സീതയും കല്പനയും നേർക്കുനേർ; ഝാര്‍ഖണ്ഡിൽ 'മരുമക്കൾ'പോര്?

സീതയും കല്പനയും നേർക്കുനേർ; ഝാര്‍ഖണ്ഡിൽ 'മരുമക്കൾ'പോര്?

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനും സഹോദരൻ ദുർഗ സോറന്റെ ഭാര്യ സീത സോറനും തമ്മിലുള്ള ശക്തമായ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു

ഒരേ കുടുംബത്തിൽപ്പെട്ടവർ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്ര പുതുമയുള്ള കാര്യമല്ല. സോണിയ ഗാന്ധിയും മനേക ഗാന്ധിയും ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇതിൽനിന്നൊക്കെ അൽപം വ്യത്യസ്തമാണ് ഝാർഖണ്ഡിൽനിന്നുള്ള വാർത്ത. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനും സഹോദരൻ ദുർഗ സോറന്റെ ഭാര്യ സീത സോറനും തമ്മിലുള്ള ശക്തമായ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഝാര്‍ഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറനെയും ഇ ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഝാര്‍ഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറന്റെ മരിച്ചുപോയ സഹോദരൻ ദുർഗ സോറന്റെ ഭാര്യ സീത സോറൻ ബിജെപിയിൽ ചേരുന്നത്. ഏറ്റവുമൊടുവിൽ ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയിൽ പ്രധാന സാന്നിധ്യമായിരുന്ന ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറനെ ഇത് ചൊടിപ്പിച്ചിരുന്നു.

ആരുടെയെങ്കിലും മുന്നിൽ കുനിഞ്ഞു നിൽക്കുകയെന്നത് ഝാര്‍ഖണ്ഡുകാരുടെ ഡിഎൻഎയിലില്ലെന്നായിരുന്നു കല്പന സോറന്റെ പ്രതികരണം. കല്പനയുടെ ഭർതൃസഹോദരനായ ദുർഗ സോറൻ 2009ലാണ് മരിക്കുന്നത്. ദുർഗ സോറന്റെ പാരമ്പര്യം കൂടി ഉദ്ദേശിച്ചാണ് വിധേയപ്പെടൽ തങ്ങളുടെ ഡിഎൻഎയിൽ ഇല്ലെന്ന് കല്പന സീതയോടെന്ന രീതിയിൽ പറഞ്ഞത്.

സീതയും കല്പനയും നേർക്കുനേർ; ഝാര്‍ഖണ്ഡിൽ 'മരുമക്കൾ'പോര്?
പത്‌നിക്ക് 'പദവി' നല്‍കാന്‍ ഹേമന്ത് സോറന്‍; ഇഡി കലക്കിമറിച്ച ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ കല്‍പന മറ്റൊരു റാബ്‌റി ദേവിയോ?

എന്നാൽ ദുർഗ സോറനെയും അദ്ദേഹത്തിന്റെ അനുയായികളെയും ഒതുക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ താനും തന്റെ മക്കളും പുറത്തുവിട്ടാൽ പലരുടെ മുഖം വെളിപ്പെടുമെന്നും കല്പന തന്റെ ഭർത്താവിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാന്നെന്നാണ് സീത സോറന്റെ പ്രതികരണം. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഝാര്‍ഖണ്ഡിൽ സഹോദരങ്ങളായ രണ്ട് പ്രധാന നേതാക്കളുടെ ഭാര്യമാർ തമ്മിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുകയാണ്.

ഝാര്‍ഖണ്ഡിലെ ജാമ എന്ന ഗോത്ര മണ്ഡലത്തിലെ എംഎൽഎയാണ് സീത സോറൻ. ഇത്തവണ ദുംക മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് മത്സരിക്കുമെന്നാണ് സീത പറയുന്നത്. ഹേമന്ത് സോറന്റെയും ദുർഗ സോറന്റെയും അച്ഛനായ ജെഎംഎമ്മിന്റെ സ്ഥാപകൻ ഷിബു സോറൻ 2019ൽ ബിജെപിയോട് പരാജയപ്പെട്ട സീറ്റാണ് ദുംക. എന്നാൽ 2019ൽ ജെഎംഎമ്മിന് നഷ്ടപ്പെട്ട സീറ്റാണെന്നതുകൊണ്ട് അവിടെ പാർട്ടിക്കുള്ള സ്വാധീനം ഇല്ലാതായെന്ന് കരുതരുതെന്നും കല്പന പറഞ്ഞു.

