കേരളത്തിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കേന്ദ്രനേതൃത്വം; 'അയോധ്യ ആധിയില്‍' ആശ്വാസം

കേരളത്തിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കേന്ദ്രനേതൃത്വം; 'അയോധ്യ ആധിയില്‍' ആശ്വാസം

ഹിന്ദി ഹൃദയഭൂമിയില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് കേന്ദ്രനേൃത്വത്തിന്റെ നിലപാട് ആശ്വാസമാണ്

ആശയക്കുഴപ്പങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും ശേഷമാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. ലോക്സസഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടേയും ആര്‍എസ്എസിന്റേയും ലക്ഷ്യത്തിന്റെ ഭാഗമാണ് പണിപൂര്‍ത്തിയാകാത്ത ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് പിന്നിലെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

അയോധ്യ ക്ഷേത്ര പ്രതിഷ്ഠയിലേക്കുള്ള ക്ഷണം ശരിക്കും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ അടക്കം വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. പ്രതിഷ്ഠാചടങ്ങിന് പോകേണ്ടതില്ലെന്ന തീരുമാനം, ഹിന്ദി ഹൃദയഭൂമിയില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് കേന്ദ്രനേൃത്വത്തിന്റെ നിലപാട് ആശ്വാസമാണ്.

പ്രതിഷ്ഠാചടങ്ങിന് കേന്ദ്രനേതൃത്വം പോയാല്‍, കേരളത്തില്‍ വലിയ തിരിച്ചടി നേരിടുമെന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ ആശങ്കയുണ്ടായിരുന്നു. സൂക്ഷ്മതയാര്‍ന്ന പ്രതികരണമാണ് വിഷയത്തില്‍ വിഡി സതീശന്റെ ഭാഗത്തുനിന്നുണ്ടായത്. ക്ഷണം ലഭിച്ചത് വ്യക്തികള്‍ക്കാണെന്നും പാര്‍ട്ടിക്ക് ഔദ്യോഗിക ക്ഷണമില്ലെന്നുമായിരുന്നു സതീശന്റെ ആദ്യ പ്രതികരണം. എന്നാല്‍, ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് കെ മുരളീധരന്‍ രംഗത്തെത്തി. തന്റെ നിലപാട് തന്നെയാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കെ മുരളീധരനെ തള്ളുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ശശി തരൂര്‍ എംപിയും ചെയ്തത്. ചടങ്ങിന് ക്ഷണം ലഭിച്ചത് വ്യക്തികള്‍ക്കാണെന്നും തീരുമാനമെടുക്കേണ്ടത് അവരാണെന്നും ഇരുനേതാക്കളും നിലപാടെടുത്തു. കേരള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ അതിരുകടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ എഐസിസി പരസ്യ പ്രസ്താവന വിലക്കുകയും ചെയ്തു.

വിഡി സതീശന്‍
വിഡി സതീശന്‍

സമസ്ത, ലീഗ്, സിപിഎം, ആശങ്കക്കയത്തില്‍പ്പെട്ട കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മ ആയുധമാക്കി സിപിഎം ആക്രമണം ശക്തമാക്കി. എന്നാല്‍, സിപിഎമ്മില്‍ നിന്നുള്ള കടന്നാക്രമണങ്ങളല്ല കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തിയത്. മുസ്ലിം ലീഗ് എന്തുനിലപാട് സ്വീകരിക്കുമെന്ന ആധി നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഇടതുമുന്നണിയോട് അടുത്തകാലത്തായി ലീഗിനൊരു മമതയുണ്ട്. അതുകൊണ്ടുതന്നെ ലീഗ് കടുത്ത നിലപാടെടുത്താല്‍ യുഡിഎഫ് വലിയ പ്രതിസന്ധിയിലാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി. ഇതിനിടെ ഇരു സമസ്ത വിഭാഗങ്ങളും പാര്‍ട്ടിയുടെ നിലപാടില്ലായ്മ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ, കോണ്‍ഗ്രസ് സംസ്ഥാന ഘടകം ചെകുത്താനും കടലിനും നടുവിലായ അവസ്ഥയായി.

'പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെ സമസ്ത ഇകെ വിഭാഗം മുഖപത്രം സുപ്രഭാതം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ജനുവരി 22ന് നടക്കുന്ന ചടങ്ങിനുള്ള ക്ഷണം നിരസിക്കാന്‍ ഇടതു നേതാക്കള്‍ കാണിച്ച ആര്‍ജവമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും പത്രം തുറന്നടിച്ചു. അയോധ്യയില്‍ നടക്കാനിരിക്കുന്ന ചടങ്ങ്, ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ബിജെപിയുടെ ലിറ്റ്മസ് പരീക്ഷണമാണെന്ന സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തിരിച്ചറിവാണ് കോണ്‍ഗ്രസിനും ഉണ്ടാകേണ്ടതെന്നും പത്രം ചൂണ്ടിക്കാട്ടി.

കെ സുധാകരന്‍
കെ സുധാകരന്‍

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനത്തെയും സുപ്രഭാതം രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. ഈ നിലപാട് തുടര്‍ന്നാല്‍ 36 വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടി, ചരിത്ര പുസ്തകങ്ങളിലെ ചവറ് മാത്രമായി മാറും. ഹിന്ദുത്വം കൊണ്ട് രക്ഷപ്പെടാമെന്നത് കോണ്‍ഗ്രസിന്റെ മൂഢത്വമാണ് എന്നും പത്രം തുറന്നടിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതിനിടെ, സമസ്ത എപി വിഭാഗം മുഖപത്രം സിറാജും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി.

'അയോധ്യയിലെ കോണ്‍ഗ്രസ്; ബിജെപിയുടെ ദുര്‍മോഹങ്ങള്‍' എന്ന തലക്കെട്ടില്‍ എസ്‌വൈഎസ് നേതാവ് മുഹമ്മദലി കിനാലൂര്‍ എഴുതിയ എഡിറ്റ് പേജ് ലേഖനത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ കടന്നാക്രമിച്ചു. നെഹ്‌റുവാകാന്‍ രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗേയ്ക്കും കഴിഞ്ഞില്ലെങ്കിലും നരസിംഹ റാവുവോ ജിബി പന്തോ ആവാതിരിക്കാനുള്ള രാഷ്ട്രീയ വകതിരിവ് പ്രതീക്ഷിക്കുന്നെന്ന് ലേഖനത്തില്‍ മുഹമ്മദലി തുറന്നടിച്ചു.

കേരളത്തിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കേന്ദ്രനേതൃത്വം; 'അയോധ്യ ആധിയില്‍' ആശ്വാസം
'തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ആർഎസ്എസ്-ബിജെപി പരിപാടി'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല

മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് മറ്റേത് പാര്‍ട്ടി മറന്നാലും കോണ്‍ഗ്രസ് മറക്കരുതെന്നും ലേഖനത്തിലൂടെ മുഹമ്മദലി ആവശ്യപ്പെട്ടു. ഇതുകൂടിയായപ്പോള്‍, സംസ്ഥാന കോണ്‍ഗ്രസ് ശരിക്കും അപകടം മണത്തു. തങ്ങള്‍ ഹിന്ദുത്വ നിലപാടുകള്‍ക്കൊപ്പമല്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ വിഡി സതീശന്റേയും കെ സുധാകരന്റേയും ഭാഗത്തുനിന്നുണ്ടായി.

മതേതര കക്ഷികള്‍ ബിജെപി തന്ത്രം മനസ്സിലാക്കി തീരുമാനമെടുക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു. കോണ്‍ഗ്രസിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ലീഗ് നേതാക്കളുടെ ആ വാക്കുകളില്‍ കോണ്‍ഗ്രസ് പോകരുതെന്ന നിലപാട് വ്യക്തമായിരുന്നു. മറുവശത്ത് സിപിഎം, കോണ്‍ഗ്രസിന്റെ നിസംഗതയെ മുതലെടുത്ത് പ്രചാരണവും കൊഴുപ്പിച്ചു.

