ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി

ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി

ഖനികളുടെ നാടായ ദല്ലി രാജ്ഹാരയിലെ ഷഹീദ് ആശുപത്രി അവിടത്തെ തൊഴിലാളി സംഘടനകൾ രക്തസാക്ഷികളുടെ സ്മരണയ്ക്കായി നിർമിച്ച് നല്ല നിലയിൽ പരിപാലിക്കുന്ന ആതുരാലയമാണ് 

അവകാശങ്ങൾക്കായി പൊരുതുമ്പോഴും ബദൽ വികസന മാതൃകകൾ സൃഷ്ടിച്ചാണ് ഛത്തീസ്ഗഡ് ഖനി തൊഴിലാളി ട്രേഡ് യൂണിയനുകൾ വ്യത്യസ്തമാകുന്നത്‌. അവകാശ സമരങ്ങൾക്കൊപ്പം പൊതുജനാരോഗ്യ സൗകര്യങ്ങളും വിദ്യാലയങ്ങളും ബദൽ കലാകായിക സാംസ്കാരിക മാതൃകകളും ഛത്തീസ്ഗഡ് ഖനി തൊഴിലാളികൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇരുമ്പു ഖനി തൊഴിലാളികളുടെ അവകാശ  പോരാട്ടവും ആരോഗ്യ ജീവൻ രക്ഷാപ്രവർത്തനവുമായി കഴിയുന്ന ഡോ. സൈബൽ ജാനയെ കാണുന്നതിനാണ് ഞങ്ങൾ കഴിഞ്ഞ മാസം ഛത്തീസ്ഗഡിൽ എത്തിയത്. ഡോ. ജേക്കബ് ജോൺ ആണ് എന്നേയും ഡോ. രാമചന്ദ്രനേയും അവിടെ കൂട്ടിക്കൊണ്ടുപോയത്. റൂറൽ സർജൻസ് അസോസിയേഷന്റെ പൊതുജനാരോഗ്യ സർവേയുടെ ഭാഗമായിരുന്നു യാത്ര. 

അവിടെ ചെലവഴിച്ച ദിവസങ്ങളിൽ ഷഹീദ് ആശുപത്രിയുടെ മേധാവി ഡോ. സൈബൽ ജാന, ഛത്തീസ്ഗഡ് മുക്തി മോർച്ച നേതാവും  മുൻ എംഎൽഎയുമായ ജനക് ലാൽ ഠാക്കൂർ, ബസ്താർ, ബിജാപുർ, ദന്തെവാഡ, കാങ്കർ, കൊണ്ടഗോൺ ജില്ലകളിലെ ഖനി തൊഴിലാളികൾ, നാട്ടുകാർ എന്നിവരിൽ നിന്നും  കേട്ടറിഞ്ഞതാണ്  ഈ  ഛത്തീസ്‌ഗഡ് കുറിപ്പുകൾ.

ഷഹീദ് ഹോസ്പിറ്റൽ നിരവധി ധാർമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അനാവശ്യമായ മരുന്നുകൾ ഉപയോഗിക്കുന്നില്ല. ആശുപത്രി സംഭാവനകൾ സ്വീകരിക്കുന്നില്ല

രക്ത സാക്ഷി ആശുപത്രി (ഷഹീദ് ഹോസ്പിറ്റൽ) യുടെ പിറവി 

ഖനി തൊഴിലാളികൾ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ് ഛത്തീസ്ഗഡിലെ ദല്ലി രാജ്ഹാരയിലെ ഷഹീദ്  ആശുപത്രി. ഇതിന്റെ ഓരോ ഇഷ്ടികയും മണ്ണും തരിയും ഭിലായി  ഇരുമ്പ് ഖനി തൊഴിലാളികളുടെ വിയർപ്പിൽ കുതിർന്നതാണ്.  രക്തസാക്ഷികളുടെ നാമധേയത്തിൽ അവർ ആശുപത്രി പണിയുക മാത്രമല്ല, കഴിഞ്ഞ 40 വർഷങ്ങളായി അവർ അത് വിജയകരമായി നടത്തുകയും ചെയ്യൂന്നു. "ഷഹീദ്  ആശുപത്രിയിൽ ഞങ്ങൾ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും തൊഴിലാളികൾ ആവശ്യപ്പെടുന്ന സേവനം നൽകുക മാത്രമേ ചെയ്യൂന്നുള്ളൂ. ഞങ്ങൾ ഖനി തൊഴിലാളികളുടെ ആരോഗ്യരക്ഷ തൊഴിലാളികളാണ്," ഡോ. സൈബൽ ജാന പറഞ്ഞു.

കൽക്കത്തയിൽ 1970-കളിൽ തിളച്ചു മറിഞ്ഞിരുന്ന ക്യാമ്പസുകളിലെ ബൗദ്ധിക യുവതയുടെ സചേതന  മാതൃകയാണ് ഡോ. ജാന. ലോകത്ത് എവിടെ നടക്കുന്ന ജനകീയ സമരങ്ങളെയും ചെറുത്തുനില്പുകളെയും ജനകീയ ജനാധിപത്യ മുന്നേറ്റമെന്നാണ് ജാന വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇദ്ദേഹം ജനാധിപത്യ മുന്നേറ്റങ്ങൾക്കൊപ്പം ചേർന്ന് പൊതുജനാരോഗ്യ പ്രവർത്തനം നടത്തുകയാണ്. ഡോ. ജാനയുടെ  നിസ്വാർത്ഥമായ ഈ സേവന രീതി രാജ്യദ്രോഹമാണെന്നാരോപിച്ച് ഇദ്ദേഹത്തെ പല തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ജാനയുടെ ഈ ഗാന്ധിയൻ ജനാധിപത്യ പ്രവർത്തനശൈലിയിലുള്ള പൊതുജനാരോഗ്യ പ്രവർത്തനത്തിൽ കുറ്റങ്ങളൊന്നും കണ്ടെത്താൻ പോലീസിനായിട്ടില്ല.

ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി
കശ്മീരും ജുനഗഡും: വിഭജനകാലത്തെ രണ്ട് വ്യത്യസ്ത കഥകള്‍

ആദ്യം ഒരു ചെറിയ ഡിസ്പെൻസറിയാണ് തുടങ്ങിയത്.  പിന്നീടാണ് ആശുപത്രി കെട്ടിടം പണിതത്. തുടക്കത്തിൽ, ആശുപത്രിയുടെ എല്ലാ ജോലികളും തൊഴിലാളി വൊളന്റിയർമാരാണ് ചെയ്തിരുന്നത്. ഖനി തൊഴിലാളികൾ സംഭാവനകൾ ശേഖരിക്കുകയും സന്നദ്ധപ്രവർത്തനം നടത്തുകയും അഹോരാത്രം അധ്വാനിക്കുകയും ചെയ്ത്  ആശുപത്രി പണിതുയർത്തി. ഒറ്റ ദിവസം കൊണ്ട് 10,000 തൊഴിലാളികൾ ഒന്നിച്ച് ആശുപത്രിയുടെ മേൽക്കൂര സിമന്റ്  ഇട്ടു. ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം നിരവധി ഖനി തൊഴിലാളികൾ ആരോഗ്യപ്രവർത്തകരാകാനുള്ള പരിശീലനം നേടി. കഠിനമായ ചൂടിൽ അവർ ദിവസം മുഴുവൻ ഇരുമ്പയിർ കുഴിച്ചെടുക്കുന്ന ജോലിക്കു  ശേഷമാണ്  വൈകുന്നേരം ആറ് മണിക്കൂർ വരെ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ദല്ലി രാജ്ഹാരയിലെ മുഴുവൻ രോഗികളെ  ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും അവർ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ സന്നദ്ധ സേവകരാകുന്നുണ്ട്.

ആരംഭകാലത്ത് തന്നെ സിഎംഎസ്എസ് വൈസ് പ്രസിഡന്റായിരുന്ന കുസുംബായിയുടെ അകാലമരണത്തിൽ കലാശിച്ച മറ്റൊരു അപകടം ഉണ്ടായി. ഈ അപകടമാണ്  ഷഹീദ് ആശുപത്രിയിൽ പ്രസവ ശുശ്രൂഷയ്ക്കു തുടക്കമിട്ടത്. ഗർഭശുശ്രൂഷയ്ക്കായി കുസുംബായിയെ ഭിലായ് സ്റ്റീൽ പ്ലാന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റ് ആശുപത്രിയിലെ  ചികിത്സ അലംഭാവം കുസുംബായിയുടെ ജീവൻ അപഹരിച്ചു.  ഇത് സഹതൊഴിലാളികളെ വല്ലാതെ സങ്കടപ്പെടുത്തി, അവരുടെ ആശങ്കയെ  വർധിപ്പിച്ചു. “നമുക്ക് നമ്മുടെ ഗർഭിണികളായ സഹോദരങ്ങളെ രക്ഷിക്കാൻ കഴിയില്ലേ? അവരുടെ സുഖ പ്രസവത്തിനു സൗകര്യമൊരുക്കാൻ ഷഹീദ് ആശുപത്രിക്ക് കഴിയില്ലേ?" അവർ പരസ്പരം ചോദിച്ചു. ഈ ചോദ്യം ആരോഗ്യരക്ഷാ പ്രവർത്തകരുടെ ഭവന സന്ദർശനം  എന്ന ആശയത്തിന്റെ വിത്ത് പാകി. 

ഛത്തീസ്ഗഡിലെ ഖനി തൊഴിലാളികളിലൂടെ പുതിയ ഒരു ജനകീയ ആരോഗ്യ പ്രസ്ഥാനം-ഷഹീദ് ആശുപത്രിയുടെ വിപുലീകരണ വിഭാഗങ്ങൾ  രൂപം കൊള്ളൂകയായിരുന്നു. നർമദാ ബച്ചാവോ ആന്ദോളൻ,  ഭോപ്പാൽ വാതക ബാധിതരുടെ പുനരധിവാസം, ലാത്തൂരിലെ ഭൂകമ്പ ദുരന്ത നിവാരണം തുടങ്ങി, പകർച്ച രോഗവ്യാപനം, അത്യാഹിതങ്ങൾ എന്നീ എല്ലാ ആരോഗ്യരക്ഷാ ഇടങ്ങളിലും  ഷാഹീദ് ആശുപത്രി ഇരകളെ സഹായിക്കാൻ ആരോഗ്യ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുന്നു.

