പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍

പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍

പുതിയ സാഹചര്യത്തിലെ ഇടപെടലുകള്‍ രണ്ടുപേരേയും ദേശീയശ്രദ്ധ പതിയുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെയുള്ള നിയമ പോരാട്ടത്തിന്റേയും സമരങ്ങളുടേയും തിരക്കില്‍ നിന്ന സുനിത കെജ്‌രിവാളിന്റെ വീട്ടിലേക്ക് ശനിയാഴ്ച വൈകുന്നേരം ഒരു അതിഥിയെത്തി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പോരാട്ടം നടത്തുന്ന സുനിതയ്ക്കും എഎപിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു കല്‍പനയുടെ ലക്ഷ്യം. ഭര്‍ത്താക്കന്‍മാര്‍ അറസ്റ്റിലായപ്പോള്‍, രാഷ്ട്രീയ തീച്ചൂളയിലേക്ക്‌ അപ്രതീക്ഷിതമായി എടുത്തുചാടേണ്ടിവന്ന രണ്ടു വനിതകളാണ് ഇവര്‍ രണ്ടുപേരും. മുന്‍പ് പലപ്പോഴും ഈ പേരുകള്‍ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തിലെ ഇടപെടലുകള്‍ രണ്ടുപേരേയും ദേശീയശ്രദ്ധ പതിയുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ, മാധ്യമങ്ങളില്‍ നിറഞ്ഞത് സുനിത കെജ്‌രിവാള്‍ ആയിരുന്നു. ജയിലില്‍ നിന്ന് കെജ്‌രിവാള്‍ നല്‍കിയ കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചും എഎപിയുടെ സമര പരിപാടികളില്‍ മുന്നില്‍ നിന്നും സുനിത ശ്രദ്ധനേടി. കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ഇന്ന് നടത്താന്‍ പോകുന്ന റാലിയിലും പ്രധാന ശ്രദ്ധാകേന്ദ്രം സുനിത കെജ്‌രിവാള്‍ ആയിരിക്കും. റാലിക്ക് പിന്തുണ നേടാന്‍ വേണ്ടി സുനിത വാട്‌സ്ആപ്പ് ക്യാമ്പയിന്‍ ആരംഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. 'കെജ്‌രിവാള്‍ കോ ആശിര്‍വാദ്' (കെജ് രിവാളിന് അനുഗ്രഹം) എന്ന പേരിലായിരുന്നു വാട്‌സ്ആപ്പ് ക്യാമ്പയിന്‍.

'രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞതും സ്വേച്ഛാധിപതികളുമായ ശക്തികളെയാണ് അരവിന്ദ് കെജ്‌രിവാള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ശരിയായ രാജ്യസ്‌നേഹിയാണ് അദ്ദേഹം. ഞാന്‍ 30 വര്‍ഷമായി അദ്ദേഹത്തിന് ഒപ്പമുണ്ട്. കെജ്‌രിവാള്‍ അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടുകള്‍ എനിക്കറിയാം. അദ്ദേഹത്തിന്റെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങള്‍ ഏത് പാര്‍ട്ടിയില്‍പ്പെട്ടവരുമാകട്ടെ, 8297324624 നമ്പറിലൂടെ നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ഥനകളും വാട്‌സ്ആപ് സന്ദേശമായി അയക്കാം', എന്നായിരുന്നു സുനിത കെജ് രിവാളിന്റെ അഭ്യര്‍ഥന. ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് ജെ്‌രിവാള്‍ കോടതിയില്‍ വലിയ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന സുനിതയുടെ പ്രസ്താവനയും വാര്‍ത്താ പ്രാധാന്യം നേടി.

സുനിതയെ സന്ദര്‍ശിക്കാനെത്തിയ കല്‍പന
സുനിതയെ സന്ദര്‍ശിക്കാനെത്തിയ കല്‍പന
പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍
'ജയിലിൽനിന്ന് ഭരിക്കാൻ കെജ്‌രിവാളിന് കഴിയില്ല, കള്ളപ്പണനിയമം ഇങ്ങനെ വേണോയെന്ന് കോടതി ആലോചിക്കണം'; പിഡിടി ആചാരി അഭിമുഖം

അരവിന്ദ് കെജ്‌രിവാളിന് വേണ്ടിയുള്ള സുനിതയുടെ കളം നിറയല്‍, അവരെ എഎപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന പ്രചാരണങ്ങള്‍ക്ക് വഴിതെളിച്ചു. എന്നാല്‍, സുനിതയും എഎപിയും ഇത് നിഷേധിച്ചു. ജയിലില്‍ ഇരുന്നുതന്നെ കെജ്‌രിവാള്‍ ഡല്‍ഹി ഭരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലും ബിജെപിയിലും കുടുംബാധിപത്യമാണെന്ന് നിരന്തരം പരിഹസിച്ചിരുന്ന കെജ്‌രിവാള്‍, ഭാര്യയെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തിയാല്‍ അത് എതിരാളികള്‍ക്ക് കൂടുതല്‍ ബലം നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതിനാല്‍, തത്ക്കാലം നിയമസഭയ്ക്ക് പുറത്ത് പോരാട്ടം നടത്താനാണ് സുനിത തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍
കോണ്‍ഗ്രസിനോട് കലഹിച്ച് രാഷ്ട്രീയം അവസാനിപ്പിച്ച ഗോവിന്ദ; മുംബൈ നോര്‍ത്തില്‍ ശിവസേനയുടെ ടിക്കറ്റ് ലഭിക്കുമോ?

