2004 ആവര്‍ത്തിക്കുമോ? ബിജെപിയുടെ പുതിയ ഗെയിം പ്ലാനിന് പിന്നിലെ 'ഭയം'

2004 ആവര്‍ത്തിക്കുമോ? ബിജെപിയുടെ പുതിയ ഗെയിം പ്ലാനിന് പിന്നിലെ 'ഭയം'

ഓരോ സംസ്ഥാനത്തേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്താണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്

താന്‍ മൂന്നാമതും പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് നരേന്ദ്ര മോദി ആവര്‍ത്തിച്ചു പറയുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിക്ക് മുന്‍തൂക്കം കിട്ടിയിട്ടുണ്ട്. ഹിന്ദി ബെല്‍റ്റില്‍ മൃഗീയഭൂരിപക്ഷമുണ്ട്. എന്നിട്ടും ബിജെപി എന്തിനാണ് അടിക്കടി നിലപാട് മാറ്റുന്ന നിതീഷ് കുമാറിനെ കൂടെക്കൂട്ടിയത്? ഒറ്റ ഉത്തരം, ഭയം. 2004 ഇപ്പോഴും ബിജെപിയുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവാണ്. 1998-ല്‍ അധികാരമേറ്റ എബി വാജ്‌പേയ് സര്‍ക്കാരിന്റെ കാലവധി 2004-ല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ അധികാരത്തിലെത്തി. പിന്നീടുള്ള പത്തുവര്‍ഷം ബിജെപിക്ക് പുറത്തിരിക്കേണ്ടിവന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ എത്ര കണക്കുകൂട്ടലുകള്‍ നടത്തിയാലും ചില കണക്കുകള്‍ തെറ്റിപ്പോകുമെന്ന് അന്ന് പാഠം പഠിച്ച ബിജെപി, പുതിയ ഗെയിം പ്ലാനുകളില്‍ 2004 ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ പഴുതുകളും അടയ്ക്കാനുള്ള നീക്കത്തിലാണ്.

ഓരോ സംസ്ഥാനത്തേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്താണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. ദേശീയതലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സംസ്ഥാന സാഹചര്യങ്ങളിലെ വിശകലനങ്ങളില്‍ വീഴ്ച പറ്റിതയുമാണ് വാജ്‌പേയ് സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകാതെ പോയതിന് പിന്നിലെ പ്രധാന കാരണമെന്ന് ബിജെപിയിലെ പല പ്രമുഖ നേതാക്കളും ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിഹാര്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ബിജെപി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ തള്ളിക്കളയുന്നില്ല. ബിഹാര്‍, കര്‍ണാടക, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള ഈ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യത്തെ ഏതുവിധേനയും നിലംപരിശാക്കുക എന്നതാണ് ബിജെപിയുടെ പ്രധാന അജണ്ട. 123 സീറ്റുകളാണ് ഈ സംസ്ഥാനങ്ങളില്‍ ആകെയുള്ളത്.

2004 ആവര്‍ത്തിക്കുമോ? ബിജെപിയുടെ പുതിയ ഗെയിം പ്ലാനിന് പിന്നിലെ 'ഭയം'
ചെങ്കടലിലെ 'രക്ഷകര്‍'; അപായ സന്ദേശങ്ങളില്‍ ആദ്യം ഓടിയെത്തുന്ന നാവികസേന, എന്താണ് ഇന്ത്യയുടെ നിലപാട്?

2022-ല്‍ ജെഡിയു എന്‍ഡിഎ മുന്നണിയില്‍ നിന്നിറങ്ങിപ്പോയപ്പോള്‍ 17 സീറ്റുകളാണ് ബിജെപി സഖ്യത്തിന് നഷ്ടമായത്. ജെഡിയു മഹാസഖ്യത്തിനൊപ്പം നിലയുറപ്പിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ബിഹാറില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവന്നേനെ. രാമക്ഷേത്രം മാത്രം പ്രചാരണായുധമാക്കിയാല്‍ മതിയാകില്ലെന്ന തിരിച്ചറിവാണ് ബിഹാറില്‍ നിതീഷ് കുമാറിനെ ഒപ്പം നിര്‍ത്താന്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും രണ്ടാമതൊന്നു ആലോചിക്കാതെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