ചെറിയ ഡിസ്പെൻസറിയായി തുടങ്ങിയ  ഷഹീദ് ആശുപത്രി, 40 വർഷങ്ങൾ കൊണ്ട് 150 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. ആയിരക്കണക്കിന് ആരോഗ്യരക്ഷാ പ്രവർത്തകരുള്ള,  ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും സജ്ജീകരിച്ച ബഹുനില കെട്ടിടങ്ങളുണ്ടാക്കി. മുഴുവൻ സമയ  ഡിസ്പെൻസറി, ഓപ്പറേഷൻ തിയേറ്ററുകൾ, പാത്തോളജി ലാബ് എന്നിവയും സദാസജീവമാണ്. നിരവധി രോഗികൾ ചികിത്സയ്‌ക്കെത്തുന്ന ഔട്ട് പേഷ്യന്റ്സ് ഡിപ്പാർട്ട്മെന്റുണ്ട്.   രോഗികളിൽ പലരും 100-150 കിലോമീറ്റർ യാത്ര ചെയ്ത്   വരുന്നവരാണ്. അവർക്ക് ആംബുലൻസുകളും യാത്ര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്നന്ദ്ഗാവ്, റായ്പൂർ, ബലോഡ്, കാങ്കർ, ചരമ, പഖഞ്ജൂർ ,കങ്കർ തുടങ്ങിയ  വിദൂര നഗരങ്ങളിൽ നിന്നു പോലും രോഗികൾ എത്തുന്നു.  

എഐഎംഎസിൽ നിന്നും ഉന്നത ബിരുദം നേടിയ നിരവധി ഡോക്ടർമാർ ഷഹീദ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഈയിടെ സന്നദ്ധ സേവനത്തിനെത്തിയവരാണ് ഡോ. മെർലിൻ വിക്ടർ, ഡോ. സുധിൻ സണ്ണി, ഡോ പാണ്ഡുരംഗ എന്നിവർ.  ഇവരിൽ പലരും തങ്ങളുടെ സേവനങ്ങൾ  സൗജന്യമായി നൽകുമ്പോൾ ചിലർ ലളിതമായ വേതനം കൈപ്പറ്റി ജോലി ചെയ്യുന്നു. ഛത്തീസ്ഗഡ് ജനകീയ ആരോഗ്യ പ്രസ്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ആദ്യ കാല ഡോക്ടർമാരിൽ പ്രമുഖരാണ് ഡോ. ആശിഷ് കുണ്ടു, ഡോ. ബിനായക് സെൻ, ഡോ. പാബിത്രോ ഗുഹ, ഡോ. പുണ്യബ്രത് ഗൂൺ എന്നിവർ.

ഷഹീദ് ആശുപത്രിയുടെ ഹെല്‍ത്ത് സെന്റർ
ഷഹീദ് ആശുപത്രിയുടെ ഹെല്‍ത്ത് സെന്റർ
ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി
കേരളത്തില്‍ ഒരു മാസത്തിനിടെ നാല് കര്‍ഷക ആത്മഹത്യകൾ; കൃഷികൊണ്ട് ജീവിക്കാന്‍ പറ്റാതെ കാലിടറുന്നവർ: ഒരന്വേഷണം

പോലീസ് ഏറ്റുമുട്ടലിൽ പലപ്പോഴായി മരണപ്പെട്ട ഖനി തൊഴിലാളികളുടെ സ്മരണയ്ക്കായാണ് 1983 ജൂൺ മൂന്നിന് ഷഹീദ് ഹോസ്പിറ്റൽ (രക്തസാക്ഷി ആശുപത്രി) ആരംഭിക്കുന്നത്. ഖനി തൊഴിലാളി ലഹാർ സിങ്ങും ആദേജറിലെ മുതിർന്ന ഗ്രാമീണ കർഷകത്തൊഴിലാളി ഹല്ലൽ ഖോറും ചേർന്നാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. അസംഘടിത തൊഴിലാളികൾക്കുള്ള സംഘടിത തൊഴിലാളികളുടെ സമ്മാനമാണ് ഷഹീദ് ആശുപത്രിയെന്ന് ആ അവസരത്തിൽ ഛത്തീസ്ഗഡ് മുക്തി മോർച്ചയുടെയും സിഎംഎംഎസ് ട്രേഡ് യൂണിയന്റേയും പ്രിയ നേതാവായിരുന്ന ശങ്കർ ഗുഹാ നിയോഗി അഭിപ്രായപ്പെട്ടു. 

ഷഹീദ് ഹോസ്പിറ്റൽ ഖനി തൊഴിലാളികൾ  ഖനി തൊഴിലാളികൾക്കു വേണ്ടി നിർമിച്ചതാണ്. ഇത്തരം ഒരു ആശുപത്രി ഇന്ത്യയിൽ  വേറെയില്ല. ആശുപത്രി നിർമ്മിക്കുന്നതിന് ഖനിതൊഴിലാളികൾ പണവും അധ്വാനവും നൽകി. ഖനി തൊഴിലാളി സംഘടനയായ ഛത്തീസ്ഗഡ് മൈൻസ് ശ്രമിക് സംഘ് (സിഎംഎസ്എസ്) ആണ് ഇത് പണിതതും, നടത്തുന്നതും. ആശുപത്രി നടത്തിപ്പിൽ  ധനസഹായ ഏജൻസികൾ ഇടപെടാതിരിക്കാൻ  പുറത്തുനിന്ന് ഒരു സഹായവും വേണ്ടെന്ന് ആദ്യം മുതൽ തൊഴിലാളികൾ തീരുമാനിച്ചു. ആ നയം ഇപ്പോഴും ഇവർ തുടരുന്നു.

ഡോ. സൈബല്‍ ജാന
ഡോ. സൈബല്‍ ജാന

ഇന്ന് ഷഹീദ് ആശുപത്രിയുടെ പര്യായമായി മാറിയിരിക്കുന്നത് ഡോ. സൈബൽ ജാനയാണ്. കൊൽക്കത്തയിൽ  നിന്ന് 1987-ൽ മെഡിക്കൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ ഉടനെ അദ്ദേഹം ഇവിടെയെത്തി. കഴിഞ്ഞ  മുപ്പത്തിയാറു വർഷമായി ഇദ്ദേഹം ഷഹീദ് ആശുപത്രിയുടെ നട്ടെല്ലായി തുടരുന്നു. ഡോ. ജാനയുടെ ഭാര്യ അൽപാനയും അദ്ദേഹത്തിനൊപ്പം കഴിഞ്ഞ  മൂന്നര പതിറ്റാണ്ടായി ഷഹീദ്  ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. 

