ചരിത്രനേട്ടം; ആദ്യമായി പ്രവർത്തനലാഭം കൈവരിച്ച് കൊച്ചി മെട്രോ

ചരിത്രനേട്ടം; ആദ്യമായി പ്രവർത്തനലാഭം കൈവരിച്ച് കൊച്ചി മെട്രോ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 145 ശതമാനം വളർച്ചയാണ് ഇത്തവണ കൊച്ചി മെട്രോയ്ക്കുണ്ടായിരിക്കുന്നത്

ആറ് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച കൊച്ചി മെട്രോ ആദ്യമായി പ്രവർത്തനലാഭത്തിൽ. 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 145 ശതമാനം വളർച്ചയാണ് ഇത്തവണ കൊച്ചി മെട്രോയ്ക്കുണ്ടായിരിക്കുന്നത്. 2020-21 വർഷം 54.32 കോടി രൂപയായിരുന്ന പ്രവർത്തന ലാഭം ഈ വർഷം 134.04 കോടി രൂപയായി ഉയർന്നു

കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണിൽ 59,894 ആളുകളാണ് ദിവസവും മെട്രോയിൽ യാത്ര ചെയ്തത്. ഓഗസ്റ്റിൽ 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ 52,254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല, എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തതായാണ് കണക്കുകൾ.

ചരിത്രനേട്ടം; ആദ്യമായി പ്രവർത്തനലാഭം കൈവരിച്ച് കൊച്ചി മെട്രോ
ഐഎസ്എൽ പ്രമാണിച്ച് അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച 2021 മേയിൽ യാത്രക്കാരുടെ എണ്ണം 5,300 ആയി കുറഞ്ഞിരുന്നു. ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12,000 ആയി ഉയർന്നു. തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ)ന്റെ തുടർച്ചയായി നടത്തിയ പ്രചാരണപരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരുടെ എണ്ണം കൂടി. 2022 സെപ്റ്റംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75,000 കടന്നു. ഈ വർഷം ജനുവരിയിൽ ഇത് 80,000 കടക്കുകയും പിന്നീട് സ്ഥിരതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെതുകയും ചെയ്തു.

യാത്രക്കാരുടെ എണ്ണത്തിലെ വർധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയർ ബോക്സ് വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 75.49 കോടി രൂപയിലേക്ക് ഉയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർധനവാണുണ്ടായത്.

നോൺ ഫെയർ ബോക്സ് വരുമാനത്തിലും മികച്ച വളർച്ചയാണുണ്ടായത്. 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയായിരുന്ന വരുമാനം 2022-23 വർഷത്തിൽ 58.55 കോടിയായി ഉയർന്നിരുന്നു. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് വരുമാനങ്ങൾ കൂട്ടുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ 145 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

2022-23 വർഷത്തിൽ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർധനവ് മാത്രമാണ് പ്രവർത്തനച്ചെലവിലുണ്ടായത്. വിവിധ ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ പ്രവർത്തന നഷ്ടം 34.94 കോടിയായി കുറഞ്ഞു. തുടർന്നുള്ള തുടർച്ചയായ പരിശ്രമത്തിലൂടെയാണ് ഈ സാമ്പത്തികവർഷം 5.35 കോടി രൂപയുടെ പ്രവർത്തന ലാഭം കൈവരിച്ചത്.

ചരിത്രനേട്ടം; ആദ്യമായി പ്രവർത്തനലാഭം കൈവരിച്ച് കൊച്ചി മെട്രോ
ഒരു വിപണന മേള കോഴിക്കോട് ബീച്ചിനോട് ചെയ്തത്...

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിങ് മഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിൽ 'പ്രവർത്തന ലാഭം' എന്ന ഈ നേട്ടം കെഎംആർഎല്ലിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണെന്ന് മാനേജിങ് ഡയറക്ടർ ശ്രീ ലോക്നാഥ് ബെഹ്‌റ പറഞ്ഞു.

കൊച്ചിമെട്രോയുടെ വായ്പകളും മറ്റ് നികുതികളും അടയ്ക്കുന്നത് സംസ്ഥാന സർക്കാരാണ്. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യു വർധിപ്പിക്കുന്നത് വഴി കൂടുതൽ ലാഭം നേടി വായ്പാ തിരിച്ചടവിന് സർക്കാരിനെ സഹായിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.

ഡിസംബർ, ജനുവരി മാസങ്ങളിൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുമ്പോൾ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകും.

logo
The Fourth
www.thefourthnews.in