അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന്റെ ഫോണിൽ പെഗാസസ് സ്ഥാപിക്കാൻ ശ്രമം

അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന്റെ ഫോണിൽ പെഗാസസ് സ്ഥാപിക്കാൻ ശ്രമം

ആന്റി ഫോൺ ഹാക്കിങ് സ്ഥാപനമായ 'ഐ വെരിഫൈ'യാണ് മംഗ്‌നാലെയുടെ ഫോണിൽ സംശയാസ്പദമായ കടന്നുകയറ്റ ശ്രമങ്ങൾ കണ്ടെത്തിയത്

വ്യവസായിയായ ഗൗതം അദാനി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് റിപ്പോർട്ട് പുറത്തുവിട്ട ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന്റെ (ഒസിസിആർപി) സൗത്ത് ഏഷ്യ എഡിറ്റർ ആനന്ദ് മംഗ്‌നാലെയുടെ ഫോണിൽ ഇസ്രയേലി സ്പൈവെയറായ പെഗാസസ് സ്ഥാപിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.

അന്വേഷണാത്മക പത്രപ്രവർത്തകനായ ആനന്ദ് മംഗ്‌നാലെയുടെ ഫോൺ ഹാക്ക് ചെയ്യാൻ ഓഗസ്റ്റ് 23ന് ശ്രമം നടന്നതായി ഒസിസിആർപി സഹസ്ഥാപകനൻ ഡ്രൂ സുള്ളിവനാണ് അറിയിച്ചത്. ആന്റി ഫോൺ ഹാക്കിങ് സ്ഥാപനമായ 'ഐ വെരിഫൈ'യാണ് മംഗ്‌നാലെയുടെ ഫോണിൽ സംശയാസ്പദമായ കടന്നുകയറ്റശ്രമങ്ങൾ കണ്ടെത്തിയത്.

അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന്റെ ഫോണിൽ പെഗാസസ് സ്ഥാപിക്കാൻ ശ്രമം
'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

സർക്കാർ പിന്തുണയോടെ ഐ ഫോണുകളിലേക്ക് കടന്നുകയറാൻ ശ്രമം നടക്കുന്നതായി മംഗ്‌നാലെയ്ക്കും ഒക്‌ടോബർ 31ന് ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഐ വെരിഫൈയുടെ റിപ്പോർട്ട് പ്രകാരം, പെഗാസസ് സ്പൈവെയറിന്റെ അതേ ഘടനയുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ മംഗ്‌നാലെയുടെ ഫോണിലും കണ്ടെത്തി. അദ്ദേഹത്തിന്റെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്തെന്ന് ഉറപ്പിച്ചുപറയാൻ കഴിയുമെന്ന് ഐ വെരിഫൈയുടെ സഹസ്ഥാപകൻ റോക്കി കോൾ വ്യക്തമാക്കി.

വ്യക്തമായ യാതൊരു കണ്ടെത്തലുകളുമില്ലാതെയാണ് പലരും മാധ്യമങ്ങളെ സമീപിക്കുന്നതെന്ന് പെഗാസസ് നിർമാതാക്കളായ എൻഎസ്ഒ പറഞ്ഞെങ്കിലും മംഗ്‌നാലെയുടെ ആരോപണത്തോട് പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല.

നികുതി വെട്ടിപ്പ്, സ്റ്റോക്ക് മാർക്കറ്റിലെ ക്രമക്കേട് എന്നീ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പ് കാണിക്കുന്നതായി ആരോപിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അന്വേഷണാത്മക പത്രപ്രവർത്തകരുടെ ആഗോളശൃംഖലയായ ഒസിസിആർപി റിപ്പോർട്ട് പുറത്തുവിട്ടത്.

അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന്റെ ഫോണിൽ പെഗാസസ് സ്ഥാപിക്കാൻ ശ്രമം
"പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താന്‍ കേന്ദ്രസർക്കാരിനെ സ്വാധീനിച്ചു"; വേദാന്ത ഗ്രൂപ്പിനെതിരെ ഒസിസിആർപി റിപ്പോർട്ട്

നിരവധി രാജ്യങ്ങളിലെ ഫൊറൻസിക് വിദഗ്ധരും റിപ്പോർട്ടർമാരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ മേൽ പെഗാസസ് ഉപയോഗിപ്പെട്ടതായായിരുന്നു ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽനിന്നുള്ള 20 പേർക്കും ഈ അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

ഇസ്രയേൽ സൈബർ സുരക്ഷാ സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച പെഗാസസിനെ വിമർശകർക്കെതിരെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതായി മുൻപ് ആരോപണം ഉയർന്നിരുന്നു. സ്‌പൈവെയർ വഴി ഉപയോക്താക്കളുടെ സ്‌മാർട്ട്‌ഫോണുകളിലേക്ക് നുഴഞ്ഞുകയറാനും മൈക്രോഫോണും ക്യാമറയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിയന്ത്രിക്കാനും സാധിക്കും.

logo
The Fourth
www.thefourthnews.in