ആശുപത്രി പണിയുന്നതിന് മുമ്പ്, പ്രസവസമയത്ത് സ്ത്രീകൾ  മരിക്കുന്നതു സാധാരണമായിരുന്നു. ഗർഭിണികൾ  പകൽ വെള്ളം കുടിക്കരുത്  തുടങ്ങിയ പല തെറ്റായ ധാരണകളും ആളുകൾക്ക് ഉണ്ടായിരുന്നു. അതുപോലെ, ടൈഫോയ്ഡ് രോഗികളെ അസുഖം മാറുന്നത് വരെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും അനുവദിച്ചിരുന്നില്ല. എന്നാൽ ഷഹീദ്‌ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ലേബർ കോളനികളിലേക്ക് പോകുകയും പോസ്റ്റർ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും രോഗികളെ ചികിത്സിക്കുന്നതിനുള്ള ശരിയായ മാർഗം ജനങ്ങൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങളേയും മന്ത്ര വാദങ്ങളേയും അവർ എതിർക്കുന്നു. ഛർദ്ദിയും വയറിളക്കവും  അനുഭവപ്പെടുന്ന രോഗികൾക്കു വെള്ളം നൽകി നിരവധി ജീവൻ രക്ഷിക്കുന്നു. തൽഫലമായി ഇവിടത്തെ മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട് .

ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി
പീഡനത്തിനിരയായ ഒരു സ്ത്രീ നമ്മുടെ രാജ്യത്ത് നീതിക്കായി എത്രവര്‍ഷം കാത്തിരിക്കണം?

ഷഹീദ് ഹോസ്പിറ്റൽ നിരവധി ധാർമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അനാവശ്യമായ മരുന്നുകൾ ഉപയോഗിക്കുന്നില്ല. ആശുപത്രി സംഭാവനകൾ സ്വീകരിക്കുന്നില്ല. ഇത് ദീർഘവും പ്രയാസകരവുമായ ഒരു യാത്രയാണ്, ഷഹീദ് ഹോസ്പിറ്റലിന് നിരവധി നേട്ടങ്ങളുണ്ട്. എന്നാൽ അതിനോടൊപ്പം നിരവധി വെല്ലുവിളികളും ഉണ്ടെന്ന് ഡോ. ജാന പറയുന്നു.

ഷഹീദ് ഹോസ്പിറ്റലിന്റെ ഏറ്റവും വലിയ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ശങ്കർ ഗുഹ നിയോഗി ഇന്നില്ല. 1991 സെപ്റ്റംബർ 28-ന് ഭിലായിൽ മനുഷ്യത്വം തണുത്തുറഞ്ഞു പോയ  ഒരു വെളുപ്പാൻ കാലത്തു ഉറക്കത്തിലായിരുന്ന ശങ്കർ ഗുഹനിയോഗിയെ വാടകക്കൊലയാളികൾ വെടിവച്ചു  കൊലപ്പെടുത്തുകയായിരുന്നു. മൈൻ കോൺട്രാക്ടമാരുടെയും മദ്യരാജാക്കന്മാരുടെയും കിങ്കരന്മാരന്മാരായ കൊലപാതകികളെ അറസ്റ്റ് ചെയ്തെങ്കിലും അവരെല്ലാം പലപ്പോഴായി കുറ്റ  വിമുക്തരാക്കപ്പെട്ടു.

ശങ്കർ ഗുഹ നിയോഗി
ശങ്കർ ഗുഹ നിയോഗി

മെഡിസിൻ, ശസ്ത്രക്രിയ, പ്രസവചികിത്സ, ഗൈനക്കോളജി, ദന്തചികിത്സ, പീഡിയാട്രിക്സ്, ഫിസിക്കൽ മെഡിസിൻ, സൈക്യാട്രി തുടങ്ങിയ എല്ലാവിധ ആരോഗ്യ സൗകര്യങ്ങളും വളരെ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. ആധുനികമായി അപ്ഡേറ്റ് ചെയ്ത പാത്തോളജിക്കൽ ലബോറട്ടറിയും ഇപ്പോൾ പ്രവർത്തിക്കുന്നു

നിയോഗിയുടെ സ്വപ്നത്തിൽ പിറന്നതാണ് ഷഹീദ് ആശുപത്രി. അന്ന് നിയോഗി പറഞ്ഞത് തൊഴിലിടങ്ങൾക്ക് പുറത്തുള്ള  ജീവിതത്തെക്കുറിച്ച്  തൊഴിലാളികൾക്കു ക്രിയാത്മകമായ ഒരു ചിന്തയും നിലവിലുണ്ടായിരുന്ന  ട്രേഡ് യൂണിയനുകൾ നൽകുന്നില്ല എന്നാണ്. എന്നാൽ നമുക്ക് അത് ചെയ്യണം. തൊഴിലാളികളുടെ  ജീവിതം ആരോഗ്യകരവും പുരോഗമനപരവും മനോഹരവുമാക്കാൻ എന്താണ് വേണ്ടതെന്ന് നാം  കണ്ടെത്തണം, നിയോഗി തൊഴിലാളികളോട് നിരന്തരം പറഞ്ഞു കൊണ്ടിരുന്നു.

