ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനം: ബിജെപി പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ

ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനം: ബിജെപി പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ

ശിവമോഗയിലെ തീർത്ഥഹള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്ത സായ്പ്രസാദിനെ ചോദ്യംചെയ്തു വരികയാണ്

ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ. കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്ത സായ്‌ പ്രസാദിനെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.

സായ് പ്രസാദിനെ ഇന്ന് രാവിലെയാണ് വീട്ടിൽനിന്ന് പോലീസ് എൻ ഐ എ സംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ടു ശിവമോഗയിലെ നിരവധി ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തിയിരുന്നു.

സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ മുസമ്മിൽ ശരീഫ് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്തത്. രാമേശ്വരം കഫെയിൽ ബോംബ് വെച്ച പ്രതിയുമായി ഇയാൾ ഫോണിൽ സമ്പർക്കം പുലർത്തിയിരുന്നതായാണ് സൂചന.

ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനം: ബിജെപി പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ
രാമേശ്വരം കഫെ സ്ഫോടനം : ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ എൻ ഐ എ

ശിവമോഗയിൽനിന്നുള്ള മുസാവിർ ഷബീബ് ഹുസൈൻ, അബ്ദുൽ മത്തീൻ താഹ എന്നിവരാണ് രാമേശ്വരം കഫെയിൽ ബോംബ് എത്തിച്ചതെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. ഇവർ ഇപ്പോൾ ഒളിവിലാണ്. ഇവരെക്കുറിച്ച് വിവരങ്ങൾ പങ്കു വെക്കുന്നവർക്ക് എൻ ഐ എ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ വിശ്വാസയോഗ്യമായ ഒരു വിവരവും പൊതുജനങ്ങളിൽനിന്ന് ലഭിച്ചിട്ടില്ല. ഇതോടെയാണ് ഇവരുമായി സ്‌കൂൾ - കോളേജ് കാല സൗഹൃദമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എൻ ഐ എ ശ്രമിക്കുന്നത്. ഇത്തരത്തിൽ പ്രതികളുമായി സൗഹൃദമുണ്ടായിരുന്ന ആളാണ് ബിജെപി പ്രവർത്തകനായ സായ് പ്രസാദ്.

അതേമസമയം, കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ഇന്ന് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയെങ്കിലും സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്ത കാര്യം അതിൽ സ്ഥിരീകരിച്ചിട്ടില്ല. ബിജെപി പ്രവർത്തകനെ എൻഐഎ കസ്റ്റഡിയിലെടുത്തതായി കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എൻഐഎ പത്രക്കുറിപ്പ് പുറത്തിറക്കിയത്. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ പ്രസ്താവനയിൽ പരാമർശമുണ്ട്.

''രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയത് ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശിയായ മുസാവിർ ഹുസൈൻ ഷാസിബാണ് അന്വേഷണത്തിൽ വ്യക്തമായി. തീർത്ഥഹള്ളിക്കാരനായ അബ്ദുൾ മത്തീൻ താഹ ഗൂഢാലോചനയിൽ ഒപ്പമുണ്ടെന്നും തിരിച്ചറിഞ്ഞു. തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ ഒളിവിലുള്ളവരുടെയും അറസ്റ്റിലായ പ്രതികളുടെയും കോളേജ്, സ്കൂൾ സമയങ്ങളിലെ സുഹൃത്തുക്കളുൾപ്പെടെ പരിചയക്കാരെ വിളിച്ചുവരുത്തി വിസ്തരിച്ചുവരികയാണ്. കേസ് ഭീകരാക്രമണമായതിനാൽ സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ തടസപ്പെടുത്തുകയും വ്യക്തികൾക്ക് സമൻസ് അയക്കുന്നത് അപകടത്തിലാക്കുകയും ചെയ്യും,”എൻഐഎ പത്രക്കുറിപ്പിൽ പറയുന്നു.

എന്‍ഐഎ പത്രക്കുറിപ്പ്
എന്‍ഐഎ പത്രക്കുറിപ്പ്
ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനം: ബിജെപി പ്രവർത്തകൻ എൻഐഎ കസ്റ്റഡിയിൽ
'17 ലക്ഷം കുട്ടികളെ ബാധിക്കും', യു പി മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരു ബ്രൂക് ഫീൽഡിലെ രാമേശ്വരം കഫെയിൽ സ്‌ഫോടനം നടന്നത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ കഫെയിലെത്തിയ അജ്ഞാതൻ വാഷ്റൂമിന് സമീപമുള്ള ട്രേയിൽ ബോംബ് അടങ്ങിയ ബാഗ് ഉപേക്ഷിച്ചുപോകുകയായിരുന്നു. സ്ഫോടനത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു. തുടക്കത്തിൽ കർണാടക പോലീസിന്റെ കീഴിലെ സി ഐ ഡി അന്വേഷിച്ച കേസ് തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in