപണം അടിസ്ഥാന രഹിതമാണെന്നും ആർ എസ് എസ് വ്യക്തമാക്കി
അതേസമയം വിഷയം ബിജെപിക്കും ആർ എസ് എസിനുമെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കർണാടക കോൺഗ്രസ് . സംഘ്പരിവാറും ബിജെപിയും എക്കാലത്തും ദളിത് വിരുദ്ധരാണെന്നതിന്റെ ഉത്തമ ഉദാഹരമാണ് സംഭവമെന്ന് ഐടി മന്ത്രി പ്രിയങ്ക ഖാർഗെ പറഞ്ഞു. എന്തുകൊണ്ട് പ്രവേശനം നിഷേധിച്ചുവെന്ന ഹൂളിഗട്ടി ശേഖറിന്റെ ലളിതമായ ചോദ്യത്തിന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹോസ്ദുർഗ് മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഗൂളി ഹട്ടി ശേഖർ പാർട്ടി വിട്ടിരുന്നു. ബസവരാജ് ബൊമ്മെ സർക്കാരിന്റെ കാലത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ട് വരണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചയാളാണ് ഇദ്ദേഹം. 'അമ്മയെ നിർബന്ധിച്ചു മതം മാറ്റി ക്രൈസ്തവ വിശ്വാസിയാക്കിയെന്നു നിയമസഭയിൽ വെളിപ്പെടുത്തിയായിരുന്നു ഗൂളിഹട്ടി ശേഖർ ആവശ്യം ഉന്നയിച്ചത്. തുടർന്നായിരുന്നു ബൊമ്മെ സർക്കാർ നിർബന്ധിത മതപരിവർത്തനം തടയുന്ന വിശ്വാസ സംരക്ഷണ നിയമം പാസാക്കിയത്.