ആളുകൾ ഗുരുജി എന്ന് വിളിക്കുന്ന ഷിബു സോറന്റെ സ്വാധീനം ഗോത്ര മേഖലകളിൽ വളരെ ശക്തമാണ്. അമ്പും വില്ലും ചിഹ്നത്തോട് ആളുകൾക്ക് പ്രത്യേക ആഭിമുഖ്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കല്പന സോറന്‍
കല്പന സോറന്‍

2012ൽ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് പണം വാങ്ങിയെന്ന കേസ് സീത സോറനെതിരെ നിലനിൽക്കുന്നുണ്ട്. സുപ്രീം കോടതി നിർണായകമായ പല നിരീക്ഷണങ്ങളും നടത്തിയ കേസാണിത്. 1998 ൽ സുപ്രീം കോടതി തന്നെ നടത്തിയ ഒരു നിരീക്ഷണം കോടതി തിരുത്തുന്ന സാഹചര്യമുണ്ടായി. എംപിമാരും എംഎൽഎമാരും നിയമസഭകളിലോ പാർലമെന്റിലോ നടത്തുന്ന പ്രസംഗങ്ങൾ, ചെയ്യുന്ന വോട്ടുകൾ ഇതിന്റെയൊന്നും പുറത്തുള്ള കാര്യങ്ങൾ ബാധിക്കരുതെന്നും നിയമനിർമാണ സഭകളിൽ സാമാജികർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകണമെന്ന വിധിയാണ് കോടതി തന്നെ അഴിമതിക്കുള്ള സാധ്യത കണ്ട് തിരുത്തിയത്. ആ രീതിയിൽ ചരിത്രപ്രാധാന്യമുള്ള കേസ് കൂടിയാണ് സീത സോറന്റേത്. ഈ കേസ് വിവാദമായശേഷമാണ് സീത സോറൻ ബിജെപിയിൽ ചേരുന്നത്.

ഹേമന്ത് സോറന്‍
ഹേമന്ത് സോറന്‍
സീതയും കല്പനയും നേർക്കുനേർ; ഝാര്‍ഖണ്ഡിൽ 'മരുമക്കൾ'പോര്?
ഹേമന്ത് സോറന്‍ അറസ്റ്റില്‍; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ചംപയ് സോറന്‍ പിന്‍ഗാമിയാകും

സീത സോറനും ജെഎംഎമ്മും നേർക്കുനേർ

2009ൽ ദുർഗ സോറൻ മരിച്ചതിനു ശേഷമാണ് സീത സോറൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. മസ്തികസ്രാവം കാരണമാണ് ദുർഗ മരിച്ചതെന്നാണ് അന്ന് കുടുംബം പറഞ്ഞിരുന്നത്. ഒരുപക്ഷേ ദുർഗ മരിച്ചില്ലായിരുന്നെങ്കിൽ ജെഎംഎം സ്ഥാപകനായ ഷിബു സോറന്റെ മൂത്ത മകനെന്ന നിലയിൽ പാർട്ടിയുടെ പൂർണനിയന്ത്രണം ദുർഗയ്ക്കാകുമായിരുന്നു. ദുർഗയുടെ മരണശേഷം അനുജൻ ഹേമന്തിലേക്ക് പാർട്ടിയുടെ നിയന്ത്രണമെത്തി.

ജാമ, ബർഹായിത്ത്, ദുംക എന്നീ മൂന്നു മണ്ഡലങ്ങൾ ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി മാറ്റിവച്ചതാണ്. അതിൽ ജാമയാണ് സീതയുടെ മണ്ഡലം. 2009, 2014, 2019 തിരഞ്ഞെടുപ്പുകളിൽ സീത ജാമയിൽനിന്ന് വിജയിച്ചു. ഇതിനിടയിലാണ് കല്പന ഹേമന്ത് സോറനെ വിവാഹം ചെയ്യുന്നത്.

ഷിബു സോറന്റെ മൂന്നാമത്തെ മകനായ ബസന്ത് സോറൻ ഇപ്പോൾ ദുംകയിൽ നിന്നുള്ള എംഎൽഎയാണ്. ചംപയ് സോറൻ മന്ത്രിസഭയിൽ മന്ത്രിയുമാണ്.

മാർച്ച് 19 നാണ് സീത സോറൻ ബിജെപിയിൽ ചേരുന്നത്. ആ സമയത്ത് ദുംകയിൽ സിറ്റിംഗ് എംപി സുനിൽ സോറൻ തന്നെ മത്സരിക്കട്ടെയെന്നായിരുന്നു ബിജെപി തീരുമാനം. തുടർന്നാണ് സുനിലിനെ മാറ്റി സീതയ്ക്ക് ആ സീറ്റു നൽകുന്നത്. ജെഎംഎം ഇപ്പോഴും ദുംകയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

