പ്രത്യേക പദവിക്ക് മോദിയും ബിജെപിയും വഴങ്ങുമോ?

പ്രത്യേക പദവിക്ക് മോദിയും ബിജെപിയും വഴങ്ങുമോ?

പ്രധാനവകുപ്പുകൾ മുതൽ സ്‌പീക്കർ സ്ഥാനമടക്കം ഇരുപാർട്ടികളും ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ സാധിക്കാത്തവയായിരുന്നു

എൻഡിഎ സർക്കാരിന്‌ മുന്നിൽ പ്രധാന സഖ്യകക്ഷികളായ ജെഡിയുവിനും ടിഡിപിക്കും പൊതുവായി ഒരാവശ്യം മാത്രമേ മുന്നോട്ടുവയ്ക്കാനുള്ളു. അത് ഇവർ ഭരണത്തിലിരിക്കുന്ന ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക പദവി നൽകുക എന്നതാണ്. സർക്കാർ രൂപീകരണ ചർച്ചകളിൽ ജെഡിയുവും ടിഡിപിയും പല ആവശ്യങ്ങൾ ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രധാനവകുപ്പുകൾ മുതൽ സ്‌പീക്കർ സ്ഥാനമടക്കം ഇരുപാർട്ടികളും ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ സാധിക്കാത്തവയായിരുന്നു.

ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക സംസ്ഥാന പദവി എന്നത് കാലങ്ങളായി അവരുന്നയിക്കുന്ന ആവശ്യമാണ്. ആ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മുമ്പിൽ തന്നെ പലതവണ അത് ആവർത്തിക്കുകയും അതിന്റെ പേരിൽ വോട്ടുവാങ്ങി ജയിക്കുകയും ചെയ്ത പാർട്ടികളാണ് ഇവ രണ്ടും. അതുകൊണ്ടുതന്നെ ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടു പോകാൻ അവർക്ക് സാധിക്കില്ല.

ബിജെപി ഈ വിഷയത്തിൽ എന്ത് തീരുമാനമെടുക്കും എന്നതാണ് അറിയേണ്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സംബന്ധിച്ചെടുത്തോളം ഈ രണ്ടു പാർട്ടികളുടെയും പിന്തുണ അനിവാര്യമായ കാര്യമാണ്. ഇവരെ രണ്ടുപേരെയും അവഗണിക്കാൻ മോദിക്കോ ബിജെപിക്കോ സാധിക്കില്ല. എന്നാൽ പ്രത്യേക പദവിപോലൊരു പരിഗണന ഈ പാർട്ടിക്ക് നൽകുമോ എന്നതാണ് ചോദ്യം.

ഇന്ത്യയിലാകെ 11 സംസ്ഥാനങ്ങൾക്കാണ് പ്രത്യേക പദവിയുള്ളത്. അതിൽ ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായിട്ടുള്ള ജമ്മു കാശ്മീരും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ സിക്കിമും ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഉൾപ്പെടും.

പ്രത്യേക പദവിക്ക് മോദിയും ബിജെപിയും വഴങ്ങുമോ?
മോദി 3.0: അധികാരമേറ്റ് 20 ദിവസം, ആൾക്കൂട്ടക്കൊല ആറ്

എന്താണ് പ്രത്യേക പദവി?

സർവമേഖലകളിലും കേന്ദ്രസർക്കാരിന്റെ പ്രത്യേക പിന്തുണ ലഭിക്കുന്ന സംസ്ഥാനങ്ങളാണ് പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങൾ. പ്രത്യേക കേന്ദ്ര പദ്ധതികളായും, മറ്റുപദ്ധതികളിലെ പിന്തുണയായുമാണ് ആ പിന്തുണ കേന്ദ്രം നൽകുന്നത്. പൊതുവിൽ ഒരു സാധാരണ സംസ്ഥാനത്തിന് ലഭിക്കുന്നതിലധികം കേന്ദ്രസഹായങ്ങൾ ഈ സംസ്ഥാനങ്ങൾക്ക് ലഭിക്കും എന്ന് ചുരുക്കം. 2017-ൽ ആസൂത്രണ കമ്മീഷൻ എടുത്ത് മാറ്റുന്നതിന് മുമ്പുവരെ കേന്ദ്രത്തിന്റെ പ്രത്യേക സഹായമായി തന്നെ കണക്കാക്കിയിരുന്നതാണ് പ്രത്യേക പദവി.

പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന കേന്ദ്രത്തിന്റെ നികുതി വിഹിതത്തിൽ മാറ്റമൊന്നുമില്ല. ധനകാര്യ കമ്മീഷനുകൾ നൽകിയിട്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പദവിയുള്ളതും ഇല്ലാത്തതുമായ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകുന്നതിന്റെ മാനദണ്ഡം ഒന്നുതന്നെയാണ്.

1969-ലാണ് ആദ്യമായി ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്നത്. ആ സംസ്ഥാനത്ത് ആസൂത്രണം ചെയ്യുന്ന വ്യത്യസ്ത പദ്ധതികൾ ഓരോന്നും പ്രത്യേകമായി പരിഗണിച്ച് കേന്ദ്രം നൽകുന്ന പ്രത്യേക സഹായമായിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കിലും പിന്നീട് അത് ഒരു പൊതു സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന കേന്ദ്ര സഹായമാക്കി (നോർമൽ സെൻട്രൽ അസിസ്റ്റൻസ്) മാറ്റുകയായിരുന്നു. ഈ സമവാക്യം ഗാഡ്ഗിൽ ഫോർമുല എന്നാണ് അറിയപ്പെടുന്നത്.

പ്രത്യേക പദവിക്ക് മോദിയും ബിജെപിയും വഴങ്ങുമോ?
വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍; രാജിവച്ച് ചംപയ് സോറൻ, ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ നീക്കങ്ങള്‍

മേൽപറഞ്ഞ പ്രത്യേക സഹായം വായ്പയായും ഗ്രാന്റുകളായുമാണ് കേന്ദ്രം നൽകിയിരുന്നത്. സാധാരണഗതിയിൽ ഒരു സംസ്ഥാനത്തിന് 70 ശതമാനം വായ്പയും 30 ശതമാനം ഗ്രാന്റുമാണ് കേന്ദ്രം നൽകുക. എന്നാൽ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങൾക്ക് 10 ശതമാനം വായ്പയും ബാക്കി 90 ശതമാനം ഗ്രാന്റുമായിരിക്കും. ഏകദേശം എല്ലാ കേന്ദ്രാവിഷ്‌കൃതപദ്ധതികളും ഇതേ സമവാക്യം പാലിച്ച് തന്നെയാണ് ഈ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിരുന്നത്. 2005 മുതൽ 2015 വരെയുള്ള കാലത്ത് ഗ്രാന്റായി നൽകേണ്ടുന്ന വിഹിതം ഓരോ പദ്ധതിയിലും കേന്ദ്രം കൃത്യമായി നൽകിയിരുന്നു.

എന്നാൽ 2015 മുതൽ ഇങ്ങോട്ട് സാധാരണ സംസ്ഥാനങ്ങൾക്ക് അവരുടെ ഗ്രാന്റിന്റെ 60 ശതമാനം മാത്രമാണ് ലഭിച്ചത്. 2005-06 കാലഘട്ടത്തിൽ പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകേണ്ടുന്ന 90 ശതമാനം ഗ്രാന്റിന്റെ ഭാഗമായി ലോകബാങ്കിന്റേതുൾപ്പെടെയുള്ള വായ്പകളും ലഭിച്ചു തുടങ്ങി. പലപ്പോഴും ഈ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം 5 ലക്ഷം കോടി രൂപ കവിയുന്ന സാഹചര്യം പോലുമുണ്ടായി.

