നോട്ടുനിരോധനം മുതല്‍ അനുച്ഛേദം 370 വരെ; ഈ വർഷത്തെ സുപ്രധാന സുപ്രീംകോടതി വിധികൾ

നോട്ടുനിരോധനം മുതല്‍ അനുച്ഛേദം 370 വരെ; ഈ വർഷത്തെ സുപ്രധാന സുപ്രീംകോടതി വിധികൾ

സ്വവര്‍ഗ വിവാഹമടക്കമുള്ള അതിപ്രാധാന്യമായ പല വിഷയങ്ങളും ഇത്തവണ സുപ്രീം കോടതി കൈകാര്യം ചെയ്തു.

സുപ്രീംകോടതിയെ സംബന്ധിച്ച് സുപ്രധാനമായ പല വിധികളും പുറപ്പെടുവിച്ച വര്‍ഷമാണ്‌ 2023. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അനുച്ഛേദം 370, സ്വവര്‍ഗ വിവാഹം തുടങ്ങി അതിപ്രധാനമായ പല വിഷയങ്ങളും ഈ വര്‍ഷം സുപ്രീംകോടതി കൈകാര്യം ചെയ്തു. സ്വാഗതാര്‍ഹവും നിരാശാജനകവുമായ പല വിധികളും ഇക്കൂട്ടത്തിലുണ്ട്. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഒരു വര്‍ഷം തികച്ച ഡി വൈ ചന്ദ്രചൂഡിന്റെ നിര്‍ണായക പരാമര്‍ശങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 2016-ലെ നോട്ട് നിരോധനത്തിന്റെ വിധിയില്‍ തുടങ്ങിയ ഈ വര്‍ഷം ജമ്മു കശ്മീരിന്റെ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര തീരുമാനം ശരിവെച്ചതിലാണ് അവസാനിച്ചത്.

നോട്ടുനിരോധനം

2016ല്‍ രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ഭിന്നവിധിയായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. 2016 നവംബര്‍ എട്ടിന് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ ഉത്തരവുകള്‍ നിയമസാധുതയുള്ളതെന്നായിരുന്നു ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരുടെ അഭിപ്രായം. എന്നാല്‍ ജസ്റ്റിസ് ബി വി നാഗരത്‌ന മാത്രം ഭിന്നവിധി പുറപ്പെടുവിച്ചു. നിയമ നിര്‍മാണത്തിലൂടെ ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കേണ്ടത് എന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം. റിസര്‍വ് ബാങ്കിന്റെ ചട്ടത്തിന് അനുസൃതമായല്ല കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ജസ്റ്റിസ് നാഗരത്ന പ്രസ്താവിച്ചു. നോട്ട് നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള 58 ഹര്‍ജികളാണ് അന്ന് കോടതി പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം

തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയാണ് ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്മാരെ നിയമിക്കാന്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ കോടതി രൂപീകരിച്ചു. ജനാധിപത്യം, നിയമവാഴ്ച എന്നിവയുള്‍പ്പെടുന്ന ഭരണഘടനയുടെ മൂല്യം തകരുകയാണെന്ന് പ്രസ്താവിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷത്തിന്റെ നേതാവിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു.

ഡല്‍ഹി ഭരണാധികാര തർക്കം

രാജ്യ തലസ്ഥാനത്തെ അധികാരത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായ വിധിയായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. തലസ്ഥാന പ്രദേശങ്ങളിലെ (national capital territory-NCT) നിയമനിര്‍മാണ അധികാരങ്ങളൊഴികെ ഡല്‍ഹി നിയമസഭയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസിലെ ഉദ്യോഗസ്ഥരുടെ മേല്‍ അധികാരമുണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാല്‍ പൊതുഉത്തരവുകള്‍, പോലീസ്, ഭൂമി എന്നിവയില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വ്യാപിക്കില്ലെന്ന് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഐ എ എസ്, ജോയിന്റ് കേഡര്‍ സര്‍വീസസ് തുടങ്ങിയ സേവനങ്ങളുടെ മേലുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്നും അന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

നോട്ടുനിരോധനം മുതല്‍ അനുച്ഛേദം 370 വരെ; ഈ വർഷത്തെ സുപ്രധാന സുപ്രീംകോടതി വിധികൾ
'ജനാധിപത്യം' പ്രതീക്ഷയര്‍പ്പിച്ച ചീഫ് ജസ്റ്റിസ്; ഒരു വര്‍ഷം പിന്നിട്ട ചന്ദ്രചൂഡിന്റെ സുപ്രധാന വിധിന്യായങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തിക്കേസ്

2023-ലെ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍നില്‍ക്കുന്നതായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ അപകീര്‍ത്തിക്കേസും എം പി സ്ഥാനത്ത് നിന്നുള്ള അയോഗ്യതയും. 2019-ലെ 'മോദി' പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ ഓഗസ്റ്റ് നാലിന് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അപകീര്‍ത്തിക്കേസില്‍ പരമാവധി രണ്ട് വര്‍ഷം ശിക്ഷ വിധിച്ചതിന് മതിയായ കാരണങ്ങള്‍ നിരത്താന്‍ സൂറത്തിലെ വിചാരണക്കോടതിക്ക് സാധിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ശിക്ഷാ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി ജസ്റ്റിസ് ബി ആര്‍ ഗവായ്, പി എസ് നരസിംഹ, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു പരിഗണിച്ചത്.

