വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം; ആരാണ് ബുദ്ധികേന്ദ്രമായ 'ബുസി ആനന്ദ്'

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം; ആരാണ് ബുദ്ധികേന്ദ്രമായ 'ബുസി ആനന്ദ്'

സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ബുസി ആനന്ദ് വിജയ് മക്കള്‍ ഇയക്കം എന്ന വിജയ് ഫാന്‍സ് അസോസിയേഷനിലും സജീവമാകുന്നത്

തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു നടന്‍ വിജയ് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. താരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും കരിയറിന്റെ ഏറ്റവും പീക്ക് ടൈമില്‍ നില്‍ക്കുമ്പോള്‍ വിജയ് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിച്ചിരുന്നില്ല.

2024 ജനുവരി അവസാന ആഴ്ച മുതല്‍ തന്നെ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ഫെബ്രുവരി 2 ന് രാവിലെ തന്നെ ആരാധകര്‍ക്ക് ആഘോഷത്തിന് തയ്യാറായി ഇരിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചു. മധുരപലഹാരങ്ങളും പടക്കങ്ങളും തയ്യാറാക്കി ആരാധക സംഘടന തയ്യാറായി ഇരുന്നു.

ഇതിനിടെ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ പാര്‍ട്ടി രജിസ്ട്രേഷനായി എത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു. അധികം വൈകാതെ ആ വിജയുടെ ആ പ്രഖ്യാപനവും ഉണ്ടായി. താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. തമിഴക വെട്രി കഴകം എന്ന തന്റെ പാര്‍ട്ടി 2026 തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നിലവില്‍ തീരുമാനത്തിലെത്തിയ സിനിമകള്‍ക്ക് ശേഷം താന്‍ പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഇറങ്ങുമെന്നുമായിരുന്നു ആ പ്രഖ്യാപനം.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം; ആരാണ് ബുദ്ധികേന്ദ്രമായ 'ബുസി ആനന്ദ്'
രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം

വിജയ്‌യുടെ ആരാധക സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ബുസി ആനന്ദ് ആണ് വിജയ്‌യുടെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചോദ്യങ്ങളില്‍ ഒന്നാണ് ആരാണ് ഈ ബുസി ആനന്ദ്?

വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ മാത്രം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വ്യക്തിയല്ല ബുസി ആനന്ദ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെന്ന പോണ്ടിച്ചേരിയിൽ എംഎല്‍എയായിരുന്ന ആനന്ദ്. സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് ബുസി ആനന്ദ് വിജയ് മക്കള്‍ ഇയക്കം എന്ന വിജയ് ഫാന്‍സ് അസോസിയേഷനിലും സജീവമാകുന്നത്.

എട്ടാം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള ബുസി ആനന്ദിനെ കിങ് മേക്കര്‍ ഇമേജോടെയാണ് വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ ആരാധകരും രാഷ്ട്രീയനിരീക്ഷകരും വിലയിരുത്തുന്നത്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം; ആരാണ് ബുദ്ധികേന്ദ്രമായ 'ബുസി ആനന്ദ്'
നടികര്‍ തിലകം മുതല്‍ ഉലക നായകന്‍ വരെ; വിജയ് വരുമ്പോള്‍ മറക്കരുത്, ദ്രാവിഡ രാഷ്ട്രീയത്തില്‍ തോറ്റുപോയ താരങ്ങളെ

പോണ്ടിച്ചേരിയിലെ മേയറായിരുന്ന എച്ച് എം കാസിമിന്റെ മകനും കോണ്‍ഗ്രസ് നേതാവും 1964 മുതല്‍ ബുസി മണ്ഡലത്തിലെ എംഎല്‍എയുമായിരുന്ന സി എം അഷറഫിന്റെ സന്തതസഹചാരിയായിട്ടാണ് എന്‍ ആനന്ദ് എന്ന ബുസി ആനന്ദ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 1974 മുതല്‍ 1980 വരെയുള്ള കാലഘട്ടം മാറ്റി നിര്‍ത്തിയാല്‍ 1999 ല്‍ മരിക്കുന്നത് വരെ സി എം അഷറഫായിരുന്നു ബുസി മണ്ഡലത്തിലെ എംഎല്‍എ.

അഷറഫിന്റെ മരണ ശേഷം മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ബുസി ആനന്ദിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. നീണ്ട നാളായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന ബുസി അക്കൊല്ലം ഡിഎംകെ ജയിക്കുകയും ചെയ്തു. ഇതിനിടെ 2005ല്‍ കോണ്‍ഗ്രസ് നേതാവായ പി കണ്ണന്‍ കോണ്‍ഗ്രസുമായി തെറ്റിപിരിയുകയും പുതുച്ചേരി മുന്നേട്ര കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ നിന്ന് പുതുച്ചേരി മുന്നേട്ര കോണ്‍ഗ്രസിലേക്ക് പോയ നേതാക്കളിലും എന്‍ ആനന്ദും ഉണ്ടായിരുന്നു. തുടര്‍ന്ന് അണ്ണാ ഡിഎംകെയുമായി ഉണ്ടാക്കിയ സഖ്യത്തിനെ തുടര്‍ന്ന് ആനന്ദ് 2006 ലെ തിരഞ്ഞെടുപ്പില്‍ ബുസി മണ്ഡലത്തില്‍ മത്സരിക്കുകയും എംഎല്‍എയാവുകയും ചെയ്തു. കടുത്ത വിജയ് ആരാധകനായ ആനന്ദ്, മേഖലയിലെ വിജയ് ആരാധകരുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇതോടെ മണ്ഡലത്തിന്‍റെ പേര് കൂടി ചേര്‍ത്ത് ബുസി ആനന്ദ് എന്ന പേരില്‍ വിജയ് ആരാധകര്‍ ആനന്ദിനെ വിളിച്ചു തുടങ്ങി.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം; ആരാണ് ബുദ്ധികേന്ദ്രമായ 'ബുസി ആനന്ദ്'
തലൈവര്‍ക്ക് കഴിയാത്തത് ദളപതിക്ക് കഴിയുമോ? തമിഴകം പിടിക്കാന്‍ വിജയ് ഒരുങ്ങുമ്പോള്‍

