അന്ന് മൗനിയും രാത്രികാവൽക്കാരനും ഇന്ന് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തി; മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന നരേന്ദ്രമോദി

അന്ന് മൗനിയും രാത്രികാവൽക്കാരനും ഇന്ന് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തി; മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന നരേന്ദ്രമോദി

2010 ന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താൻ കരുക്കൾ നീക്കിയിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മൻമോഹൻ സിങ്ങിനോളം നിരന്തരം അധിക്ഷേപിച്ച മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല

'പാർലമെന്റിനെയും രാജ്യത്തെയും ദീർഘകാലം നയിച്ച മൻമോഹൻ സിങ് എക്കാലവും ഓർമിക്കപ്പെടും, സർക്കാരിനെതിരെ മുമ്പൊരിക്കൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തുള്ള അദ്ദേഹം വീൽചെയറിലെത്തി വോട്ട് ചെയ്തു. ഭരണപക്ഷം ജയിക്കുമെന്നുറപ്പായിട്ടും അദ്ദേഹം തന്റെ കടമ നിർവഹിക്കുകയായിരുന്നു ജനാധിപത്യത്തിനാണ് ഇതിലൂടെ കരുത്തുപകരുകയായിരുന്നു അദ്ദേഹം' ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്.

മോദിയുടെ ഈ വാക്കുകൾ കേട്ട് ഞെട്ടിയത് ഒരു പക്ഷേ കോൺഗ്രസ് നേതാക്കൾ തന്നെയായിരിക്കണം. കാരണം 2010 ന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താൻ കരുക്കൾ നീക്കിയിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മൻമോഹൻ സിങ്ങിനോളം നിരന്തരം അധിക്ഷേപിച്ച മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല.

മന്‍മോഹന്‍ സിങ്
മന്‍മോഹന്‍ സിങ്

''മൻമോഹൻ സിങ് അല്ല 'മൗൻ' മോഹൻ സിങ് ആണ് പ്രധാനമന്ത്രി'', ''കോൺഗ്രസിന്റെ 'രാത്രി കാവൽക്കാരൻ' ആണ് മൻമോഹൻ സിങ്'', റെയിൻ കോട്ടിട്ട് കുളിക്കുന്നവൻ, ''രാജ്യത്തിന്മേൽ അടിച്ചേൽപ്പിച്ച ആക്ടിംഗ് പ്രധാനമന്ത്രി'', ''രൂപയുടെ ഡോക്ടർ'' കഴിഞ്ഞ 12 വർഷത്തിനിടയിൽ മൻമോഹൻ സിംഗിനെ അധിക്ഷേപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വാക് പ്രയോഗങ്ങളിൽ ചിലതാണിത്. അതേ നരേന്ദ്രമോദി തന്നെയാണ് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തിയായി മൻമോഹനെ വിശേഷിപ്പിച്ചതും.

അന്ന് മൗനിയും രാത്രികാവൽക്കാരനും ഇന്ന് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തി; മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന നരേന്ദ്രമോദി
ജനതാ പാര്‍ട്ടിയെ 'പിന്നില്‍ നിന്ന് കുത്തിയ' ചരണ്‍ സിങ്; എന്നിട്ടും ബിജെപി എന്തിന് ഭാരത രത്‌ന നല്‍കി?

2011-12 കാലഘട്ടത്തിലാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിജെപി ഉയർത്തികാണിച്ചു തുടങ്ങിയത്. തുടർന്ന് 2012 ല്‍ ആണ് നരേന്ദ്രമോദി ആദ്യമായി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ നേരിട്ട് അധിക്ഷേപവുമായി എത്തിയത്.

2012 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു റാലിയിൽ മോദി സിങ്ങിനെ 'മൗൻ (മൗനി അഥവ നിശബ്ദൻ)' എന്നായിരുന്നു വിശേഷിപ്പിച്ചത്. ''ആജ് കി സബ്സേ ബധി ഖബർ ഹേ കി മൗൻ മോഹൻ സിങ് നെ അപനാ മൗൻ തോഡ് ദിയ (ഇന്നത്തെ ഏറ്റവും വലിയ വാർത്ത 'മൗൻ-മോഹൻ' സിങ് തന്റെ മൗനം ഭഞ്ജിച്ചു എന്നതാണ്) എന്നതായിരുന്നു മോദിയുടെ പ്രസംഗം.

