കുട്ടനാട് സിപിഎമ്മിലെ പോര്: അടികൊണ്ട നേതാക്കള്‍ക്കെതിരെ കേസ്; പ്രതിഷേധവുമായി ഔദ്യോഗികപക്ഷം

കുട്ടനാട് സിപിഎമ്മിലെ പോര്: അടികൊണ്ട നേതാക്കള്‍ക്കെതിരെ കേസ്; പ്രതിഷേധവുമായി ഔദ്യോഗികപക്ഷം

ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കല്‍ കമ്മിറ്റി അംഗം ശരവണന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്

കുട്ടനാട്ടിലെ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ, അടികൊണ്ട നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ശരവണന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അക്രമി സംഘത്തിലെ കിഷോറിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് നടപടി. രഞ്ജിത്തും ശരവണനും തലയ്ക്ക് കല്ലു കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കിഷോറിന്റെ മൊഴി. ലോക്കല്‍ കമ്മിറ്റി അംഗം ശരവണന്‍റെ പേരില്‍ നേരത്തെയും വധശ്രമത്തിന് കേസെടുത്തിരുന്നു.

കുട്ടനാട് സിപിഎമ്മിലെ പോര്: അടികൊണ്ട നേതാക്കള്‍ക്കെതിരെ കേസ്; പ്രതിഷേധവുമായി ഔദ്യോഗികപക്ഷം
മിണ്ടിയാല്‍ പോര്; ആലപ്പുഴ സിപിഎമ്മിലെ ഉള്‍പ്പോര്‍ രാഷ്ട്രീയം

അതേസമയം പോലീസിന്റെ നടപടിക്കെതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം രംഗത്തെത്തി. അടി കൊണ്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് അംഗീകരിക്കാനാവില്ലെന്നും നടപടി പരിശോധിക്കുമെന്നും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സലിം കുമാര്‍ വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയിലാണ് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. കമ്പിവടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. സിപിഎമ്മിലെ ഔദ്യോഗിക വിഭാഗക്കാരാണ് ആക്രമണത്തിനിരയായത്. സംഭവത്തിന് പിന്നാലെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമിച്ചത് പാർട്ടി പ്രവർത്തകരല്ലെന്നും ലഹരി മാഫിയയാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ ആക്രമിച്ചവരും പരുക്കേറ്റവരും പാർട്ടിക്കാർ തന്നെയാണെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. ജില്ലയിൽ വിഭാഗീയത രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ് നേതൃത്വത്തിന്റെ പ്രതികരണത്തിന് പിന്നാലെ പുറത്തുവന്ന എഫ്‌ഐആർ.

കുട്ടനാട് സിപിഎമ്മിലെ പോര്: അടികൊണ്ട നേതാക്കള്‍ക്കെതിരെ കേസ്; പ്രതിഷേധവുമായി ഔദ്യോഗികപക്ഷം
കുട്ടനാട് സിപിഎം തെരുവ് യുദ്ധം; സമ്മേളനത്തിലെ സംഘർഷത്തിന്റെ ബാക്കിയെന്ന് എഫ്‌ഐആർ

ഏറെനാളായി കുട്ടനാട്ടില്‍ തുടരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയായിരുന്നു സംഘര്‍ഷം. ഔദ്യോഗിക വിഭാഗവും വിമതപക്ഷവും തമ്മില്‍ മൂന്നിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയായാണ് സംഘർഷം. കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് ആറ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 350ലേറെ പേർ രാജിക്കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രാമങ്കരി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നായിരുന്നു കൂട്ട രാജിയുടെ തുടക്കം. ഇരുവിഭാഗവും തമ്മിലുള്ള വിഭാഗീയത പരിഹരിക്കാന്‍ സജി ചെറിയാന്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചെയ്തിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് അനിഷ്ട സംഭവം അരങ്ങേറിയത്. ചേരി തിരിഞ്ഞുള്ള വിഭാഗീയയുടെ തുടര്‍ച്ചയാണ് രാമങ്കരിയില്‍ പ്രാദേശിക നേതാക്കളെ സംഘം ചേര്‍ന്ന് അക്രമിക്കുന്നതില്‍ എത്തിച്ചത്.

logo
The Fourth
www.thefourthnews.in