ഇതിനിടെ 2009 ലാണ് വിജയ് തന്റെ ആരാധകര്‍ക്കായി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ആരാധക സംഘടന രൂപീകരിക്കുന്നത്. ഒരു വെല്‍ഫെയര്‍ സംഘടനയായി തുടങ്ങിയ വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തനത്തില്‍ ബുസി ആനന്ദും പങ്കെടുത്തിരുന്നു. വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ മുഖാന്തരം ബുസി ആനന്ദ് വിജയ്‌യുമായി സൗഹൃദത്തിലായി.

അതേസമയം, 2009 ല്‍ പി കണ്ണന്‍ തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിപ്പിക്കുകയും പുതുച്ചേരി കോണ്‍ഗ്രസ് പിരിച്ചുവിടുകയും ചെയ്തു. ഇതിനിടെ 2008 ല്‍ മണ്ഡലപുനര്‍ നിര്‍ണയം നടന്നതോടെ ബുസി മണ്ഡലം ഇല്ലാതാവുകയും ചെയ്തു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബുസി ആനന്ദ് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജിതനായി. ഇതോടെ വിജയ് ആരാധക സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ബുസി ആനന്ദ് സജീവമായി. ബുസി ആനന്ദിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനായ വിജയ് അതുവരെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ നിയന്ത്രിച്ചിരുന്ന ആരാധക ആരാധക സംഘടനയുടെ ചുമതല പൂര്‍ണമായി ബുസി ആനന്ദിനെ എല്‍പ്പിക്കുകയും ചെയ്തു.

ഇതോടെ ആരാധക സംഘടനയില്‍ എസ് എ ചന്ദ്രശേഖറിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും ബുസി ആനന്ദിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും ഉണ്ടായി. ഒളിഞ്ഞും തെളിഞ്ഞും ബുസി ആനന്ദിനെ എസ് എ ചന്ദ്രശേഖര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ വിജയുടെ ആരാധക സംഘടനയെ രാഷ്ട്രീയപാര്‍ട്ടിയാക്കാന്‍ നീക്കം നടത്തിയത്.

ഒരു അഭിമുഖത്തില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നും എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്നും എസ് എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ഇതിന് തൊട്ടുപിന്നാലെ എസ് എ ചന്ദ്രശേഖര്‍ വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു. ഇതോടെ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് എസ് എ ചന്ദ്രശേഖര്‍ പിന്മാറി. സംഘടനയില്‍ എസ് എ ചന്ദ്രശേഖറിനെ അനുകൂലിച്ച് പാര്‍ട്ടി രൂപീകരണത്തിന് പിന്തുണച്ചിരുന്ന ചില പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ 2021 ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് വിജയ് അനുമതി നല്‍കുകയും ചെയ്തു.

ഇതിനിടെയാണ് തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ തോല്‍പ്പിച്ച് ഡിഎംകെ സര്‍ക്കാര്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയത്. ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയിലാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായി ഇറങ്ങാന്‍ വിജയ് തീരുമാനിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി, 200 അംഗ ജനറല്‍ കൗണ്‍സില്‍ ചേരുകയും. പാര്‍ട്ടി അധ്യക്ഷനായി വിജയ്‌യെ തിരഞ്ഞെടുക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റികളും ഈ യോഗത്തില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഭാരവാഹികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബുസി ആനന്ദ് ആയിരിക്കും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്നാണ് പുറത്തുവരുന്ന സൂചന. എന്നാല്‍ ബുസി ആനന്ദ് ആയിരിക്കില്ല ജനറല്‍ സെക്രട്ടറിയെന്നും ദളിത് വിഭാഗത്തില്‍ നിന്നുള്ള രാജശേഖര്‍ ആയിരിക്കും സെക്രട്ടറിയെന്നും പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഒരു മുസ്‌ലിം വനിതയുണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മധുരയിലായിരിക്കും പാര്‍ട്ടിയുടെ ആദ്യസമ്മേളനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന് പേരിട്ട പാര്‍ട്ടിയുടെ ചെയര്‍മാന്‍ വിജയ് തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും 2026ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കത്തില്‍ വിജയ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴില്‍ അല്ലെന്നും ഇത് ഒരു ഹോബിയല്ലെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, എപിജെ അബ്ദുള്‍കലാം എന്നിവരെയാണ് വിജയ് തന്റെ രാഷ്ട്രീയ ഐക്കണുകളായി ഉയര്‍ത്തികാണിക്കുന്നത്.

വിജയ് എന്ന വെള്ളിത്തിരയിലെ ദളപതിയെ ബുസി ആനന്ദ് എന്ന രാഷ്ട്രീയക്കാരനായ ആരാധകന്‍ തമിഴകത്തിന്റെ ദളപതിയാക്കുമോയെന്നാണ് വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നത്.

logo
The Fourth
www.thefourthnews.in