ഇതോടെ, എന്തുചെയ്യുമെന്നറിയാതെ കുഴങ്ങിനിന്ന സംസ്ഥാന കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പത്തിലാക്കി കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് വന്നു; രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന സമയത്ത് കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തണം. ആത്യന്തികമായി 'നാമെല്ലാം ഹിന്ദുക്കളാണ്' എന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന കൂടി വന്നതോടെ കേളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി.

അയോധ്യ രാമക്ഷേത്രം
അയോധ്യ രാമക്ഷേത്രം

ഉത്തരേന്ത്യയല്ല കേരളം

ഹിന്ദിഹൃദയഭൂമിയില്‍ രാമക്ഷേത്ര വിഷയത്തില്‍ രണ്ടാമതൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ല എന്നത് വസ്തുതയാണ്. അതുകൊണ്ടാണ്, മധ്യപ്രദേശിലേയും രാജസ്ഥാനിലേയും യുപിയിലേയും നേതാക്കള്‍ ക്ഷേത്രത്തിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നത്.

ജനുവരി 22-ന് ശേഷം ക്ഷേത്രത്തിലേക്ക് പോകുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിക്കുന്നതും നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ്. കേരളത്തില്‍ പക്ഷേ, ഒരിക്കലും ഇത്തരം നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ല. അത് മുസ്ലിം ലീഗ് എന്ന സഖ്യകക്ഷി ഉള്ളതുകൊണ്ടുമാത്രമല്ല. മതേതര നിലപാടുള്ള നിരവധി നേതാക്കള്‍ ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ധാരാളമുണ്ട്. സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന, മതേതര നിലപാടുകള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള കേരളസമൂഹത്തിന് എന്താണ് അയോധ്യയില്‍ നടന്നതെന്ന് ബോധ്യമുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കേന്ദ്രനേതൃത്വം; 'അയോധ്യ ആധിയില്‍' ആശ്വാസം
സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയൻ; റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ആദ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഭൂമികകളിലൊന്ന് കേരളമായിരുന്നു. ആ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്നവരില്‍ കോണ്‍ഗ്രസുമുണ്ടായിരുന്നു. അങ്ങനെയൊരു സംസ്ഥാനത്ത് അയോധ്യ ക്ഷണം സ്വീകരിച്ചാല്‍ സംഭവിക്കുന്ന തിരിച്ചടിയെന്താണെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. പക്ഷേ, കേരളത്തിലെ 20 സീറ്റ് മാത്രം മുന്നില്‍ക്കണ്ട് പോകാതിരിക്കേണ്ട കാര്യം കേന്ദ്രനേതൃത്വത്തിനില്ലെന്നും സംസ്ഥാന നേതാക്കള്‍ വിലയിരുത്തിയിരുന്നു.

കാരണം, കേരളത്തിലെ 20 സീറ്റ് കോണ്‍ഗ്രസ് നേടിയാലും ഇടത് മുന്നണി നേടിയാലും ഡല്‍ഹിയില്‍ അത് തങ്ങള്‍ക്കൊപ്പമാണെന്ന് കേന്ദ്രനേതൃത്വത്തിന് അറിയാം. അതുകൊണ്ട്, കേരളഘടകം എത്ര കടുത്ത നിലപാടെടുത്താലും കേന്ദ്രം അയോധ്യയിലേക്കുതന്നെ പോയേക്കുമെന്ന് കുറച്ചു നേതാക്കളെങ്കിലും കരുതിയിരിക്കണം. പക്ഷേ, പാര്‍ട്ടി നേതൃത്വത്തിന്റെ പുതിയ നിലപാട് കേരളത്തിലെ കോണ്‍ഗ്രസുകാരെ തന്നെ ഞെട്ടിച്ചിരിക്കണം. ആ ഞെട്ടല്‍ സംസ്ഥാന കോണ്‍ഗ്രസിന് ആശ്വസമാണ്, പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ അതത്ര 'സുഖകരമായ ഞെട്ടലല്ല'.

logo
The Fourth
www.thefourthnews.in