വിജയം കണ്ട പോരാട്ടം; ഗ്രോ വാസുവിനെ വെറുതെവിട്ട് കോടതി

വിജയം കണ്ട പോരാട്ടം; ഗ്രോ വാസുവിനെ വെറുതെവിട്ട് കോടതി

കോടതിയിൽ മുദ്രാവാക്യം വിളിക്കുന്നതിനാൽ ഗ്രോ വാസുവിനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്

നിലമ്പൂരിൽ മാവോയിസ്റ്റ് നേതാക്കളെ പോലീസ് വെടിവച്ചുകൊന്നതിനെതിരെ പ്രതിഷേധിച്ച കേസിൽ മനുഷ്യാവകാശപ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കുറ്റം ചെയ്തിട്ടില്ലെന്നും മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ജാമ്യം വേണ്ടെന്നുള്ള ഉറച്ചനിലപാടെടുത്തുകൊണ്ടാണ് അദ്ദേഹം കേസിനെ നേരിട്ടതും കുറ്റവിമുക്തനാവുന്നതെന്നതും ശ്രദ്ധേയമാണ്.

മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് കൊണ്ടുവന്നപ്പോൾ മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതം തടസ്സമുണ്ടാക്കിയെന്നായിരുന്നു കേസ്. മെഡിക്കൽ കോളജ് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ തൊണ്ണൂനാലുകാരനായ ഗ്രോ വാസു ജാമ്യമെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒന്നരമാസമായി ജയിലിൽ കഴിയുകയായിരുന്നു.

വിജയം കണ്ട പോരാട്ടം; ഗ്രോ വാസുവിനെ വെറുതെവിട്ട് കോടതി
ഗ്രോ വാസുവും വിപ്ലവ സ്വപ്നങ്ങൾക്കുമേൽ വിരിഞ്ഞ മാരിവില്ലും

മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും നിലമ്പൂരിലെ കരുളായി വനത്തിൽ പോലീസ് വെടിവച്ചുകൊന്നതിനെതിരെയായിരുന്നു ഗ്രോവാസുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം. 2016 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം.

കേസിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 17 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. രണ്ടു പ്രതികൾ 200 രൂപ പിഴയും അടച്ചു. ഒന്നാം പ്രതിയായ ഗ്രോ വാസു ജാമ്യമെടുത്തിരുന്നില്ല. തുടർന്ന് ലോങ് പെൻഡിങ് കേസായി വാറന്റ് നിലനിന്നിരുന്നതിനെത്തുടർന്ന് ജൂലൈ 29ന് അദ്ദേഹത്തെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് ജാമ്യം സ്വീകരിക്കാനോ പിഴയടയ്ക്കാനോ അദ്ദേഹം തയ്യാറാകാതിരുന്നതോടെ റിമാൻഡ് ചെയ്യുകയായിരുന്നു.

വിജയം കണ്ട പോരാട്ടം; ഗ്രോ വാസുവിനെ വെറുതെവിട്ട് കോടതി
നീതിക്കായി ജാമ്യം വേണ്ടെന്ന് പറഞ്ഞ പോരാളി

കേസിൽ ഏഴ് സാക്ഷികളെയാണ് ആകെ വിസ്തരിച്ചത്. ഏഴാം സാക്ഷി യു ലാലു ഗ്രോ വാസുവിന് അനുകൂലമായി മൊഴി മാറ്റിയതിനെത്തുടർന്ന് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.

സ്ഥിരമായി കോടതിയിൽ മുദ്രാവാക്യം വിളിക്കുന്നതിനാൽ ഇന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഗ്രോ വാസുവിനെ കോടതി മുൻപാകെ ഹാജരാക്കിയത്.

ഇന്നലെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോൾ ഏറ്റുമുട്ടൽ കൊലനടക്കുമ്പോൾ പോലീസുകാർക്ക് മാത്രം ഒന്നും പറ്റാത്തത് എന്തുകൊണ്ട് എന്ന ചോദ്യം അദ്ദേഹമുയർത്തിയിരുന്നു. പശ്ചിമഘട്ട രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.

രാജ്യത്തെമ്പാടും നടക്കുന്ന ഏറ്റുമുട്ടൽ കൊലകൾ കേരളത്തിൽ പിണറായിയുടെ ഭരണത്തിലും നടക്കുന്നു. ഇത് ആർക്കും സംശയമുണ്ടാക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ പ്രതിഷേധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വിജയം കണ്ട പോരാട്ടം; ഗ്രോ വാസുവിനെ വെറുതെവിട്ട് കോടതി
മാവോയിസ്റ്റ് നേതാക്കളെ വെടിവച്ചുകൊന്നതിനെതിരായ പ്രതിഷേധം: ഗ്രോ വാസു അറസ്റ്റിൽ; ജാമ്യം സ്വീകരിച്ചില്ല, റിമാന്‍ഡ്

താൻ മുദ്രാവാക്യം വിളിച്ചു. പ്രകടനം നടത്തി. വഴി തടഞ്ഞുവെന്ന് പോലീസ് പറയുന്നു, സാക്ഷി എവിടെ? പോലീസ് വിചാരിച്ചാൽ ഒരാളെ ഒപ്പിക്കാൻ കഴിയില്ലേ? മെഡിക്കൽ കോളേജിൽ അനുശോചനം നടത്തി. അവിടുത്തെ പ്രിൻസിപ്പൽക്ക് പരാതി ഉണ്ടോ?' എന്നും ഗ്രോ വാസു ചോദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in