എം എം ലോറന്‍സോ ജുബ്ബ രാമകൃഷ്ണപിള്ളയോ; 'തോട്ടി' കവിതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചർച്ച

എം എം ലോറന്‍സോ ജുബ്ബ രാമകൃഷ്ണപിള്ളയോ; 'തോട്ടി' കവിതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചർച്ച

ഇന്ത്യയില്‍ ആദ്യമായി തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത് എം എം ലോറന്‍സാണെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാദത്തെ ചരിത്രം നിരത്തിയാണ് തിരുത്താനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്

ഒരു കവിതയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'തോട്ടി' എന്ന കവിത സമർപ്പിച്ചിരിക്കുന്നത് മുതിർന്ന സി പി എം നേതാവ് എംഎം ലോറന്‍സിനാണ്. കവിതയിലെ അവസാന വരികളും ലോറന്‍സ് തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചുവെന്ന കഥയും ഒരു വിഭാഗത്തിന് ആവേശം പകരുമ്പോള്‍ കവിതയുടെ അവസാനം പറയുന്നത് രാഷ്ട്രീയ വിമർശനമാണെന്ന മറുവാദവും ഉയരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതയില്‍ കുറിയ വാക്കുകള്‍ക്കൊണ്ട് തന്നെ തോട്ടിത്തൊഴിലാളികള്‍ അനുഭവിച്ച അടിച്ചമര്‍ത്തലുകളും അവരെ കൈപിടിച്ചുയര്‍ത്താനുള്ള ലോറന്‍സിന്റെ ശ്രമങ്ങളും വരച്ചിടാന്‍ ചുള്ളിക്കാട് ശ്രമിക്കുന്നുണ്ട്. ആഴത്തിലൊന്ന് നോക്കിയാല്‍ അവസാന വരികളില്‍ വിമർശനത്തിന്റെ 'കൊട്ടും' കാണാം.

എം എം ലോറന്‍സോ ജുബ്ബ രാമകൃഷ്ണപിള്ളയോ; 'തോട്ടി' കവിതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചർച്ച
ഗാന്ധിപര്‍വം

ചുള്ളിക്കാടിന്റെ കവിതയുടെ ഉള്ളടക്കമോ ആശയമോ അല്ല സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന വിഷയം. 'ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയൻ സംഘടിപ്പിച്ച സഖാവ് എം എം ലോറൻസിന്' എന്ന സമർപ്പണമാണ്.

കവിത നിറച്ച ആവേശം ഇടത് ടൈം ലൈനുകളില്‍ 'തോട്ടി' പ്രത്യക്ഷപ്പെടാന്‍ കാരണമായി. പക്ഷേ ഇന്ത്യയില്‍ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയന്‍ സംഘടിപ്പിച്ചതെന്ന വസ്തുത അന്വേഷിക്കാന്‍ ചിലർ തുനിഞ്ഞിറങ്ങിയതോടെയാണ് ചർച്ച സജീവമായത്. പ്രഭാവതി ദാസ് ഗുപ്ത, ജുബ്ബ രാമകൃഷ്ണപിള്ളയോ, തോട്ടി കരുണന്‍ എന്നീ പേരുകളിലൂടെയാണ് ചുള്ളിക്കാടിനെ ചരിത്രം ഓർമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

കൊല്‍ക്കത്ത കേന്ദ്രീകരിച്ച് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ച പ്രഭാവതി ദാസ് ഗുപ്ത 1928ലാണ് തോട്ടിത്തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന് ചരിത്രം പറയുന്നു. 1929ല്‍ ജനിച്ച ലോറന്‍സിന് എങ്ങനെ ഇത്തരമൊരു വിശേഷണം നല്‍കാന്‍ ചുള്ളിക്കാടിന് കഴിയുമെന്നാണ് ചോദ്യം. 1929ല്‍ പ്രഭാവതി ദാസ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ചണം തൊഴിലാളികളുടെ സമരവും നടന്നത്.