'മൻമോഹൻ സിങിനെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ച അവർ ഒരു രാത്രി കാവൽക്കാരനെ നിയമിച്ചു. പ്രധാനമന്ത്രി ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയാണ്' എന്നായിരുന്നു മോദി പറഞ്ഞത്

തുടർന്ന് 2013 മാർച്ചിൽ ന്യൂഡൽഹിയിൽ നടന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ വിമർശനവും കടന്ന് അധിക്ഷേപ പരാമർശത്തിന് മോദി തയ്യാറായി. മൻമോഹൻ സിംഗ് 'രാത്രി കാവൽക്കാരൻ' എന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. 'മൻമോഹൻ സിങിനെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ച അവർ ഒരു രാത്രി കാവൽക്കാരനെ നിയമിച്ചു. പ്രധാനമന്ത്രി ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയാണ്' എന്നായിരുന്നു മോദി പറഞ്ഞത്. ഇതിന് പിന്നാലെ കോൺഗ്രസുകാർ പോലും നേതാവായി മൻമോഹൻ സിങ്ങിനെ അംഗീകരിക്കുന്നില്ലെന്ന് മോദി പറഞ്ഞു.

അന്ന് മൗനിയും രാത്രികാവൽക്കാരനും ഇന്ന് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തി; മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന നരേന്ദ്രമോദി
ഹിന്ദുത്വത്തെ അതിജയിച്ച നെഹ്‌റു; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിന്റെ കഥ

100 കോൺഗ്രസ് പ്രവർത്തകരോട് അവരുടെ നേതാവ് ആരാണെന്ന് നിങ്ങൾ ചോദിച്ചാൽ, പ്രധാനമന്ത്രി ആണെങ്കിൽ പോലും മൻമോഹൻ സിങ്ജി യുടെ പേര് പറയില്ല... അങ്ങനെയുള്ള ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഒരു രാജ്യത്തെ നയിക്കാൻ കഴിയുക? എന്നായിരുന്നു അന്ന് നരേന്ദ്രമോദി ചോദിച്ചത്. 2014 ൽ അധികാരത്തിൽ ഏറി പ്രധാനമന്ത്രിയായപ്പോഴും മൻമോഹൻ സിങ്ങിനെ അധിക്ഷേപിക്കുന്നത് നരേന്ദ്രമോദി നിർത്തിയിരുന്നില്ല.

അതേസമയം മോദിക്കെതിരെയും അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയെന്ന് വിശേഷിപ്പിച്ച നോട്ടുനിരോധനത്തിന്റെ പോരായ്മകളെ കുറിച്ചും തന്റെ സ്വതസിദ്ധമായ ശൈലിയിൽ മൻമോഹൻ സിംഗ് വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

2014 ൽ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നത് ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് മൻമോഹൻ സിങ് വിമർശിച്ചിരുന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം 2018 നവംബറിൽ ഇൻഡോറിൽ വെച്ച് മോദിക്കെതിരെ നടത്തിയ വിമർശനത്തിൽ 'ദുരന്തം' എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലാത്തതായിരുന്നെന്ന് മൻമോഹൻ സിങ് തുറന്നു പറഞ്ഞു.

അന്ന് മൗനിയും രാത്രികാവൽക്കാരനും ഇന്ന് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തി; മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന നരേന്ദ്രമോദി
പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥികളും പിഎംഎൽ-എൻ പാര്‍ട്ടിയും ഒപ്പത്തിനൊപ്പം

എന്നാൽ ഈ രാഷ്ട്രീയ മാന്യത ഒരിക്കൽ പോലും മോദിയിൽ നിന്ന് ഉണ്ടായില്ല. 2019 ൽ കോൺഗ്രസ് 'രാജ്യത്തിന്മേൽ അടിച്ചേൽപ്പിച്ച ആക്ടിംഗ് പ്രധാനമന്ത്രി'യാണ് മൻമോഹൻ സിംങ് എന്നായിരുന്നു മോദിയുടെ പരാമർശം. 'കോൺഗ്രസ് റിമോട്ട് കൺട്രോൾ ഗവൺമെന്റ് നടത്തുകയോ വീഡിയോ ഗെയിം കളിക്കുകയോ ചെയ്യട്ടെ, ഈ ആളുകൾക്ക് (കോൺഗ്രസിന്) അഭിനയത്തിന് മുകളിൽ ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവർ രാജ്യത്തിന്റെ അമരത്ത് ഒരു ആക്ടിംഗ് പ്രധാനമന്ത്രിയെ അടിച്ചേൽപ്പിച്ചത്' എന്നായിരുന്നു മോദി പറഞ്ഞത്.

