സി എ റൗഫ്
സി എ റൗഫ്

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്‍ഐഎ കസ്റ്റഡിയില്‍

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ രണ്ട് മാസമായി ഒളിവിലായിരുന്നു റൗഫ്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ രണ്ട് മാസമായി ഒളിവിലായിരുന്നു റൗഫ്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന റൗഫ് വീട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് ഉദ്യോഗസ്ഥര്‍ റൗഫിനെ കുടുക്കിയത്. പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എ അബ്ദുള്‍ സത്താറിനെയും എന്‍ഐഎ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

സി എ റൗഫ്
പിഎഫ്‌ഐ നേതാവ് അബ്ദുള്‍ സത്താര്‍ അഞ്ച് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍; വിദേശ ഫണ്ടിംഗ് അടക്കം അന്വേഷിക്കും

പിഎഫ്‌ഐയെ നിരോധിച്ചതോടെ അറസ്റ്റിലായ നേതാക്കള്‍ക്ക് ഒളിവില്‍ കഴിഞ്ഞ് സഹായം ചെയ്തിരുന്നത് റൗഫാണെന്നാണ് വിവരം. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, സമരപരിപാടികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നത് റൗഫായിരുന്നു. വിദേശ ഫണ്ട് വരവ്, പ്രവര്‍ത്തകര്‍ക്കുള്ള നിയമസഹായം എന്നിവയുടെ ഉത്തരവാദിത്വവും റൗഫിനായിരുന്നു. പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെയുണ്ടായ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയതിന് പിന്നിലും റൗഫിന്റെ ഇടപെടലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംഘടനയുടെ ബുദ്ധി കേന്ദ്രമായി അറിയപ്പെട്ടിരുന്ന റൗഫിനെ പിടികൂടാന്‍ എന്‍ഐഎ സംഘം തുടര്‍ച്ചയായ നിരീക്ഷണം നടത്തിയിരുന്നു.

സി എ റൗഫ്
രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; 100ലധികം പേർ അറസ്റ്റിൽ

സെപ്റ്റംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുഎപിഎയുടെ സെക്ഷൻ 3(1) ഉപയോഗിച്ച് പിഎഫ്ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും തീവ്രവാദ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും ചൂണ്ടികാട്ടിയായിരുന്നു ഉത്തരവ്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടെ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. എന്‍ഐഎ രാജ്യവ്യാപകമായി നടത്തി റെയ്ഡില്‍ നിരവധി പിഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in