ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി; ബിജെപി എംപി, എംഎല്‍എ എന്നിവരും വേദിയിൽ

ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി; ബിജെപി എംപി, എംഎല്‍എ എന്നിവരും വേദിയിൽ

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വിട്ടയച്ചതിനെതിരായ ഹർജി സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്

ഗുജറാത്ത് സർക്കാർ സം​ഘടിപ്പിച്ച പരിപാടിയിൽ ബിജെപി എംപിക്കും എംഎൽഎയ്ക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതിയും. ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. സര്‍ക്കാരിന്റെ ജല വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബലാത്സംഗ കേസിലെ പ്രതി പങ്കെടുത്തത്. അതേസമയം, ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും വിട്ടയച്ചതിനെതിരായ ഹർജി സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

മാർച്ച് 25 ന് ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിലാണ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. ദാഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എം‌എൽ‌എ ശൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്. ശൈലേഷ് ചിമൻലാൽ ഭട്ട് പരിപാടിയിൽ ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിപാടിയുടെ വീഡിയോയും ഫോട്ടോയും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും ട്വീറ്ററിൽ പങ്കുവച്ച ഇരുനേതാക്കളും വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയ്യാറായില്ല.

സംഭവത്തിൽ രൂക്ഷവിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര രംഗത്തുവന്നു. 'എനിക്കീ രാക്ഷസന്മാരെ തിരികെ ജയിലേയ്ക്കയക്കണം എന്നിട്ടാ താക്കോല്‍ വലിച്ചെറിയണം. നീതിയ്‌ക്കെതിരെയുള്ള പരിഹാസത്തെ പിന്തുണയ്ക്കുന്ന പൈശാചിക സര്‍ക്കാരിനെ താഴെയിറക്കണം. ഇന്ത്യയുടെ ധാര്‍മികത തിരിച്ചുകൊണ്ട് വരണം'- ഫോട്ടോ പങ്കുവച്ചുകൊണ്ട് മഹുവ മൊയിത്ര ട്വീറ്റ്‌ചെയ്തു.

ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി; ബിജെപി എംപി, എംഎല്‍എ എന്നിവരും വേദിയിൽ
ബിൽക്കിസ് ബാനു കേസ്: പ്രതികളുടെ മോചനത്തിനെതിരായ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച്

അതിനിടെ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ചാണ് ഇന്ന് കേസിൽ വാദം കേൾക്കുക. ബിൽക്കിസിനൊപ്പം രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകർ സമർപ്പിച്ച ഹർജികളും ബെഞ്ച് പരിഗണിക്കും.

2023 ജനുവരി 4ന് കേസുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ബേല എം ത്രിവേദി പിന്‍മാറിയിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2002 മാര്‍ച്ച് മൂന്നിനാണ് ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെടുന്നത്. 2004-2006 കാലഘട്ടത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിയമ സെക്രട്ടറിയായിരുന്നു ത്രിവേദി എന്ന കാരണത്താലായിരുന്നു പിന്മാറ്റം. പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് 2022 ഡിസംബറില്‍ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ത്രിവേദി പിന്മാറിയത്. അന്ന് ജസ്റ്റിസ് അജയ് രസ്‌തോഗിയാണ് ത്രിവേദിക്കൊപ്പം ബഞ്ചില്‍ ഉണ്ടായിരുന്നത്. ത്രിവേദി പിന്മാറുന്നു എന്ന കാരണത്താല്‍ നിലവില്‍ കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്നും മറ്റൊരു അംഗത്തോടൊപ്പമുള്ള ബെഞ്ചില്‍ കേസ് പരാമര്‍ശിക്കാനും രസ്‌തോഗി ബില്‍ക്കിസ് ബാനുവിനോട് ആവശ്യപ്പെടുകയായിരുന്നു.

ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി; ബിജെപി എംപി, എംഎല്‍എ എന്നിവരും വേദിയിൽ
ബിൽക്കിസ് ബാനു കേസ്; പുനഃപരിശോധനാ ഹർജി തള്ളിയത് റിട്ട് ഹര്‍ജിക്ക് തിരിച്ചടിയല്ലെന്ന് അഭിഭാഷക
ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കേസിലെ പ്രതി; ബിജെപി എംപി, എംഎല്‍എ എന്നിവരും വേദിയിൽ
11 പ്രതികളുടെ മോചനം ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു സുപ്രീംകോടതിയില്‍

2022 ഓഗസ്റ്റ് 16നാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.  പ്രതികളെ മോചിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. 2008ല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in