വിലപേശി നേടാവുന്നതാണോ പ്രത്യേക പദവി

1969ൽ പ്രത്യേക പദവി നൽകാൻ തീരുമാനിച്ച സമയത്തുതന്നെ ആസൂത്രണ കമ്മീഷന്റെ ഏറ്റവും ഉന്നത സമിതിയായിരുന്ന ദേശീയ വികസന കൗൺസിൽ മൂന്നു സംസ്ഥാനങ്ങൾക്ക് മാത്രമാണ് ഈ പദവി നൽകാൻ തീരുമാനിച്ചത്. അസം, നാഗാലാ‌ൻഡ്, ജമ്മു കാശ്മീർ എന്നീ മൂന്നു സംസ്ഥാനങ്ങളും കേന്ദ്ര പിന്തുണ അനിവാര്യമായ മലയോര സംസ്ഥാനങ്ങളായിരുന്നു. മൂന്നിൽ നിന്ന് പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നിലേക്കെത്തി. പിന്നീട് ഈ പദവി നൽകിയ ഓരോ സംസ്ഥാനങ്ങൾക്കും അതിന്റെ രൂപീകരണ സമയത്താണ് പ്രത്യേക പദവി നൽകിയത്.

പ്രത്യേക പദവി നൽകുക എന്നത് എളുപ്പം സാധിക്കുന്നതല്ല എന്നുമാത്രമല്ല അത് ദീർഘകാലത്തേക്ക് അതുപോലെ നിലനിർത്തേണ്ടതായിട്ടുള്ള കാര്യവുമാണ്.

ഹിമാചൽ പ്രാദേശിന്‌ 1970-71 കാലയളവിൽ, മണിപ്പുരിനും ത്രിപുരയ്ക്കും 1971-72 കാലയളവിൽ, സിക്കിമിന് 1975-76ലും അരുണാചൽപ്രദേശിനും മിസോറാമിനും 1986-87ലും, ഉത്തരാഖണ്ഡിന് 2001-02 കാലഘട്ടത്തിലും. മറ്റൊരു സംസ്ഥാനത്തിനും ഈ പദവി പിന്നീട് ലഭിച്ചിട്ടില്ല.

പ്രത്യേക പദവിക്ക് മോദിയും ബിജെപിയും വഴങ്ങുമോ?
മോദിക്ക് മിണ്ടേണ്ടി വന്നു, മണിപ്പൂരിനെ കുറിച്ച്; പ്രതിപക്ഷത്തിന് മുന്നില്‍

ഇപ്പോൾ ആവശ്യമുന്നയിക്കുന്ന ആന്ധ്രാപ്രദേശ് 2014ൽ രണ്ടായി വിഭജിക്കപ്പെട്ട സംസ്ഥാനമാണ് എന്നതുകൊണ്ട് തന്നെ ആ ആവശ്യം ന്യായമല്ലേ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ, ആന്ധ്രയിൽ നിന്നും തെലങ്കാന വേർപെടുത്തിയപ്പോൾ ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. 2014ൽ പാർലമെന്റ് പാസാക്കിയ ആന്ധ്രാപ്രദേശ് സംസ്ഥാന വിഭജന ആക്ടിൽ തന്നെ അതിനെ കുറിച്ച് കൃത്യമായി പരാമർശിച്ചിട്ടുണ്ട്.

ആന്ധ്രയിലെ പൊലവരം ജലസേചന പദ്ധതി ഉൾപ്പെടെ കേന്ദ്രം ദേശീയ പദ്ധതിയായി കണക്കാക്കി പൂർത്തിയാക്കി നൽകുമെന്ന ഉറപ്പ് അന്ന് നൽകിയിരുന്നു. നികുതി ആനുകൂല്യങ്ങൾക്കപ്പുറം ഇത്തരം പദ്ധതികളും അന്ന് സർക്കാർ ഏറ്റെടുത്തിരുന്നു. മാത്രവുമല്ല, ഹൈദ്രബാദ് തെലങ്കാനയുടെ ഭാഗമായതുകൊണ്ടു തന്നെ പുതിയ തലസ്ഥാനനഗരം നിർമ്മിച്ചെടുക്കുന്നതിന് പ്രത്യേക ധനസഹായം നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു.

പ്രത്യേക പദവിക്ക് പകരം പ്രത്യേക പാക്കേജ്?

