മാറ്റാന്‍ ശ്രമിക്കുന്ന സമവാക്യങ്ങള്‍; 2024 - കേരള രാഷ്ട്രീയം

മാറ്റാന്‍ ശ്രമിക്കുന്ന സമവാക്യങ്ങള്‍; 2024 - കേരള രാഷ്ട്രീയം

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്, സാമ്പത്തിക പ്രതിസന്ധി, ഇടതോട്ട് ചാരാന്‍ കാത്തിരിക്കുന്ന 'കോണി'. കോണ്‍ഗ്രസിലെ പോര്, രാഷ്ട്രീയ കേരളത്തില്‍ 2024 എങ്ങനെയായിരിക്കും?

2019ന്റെ ക്ഷീണം മാറ്റാന്‍ ഇടതുപക്ഷം, അന്ന് കിട്ടിയത് നിലനിര്‍ത്താന്‍ യുഡിഎഫ്. ഒന്നെങ്കിലും തരപ്പെടുത്താന്‍ ബിജെപി. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്, സാമ്പത്തിക പ്രതിസന്ധി, ഇടതോട്ട് ചാരാന്‍ കാത്തിരിക്കുന്ന 'കോണി'. കോണ്‍ഗ്രസിലെ പോര്, രാഷ്ട്രീയ കേരളത്തില്‍ 2024 എങ്ങനെയായിരിക്കും?

Summary

ഒറ്റയ്ക്കായിപ്പോയ പിണറായി വിജയന് ചുറ്റും മാത്രം കറങ്ങുകയാണ് കേരള രാഷ്ട്രീയം. അല്ലെങ്കില്‍, ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് പിണറായി വിജയനാണ്

ലോക്‌സഭ തിരഞ്ഞെടുപ്പ് സിപിഎമ്മിനും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. 2019-ലെ ക്ഷീണം എന്തുവിലകൊടുത്തും തീര്‍ത്തേ മതിയാകു എന്ന അവസ്ഥയിലാണ് സിപിഎം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നവകേരള സദസ്സ് കൊണ്ടു തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. എന്നാല്‍, അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സര്‍ക്കാരിന് മൈലേജുണ്ടാക്കാന്‍ തുടങ്ങിയ കേരള പര്യടനം അവസാനിച്ചപ്പോള്‍, കോണ്‍ഗ്രസിന് രാഷ്ട്രീയ ഊര്‍ജം കിട്ടിയ അവസ്ഥയിലാണ് കാര്യങ്ങള്‍. സമരങ്ങളില്ലാതെ മരവിച്ചുകിടന്ന കെഎസ്‌യുവും സംഘടന തിരഞ്ഞെടുപ്പ് വിവാദത്തില്‍ കുഴഞ്ഞുമറിഞ്ഞു നിന്ന യൂത്ത് കോണ്‍ഗ്രസും രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ കാര്യമായ പ്രക്ഷോഭങ്ങളൊന്നും വിജയിപ്പിക്കാന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസും സടകുടഞ്ഞെഴുന്നേറ്റ ഞെട്ടല്‍ സിപിഎമ്മിനുണ്ട്.

മാറ്റാന്‍ ശ്രമിക്കുന്ന സമവാക്യങ്ങള്‍; 2024 - കേരള രാഷ്ട്രീയം
ചന്ദ്രയാൻ 3, മണിപ്പൂർ കലാപം, ഗാസ ആക്രമണം : സംഭവബഹുലമായ 2023

വികസന നേട്ടങ്ങളും ജനകീയ പദ്ധതികളും ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ സാധിച്ചെങ്കിലും മാധ്യമങ്ങളിലൂടെ നവകേരള സദസ്സിന് കിട്ടിയത് നെഗറ്റീവ് ഇംപാക്ട് ആണെന്ന് വിലയിരുത്തല്‍ സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കെങ്കിലുമുണ്ട്. എന്നാല്‍, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ യഥാര്‍ഥ കാരണം കേന്ദ്രസര്‍ക്കാരിന്റെ വരിഞ്ഞുമുറുക്കലാണെന്ന പാര്‍ട്ടി വാദം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് സിപിഎം കടന്നുകഴിഞ്ഞു. ഡിവൈഎഫ്‌ഐ ജനുവരി 20-ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയോടെ, പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പൂര്‍ണമായി കടക്കും. രണ്ട് പതിറ്റാണ്ടോളം സിപിഎമ്മിനെ തിരഞ്ഞെടുപ്പുകളില്‍ മുന്നില്‍ നിന്ന് നയിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്, സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്റെ മികവളക്കുന്ന തിരഞ്ഞെടുപ്പായി വിലയിരുത്തപ്പെടും. ഇടത് മുന്നണിയില്‍ സിപിഐയും നിര്‍ണായക ഘട്ടത്തിലാണ്. ജീവന്‍ മരണ പോരാട്ടം നടത്തേണ്ട തിരഞ്ഞെടുപ്പില്‍ കാനം രാജേന്ദ്രന്റെ അഭാവം മുന്നണിയ്ക്കും വെല്ലുവിളിയാണ്.