ഡോക്ടർമാരായ ആഷിസ് കുണ്ടുവും വിനായക് സെന്നും തങ്ങളുടെ സ്വപ്നങ്ങൾ പങ്കിടാൻ നിയോഗിയോടൊപ്പം   ചേരുകയും അവർ അത് യാഥാർഥ്യമാക്കുകയും ചെയ്തു. തുടർന്ന് ചഞ്ചല സമാജ് ദാറും പബിത്ര ഗുഹയും അടുത്ത വർഷം ഡോ. സൈബൽ ജാനയും അവരോടൊപ്പം ചേർന്നു.  

തുടക്കത്തിൽ ചെറിയ രീതിയിൽ ആരംഭിച്ച ഷഹീദ് ആശുപത്രി  താമസിയാതെ ഛത്തീസ്ഗഡിലെ വലിയ ജനകീയ ആരോഗ്യ പ്രസ്ഥാനമായി മാറി. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഒരു  സംഘം എഐഎംഎസിൽ നിന്നും 1990-കൾ മുതൽ  സന്നദ്ധ സേവനത്തിനായി ഇവിടെ എത്തുകയും ചെയ്തു. അവർ  ആശുപത്രിയുടെ കിടക്ക സൗകര്യം വർധിപ്പിച്ചു. ഇതേ സമയം തൊഴിലാളി യൂണിയൻ  തങ്ങളുടെ  അധ്വാനവും സമ്പാദ്യവും ഉപയോഗിച്ച് വിദ്യാഭ്യാസത്തിനായി നിരവധി സ്കൂൾ കെട്ടിടങ്ങൾ നിർമിക്കുകയും അവ സർക്കാരിന് കൈമാറുകയുംചെയ്തു. തൊഴിലാളികളുടെ 'ബസ്തി'കളിൽ സാനിറ്ററി സൗകര്യങ്ങൾ ഒരുക്കുന്നതിന് സിഎംഎസ്എസ് നടത്തിയ സമരം വൻ വിജയമായിരുന്നു.  

മെഡിസിൻ, ശസ്ത്രക്രിയ, പ്രസവചികിത്സ, ഗൈനക്കോളജി, ദന്തചികിത്സ, പീഡിയാട്രിക്സ്, ഫിസിക്കൽ മെഡിസിൻ, സൈക്യാട്രി തുടങ്ങിയ എല്ലാവിധ ആരോഗ്യ സൗകര്യങ്ങളും വളരെ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. ആധുനികമായി അപ്ഡേറ്റ് ചെയ്ത പാത്തോളജിക്കൽ ലബോറട്ടറിയും ഇപ്പോൾ പ്രവർത്തിക്കുന്നു. ദേശീയ ഐസിടിസി സെന്ററും ക്ഷയരോഗത്തിനുള്ള ഡോർ  സെന്ററും ഇവിടെയുണ്ട്.

പാമ്പുകടി ചികിത്സയ്ക്കും മറ്റ് അത്യാഹിതങ്ങളും നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ യൂണിറ്റുമുണ്ട്.  നാല് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, നവീകരിച്ച ഡയഗ്നോസ്റ്റിക് ലാബ്, ഡിജിറ്റൽ എക്സ്-റേ, അൾട്രാസോണോഗ്രാഫി എന്നിവയുമുണ്ട്. സമൂഹത്തിൽ മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, ഗർഭധാരണ സംബന്ധമായ സങ്കീർണതകൾ എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യ പ്രവർത്തകരും നഴ്സുമാരും അടങ്ങുന്ന നിരവധി  സഞ്ചരിക്കുന്ന എംസിഎച്ച് പ്രോഗ്രാമുകൾ ആശുപത്രി ആരംഭിച്ചിട്ടുണ്ട്. മദ്യത്തിന് അടിമപ്പെട്ടിരുന്നവരേയും   ആത്മഹത്യയ്ക്ക് ശ്രമിച്ചവരേയും പുനരധിവസിപ്പിക്കാൻ  മാനസിക പരിചരണവും നൽകുന്നുണ്ട്. കുറഞ്ഞ ചെലവിൽ മരുന്നുകൾ വിതരണം ചെയ്യുന്ന ഫാർമസിയും ഫിസിയോതെറാപ്പി, പുനരധിവാസ യൂണിറ്റുകളും ഇവിടെയുണ്ട്.

തൊഴിലാളികൾ, കർഷകർ, മറ്റ് സുഹൃത്തുക്കൾ എന്നിവരിൽ നിന്നുള്ള സംഭാവനകൾ ഉപയോഗിച്ചാണ് ആരോഗ്യ പ്രവർത്തകരുടെ  സേവനങ്ങൾക്കുള്ള ഫീസും മറ്റു മെഡിക്കൽ ചെലവുകളും രോഗികൾക്കുള്ള ആഹാരവും ആശുപത്രി നടത്തിപ്പുകാർ കണ്ടെത്തുന്നത്.   

ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി
'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു'; ഇസ്ലാമോഫോബിയയുടെയും തീവ്ര വലതുപക്ഷത്തിന്റെയും ഭൂതം

ബദൽ  ആരോഗ്യപ്രസ്ഥാനവും സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും

ധാതു സമ്പന്നമായ ഛത്തീസ്ഗഡിന്റെ പിന്നോക്കാവസ്ഥയെ അഭിമുഖീകരിക്കാൻ ഉയർന്നു വന്ന മുന്നേറ്റമാണ് ഛത്തീസ്ഗഡ് മുക്തി മോർച്ച അഥവാ ഛത്തീസ്ഗഡ് ലിബറേഷൻ ഫ്രണ്ട് (സി എംഎം). സിഎംഎം എസ് ആണ് ഇവരുടെ ട്രേഡ് യൂണിയൻ. ഖനി തൊഴിലാളികൾ തങ്ങളുടെ രാഷ്ട്രീയ പാർട്ടിയായി സിഎംഎം രൂപീകരിച്ചത് 1982-ൽ ആണ്. പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വത്തിനും തൊഴിലാളികളുടെയും കർഷകരുടെയും ഉന്നമനത്തിനും വേണ്ടി പോരാടുന്നതിനാണ് സിഎംഎം രൂപീകരിച്ചത്.  മദ്യപാനത്തിനെതിരെയുള്ള സാമൂഹിക ക്യാമ്പയിനുകളും തുടക്കത്തിൽ സിഎംഎം സംഘടിപ്പിച്ചു, തൊഴിലാളികളുടെ ആശുപത്രി പോലുള്ള സാമൂഹിക പദ്ധതികളും അവരുടെ സ്വപ്നങ്ങളിൽ കടന്നു വന്നു.

ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിൽ  ചെറിയ ഖനന നഗരമാണ് ദല്ലി രാജ്ഹാര. രണ്ട് ഇരുമ്പയിർ ഖനികളുടെ സംയോജക നാമമാണ് ദല്ലി-രാജ്ഹാര നഗരം. ഭിലായി പ്ലാന്റിലേയ്ക് അയിര് നൽകുന്ന ഇവിടുത്തെ ഇരുമ്പ് ഖനികളിൽ 1977 വരെ  പ്രബലമായിരുന്ന രണ്ട് തൊഴിലാളി യൂണിയനുകളാണ്  ഐഎൻടിയുസിയും എഐടിയുസിയും. ഈ യൂണിയനുകൾ ഖനി തൊഴിലാളികൾക്ക് അംഗത്വം നൽകി  സംഭാവനകൾ  പിരിച്ചിരുന്നെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിൽ അവർ യാതൊരു സത്യസന്ധതയും പുലർത്തിയിരുന്നില്ല.

ഷഹീദ് ആശുപത്രി
ഷഹീദ് ആശുപത്രി

യൂണിയനുകളുടെ  തൊഴിലാളി വിരുദ്ധ നിലപാടുകളിലും നടപടികളിലും പ്രതിക്ഷേധിച്ച് ഇരു യൂണിയനുകളിൽ നിന്നും ധാരാളം തൊഴിലാളികൾ രാജിവച്ചു. ഖനി മേഖലയിൽ നിരവധി  സ്വതന്ത്ര "ലാൽ ഹര" യൂണിയനുകൾ ഉണ്ടായി. ലാൽ ഹര യൂണിയനുകൾ 1987-ന് ശേഷം ഇവിടെ സജീവമായി. അംഗത്വത്തിൽ അവ അതിവേഗം വളർന്നു. അതോടെ ഔദ്യോഗിക യൂണിയനുകൾ ക്ഷയിക്കാൻ തുടങ്ങി. ലാൽ ഹര യൂണിയനുകളുടെ  പ്രവർത്തനത്തെ തകർക്കാൻ ഉരുക്കു വ്യവസായ മാനേജ്മെന്റും ഖനി കോൺട്രാക്ടർമാരും ഔദ്യോഗിക യൂണിയനുകളും പരിപാടിയിട്ടു. ലാൽ ഹര  യൂണിയൻ നേതാക്കളെ തീവ്രവാദികളെന്നും  നക്സലൈറ്റുകളെന്നും മുദ്രകുത്തി പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് വേട്ടയാടി. ഇപ്പോഴും ആ വേട്ടയാടൽ പലയിടത്തും തുടരുന്നു. പല ഖനികളിലും വനമേഖലകളിലും ആയിരക്കണക്കിന് തൊഴിലാളികളും ദളിതരും ആദിവാസികളും രക്തസാക്ഷികളായി. ബസ്താർ, ബിജാപുർ, ദന്തെവാഡ, കാങ്കർ, കൊണ്ടഗോൺ, നാരായൺപുർ, സുക്മാ   ജില്ലകൾ  നക്സൽ ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.  നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പോലീസുകാരും  സൈനികരും ഇവിടങ്ങളിൽ കൊല്ലപ്പെട്ടുണ്ട് .

ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി
തുരങ്കങ്ങളിലകപ്പെട്ട് പോകുന്ന മനുഷ്യർ; വികസനക്കുതിപ്പിനിടയിലെ തൊഴിലാളി ജീവിതങ്ങള്‍

സത്യസന്ധനായ ഒരു നേതാവിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ച ഛത്തീസ്ഗഡ് ഖനി തൊഴിലാളി  യൂണിയൻ പ്രവർത്തകർ ഡാനിറ്റോള മൈൻസിൽ ജോലി ചെയ്തിരുന്ന ശങ്കർ ഗുഹ നിയോഗിയെ കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹത്തോട് തങ്ങളുടെ യൂണിയന്റെ നേതൃത്വം ഏറ്റെടുക്കാനായി സമീപിക്കുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം  ജയിൽ മോചിതനായ ശങ്കർ ഗുഹ നിയോഗി തൊഴിലാളികളുടെ ദുരിതങ്ങൾ ക്ഷമയോടെ കേൾക്കുകയും അവരെ നയിക്കാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഛത്തീസ്ഗഡ് മൈൻസ് ശ്രമിക് സംഘ്, ഛത്തീസ്ഗഡ് മൈൻസ് വർക്കേഴ്സ് മൂവേമെന്റ് (സിഎംഎം) എന്നിവ തങ്ങളുടെ നേതാവായി ശങ്കർ ഗുഹാ നിയോഗിയെ നിയോഗിക്കുകയായിരുന്നു. അടിയന്തരാവസ്ഥയിൽ അറസ്റ്റു ചെയ്തതോടെ നിയോഗി എഞ്ചിനീയറിങ് വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്നു. ഭിലായി സ്റ്റീൽ പ്ലാന്റിൽ ഓവൻ ഓപ്പറേറ്ററായുള്ള നിയമനവും അദ്ദേഹം വേണ്ടെന്നു വച്ചു.

നിയോഗിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ അവകാശങ്ങൾക്കും ന്യായമായ വേതനത്തിനും വേണ്ടി സമരങ്ങൾ  ശക്തമാക്കി. നിയോഗിയുടെ പ്രസ്ഥാനത്തെ തകർക്കാൻ സംസ്ഥാന സർക്കാർ നടത്തിയ വെടിവെപ്പില്‍ നിരവധി തൊഴിലാളികൾ കൊല്ലപ്പെട്ടു. നിയോഗി പലതവണ അറസ്റ്റിലായി. എന്നാൽ തൊഴിലാളികളുടെ ശക്തമായ  ഐക്യത്തിനും അക്രമരഹിത പോരാട്ടത്തിനും മുന്നിൽ മാനേജുമെന്റും സർക്കാരും വഴങ്ങി. തൊഴിലാളികളുടെ ആവശ്യങ്ങൾ പലതും അംഗീകരിച്ചു.

ആ സമയത്ത് തൊഴിലാളികളെ അഭിസംബോധന ചെയ്യവെ നിയോഗി പറഞ്ഞു തൊഴിലാളി യൂണിയൻ എട്ടു മണിക്കൂർ ജോലി എന്നത് മാനേജ്‌മന്റ് അംഗീകരിച്ചതുകൊണ്ട്  നാം സംതൃപ്തരായി ഒതുങ്ങരുത്. നമ്മുടെ പ്രവൃത്തി സമയം 24 മണിക്കൂറും ഉണർന്നിരിക്കുന്നതായിരിക്കണം. നമ്മുടെ  തൊഴിലാളി സമരലക്ഷ്യം കേവല സാമ്പത്തികനേട്ടം മാത്രമായിരിക്കരുത്. തൊഴിലാളികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്താൻ  ശ്രമിക്കുന്നതാകണം.

തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കായി പോരാടി വിജയിച്ചു. കൂലി വർധിച്ചതോടെ തൊഴിലാളികൾ മദ്യത്തിന് അടിമകളായി. മദ്യവ്യവസായികൾ വൻ ലാഭം കൊയ്തു കൂട്ടിക്കൊണ്ടിരുന്നു. അപ്പോൾ  നിയോഗിയും യൂണിയൻ നേതൃത്വവും ചിന്തിക്കാൻ തുടങ്ങി, മദ്യ കരാറുകാർക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണോ തങ്ങൾ കൂലി വർധനയ്ക്കായി പോരാടിയത്?  ഇതോടെയാണ് മദ്യവിരുദ്ധ പ്രചാരണത്തിന് തുടക്കമായത്. ഇത് ട്രേഡ് യൂണിയനെ  ഒരു സാമൂഹിക പ്രസ്ഥാനമാക്കി മാറ്റി. മെച്ചപ്പെട്ട ആരോഗ്യ ത്തിനായുള്ള  ജനകീയ ബദൽ പ്രസ്ഥാനം കൂടിയായിരുന്നു അത്.

ഖനി തൊഴിലാളികളുടെ ബദല്‍ വികസന മാതൃക; ഛത്തീസ്ഗഡിലുണ്ട് ചോരയും നീരും നൽകി പണിതുയർത്തിയ ഷഹീദ് ആശുപത്രി
പള്ളികളുടെ 'ചരിത്രം' ചികയുന്നവർക്ക് അറിയുമോ 1991ലെ ആരാധാനാലയ നിയമം?

ശങ്കർ ഗുഹാ നിയോഗിയുടെ സമർത്ഥമായ നേതൃത്വത്തിൽ മദ്യ വിരുദ്ധ സമരം ഉൾപ്പടെ  നിരവധി സമരങ്ങൾ സിഎംഎം ആരംഭിക്കുകയും വിജയിപ്പിക്കുകയും ചെയ്തു. സിഎംഎംഎസിന്റെ സഹോദര സംഘടനയായ ഛത്തീസ്ഗഢ് മുക്തി മോർച്ച (സിഎംഎം) യൂണിയന്റെ സമരവും നിർമ്മാണവും എന്ന നിലപാടിനെ പിന്തുടർന്നു. ക്രിയാത്മകമായ പ്രവർത്തനങ്ങൾ സമരത്തോടൊപ്പം ചേർന്ന് പോകണമെന്ന് സിഎംഎം ആത്മാർത്ഥമായി വിശ്വസിച്ചു. ഒരു വശത്ത്, പുതിയതും മെച്ചപ്പെട്ടതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ, സാമൂഹിക മാറ്റത്തിന് തുടക്കമിടാനും അവർ പരിശ്രമിച്ചു.