എം എം ലോറന്‍സോ ജുബ്ബ രാമകൃഷ്ണപിള്ളയോ; 'തോട്ടി' കവിതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചർച്ച
യോൻ ഫൊസ്സെയുടെ രണ്ട് കവിതകള്‍

ജുബ്ബ രാമകൃഷ്ണപിള്ളയാണ് കേരളത്തില്‍ തോട്ടി തൊഴിലാളികളെ ആദ്യമായി സംഘടിപ്പിച്ചതെന്നാണ് ഉയരുന്ന മറ്റൊരു വാദം. 1946ലാണ് രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഈ മുന്നേറ്റം നടക്കുന്നത്.

ലോറന്‍സിന് അന്ന് 17 വയസാണ് പ്രായം. 18-ാം വയസിലാണ് ലോറന്‍സ് കമ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗമാകുന്നത്. തോട്ടിത്തൊഴിലാളി രംഗത്തെ ആദ്യ ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ചതും റേഷന്‍ കാർഡ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തതും രാമകൃഷ്ണപിള്ളയാണെന്നും പോസ്റ്റുകളില്‍ പറയുന്നു.

ലോറന്‍സിന് മുന്‍പ് തന്നെ തോട്ടി തൊഴിലാളികളെ സംഘടിപ്പിച്ചത് അന്തരിച്ച മുന്‍ എം പിയും എം എല്‍ എയുമായ കെ അനിരുദ്ധനാണെന്നും വാദമുണ്ട്. ശേഷമാണ് കൊച്ചിയില്‍ ലോറന്‍സിന്റെ നേതൃത്വത്തില്‍ തോട്ടിത്തൊഴിലാളികള്‍ സംഘടിക്കുന്നതെന്നും ചുള്ളിക്കാടിനെ വിമർശകർ ഓർമിപ്പിക്കുന്നു.

സഖാവ് കരുണന്റെ പേര് ചൂണ്ടിക്കാണിക്കപ്പെടുന്നത് സി രൈരു നായരുടെ ആത്മകഥയായ 'ആ പഴയ കാല'ത്തെ 'കോഴിക്കോട്ടെ തോട്ടിസമരം' എന്ന അദ്ധ്യായം ഉദ്ധരിച്ചുകൊണ്ടാണ്.

1946ല്‍ രണ്ടാഴ്ചയോളം സമരം നീണ്ടുനിന്നതായാണ് ആത്മകഥയില്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് അർഹമായ ആനൂകൂല്യം നല്‍കാത്തതിനെ തുടർന്നായിരുന്നു സമരം നടന്നത്. സമരത്തിന് നേതൃത്വം നല്‍കിയത് സഖാവ് കരുണനും. തോട്ടികളുടെ പ്രവാചകന്‍ എന്ന വിശേഷണത്തോടെയാണ് കരുണന്‍ അറിയപ്പെട്ടിരുന്നതെന്നും ആത്മകഥയില്‍ പറയുന്നുണ്ട്.

വസ്തുതകള്‍ ചൂണ്ടിക്കാണിക്കാന്‍ നിരവധി പേര്‍ തുനിയുമ്പോഴും കവിതയ്ക്കുള്ളിലെ വിമർശനം മനസിലാക്കിയവർ ചുരുക്കം മാത്രമാണെന്നും പറയാം. അതിങ്ങനെ:

'കുപ്പാണ്ടിയുടെ പരമ്പര

ഇപ്പോഴും കൊച്ചിയിലുണ്ട്.

കോർപ്പറേഷനില്‍ മാലിന്യം നീക്കുന്നു

ലോറന്‍സുചേട്ടന് തൊണ്ണൂറു കഴിഞ്ഞു.

ആണിക്കിടക്കയില്‍

മരണകാലം കാത്തു കിടക്കുന്നു.'

എം എം ലോറന്‍സോ ജുബ്ബ രാമകൃഷ്ണപിള്ളയോ; 'തോട്ടി' കവിതയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചർച്ച
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം

കാലങ്ങള്‍ കടന്നുപോയിട്ടും തോട്ടിത്തൊഴിലാളികളുടെ രക്ഷകരാകാന്‍ അവതരിച്ചവർക്കും അവരുടെ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പറയാനാണ് ചുള്ളിക്കാടിന്റെ ശ്രമമെന്ന് വിലയിരുത്താം. ഇതൊന്നും മനസിലാക്കാതെയാണ് കവിത ആഘോഷിക്കപ്പെടുന്നതെന്നത് മറ്റൊരു കാര്യം!

logo
The Fourth
www.thefourthnews.in