തിരഞ്ഞെടുപ്പ് ഗോദയില്‍ പരിചിതനാണെങ്കിലും ബിനോയ് വിശ്വം സംഘടനാതലപ്പത്ത് പുതുമുഖമാണ്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇടവും വലവും കരുത്തായി നിന്ന രണ്ടുപേരില്ലാതെ പിണറായി വിജയന്‍ കളത്തിലിറങ്ങുകയാണ്. അതുതന്നെയാണ് പിണറായി വിജയന്റെ വെല്ലുവിളിയും. ഒറ്റയ്ക്കായിപ്പോയ പിണറായി വിജയന് ചുറ്റും മാത്രം കറങ്ങുകയാണ് കേരള രാഷ്ട്രീയം. അല്ലെങ്കില്‍, ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് പിണറായി വിജയനാണ്.

മാറ്റാന്‍ ശ്രമിക്കുന്ന സമവാക്യങ്ങള്‍; 2024 - കേരള രാഷ്ട്രീയം
വീണും വീഴ്ത്തിയും കോണ്‍ഗ്രസിന്റെ 2023

പിണറായി വിജയന് നേരെയാണ് എല്ലാ ആരോപണങ്ങളുടേയും കുന്തമുന. പോലീസിന് എതിരായ വിമര്‍ശനങ്ങള്‍, മകള്‍ വീണാ വിജയന് എതിരായ ആരോപണങ്ങള്‍, ലൈഫ് മിഷന്‍ വിവാദങ്ങള്‍, സര്‍ക്കാരിന്റെ ദൂര്‍ത്ത്, സര്‍വകലാശാല വിസി നിയമനങ്ങള്‍ തുടങ്ങി കഴിഞ്ഞവര്‍ഷം പ്രതിപക്ഷം ഉന്നയിച്ച പ്രധാന വിഷയങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനുള്ളതായിരുന്നു. മറ്റൊരു ആരോപണത്തിനും ഏറെനാള്‍ ആയുസ്സില്ലെന്നും മുഖ്യമന്ത്രിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മാത്രമാണ് ചര്‍ച്ചാ പ്രാധാന്യം കിട്ടുന്നതെന്നും പ്രതിപക്ഷം മനസ്സിലാക്കി എന്നുവേണം കരുതാന്‍. അതിനാല്‍തന്നെ, ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തിലും പിണറായി വിജയന്‍ തന്നെയാകും കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് സംസ്ഥാനം. കേരളത്തോടുള്ള ചൊരുക്കു മാറാത്ത കേന്ദ്രം, ഇനിയും എന്തൊക്കെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്നാണ് 2024-ലെ പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങളിലൊന്ന്

മറുവശത്ത്, സമരങ്ങളിലേക്ക് തിരിച്ചുവന്നെങ്കിലും കോണ്‍ഗ്രസ് പഴയ അവസ്ഥയില്‍ തന്നെയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രണ്ടുതട്ടിലാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗ്രൂപ്പ് പോര് കടുക്കുന്ന ശീലം ഇത്തവണയും കോണ്‍ഗ്രസിന് മാറ്റാന്‍ സാധിച്ചെന്നു വരില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് കേരളത്തിലേക്കൊരു കണ്ണുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ശേഷം നാഥനില്ലാ കളരിയായ എ ഗ്രൂപ്പിന്റെ തളര്‍ച്ച മുതലെടുത്ത് കെ സി കേരളത്തിലേക്കൊരു ലാന്‍ഡിങ് ശ്രമിക്കുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ട മറ്റു ഗ്രൂപ്പ് നേതാക്കള്‍ പ്രതിരോധ വലയങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതും സീറ്റിന് വേണ്ടി പോരാട്ടം തുടങ്ങുന്നതും ഇത്തവണയും തുടര്‍ന്നേക്കാം.

കേരളത്തോടുള്ള ചൊരുക്കു മാറാത്ത കേന്ദ്രം

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് സംസ്ഥാനം. കേരളത്തോടുള്ള ചൊരുക്കു മാറാത്ത കേന്ദ്രം, ഇനിയും എന്തൊക്കെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്നാണ് 2024-ലെ പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യങ്ങളിലൊന്ന്. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം തടഞ്ഞുവയ്ക്കുന്നതിന് എതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം വരെ നടത്തി എല്‍ഡിഎഫ്. കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെങ്കിലും രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് പിണറായി വിജയന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നവകേരള സദസ്സ് വേദികളില്‍ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി കേന്ദ്രത്തെ വിമര്‍ശിച്ച്. ഇത് വരാന്‍ പോകുന്ന വെടിക്കെട്ടിനുള്ള സൂചനയായി കണക്കാക്കണം.