തൊഴിലാളികൾ സമരവും സൃഷ്ടിപരമായ പ്രവർത്തനവും പരസ്പര പൂരകമായി കണ്ടു. ആശുപത്രി പണിയുക, സ്കൂളുകൾ തുറക്കുക, തൊഴിലാളികളുടെ കുട്ടികളെ സാങ്കേതിക നൈപുണ്യത്തിൽ പരിശീലിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ആരംഭിക്കുക എന്നിവയെല്ലാം നിർമ്മാണ പ്രവർത്തനങ്ങളായി കണക്കിലെടുത്തു. അവ ഒന്നൊന്നായി നടപ്പിലാക്കി . കർഷകരുമായും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് സിഎംഎം രൂപീകരിച്ചത്. തുടർന്ന് സ്ത്രീശാക്തീകരണത്തിനായി മഹിളാമുക്തി മോർച്ചയും (എംഎംഎം) രൂപീകരിച്ചു.

ജനക് ലാല്‍ താക്കൂർ
ജനക് ലാല്‍ താക്കൂർ

പൊതുജനാരോഗ്യ പരിപാടി വളരെ ആവേശത്തോടെയാണ് യൂണിയൻ ആരംഭിച്ചത്. ആരോഗ്യത്തിന് വേണ്ടിയുള്ള സമരം, എല്ലാ തൊഴിലാളികൾക്കും വേണ്ടിയുള്ള വർക്കേഴ്സ് പ്രോഗ്രാം എന്നിവയായിരുന്നു ആരോഗ്യ പരിപാടിയെ നിർവചിച്ച മുദ്രാവാക്യങ്ങൾ. ഭിലായിൽ നിയോഗി 1991-ൽ കൊല്ലപ്പെട്ടതിനു ശേഷം ജനക് ലാൽ താക്കൂർ സിഎംഎമ്മിന്റെ പ്രസിഡന്റും അനൂപ് സിങ് സെക്രട്ടറിയുമായി. സിഎംഎമ്മിന്റെ പ്രധാന മുദ്രാവാക്യം സംഘർഷ് ഔർ നിർമാൻ (സമരവും നിർമ്മാണവും) എന്നതാണ്. വിരോധ് നഹി വികൽപ് (പ്രതിരോധമല്ല ബദൽ) എന്നതാണ് മറ്റൊരു മുദ്രാവാക്യം. പ്രത്യേക ഛത്തീസ്ഗഡ് സംസ്ഥാന രൂപീകരണ വിഷയത്തിൽ സിഎംഎം നിഷ്ക്രിയ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തുകൾക്കെതിരായ പോരാട്ടത്തിൽ സിഎംഎം വളരെ സജീവമായി .

സാമൂഹിക ഉത്തരവാദിത്വമുള്ള നിരവധി വികസന പ്രവർത്തനങ്ങളിൽ ഖനി തൊഴിലാളി യൂണിയൻ ഇന്ന് സജീവമാണ്. കാലാവസ്ഥ വ്യതിയാന പോംവഴികൾ, മാലിന്യ സംസ്കരണം എന്നിവയിൽ യൂണിയൻ സജീവമായി ഇടപെടുന്നു. സിഎംഎമ്മിന്റെ വിദ്യാഭ്യാസ പരിപാടിയിൽ ഇപ്പോൾ ആറ് പ്രൈമറി സ്കൂളുകളും ഒരു ഹയർ സെക്കണ്ടറി വിദ്യാലയവും ഉൾപ്പെടുന്നു. പുതിയ ജനാധിപത്യ സംസ്കാരം എന്ന ആശയം പ്രചരിപ്പിക്കുന്നത് "നായ അൻജോർ" (പ്രഭാതത്തിന്റെ വെളിച്ചം) എന്ന പ്രചാരണ വിഭാഗമാണ്.  

ഖനികളിൽ സമ്പൂർണ യന്ത്രവൽക്കരണത്തിന് ബദലായി അർദ്ധ-യന്ത്രവൽക്കരണം തൊഴിലാളികളെ പിരിച്ചുവിടാതെ ഉൽപാദനത്തിന്റെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി അവതരിപ്പിച്ചു അത്  മാനെജുമെന്റിനെകൊണ്ട് യൂണിയൻ നടപ്പിലാക്കിയിരിക്കുന്നു. പരിസ്ഥിതി സ്നേഹ പദ്ധതിയായ "അപ്നജംഗൽകോപഹ്ചാനോ" (സ്വന്തം വനത്തെ അറിയുക) എന്ന ബോധവൽകരണ പരിപാടി ചൂഷണരഹിതമായ സാമൂഹ്യവനനയം എങ്ങനെയായിരിക്കുമെന്ന് യൂണിയൻ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നുന്നു. സ്പോർട്സ്, ഗെയിംസ് ആര്ട്ട് കൾച്ചറൽ  മത്സരങ്ങൾ യൂണിയൻ സംഘടിപ്പിക്കുന്നു. ദേശീയ തലത്തിൽ മത്സരിപ്പിക്കാൻ ക്ലബ്ബുകൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നു. കുട്ടികളും സ്ത്രീകളും ആദിവാസികളും ദളിതരും ഛത്തീസ്ഗഡില്‍ വനത്തിന്റെയും മണ്ണിന്റെയും കാവലാളുകളായിരിക്കുന്നതും അവിടെ പുതിയ ഒരു പൊതുജനാരോഗ്യ സംസ്കാരം ഉയർന്നു വന്നതും   ഉത്തരവാദിത്വമുള്ള ഖനി തൊഴിലാളി യുണിയയനുകളുടെ പരിശ്രമങ്ങളിലൂടെയാണ്.

(സാമൂഹിക നിരീക്ഷകനും സ്ഥിതി വിവര വിദഗ്ദനുമാണ് ലേഖകൻ) 

logo
The Fourth
www.thefourthnews.in