വർഷങ്ങൾക്കുശേഷം മാർച്ച് 28 നാണ് സീത സോറൻ തന്റെ ഭർത്താവ് ദുർഗ സോറന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. ഈ മാസം തന്നെ ഗിരിധിൽ നടന്ന പാർട്ടിയുടെ സ്ഥാപകദിനാചരണത്തിൽ ദുർഗ സോറന്റെ പേരുപോലും പരാമർശിച്ചില്ലെന്നും ആ അവഹേളനം താൻ പൊറുക്കില്ലെന്നും സീത സോറൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽനിന്ന് രാജിവച്ചുകൊണ്ട് ഷിബു സോറന് സീത നൽകിയ കത്തിൽ താനും മക്കളും കാലങ്ങളായി അവഗണിക്കപ്പെടുകയാണെന്നു പറഞ്ഞിരുന്നു. തങ്ങളുടെ ആശയങ്ങൾ അംഗീകരിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യാത്ത ആളുകളുടെ കൈകളിലേക്ക് പാർട്ടി എത്തിയെന്നും സീത കത്തിൽ പറഞ്ഞു. എന്നാൽ സീത സോറൻ ബിജെപിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് ജെഎംഎം തിരിച്ചടിച്ചത്.

സീതാ സോറന്‍
സീതാ സോറന്‍

കല്പനയുടെ കടന്നുവരവ്

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ജനുവരി 31 നാണ് ഇ ഡി അറസ്റ്റു ചെയ്യുന്നത്. ഇതിനുശേഷമാണ് കല്പന പാർട്ടിയുടെ മുഖമായി മാറുന്നത്. ഇതാവട്ടെ ഹേമന്ത് സോറന്റെയും ഷിബു സോറന്റെയും പിന്തുണയോടെയും അനുവാദത്തോടെയും.

ഒരു മാസത്തിലധകമായി കല്പന പ്രതിപക്ഷ വേദികളിലെല്ലാം സജീവമാണ്. നിരവധി സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ശക്തമായ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന കല്പന വളരെ ചെറിയ സമയംകൊണ്ട് തന്നെ ജനസമ്മതി നേടി. അതിൽ ഏറ്റവും അവസാനം ഡൽഹിയിലെ രാംലീല മൈതാനത്ത് വച്ച് നടന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയും ഉൾപ്പെടും. "എത്രയൊക്കെ സന്നാഹങ്ങളുണ്ടായിട്ടും രാവണനല്ല രാമനാണ് അവസാനം വിജയിച്ചത്," എന്ന മഹാറാലിലയിലെ പരാമർശം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ചംപയ് സോറന്‍
ചംപയ് സോറന്‍
സീതയും കല്പനയും നേർക്കുനേർ; ഝാര്‍ഖണ്ഡിൽ 'മരുമക്കൾ'പോര്?
പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍

ഝാര്‍ഖണ്ഡിലെ രാജ്മഹലിലും ബർഹയത്തിലും കല്പന പ്രത്യേക പൊതുയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. തന്റെ ഭർത്താവിനെ ബിജെപി ലക്ഷ്യം വച്ചതാണെന്ന് എല്ലാ വേദികളിലും അവർ ആവർത്തിച്ച് പറയുന്നു. കല്പന ഉടനെ തന്നെ ഒരു താരപ്രചാരകയായി മാറുമെന്നാണ് പാർട്ടി കരുതുന്നത്. ഈ അവസരത്തിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് സീത സോറൻ ബിജെപിയിൽ ചേരുന്നത്. ബിജെപിയെ കല്പനയ്ക്ക് എത്രത്തോളം പ്രതിസന്ധിയിലാക്കാനാകുമെന്നതാണ് ചോദ്യം. ശക്തമായ പ്രസംഗങ്ങളിൽ ബിജെപിയെ അവരുടെ തന്നെ ബിംബങ്ങളായ രാമനെയുൾപ്പെടെ ഉപയോഗിച്ചുതുകൊണ്ടാണ് കല്പന പ്രതിരോധിക്കുന്നത്.

ഝാര്‍ഖണ്ഡിനെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യം ലോക്സഭ തിരഞ്ഞെടുപ്പിൽ ഒതുങ്ങുന്നതല്ല. മേയ് ഇരുപതിന്‌ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സന്ദർഭത്തിൽ സീത സോറന്റെ കൂടു മാറ്റം ജെഎംഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ തിരിച്ചടിയാണ്. എന്നാൽ എന്തുവിലകൊടുത്തും സീതയെ തോൽപ്പിക്കുമെന്നുറപ്പിച്ചാണ് കല്പനയുടെ പ്രചാരണ പ്രവർത്തനങ്ങൾ പോകുന്നത്.

സീത സോറൻ മത്സരിക്കുന്ന ദുംകയിൽ ജെഎംഎം ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അവസാന നിമിഷം ഇവിടെ കല്പന തന്നെ മത്സരിക്കുമോ എന്നാണ് അറിയാനുള്ളത്. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ ഝാര്‍ഖണ്ഡിൽ പൂർണാർഥത്തിൽ ഹേമന്ത് സോറന്റെയും ദുർഗസോറന്റെയും ഭാര്യമാർ തമ്മിലുള്ള പോരാട്ടമായി ഈ തിരഞ്ഞെടുപ്പ് മാറും.

logo
The Fourth
www.thefourthnews.in