ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഭയക്കുന്നു; ആരാണ് കര്‍ണാടകയിലെ കെആ‍‍ര്‍വി?

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഭയക്കുന്നു; ആരാണ് കര്‍ണാടകയിലെ കെആ‍‍ര്‍വി?

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുകളില്‍ സ്വാധീനമുള്ള സംഘടനയായി വളര്‍ന്ന കന്നഡ രക്ഷണ വേദികെയുടെ ചരിത്രം

കന്നഡ ഭാഷാ-സംസ്‌കാര സംരക്ഷണത്തിന് രൂപീകരിച്ചതാണ് കന്നഡ രക്ഷണ വേദികെ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം തലക്കനവും സ്വാധീനവുമുള്ള, കന്നഡ മണ്ണില്‍ വേരാഴ്ത്തി നില്‍ക്കുന്ന ഈ സംഘടന വിചാരിച്ചാല്‍ കര്‍ണാടകയില്‍ എന്തും നടക്കും. ബംഗളൂരുവിലെ വ്യാപാര സ്ഥാപനങ്ങളില്‍ കന്നഡ ഭാഷ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ വീണ്ടും തെരുവിലറങ്ങുമ്പോള്‍, മധുവിധു പിന്നിടാത്ത സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരല്‍പ്പം വിയര്‍ക്കുന്നുണ്ട്.

വിറപ്പിച്ച ചരിത്രം മാത്രമുള്ള ഈ തീവ്രസ്വഭാവ സംഘടന രണ്ടും കല്‍പ്പിച്ചിറങ്ങിയാല്‍, ഭരണം അത്ര സുഖകരമാകില്ലെന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാലാണ്, അനുനയ നീക്കങ്ങളുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ സംഘടനയുടെ പ്രതിഷേധത്തോട് കരുതലോടെയാണ് ബിജെപിയും പ്രതികരിക്കുന്നത്.

മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി പോരിലും തമിഴ്‌നാടുമായുള്ള കാവേരി നദീജല തര്‍ക്കത്തിലും കന്നഡ രക്ഷണ വേദികെയുടെ ചൂട് ഭരണകൂടം അറിഞ്ഞതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുകളില്‍ സ്വാധീനമുള്ള സംഘടനയായി വളര്‍ന്ന കന്നഡ രക്ഷണ വേദികയുടെ ചരിത്രമാണ് ഇനി പറയുന്നത്.

തീവ്ര കന്നഡ വാദം ഉയര്‍ത്തി രംഗത്തുവരുന്ന ആദ്യ സംഘടനയല്ല കര്‍ണാക രക്ഷണ വേദികെ. 1990-ല്‍ രൂപീകൃതമായ സംഘടനയുടെ വളര്‍ച്ച അതിവേഗമായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ കന്നഡിഗര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം, കന്നഡ ഭാഷാ സംരക്ഷണം, കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകയ്ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ കാര്യക്ഷമമാക്കുക, മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ കര്‍ണാടകയ്ക്ക് വേണ്ടി നിലകൊള്ളുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളുമായണ് കര്‍ണാടക രക്ഷണ വേദികെ സ്ഥാപിതമായത്. 'കന്നഡയാണ് ജാതി, കന്നഡയാണ് മതം, കന്നഡയാണ് ദൈവം' എന്നാണ് സംഘടനയുടെ മുദ്രാവാക്യം. 62 ലക്ഷംപേര്‍ സംഘടനയിലുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സമാധാനപൂര്‍ണമായ സമരങ്ങളാണ് തങ്ങളുടെ മാര്‍ഗമെന്ന് പറയുമ്പോഴും, സംഘടനയുടെ പല പ്രതിഷേധങ്ങളും അക്രമത്തില്‍ കലാശിച്ചിട്ടുണ്ട്.

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഭയക്കുന്നു; ആരാണ് കര്‍ണാടകയിലെ കെആ‍‍ര്‍വി?
കന്നഡ മതി, ഇംഗ്ലീഷ് 'കടക്ക് പുറത്ത്'; കര്‍ണാടകയില്‍ പ്രക്ഷോഭം, വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം

2005 വരെ മധ്യ കര്‍ണാടകയില്‍ മാത്രം ഒതുങ്ങിനിന്നൊരു സംഘടനയായിരുന്നു ഇത്. എന്നാല്‍, അന്നേവര്‍ഷം കന്നഡ രക്ഷണ വേദികെ രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യുന്ന സംഘടനയായി മാറി. ബെലഗാവി ജില്ലയെ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ബെലഗാവി നഗരസഭ മേയര്‍ വിജയ് മോറെയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചുകൊണ്ടുള്ള പ്രതിഷേധം, സംഘടനയെ മുഖ്യധാര ചര്‍ച്ചകളില്‍ എത്തിച്ചു.