പ്രത്യേക പദവി നൽകുക എന്നത് എളുപ്പം സാധിക്കുന്നതല്ല എന്നുമാത്രമല്ല അത് ദീർഘകാലത്തേക്ക് അതുപോലെ നിലനിർത്തേണ്ടതായിട്ടുള്ള കാര്യവുമാണ്. ആന്ധ്രപ്പോലെ തന്നെ പ്രത്യേക പദവി ആവശ്യം പലപ്പോഴായി ഉയർത്തിയിട്ടുള്ള ഒഡിഷയ്ക്കും ബിഹാറിനും ബിജെപി എപ്പോഴും സമാശ്വാസമായി നൽകിയിരുന്നത് പ്രത്യേക പാക്കേജുകളായിരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തിൽ ഒഡിഷയിലെ പ്രധാനപ്പെട്ട മൂന്നു ജില്ലകൾക്ക് (കലഹന്ദി, ബോലാങ്കിർ, കൊരാപുട്) കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് പ്രാഖ്യാപിച്ചിരുന്നു. 2003ൽ വാജ്പേയീ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിഹാറിന് പ്രത്യേക പാക്കേജ് നൽകിയിരുന്നു. രാഷ്ട്രീയ സാം വികാസ് യോജന എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായിരുന്നു ആ സഹായം. ബിഹാറിലെ പ്രത്യേക പദ്ധതികൾക്ക് മാത്രമായിരുന്നു ആ ധനസഹായം.

പ്രത്യേക പദവിക്ക് മോദിയും ബിജെപിയും വഴങ്ങുമോ?
'ഭരണഘടനയുടെ ആത്മാവ് നശിപ്പിച്ചത് നെഹ്‌റു'; മോദിയുടെയും അനുരാഗ് താക്കൂറിന്റെയും ആരോപണത്തിന് പിന്നിലെ യാഥാർഥ്യം?

മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തും സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ജമ്മു കാശ്മീർ, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അതിൽ ഉൾപ്പെടും. 2014നു ശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും എന്ന രീതിയിൽ തന്നെ പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ലാതെ പാക്കേജുകൾ നൽകിയിരുന്നു.

നരേന്ദ്രമോദിയും ബിജെപിയും ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും സമ്മർദത്തിന്റെ മുന്നിൽ വഴങ്ങാൻ നിലവിൽ സാധ്യതകളില്ല. ഇപ്പോൾ പ്രത്യേക പദവിയുള്ള 11 സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രത്യേകപദവിക്ക് ബിഹാറിനോ ആന്ധ്രയ്ക്കോ യോഗ്യതയില്ല എന്നത് വ്യക്തമാണ്. എന്നാൽ സഖ്യം നിലനിർത്തുന്നതിന് ബിജെപി അങ്ങനെ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് ആകാംക്ഷയുണ്ടാക്കുന്ന കാര്യം. പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കാനുള്ള സാധ്യത മോദിസർക്കാരിന്റെ മുൻകാല പ്രവർത്തനങ്ങളിൽ നിന്നുതന്നെ നമുക്ക് ഊഹിക്കാമെങ്കിലും പ്രത്യേക പദവി എന്ന തീരുമാനത്തിലേക്ക് ബിജെപി പോകുമെന്ന് കരുതാൻ സാധിക്കില്ല.

അങ്ങനെ ഒരു നിഗമനത്തിലേക്കെത്താൻ മറ്റൊരു കാരണം കൂടിയുണ്ട്. ബിജെപി നേരത്തെയും ഈ കക്ഷികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബിഹാറിൽ ബിജെപി ജെഡിയുവിനൊപ്പം ചേർന്ന് ഭരിച്ചിട്ടുണ്ട്. ഒഡിഷയിൽ ബിജു ജനതാദളുമായും ദീർഘകാലം ചേർന്നുനിന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും ഈ ആവശ്യത്തിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വഴങ്ങിയിട്ടില്ല. ഇനി വഴങ്ങാനും സാധ്യതയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള പ്രത്യേക സാഹചര്യം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന സൂചനകളൊന്നും ഇതുവരെ ഇല്ല.

logo
The Fourth
www.thefourthnews.in