മാറ്റാന്‍ ശ്രമിക്കുന്ന സമവാക്യങ്ങള്‍; 2024 - കേരള രാഷ്ട്രീയം
ഇനിയുമടങ്ങാത്ത യുദ്ധങ്ങളും ആഭ്യന്തര കലാപവും; കലുഷിതമായ 2023ലെ ആഗോള രാഷ്ട്രീയം

കേരളം സ്വപ്നം കാണുന്ന ബിജെപി

ബിജെപി കേരള രാഷ്ട്രീയത്തില്‍ 2024-ല്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നതാണ് മറ്റൊരു ചോദ്യം. തൃശൂരും തിരുവനന്തപുരവുമാണ് ബിജെപി ഉന്നംവയ്ക്കുന്ന ലോക്‌സഭ സീറ്റുകള്‍. തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 2024-ലെ കേരത്തിലെ ആദ്യ പ്രധാന രാഷ്ട്രീയ പരിപാടി തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപിയുടെ റാലിയാണ്.

ശബരിമല ബിജെപിയുടെ ഇത്തവണത്തേയും പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്നാകും. യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെങ്കിലും ഇത്തവണത്ത ശബരിമലയിലെ തിരക്കും അതുമൂലമുണ്ടായ മരണവും രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി ഉപയോഗിക്കും.

യുവതി പ്രവേശനത്തേക്കാള്‍ വിശ്വാസികള്‍ക്കിടയില്‍ വൈകാരിക ചലനങ്ങള്‍ക്ക് സാധിക്കുന്ന വിഷയമാണ് ഇതെന്ന് ബിജെപി മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, ബിജെപിയുടെ വിജയസാധ്യതകള്‍ വിരളമാണ്. സുരേഷ് ഗോപിയെ ഇറക്കികളിക്കുന്ന തൃശൂരില്‍ സിപിഐ വിഎസ് സുനില്‍കുമാറിനെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ്. ടിഎന്‍ പ്രതാപന്‍ തന്നെ കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങിയേക്കും. രണ്ടുപേരും തൃശൂരിന്റെ മണ്ണില്‍ കൃത്യമായി വേരോട്ടമുള്ള നേതാക്കളാണ്. സുരേഷ് ഗോപിയെക്കാളും ഇവര്‍ രണ്ടുപേരോടും തൃശൂരുകാര്‍ക്ക് രാഷ്ട്രീയമായും വൈകാരികമായും ബന്ധമുണ്ട്. ചുരുക്കത്തില്‍, സുരേഷ് ഗോപിക്ക് തൃശൂര്‍ എടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ രംഗത്തിറങ്ങിയാല്‍ ബിജെപി അവിടേയും നിലംതൊടില്ല.

ബിജെപിയെ സഹായിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തുണ്ട്. സര്‍ക്കാരിന് എതിരെ പ്രതിപക്ഷ നേതാവിന്റെ റോള്‍ സ്വയം എടുത്തണിയുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളിലും സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ കൊമ്പുകോര്‍ത്തും മുന്നോട്ടുപോകുന്ന ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് 2024-ല്‍ രൂക്ഷമായേക്കും.

മാറ്റാന്‍ ശ്രമിക്കുന്ന സമവാക്യങ്ങള്‍; 2024 - കേരള രാഷ്ട്രീയം
നോട്ടുനിരോധനം മുതല്‍ അനുച്ഛേദം 370 വരെ; ഈ വർഷത്തെ സുപ്രധാന സുപ്രീംകോടതി വിധികൾ

ഇടത്തോട്ട് ചാരാന്‍ കാത്തിരിക്കുന്ന ലീഗ്

ലോക്‌സഭ തിരഞ്ഞെടുപ്പോടെ ചിലപ്പോള്‍ കേരളത്തിലെ മുന്നണി സമവാക്യങ്ങളും മാറിയേക്കാം. യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്ലിം ലീഗിന് ഇടതുപക്ഷത്തേക്കൊരു നോട്ടമുണ്ട്. ലീഗിനെ യുഡിഎഫില്‍ നിന്നകറ്റാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുമുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് പ്രതിനിധി പോയാല്‍ പോലും ലീഗ് കേരളത്തില്‍ പ്രശ്‌നമുണ്ടാക്കും. ഇത് മനസ്സിലാക്കിയ സിപിഎം, നേരത്തെ തന്നെ വലയെറിഞ്ഞു കഴിഞ്ഞു.

എന്നാല്‍, സിപിഐയാണ് ഈ വിഷയത്തില്‍ ഇടത് മുന്നണിയുടെ പ്രതിബന്ധം. ഇടതുമുന്നണിയിലേക്ക് ലീഗ് എത്തിയാല്‍ സിപിഐയുടെ രണ്ടാമന്‍ സ്ഥാനം നഷ്ടപ്പെടും. ഇത് മുന്നില്‍ക്കണ്ടുള്ള നീക്കങ്ങള്‍ സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കും. രാഷ്ട്രീയ കേരളത്തിലെ 2024 സംഭവ ബഹുലമാകുമെന്നത് തീര്‍ച്ച.

logo
The Fourth
www.thefourthnews.in