മോദി നേരിട്ടാണ് നിതീഷുമായി ആശയവിനിമയം നടത്തിയത്. സംസ്ഥാന നേതൃത്വത്തിന് ഇടപെടാന്‍ അവസരം നല്‍കാതെയുള്ള നീക്കങ്ങള്‍. ഒടുവില്‍ നിതീഷ് ബിജെപി ക്യാമ്പിലെത്തി. ബിഹാറില്‍ 15 ശതമാനം വോട്ട് ഷെയറുള്ള ജെഡിയു നിതീഷ് കുമാറിന് ശേഷം ശിഥിലമാകുമെന്നും ആര്‍ജെഡിയിലേക്ക് ഇത് പോകുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്. ആര്‍ജെഡി ശക്തിപ്പെട്ടാല്‍ 2025-ല്‍ ബിഹാറില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും ബിജെപി കണക്കുകൂട്ടി.

2004 ആവര്‍ത്തിക്കുമോ? ബിജെപിയുടെ പുതിയ ഗെയിം പ്ലാനിന് പിന്നിലെ 'ഭയം'
ലോക്‌സഭാ പോരാട്ടം: സ്കോർബോർഡിൽ നേരിയ പോയിന്റിന് മുന്നേറുന്ന ബിജെപി; തിരിച്ചുവരവിനൊരുങ്ങി പ്രതിപക്ഷം

ബിഹാറിലെ ഇന്ത്യ മുന്നണിയുടെ തകര്‍ച്ച മറ്റു സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 2019-ല്‍ 28ല്‍ ഇരുപത്തിയഞ്ച് സീറ്റും നേടിയ കര്‍ണാടകയിലും ബിജെപി നീക്കങ്ങള്‍ സജീവമാണ്. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധ. പാര്‍ട്ടി വിട്ടുപോയ ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള പ്രമുഖ നേതാക്കളെ തിരികെയെത്തിക്കുന്നതിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തെ കൂടെക്കൂട്ടുകയും എന്‍സിപിയില്‍ നിന്ന് അജിത് പവാറിനേയും കൂട്ടരേയും എന്‍ഡിഎയില്‍ എത്തിക്കുകയും ചെയ്തതോടെ, മഹാരാഷ്ട്രയില്‍ നേടിയെടുത്ത മുന്‍തൂക്കം നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കൂടുതല്‍ സര്‍പ്രൈസുകള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപി ക്യാമ്പിലെത്തുമെന്നാണ് സൂചന.

പത്തുവര്‍ഷം ഭരിച്ച മന്‍മോഹന്‍ സിങിനെ നരേന്ദ്ര മോദി താഴെയിറക്കുമ്പോള്‍, 2014-ലെ ബിജെപിയുടെ സീറ്റ് നില 282 ആയിരുന്നു. 2019-ല്‍ 303 സീറ്റിലേക്കുള്ള കുതിച്ചുചാട്ടം. 2024-ല്‍ തങ്ങള്‍ ലക്ഷ്യമിടുന്നത് 400 സീറ്റാണെന്ന് ബിജെപി അവകാശപ്പെടുമ്പോഴും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 2004 ആവര്‍ത്തിച്ചേക്കുമെന്ന ഭയം ബിജെപിക്കുണ്ട്. 2004-ല്‍ ബിഹാറില്‍ ആര്‍ജെഡിയും ബംഗാളില്‍ സിപിഎമ്മും തമിഴ്‌നാട്ടല്‍ ഡിഎംകെയും മഹാരാഷ്ട്രയിലും ആന്ധ്രയിലും കോണ്‍ഗ്രസും നടത്തിയ മികച്ച പ്രകടനങ്ങളാണ് ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. രാമക്ഷേത്രവും ഹിന്ദുത്വ പ്രചാരണവും കൊണ്ടുമാത്രം ഈ ഭയത്തെ മറികടക്കാന്‍ സാധിക്കില്ലെന്ന ചിന്തയാണ് സംസ്ഥാന സാഹചര്യങ്ങള്‍ വിലയിരുത്തി പ്രാദേശിക നേതാക്കളേയും പാര്‍ട്ടികളേയും കൂടെനിര്‍ത്തി കളിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in