കൂടുമാറിയ മിലിന്ദ് ദേവ്‌റ; മാറുന്ന സമവാക്യങ്ങള്‍, മുംബൈയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?

കൂടുമാറിയ മിലിന്ദ് ദേവ്‌റ; മാറുന്ന സമവാക്യങ്ങള്‍, മുംബൈയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് ആരംഭിച്ച ദിനത്തിൽ തന്നെയാണ് മിലിന്ദ് ദേവ്‌റയുടെ പ്രഖ്യാപനം എത്തുന്നത്

രാജ്യം നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നു. പ്രതിപക്ഷ നിരയെ എന്ത് വിലകൊടുത്തും ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര എന്ന പേരില്‍ രാഹുല്‍ ഗാന്ധി നടത്തിയ യാത്രയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് നേരിട്ടത്. പൊതു തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ഭാരത് ജോഡോ ന്യായ് യാത്ര എന്ന പേരില്‍ രാഹുല്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നു. കലുഷിതമായ മണിപ്പൂരില്‍ നിന്നും യാത്ര ആരംഭിക്കുന്ന ദിനത്തില്‍ യാത്ര അവസാനിക്കേണ്ട മഹാരാഷ്ട്രയില്‍ നിന്നും അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ് കോണ്‍ഗ്രസിനെ തേടിയെത്തിയത്.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിടുകയും മണിക്കൂറുകള്‍ക്കകം എതിര്‍ ചേരിയില്‍, ശിവസേന ഏകനാഥ് ഷിന്‍ഡേ പക്ഷത്തിനൊപ്പം ചേരുകയും ചെയ്തു.

''എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായി. പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചു'', അദ്ദേഹം എക്സില്‍ കുറിച്ചു. മിലിന്ദിന്റെ പുറത്തുപോകല്‍ എന്താണ് കോണ്‍ഗ്രസിന് നല്‍കുന്ന സൂചന?

കൂടുമാറിയ മിലിന്ദ് ദേവ്‌റ; മാറുന്ന സമവാക്യങ്ങള്‍, മുംബൈയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു; മണിക്കൂറുകള്‍ക്കകം ശിവസേന ഷിന്‍ഡെ പക്ഷത്ത് ചേർന്നു

മിലിന്ദ് ദേവ്‌റയും മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷമാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ച പ്രധാന ഘടകം. നേതാക്കളും ദേശീയ നേതൃത്വവും തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതകൂടിയാണ് രാജിയോടെ തുറന്നുകാട്ടപ്പെടുന്നത്.

ജനപിന്തുണയല്ല, സ്വാധീനം

വലിയ ജന പിന്തുണ അവകാശപ്പെടാനില്ലാത്ത നേതാവാണ് മിലിന്ദ് ദേവ്റ. പക്ഷേ ദക്ഷിണ മുംബൈയിൽ കാര്യമായ സ്വാധീനം അദ്ദേഹത്തിനുണ്ട്. മുംബൈ കോര്‍പറേഷന്‍, മേഖലയിലെ എംഎല്‍എമാര്‍, മത സാമുദായിക നേതാക്കള്‍ എന്നിവരുമായുള്ള അടുപ്പമാണ് ഇതില്‍ പ്രധാനം. മിലിന്ദിന്റെ പിതാവ് മുരളി ദേവ്റയില്‍ തുടങ്ങുന്ന ഈ ബന്ധം വളരെ ദൃഢവുമാണ്. അതിനാല്‍ മിലിന്ദിന്റെ ചുവട് മാറ്റം മുംബൈയില്‍ പ്രത്യേകിച്ച് ദക്ഷിണ മുംബൈയില്‍ കോണ്‍ഗ്രസിന് വലിയ ദോഷം ചെയ്യും. മുംബൈയിലെ കുറഞ്ഞത് 10 മുന്‍ തദ്ദേശ ജന പ്രതിനിധികളും ദക്ഷിണ മുംബൈയിലെ ഒരുവിഭാഗം നേതാക്കളും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍.

മുംബൈ സൗത്ത് സീറ്റും ദേവ്‌റയുടെ പ്രതീക്ഷകളും

2004ലും 2009ലും മുംബൈ സൗത്ത് സീറ്റിൽ നിന്ന് മിലിന്ദ് ദേവ്‌റ വിജയിച്ചിരുന്നു. 2014ലും 2019ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ശിവസേനയുടെ അരവിന്ദ് സാവന്തിനോട് പരാജയപ്പെട്ടു. മണ്ഡലം തിരിച്ചുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം അഞ്ച് വർഷം മുമ്പ് ലോക്‌സഭാ പ്രചാരണത്തിനിടയിൽ മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനം പോലും രാജി വെച്ചിരുന്നു.

പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ ഉദ്ധവ് താക്കറെ വിഭാഗം മുംബൈ സൗത്ത് സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നതിൽ ദേവ്‌റ അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ തോറ്റെങ്കിലും സീറ്റ് കോൺഗ്രസിന്റെ കയ്യിൽ നിന്ന് പോകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

കൂടുമാറിയ മിലിന്ദ് ദേവ്‌റ; മാറുന്ന സമവാക്യങ്ങള്‍, മുംബൈയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ത്?
ഇന്ത്യയിലെ ആദ്യത്തെ എഐ ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോം; 'ഡികോഡര്‍' അവതരിപ്പിച്ച് പ്രണോയ് റോയ്

ദേവ്‌റ എന്ന ഫണ്ട് സാമ്പത്തിക വിദഗ്ദന്‍

മുംബൈയിലെ വ്യവസായ പ്രമുഖരുമായുള്ള ദേവ്‌റയുടെ ബന്ധം കോണ്‍ഗ്രസിന്റെ പ്രധാന സാമ്പത്തിക സ്രോതസില്‍ ഒന്നായിരുന്നു. ഇതേ വിഷയം തന്നെയാണ് ഷിൻഡെ വിഭാഗം ശിവസേനയുടെ പ്രീതി നേടാൻ അദ്ദേഹത്തെ സഹായിച്ച ഘടകങ്ങളില്‍ ഒന്നും. കേന്ദ്രമന്ത്രിയായിരിക്കെ, സാമ്പത്തിക വിഷയങ്ങളിൽ ഉദാരമായ ശബ്ദമായിരുന്നു ദേവ്‌റ. ബിസിനസിലും ഡൽഹിയുടെ രാഷ്ട്രീയ വൃത്തങ്ങളിലും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2023 ഡിസംബറിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ജോയിന്റ് ട്രഷററായി ദേവ്‌റ നിയമിക്കപ്പെട്ടതിന് പിന്നിലും ഇതേ ബന്ധങ്ങളുടെ പേരിലാണെന്ന് വിലയിരുത്താം.

ബിജെപി ശിവസേന അനുഭാവികളുടെയും സംയോജിത വോട്ട് വിഹിതത്തോടെ മുംബൈ സൗത്ത് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ദേവ്‌റ

കോണ്‍ഗ്രസിന് നഷ്ടപ്പെടുന്ന ഗുജറാത്തി മുഖം

മുംബൈ എന്ന മഹാ നഗരത്തിലെ ഒരു പ്രമുഖ ഗുജറാത്തി മുഖമാണ് മിലിന്ദ് ദേവറയുടെ പടിയിറക്കത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത്. മുംബൈ സൗത്ത് മണ്ഡലം മറാത്തി വോട്ടര്‍മാരുടെ ശക്തി കേന്ദ്രമാണ്. ഇതിനൊപ്പം മുസ്ലീം ജനസംഖ്യയും നിലവിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അവിഭക്ത ശിവസേനയ്ക്ക് ഒപ്പമായിരുന്നു ഇവ നിലകൊണ്ടത്. എന്നാലിപ്പോൾ, ബിജെപി ശിവസേന അനുഭാവികളുടെയും സംയോജിത വോട്ട് വിഹിതത്തോടെ മുംബൈ സൗത്ത് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ദേവ്‌റ.

ഇത്തവണ സാഹചര്യം മാറി. അതായിരിക്കാം ബിജെപിക്ക് പകരം ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയിൽ ചേരാൻ ദേവ്‌റയെ പ്രേരിപ്പിച്ചതും. എന്നാല്‍ ദേവ്‌റയ്ക്ക് സൗത്ത് മണ്ഡലം മണ്ഡലം ലഭിക്കുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല . മണ്ഡലത്തിനായി ബിജെപിയും ശ്രമിക്കുന്നുണ്ട്. ബിജെപി ഈ സീറ്റ് ഏറ്റെടുത്താല്‍ ദേവ്‌റക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ നേരത്തെ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന കോൺഗ്രസിന് ദേവ്‌റയുടെ പുറത്ത് പോകൽ കനത്ത തിരിച്ചടിയായിരിക്കുകയാണ്. 'ഭാരത് ന്യായ് യാത്ര' പാളം തെറ്റിക്കാൻ ബിജെപി ആസൂത്രണം ചെയ്തതാണ് ദേവ്‌റയുടെ പുറത്ത് പോകലെന്നും മിലിന്ദ് ബിജെപിയുടെ വെറും പാവ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിഷയത്തെ പാർട്ടി പ്രതിരോധിക്കുന്നത്.

logo
The Fourth
www.thefourthnews.in