മുമ്പ് 2017 ൽ മൻമോഹൻ സിങ്ങിന്‍റെ ക്ലീൻ ഇമേജിൽ മോദി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 'ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരിന്റെ കാലത്ത് മൻമോഹൻ സിങ്ങിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല. കുളിമുറിയിൽ മഴക്കോട്ട് ധരിച്ച് കുളിക്കുന്ന കല മൻമോഹൻ സിങ്ങിൽ നിന്ന് പഠിക്കാം' എന്നായിരുന്നു മോദി രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞത്.

മറ്റൊരു കോൺഗ്രസ് നേതാവിനോടും ഇല്ലാത്ത തരത്തിൽ നരേന്ദ്ര മോദിക്ക് മൻമോഹൻ സിങ്ങിനോട് ദേഷ്യം തോന്നാനുള്ള കാരണങ്ങളിൽ ഒന്ന് നോട്ടുനിരോധനത്തെ മൻമോഹൻ സിങ്ങിനെ നിശിതമായി വിമർശിച്ചത് കൂടിയായിരുന്നു. 2016 നവംബറിൽ 'സാധാരണക്കാരെ നിയമവിധേയമാക്കിയ കൊള്ളയടിക്കൽ, സംഘടിത കൊള്ളയുടെ കേസ്' (organised loot and legalised plunder ) എന്നായിരുന്നു മൻമോഹൻ സിംഗ് നോട്ട് നിരോധനത്തെ വിമർശിച്ചത്. നോട്ട് നിരോധനം നടപ്പിലാക്കിയ രീതി ഏറ്റവും വലിയ മാനേജ്മെന്റ് പരാജയമായിരുന്നെന്നും മൻമോഹൻ സിങ്ങ് പറഞ്ഞിരുന്നു.

അന്ന് മൗനിയും രാത്രികാവൽക്കാരനും ഇന്ന് ജനാധിപത്യത്തിന് കരുത്തുപകരുന്ന വ്യക്തി; മൻമോഹൻ സിങ്ങിനെ പുകഴ്ത്തുന്ന നരേന്ദ്രമോദി
നരസിംഹ റാവുവിനും ചൗധരി ചരൺ സിങ്ങിനും എം എസ് സ്വാമിനാഥനും ഭാരതരത്ന; നിഷ്കളങ്കമാണോ ഈ അംഗീകാരങ്ങൾ?

പിന്നീട് 2017 നവംബറിൽ അഹമ്മദാബാദിൽ നടന്ന ഒരു സമ്മേളനത്തിൽ നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റ ഇരട്ട പ്രഹരമാണെന്ന് മൻമോഹൻ സിങ് തുറന്നുപറയുകയും പറഞ്ഞിരുന്നു. എന്നാൽ ഈ വിമർശനത്തിന് പിന്നാലെ മോദി മൻമോഹൻ സിംഗ് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്താനുമായി ചർച്ച നടത്തിയെന്ന ആരോപണം ഉന്നയിക്കുകയാണ് ചെയ്തത്.

ഏറ്റവുമൊടുവിൽ 2023 സെപ്തംബർ 8 ന് അംബികാപൂരിൽ ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച മോദി രൂപയുടെ ഡോക്ടർ എന്നായിരുന്നു മൻമോഹൻ സിംഗിനെ വിശേഷിപ്പിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങുമായിട്ടായിരുന്നു മൻമോഹൻ സിങ്ങിനെ നരേന്ദ്രമോദി താരതമ്യം ചെയ്തത്.

'ജനങ്ങളുടെ ഡോക്ടർ (രമൺ സിങ്) അവരുടെ ക്ഷേമത്തിനായി ജോലി ചെയ്യുമ്പോൾ, ഇന്ത്യൻ കറൻസിയുടെ മുറിവുകൾ ഉണക്കാൻ രൂപയുടെ ഡോക്ടർക്ക് (മൻമോഹൻ സിങ്) കഴിഞ്ഞില്ല' എന്നായിരുന്നു മോദി പറഞ്ഞത്.

മുമ്പ് പ്രധാനമന്ത്രിയായിരുന്ന 10 വർഷക്കാലത്തിനിടയ്ക്ക് 1100 തവണ മൻമോഹൻ സിംഗ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഈ കണക്ക് പുറത്തുവന്നപ്പോഴും മോദി മൻമോഹൻ സിങ്ങിനെ പരിഹസിച്ചിരുന്നു. അതേസമയം മൻമോഹൻ സിങ്ങിനെ 'മൗനി'യെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരിക്കൽ പോലും ഇന്ത്യയിൽ ഒരു വാർത്താസമ്മേളനം നടത്തുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വിരോധാഭാസം.

logo
The Fourth
www.thefourthnews.in