ഈ വിധി വീണ്ടും ലോക്‌സഭയിലേക്ക് പ്രവേശിക്കാന്‍ രാഹുല്‍ ഗാന്ധിയെ യോഗ്യനാക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടേത് മോശം പരാമര്‍ശമാണെന്നതില്‍ സംശയമില്ലെന്നും പൊതു ഇടങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷാ വിധിയെ തുടര്‍ന്ന് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുന്നത് ഹര്‍ജിക്കാരന്റെ പൊതുജീവിതത്തെ മാത്രമല്ല, വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാരുടെ അവകാശത്തെയും ബാധിക്കുന്നുവെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

നോട്ടുനിരോധനം മുതല്‍ അനുച്ഛേദം 370 വരെ; ഈ വർഷത്തെ സുപ്രധാന സുപ്രീംകോടതി വിധികൾ
രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; മാനനഷ്ടക്കേസിൽ ശിക്ഷയ്ക്ക് സ്റ്റേ, ലോക്‌സഭാ അംഗത്വം തിരികെ ലഭിക്കും

മീഡിയാ വണ്‍ വിലക്ക്

ദൃശ്യമാധ്യമ സ്ഥാപനമായ മീഡിയാ വണ്ണിന്റെ മേല്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക് ഏപ്രില്‍ അഞ്ചിന് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിലക്കിന്റെ കാരണം മുദ്രവച്ച കവറില്‍ കോടതിയില്‍ മാത്രം നല്‍കിയത് നിതീകരിക്കാനില്ലെന്നു കോടതി നിരീക്ഷിച്ചു. കൂടാതെ സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി മീഡിയാ വണ്‍ വിധിയിലൂടെ പുറപ്പെടുവിച്ചത്.

ദേശസുരക്ഷയെന്ന വാദം ശൂന്യതയില്‍നിന്ന് എടുത്ത് ഉന്നയിക്കാനാകില്ലെന്നും അതിന് വസ്തുതാപരമായ തെളിവുകള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതിന് ദേശസുരക്ഷയെന്ന വാദം ഉപയോഗിക്കുന്നു, സത്യം വിളിച്ചുപറയാനും പരുക്കന്‍ വസ്തുതകള്‍ പൗരന്മാരെ അറിയിക്കാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചാനലിന്റെ വിമര്‍ശനാത്മക വീക്ഷണങ്ങളെ ഭരണകൂട വിരുദ്ധമെന്ന് വിളിക്കാനാകില്ല, മാധ്യമങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന നിലപാട് അനുവദിക്കാനാവില്ല തുടങ്ങിയവയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍.

സ്വവര്‍ഗ വിവാഹത്തിലെ വിധി

സ്വവര്‍ഗ വിവാഹത്തിനുള്ള നിയമസാധുത സുപ്രീം കോടതി തള്ളിക്കളഞ്ഞതായിരുന്നു മറ്റൊരു സുപ്രധാന വിധി. വിവാഹത്തിനുള്ള അവകാശം അടിസ്ഥാനപരമായ ഒന്നല്ലെന്നും എന്നാല്‍ നഗരത്തിലെ വരേണ്യവര്‍ഗത്തിന്റെ അജണ്ട മാത്രമാണ് സ്വവര്‍ഗ ബന്ധമെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നിയമം മാറ്റണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങളെ സംബന്ധിച്ച് ഒരേ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവര്‍ അവരോട് വിയോജിച്ചു.

സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം. എന്നാല്‍ ഇതിനോട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ മൂന്ന് പേര്‍ വിയോജിച്ചു. അതോടെ ആ അവകാശവും സ്വവര്‍ഗ ദമ്പതികള്‍ക്ക് ലഭിക്കാതെയായി. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിലവിലെ നിയമപ്രകാരം കുട്ടികളെ ദത്തെടുക്കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

നോട്ടുനിരോധനം മുതല്‍ അനുച്ഛേദം 370 വരെ; ഈ വർഷത്തെ സുപ്രധാന സുപ്രീംകോടതി വിധികൾ
സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞതെന്ത്?

അനുച്ഛേദം 370

ഈ വര്‍ഷത്തെ അവസാനത്തെ സുപ്രധാന വിധിയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിധി. അനുച്ഛേദം റദ്ദാക്കിയ കോടതിയുടെ തീരുമാനം സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്‌ കെ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുക, നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ചേര്‍ന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് വിധിന്യായങ്ങളാണ് പുറപ്പെടുവിച്ചത്.

തോട്ടിപ്പണി ഇല്ലാതാക്കല്‍

അഴുക്കുച്ചാലുകള്‍ വൃത്തിയാക്കുന്നതിനിടിയില്‍ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി 30 ലക്ഷം സര്‍ക്കാരുകള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഴുക്കുച്ചാലുകള്‍ വൃത്തിയാക്കുന്നതിനിടയില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. കൂടാതെ തോട്ടിപ്പണി പൂര്‍ണമായും ഇല്ലാതായെന്ന് ഉറപ്പ് വരുത്തണമെന്ന നിര്‍ദേശവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു

logo
The Fourth
www.thefourthnews.in