അതുപോലെതന്നെ, എഎപിയുടെ കടിഞ്ഞാണ്‍ കൈവിട്ടുപോകരുതെന്ന് കെജ്‌രിവാള്‍ ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം കെജ്‌രിവാളിന്റെ വാക്കിന് മറുവാക്കില്ലാത്തവരാണ്. മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനുമാണ് കെജ്‌രിവാള്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഒന്നും രണ്ടും ശബ്ദങ്ങള്‍. പിന്നെയുള്ളത് വിദ്യാഭ്യാസമന്ത്രി അതിഷി സിങാണ്. പാര്‍ട്ടിയുടെ സമര പരിപാടികളും സര്‍ക്കാരിന്റെ ഉത്തരവുകളുമെല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുന്നത് അതിഷിയാണ്. ഇവര്‍ക്കൊപ്പം തന്റെ പ്രതിനിധിയായി ഭാര്യ സുനിതയെക്കൂടി നിര്‍ത്തി കാര്യങ്ങള്‍ കൈവിട്ടുപോകില്ലെന്ന് ഉറപ്പുവരുത്തുകയാണ് കെജ്‌രിവാള്‍. സുനിതയുടെ ഇത്തരം നീക്കങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിജെപി, അവരെ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയുമായാണ് ഉപമിച്ചത്. അഴിമതി കേസില്‍ ലാലു പ്രസാദ് യാദവ് ജയിലില്‍ പോയപ്പോള്‍ ആര്‍ജെഡി റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ വിമര്‍ശനം.

സുനിതയും അരവിന്ദ് കെജ്‌രിവാളും
സുനിതയും അരവിന്ദ് കെജ്‌രിവാളും

22 വര്‍ഷം ആദായനികുതി വകുപ്പില്‍ സേവനമനുഷ്ഠിച്ച 1994 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്‌രിവാള്‍. ഭോപ്പാലിലെ ഒരു ട്രെയിനിങ് ക്യാമ്പില്‍ വെച്ചായിരുന്നു 1995 ഐആര്‍എസ് ബാച്ചുകാരനായ അരവിന്ദ് കെജ്‌രിവാളിനെ സുനിത കണ്ടുമുട്ടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും വിഹാത്തിലെത്തുകയും ചെയ്തു. 2016-ല്‍ സര്‍വീസില്‍ നിന്ന് സുനിത സ്വയം വിരമിക്കുമ്പോള്‍, അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി കഴിഞ്ഞിരുന്നു. ഡല്‍ഹി ഇന്‍കംടാക്‌സ് അപ്പലൈറ്റ് ട്രൈബ്യൂണലില്‍ കമ്മീഷണര്‍ ആയി ജോലി ചെയ്യവെ ആയിരുന്നു സുനിതയുടെ വിരമിക്കല്‍. കെജ്‌രിവാളിന്റെ 'ഇന്ത്യ എഗൈനിസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റില്‍' സുനിതയും സജീവമായി പങ്കെടുത്തിരുന്നു. 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ച സമയത്ത് സുനിത ഓഫീസില്‍ നിന്ന് ലോങ് ലീവ് എടുത്ത് മാറിനിന്നത് ചര്‍ച്ചയായിരുന്നു.

പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍
അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം

അപ്പുറത്ത്, കല്‍പന സോറന്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത് ഹേമന്ത് സോറന്റെ രാജിക്ക് തൊട്ടുമുന്‍പാണ്. കല്‍പ്പനയെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമെന്ന് ഹേമന്തിന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ചരട് വലികളും അദ്ദേഹം നടത്തി. എന്നാല്‍, കുടുംബത്തിലെ പടലപ്പിണക്കം കല്‍പ്പനയെ മുഖ്യമന്ത്രിയാക്കുന്ന നീക്കത്തിന് തിരിച്ചടിയായി. ഹേമന്തിന്റെ അറസ്റ്റിന് മുന്‍പുതന്നെ കല്‍പ്പനയെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഗാണ്ഡേ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സര്‍ഫറാസ് അഹമ്മദ് രാജിവയ്ക്കുകയും കല്‍പ്പനയെ ഈ സീറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കവും നടന്നു. എന്നാല്‍, ഹേമന്തിന്റെ അന്തരിച്ച സഹോദരന്‍ ദുര്‍ഗ സോറന്റെ ഭാര്യ സീതാ സോറന്‍ പാര്‍ട്ടിയില്‍ കലാപം അഴിച്ചുവിട്ടു. ഇതോടെ, ഈ നീക്കത്തില്‍ നിന്ന് ഹേമന്ത് പിന്നോട്ടുപോയി. അന്നും റാബ്‌റി ദേവിയെ ഓര്‍മിപ്പിച്ച് ബിജെപി രംഗത്തെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2024 ജനുവരി 31-നാണ് ഹേമന്തിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'
കല്‍പന സോറന്‍
കല്‍പന സോറന്‍

പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഷിബു സോറന്‍ ഇടപെട്ട് കല്‍പനയെ മുഖ്യമന്ത്രിയാക്കാനുള്ള ഹേമന്തിന്റെ നീക്കത്തിന് തടയിട്ടത്. പകരം, ഹേമന്തിനും ഷിബുവിനും പ്രിയപ്പെട്ടവനായ ചംപയ്‌ സോറനെ മുഖ്യമന്ത്രിയാക്കി. തത്ക്കാലത്തേക്ക് വെടിനിര്‍ത്തല്‍ പ്രതീക്ഷിച്ച ഷിബു സോറന് പക്ഷേ കണക്കുകൂട്ടല്‍ തെറ്റി. ഹേമന്തിന് എതിരെ പടനയിച്ച സീതാ സോറന്‍ ബിജെപി പാളയത്തില്‍ എത്തി. സീതയ്ക്ക് എന്‍ഡിഎ ലോക്‌സഭ സീറ്റ് നല്‍കുയും ചെയ്തു.

കല്‍പനയും ഷിബു സോറനും
കല്‍പനയും ഷിബു സോറനും
പുതിയ റാബ്‌റി ദേവിമാര്‍ ആകുമോ കല്‍പനയും സുനിതയും? ഇ ഡി കാരണം പോരാട്ട ഭൂമിയിലേക്ക് എടുത്തു ചാടിയ രണ്ടു സ്ത്രീകള്‍
ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?

ഹേമന്തിന്റെ അറസ്റ്റിന് പിന്നാലെ, ജെഎംഎം പ്രതിഷേധങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു കല്‍പന സോറന്‍. ഭരണകാര്യങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും കല്‍പന കാര്യമായി ഇടപെടുന്നുണ്ട്. ദേശീയമാധ്യമങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ, ഈ 48-കാരി ജെഎംഎമ്മിന്റെ ദേശീയ മുഖമായി മാറുകയും ചെയ്തു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കല്‍പനയാണ് ജെഎംഎമ്മിന്റെ താരപ്രചാരകരില്‍ ഒരാള്‍. മാര്‍ച്ച് നാലിന് ഗാണ്ഡേ നിയമസഭ മണ്ഡലത്തിലെ ഗിരിധി മൈതാനത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് കല്‍പന തന്റെ ആദ്യ രാഷ്ട്രീയ യോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. കല്‍പനയുടെ രാഷ്ട്രീയ പ്രവേശനം ഗുണകരമാകുമോ എന്നറിയാന്‍ ജെഎംഎം രഹസ്യ സര്‍വെ നടത്തിയെന്നും ഇതില്‍ അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും സൂചനയുണ്ട്. ഇതോടെ, ഗാണ്ഡേ ഉപതിരഞ്ഞെടുപ്പില്‍ കല്‍പന മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഹേമന്തിനൊപ്പം പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കല്‍പന സജീവമായിരുന്നില്ല. 2019-ല്‍ ഹേമന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യം കല്‍പനയ്ക്ക് നേരേയുണ്ടായി. എന്നാല്‍, താനിപ്പോള്‍ കുടുംബ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അതില്‍ സന്തോഷവതി ആണെന്നുമായിരുന്നു കല്‍പനയുടെ മറുപടി. ഒഡീഷയിലെ മയൂര്‍ഭംജ് ജില്ലയിലിലെ റായ് രംഗ്പൂര്‍ സ്വദേശിയാണ് കല്‍പന.

2006-ല്‍ ആയിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. രണ്ടു കുട്ടികളാണ് സോറന്‍-കല്‍പന ദമ്പതിമാര്‍ക്കുള്ളത്. എംടെക്കും എംബിഎയും പാസായ കല്‍പന, റാഞ്ചിയില്‍ ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത്, പയറ്റി തെളിയാന്‍ രണ്ട് വനിതകള്‍ കൂടി രംഗത്തിറങ്ങുകയാണ്. ഭാര്യമാരെ രംഗത്തിറക്കി പാര്‍ട്ടിയേയും സര്‍ക്കാരിനേയും കാക്കാന്‍ കെജ്‌രിവാളിനും സോറനും സാധിക്കുമോയെന്നത് കാത്തിരുന്നു കാണണം.

logo
The Fourth
www.thefourthnews.in