വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചുകാണേണ്ട, ദ്രാവിഡ പാർട്ടികളുടെ വോട്ടുകൾ കുറയ്ക്കും; പ്രശാന്ത് കിഷോർ

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചുകാണേണ്ട, ദ്രാവിഡ പാർട്ടികളുടെ വോട്ടുകൾ കുറയ്ക്കും; പ്രശാന്ത് കിഷോർ

നേരത്തെ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രശാന്ത് കിഷോർ പ്രവർത്തിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ വിലയിരുത്തി പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറച്ചു കാണേണ്ടെന്നും തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ വോട്ടുകൾ വിജയ് പിടിക്കുമെന്നും പ്രശാന്ത്കിഷോർ പറഞ്ഞു.

നേരത്തെ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രശാന്ത് കിഷോർ പ്രവർത്തിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന്‍റെ സത്യാവസ്ഥയെ കുറിച്ചും അദ്ദേഹം 'തന്തി ടിവി'ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

'വിജയ് താനുമായി ബന്ധപ്പെട്ടിട്ടില്ല, ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ഞാനിപ്പോൾ പ്രവർത്തിക്കുന്നില്ല, എന്നോട് ചോദിച്ചാൽ, എനിക്ക് അദ്ദേഹത്തിന് ഉപദേശം നൽകാൻ സാധിക്കും, പക്ഷേ എനിക്ക് മുഴുവൻ സമയ രാഷ്ട്രീയ തന്ത്രജ്ഞനായി പ്രവർത്തിക്കാൻ കഴിയില്ല.' എന്നായിരുന്നു പ്രശാന്ത് കിഷോർ പറഞ്ഞത്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചുകാണേണ്ട, ദ്രാവിഡ പാർട്ടികളുടെ വോട്ടുകൾ കുറയ്ക്കും; പ്രശാന്ത് കിഷോർ
'അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി'...; സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധിക, വൈറൽ വീഡിയോ

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ദ്രാവിഡ പാർട്ടികളായ ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും വോട്ട് ബാങ്ക് 60 മുതൽ 65% വരെ കുറയ്ക്കുമെന്നും പ്രശാന്ത് പറഞ്ഞു. ദ്രാവിഡ പാർട്ടിയുടെ വോട്ട് വിഹിതം ഒരു കാലത്ത് 80 ശതമാനത്തിൽ കൂടുതലായിരുന്നു, ഇപ്പോൾ 70 ശതമാനത്തിൽ താഴെയായി. വിജയ് എത്തുന്നതോടെ ഇത് 60 ശതമാനത്തോളം കുറയും. അടുത്ത 10-15 വർഷത്തിനുള്ളിൽ 40 ശതമാനമായി കുറയുമെന്നും അദ്ദേഹം പ്രവചിച്ചു.

നേരത്തെ 2021 ലെ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ഡിഎംകെയുടെയും രാഷ്ട്രീയ തന്ത്രജ്ഞനായി പ്രശാന്ത് കിഷോർ പ്രവർത്തിച്ചിരുന്നു. അതേസമയം വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചുകാണേണ്ട, ദ്രാവിഡ പാർട്ടികളുടെ വോട്ടുകൾ കുറയ്ക്കും; പ്രശാന്ത് കിഷോർ
ഗെയിം ത്രില്ലർ ജോണർ; മമ്മൂട്ടി ചിത്രം ബസുക്കയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

ഫെബ്രുവരി ആദ്യമാണ് വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' പ്രഖ്യാപിച്ചത്. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ചവർക്ക് വിജയ് നന്ദി പറയുകയും ചെയ്തിരുന്നു. തമിഴക വെട്രി കഴകം എന്ന് പേരിട്ട പാർട്ടിയുടെ ചെയർമാൻ വിജയ് തന്നെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും 2026ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കത്തിൽ വിജയ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴിൽ അല്ലെന്നും ഇത് ഒരു ഹോബിയല്ലെന്നും വിജയ് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in