"പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താന്‍ കേന്ദ്രസർക്കാരിനെ സ്വാധീനിച്ചു"; വേദാന്ത ഗ്രൂപ്പിനെതിരെ ഒസിസിആർപി റിപ്പോർട്ട്

"പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താന്‍ കേന്ദ്രസർക്കാരിനെ സ്വാധീനിച്ചു"; വേദാന്ത ഗ്രൂപ്പിനെതിരെ ഒസിസിആർപി റിപ്പോർട്ട്

അദാനി ഗ്രൂപ്പിനെതിരായ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഒസിസിആർപി വേദാന്തയ്ക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ഖനന കമ്പനിയായ വേദാന്ത പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ സ്വാധീനിച്ചതായി ആരോപണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സമയത്ത് ഖനനത്തിന് വേണ്ടിയുള്ള പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താൻ സ്വാധീനിച്ചുവെന്നാണ് ഒസിസിആർപി റിപ്പോര്‍ട്ടിലെ ആക്ഷേപം. വേദാന്തയുടെ ആവശ്യം പൊതുജനാഭിപ്രായം പോലും തേടാതെ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഓഹരി വിപണിയില്‍ ഓഹരി വില കൃത്രിമമായി ഉയര്‍ത്തിക്കാട്ടാന്‍ അദാനി ഗ്രൂപ്പ് രണ്ട് പങ്കാളികളെയും അവരുടെ ഓഫ്‌ഷോര്‍ സ്ഥാപനങ്ങളെയും ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഒസിസിആർപി വേദാന്തയ്ക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത്.

'നിയമവിരുദ്ധമായ രീതികൾ' ഉപയോഗിച്ചാണ് ഖനനത്തിനുള്ള പരിസ്ഥിതി ചട്ടങ്ങളിൽ സർക്കാർ മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ പാരിസ്ഥിതിക അനുമതികളില്ലാതെ ഖനന കമ്പനികൾക്ക് 50 ശതമാനം വരെ കൂടുതൽ ഉത്പാദിപ്പിക്കാനുള്ള അനുമതിയും വേദാന്ത തങ്ങളുടെ സ്വാധീനത്തിലൂടെ നേടിയെടുക്കുകയായിരുന്നു. വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള എണ്ണ- വാതക ഉത്പാദന കമ്പനിയായ കെയിൻ ഇന്ത്യ ലേലത്തിലൂടെ നേടിയ ഓയിൽ ബ്ലോക്കുകളിൽ ഖനനം ഉള്‍പ്പെടെ നടത്തുന്നതിന് പൊതുജനാഭിപ്രായം തേടുന്ന പ്രക്രിയ സ്വാധീനത്തിലൂടെ ഒഴിവാക്കി. ഇത്തരത്തിൽ രാജസ്ഥാനിലെ ആറ് മേഖലകളിൽ പ്രാദേശവാസികളുടെ എതിർപ്പിനെ മറികടന്ന് കെയ്ൻ ഇന്ത്യ ഡ്രില്ലിങ് നടത്തിയെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

"പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താന്‍ കേന്ദ്രസർക്കാരിനെ സ്വാധീനിച്ചു"; വേദാന്ത ഗ്രൂപ്പിനെതിരെ ഒസിസിആർപി റിപ്പോർട്ട്
വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം

ഒസിസിആർപിയുടെ റിപ്പോർട്ട് പ്രകാരം, വേദാന്ത റിസോഴ്‌സസ് ചെയർമാനായ അനിൽ അഗർവാൾ 2021 ജനുവരിയിലാണ് അന്നത്തെ പരിസ്ഥിതി മന്ത്രിയായ പ്രകാശ് ജാവദേക്കറിന് കത്തയയ്ക്കുന്നത്. പുതിയ പരിസ്ഥിതി അനുമതിയില്ലാതെ ഖനന കമ്പനികൾക്ക് അവരുടെ ഉത്പാദനം 50 ശതമാനം വരെയാക്കി വർധിപ്പിക്കാൻ അനുവദിക്കുന്നതിലൂടെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അതിവേഗം കരയകയറ്റാൻ സാധിക്കുമെന്നായിരുന്നു കത്തിൽ അവകാശപ്പെട്ടത്. കത്ത് ലഭിച്ച ഉടൻതന്നെ വകുപ്പുതല സെക്രട്ടറിക്കും വനം വകുപ്പ് ഡയറക്ടർ ജനറലിനും നയം സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രി നിര്‍ദേശം നല്‍കിയെന്നും ഒ സിസിആർപി റിപ്പോർട്ടിൽ പറയുന്നു. 'വളരെ പ്രധാനപ്പെട്ടത്' എന്ന കുറിപ്പോടെയായിരുന്നു ഇരുവർക്കും മന്ത്രി കുറിപ്പയച്ചത്.

"പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താന്‍ കേന്ദ്രസർക്കാരിനെ സ്വാധീനിച്ചു"; വേദാന്ത ഗ്രൂപ്പിനെതിരെ ഒസിസിആർപി റിപ്പോർട്ട്
'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

സമാനമായി വേദാന്തയുടെ ചീഫ് എക്സ്ക്യൂട്ടീവ് സുനിൽ ഡഗ്ഗൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. ഖനന കമ്പനികളുടെ ഉത്പാദനം കൂട്ടുക വഴി പുതിയ തൊഴിലുകൾ സൃഷ്ടിക്കാനും രാജ്യത്തിൻറെ പിന്നോക്ക മേഖലകളിലെ ദാരിദ്ര്യ നിർമാർജനത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു. തുടർന്ന് മോദിയുടെ ഓഫീസ് ഈ കത്ത് പരിസ്ഥിതി സെക്രട്ടറിക്ക് കൈമാറുകയും 2021 ഒക്ടോബറോടെ ഭൂപേന്ദർ യാദവിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി മന്ത്രാലയം, പൊതു ജനാഭിപ്രായം തേടാതെ ഖനികൾക്ക് 20 ശതമാനം അധിക ഉത്പാദനം അനുവദിക്കുന്ന മെമ്മോ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2021 ജൂലൈയിലാണ് ജാവദേക്കറിന് പകരക്കാരനായി ഭൂപേന്ദ്ര യാദവ് വനം പരിസ്ഥിതി മന്ത്രിസ്ഥാനം ഏറ്റെടുത്തത്.

"പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്താന്‍ കേന്ദ്രസർക്കാരിനെ സ്വാധീനിച്ചു"; വേദാന്ത ഗ്രൂപ്പിനെതിരെ ഒസിസിആർപി റിപ്പോർട്ട്
'അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേത്'; ഒസിസിആര്‍പി വെളിപ്പെടുത്തലിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

പിന്നീട് 2022 ഏപ്രിലിൽ ഒരു മെമോ പുറപ്പെടുവിക്കുക വഴി ഖനന കമ്പനികൾക്ക് ഉത്പാദനം 50 ശതമാനം വരെ വർധിപ്പിക്കാനുള്ള സൗകര്യവും സർക്കാർ ഒരുക്കിക്കൊടുത്തു. എന്നാല്‍ കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയുടെ പാരിസ്ഥിതിക ചട്ടങ്ങളിലെ മാറ്റങ്ങൾ കൊണ്ടുവരാന്‍ വേദാന്ത ശക്തമായി ശ്രമിച്ചെങ്കിലും, മറ്റ് കമ്പനികളും നേട്ടമുണ്ടാക്കുന്നതിനാൽ മോദി സർക്കാർ അനിൽ അഗർവാളിന്റെ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ പ്രത്യേകമായി പ്രവർത്തിച്ചുവെന്ന് പറയാൻ പ്രയാസമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വേദാന്ത ഗ്രൂപ്പ് ബിജെപിയുടെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വേദാന്തയുടെ രണ്ടുസഹസ്ഥാപനങ്ങൾ ചേർന്ന് 2016നും 2020നുമിടയിൽ 43.5 കോടി രൂപ ബിജെപിക്ക് നൽകിയതിന്റെ തെളിവുകളുണ്ടെന്നും ഒസിസിആർപി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in