മഹാരാഷ്രയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് മറാത്ത സംസാരിക്കുന്നവരാണ് കൂടുതലുമുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് ബെലഗാവി ബോംബെ പ്രസിഡന്‍സിയുടെ കീഴിലായിരുന്നു. സ്വതന്ത്ര ഇന്ത്യ രൂപീകരിച്ചപ്പോള്‍ സംസ്ഥാന രൂപീകരണ സമയത്ത് ബെലഗാവി കര്‍ണാടകയ്‌ക്കൊപ്പമായി. ഈ പ്രദേശം തങ്ങളുടെ സംസ്ഥാനത്തിനൊപ്പം ചേര്‍ക്കണമെന്ന് മഹാരാഷ്ട്രയും വിട്ടുതരില്ലെന്ന് കര്‍ണാടകയും നിലപാടെടുത്തു. കാലങ്ങളായി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പോര് തുടരുകയാണ്. ഇതിനിടെയാണ്, കുപ്രസിദ്ധമായ കരി ഓയില്‍ സമരമുണ്ടായത്. ഇതോടെ, കര്‍ണാടക രക്ഷണ വേദികെ ദേശീയ ശ്രദ്ധ നേടി.

ബെലഗാവിയെ മഹാരാഷ്ട്രയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയുടെ ശക്തികേന്ദ്രമായിരുന്നു ബെലഗാവി. ഈ പാര്‍ട്ടിക്ക് ബെലഗാവി മേഖലയില്‍ നിന്ന് നിരവധി എംഎല്‍എമാരുമുണ്ടായിരുന്നു. കര്‍ണാക രക്ഷണ വേദിക ആദ്യം ലക്ഷ്യം വെച്ചത് മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയെ ആയിരുന്നു. ഇരു സംഘടനകളും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങളുണ്ടായി. കര്‍ണാടക വിരുദ്ധ നിലപാട് സ്വീകരിച്ച കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതുവരെ വേദികെ പ്രക്ഷോഭം തുടര്‍ന്നു. മഹാരാഷ്ട്ര ഏകീകരണ്‍ സമിതി പതിയെ തളരുകയും കര്‍ണാടക രക്ഷണ വേദികെ തഴച്ചു വളരുകയും ചെയ്തു.

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഭയക്കുന്നു; ആരാണ് കര്‍ണാടകയിലെ കെആ‍‍ര്‍വി?
വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023

തൊഴില്‍ മേഖലയില്‍ കന്നഡവത്കരണം ആവശ്യപ്പെട്ട നിരവധി സമരങ്ങള്‍ വേദികെ നടത്തി. സര്‍ക്കാര്‍, സ്വാകാര്യ മേഖലകളില്‍ കന്നഡിഗര്‍ക്ക് ജോലി ഉറപ്പാക്കണമെന്ന് സംഘടന വാശിപിടിച്ചു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് സിഎജി ഡിപ്പാര്‍ട്ട്‌മെന്റിലേക്കുള്ള ഒഴിവുകളിലേക്ക് ഒരു കന്നഡിഗനെയും നിയമിച്ചില്ലെന്ന് ആരോപിച്ച് നടത്തിയ സമരം അക്രമാസക്തമായി. ഈ സമരത്തെ തുടര്‍ന്ന് തദ്ദേശിയാടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് ഉത്തരവിറക്കേണ്ടിവന്നു. കന്നഡ ന്യൂസ് ചാനലകളുടെ കടന്നുവരവിന്റ സമയം കൂടിയായിരുന്നു വേദികെയുടെ സമരകാലം. പ്രക്ഷോഭങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടത് സംഘടനയ്ക്ക് വലിയ നേട്ടമുണ്ടാക്കി കൊടുത്തു.

കാവേരി നദിജല തര്‍ക്കത്തില്‍ തമിഴ്‌നാടുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന കര്‍ണാടക സര്‍ക്കാരിന് വേദികെയുടെ ഇടപെടലുകള്‍ ഒരുകണക്കിന് ആശ്വാസമാണ്. 2007-ല്‍ കാവേരി ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടിന് എതിരെ സംഘടന ബന്ദ് നടത്തി. 2007 ഫെബ്രുവരി 7-ന് നടത്തിയ ബന്ദില്‍ കര്‍ണാടക പൂര്‍ണമായും സ്തംഭിച്ചു. 2007 മെയ് നാലിന് വേദികെയുടെ നേതൃത്വത്തില്‍ കന്നഡ സംഘടനകളുടെ കൂറ്റന്‍ സമരം ഡല്‍ഹിയില്‍ നടന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, തീവ്ര കന്നഡ വികാരം ആളിക്കത്തിച്ച് കര്‍ണാക രക്ഷണ വേദികെ മുന്നോട്ടുവരുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും ജാഗ്രതയോടെയാണ് വിഷയത്തില്‍ ഇടപെടുന്നത്.

logo
The Fourth
www.thefourthnews.in