Exclusive|സിഎംആർഎല്ലുമായി വ്യക്തിഗത കരാർ ഇല്ലെന്ന് വീണ വിജയൻ; കൈപ്പറ്റിയ 55 ലക്ഷത്തെപ്പറ്റി മൗനം

Exclusive|സിഎംആർഎല്ലുമായി വ്യക്തിഗത കരാർ ഇല്ലെന്ന് വീണ വിജയൻ; കൈപ്പറ്റിയ 55 ലക്ഷത്തെപ്പറ്റി മൗനം

വീണയുടെ വാദങ്ങൾ ഒഴിഞ്ഞുമാറൽ ശ്രമമെന്നും രേഖകൾ അപര്യാപ്തമെന്നും കമ്പനി രജിസ്ട്രാർ

കൊച്ചി ആസ്ഥാനമായ സിഎംആർഎൽ കമ്പനിയിൽനിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റി വിശദീകരിക്കാതെ ഒഴിഞ്ഞുമാറി എക്‌സാലോജിക് സോഫ്റ്റ്‌വെയർ കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയൻ. ഇരു കമ്പനികളും തമ്മിലുള്ള ദുരൂഹ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി കർണാടക കമ്പനി രജിസ്ട്രാർ (ആർഒസി) മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഈ ചോദ്യത്തിൽനിന്ന് വീണ ഒഴിഞ്ഞുമാറിയത്.

സിഎംആർഎല്ലുമായി സേവന കരാറിൽ ഏർപ്പെട്ട് എക്‌സാലോജിക് നേടിയ 1.72 കോടി രൂപയ്ക്ക് പുറമെ അതേ കമ്പനിക്ക് വ്യക്തിപരമായി കൺസൾട്ടൻസി സർവീസ് നൽകി 55 ലക്ഷം രൂപ വീണ വിജയൻ കൈപ്പറ്റിയിരുന്നു. “പൊതുമണ്ഡലത്തിൽ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് വ്യക്തിപരമായി താങ്കൾ 55 ലക്ഷം രൂപ സിഎംആർഎല്ലില്‍നിന്ന് കൈപ്പറ്റിയിരുന്നു. ഇത് വിശദീകരിക്കാമോ” എന്നായിരുന്നു ആർ ഒ സി ഉദ്യോഗസ്ഥരുടെ ചോദ്യം.

“പൊതുമണ്ഡലത്തിൽ ലഭ്യമായ റിപ്പോർട്ടുകൾ എന്നാണ് ചോദ്യത്തിൽ. കൃത്യവും വ്യക്തവുമായി ഏത് റിപ്പോർട്ട് ആണെന്ന് പറഞ്ഞാൽ മാത്രമേ മറുപടി നല്കാൻ കഴിയൂ. ഏത് റിപ്പോർട്ടാണ് ആധാരമെന്ന് ആദ്യം വ്യക്തമാക്കണം. ഞങ്ങളെ ബാധിക്കുന്ന വിഷയമാണെങ്കിൽ മറുപടി പറയാം. ഈ ചോദ്യത്തിന് ഞാൻ ഇപ്പോൾ മറുപടി പറയുന്നില്ല. പക്ഷേ, വിശദാംശങ്ങൾ നൽകിയാൽ അപ്പോൾ വിശദമായി മറുപടി നൽകാനുള്ള അവകാശം ഞാൻ റിസേർവ് ചെയ്യുന്നു,” വീണ വിജയൻ മറുപടി നൽകി.

എന്നാൽ ഈ മറുപടി ഒഴിഞ്ഞുമാറൽ തന്ത്രമാണെന്നും ചോദ്യത്തിന് ആധാരമായ റിപ്പോർട്ട് ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവാണെന്നും ആർഒസി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് വീണ തൈക്കണ്ടിയിൽ യോഗ്യതയുള്ള സോഫ്റ്റ്‌വെയർ പ്രൊഫഷണൽ ആണെന്നും അവർക്ക് സ്വന്തം നിലയിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻസി സേവനം നല്കാൻ അർഹതയുണ്ടെന്നും എക്‌സാലോജിക് മറുപടി നൽകിയിട്ടുണ്ട്. “വീണ വ്യക്തിപരമായ നിലയിൽ ഐടി, മാർക്കറ്റിങ് സേവനങ്ങൾ നൽകാനുള്ള കരാർ ഒന്നും സിഎംആർഎല്ലുമായി ഏർപ്പെട്ടിട്ടില്ല. ലഭിച്ച എല്ലാ വരുമാനവും ആദായനികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്,” മറുപടിയിൽ പറയുന്നു.

Exclusive|സിഎംആർഎല്ലുമായി വ്യക്തിഗത കരാർ ഇല്ലെന്ന് വീണ വിജയൻ; കൈപ്പറ്റിയ 55 ലക്ഷത്തെപ്പറ്റി മൗനം
'മുള്ളൻ മുടിയും നഗ്നമായ പാദങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള പത്തുവയസുകാരൻ'; പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ ഹൻദല

മറുപടിയുടെ ഈ ഭാഗം ദുരൂഹമാണെന്നാണ് ആർ ഒ സിയുടെ മറുവാദം. “വാദത്തിനുവേണ്ടി വീണയ്ക്ക് വ്യക്തിപരമായ കരാറില്ലെന്നും അത് കമ്പനികൾ തമ്മിലാണെന്നും അംഗീകരിക്കാം. അപ്പോഴും എക്‌സാലോജിക്‌ ഏത് സേവനം, ഏത് അളവ് വരെ നൽകി, വീണ ഏത് സേവനം ഏത് അളവ് വരെ നൽകി എന്നൊക്കെ വേർതിരിച്ചറിയാൻ പ്രയാസമാണ്. കമ്പനി അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിച്ച രേഖകൾ തീർത്തും അപര്യാപ്തമാണ്,” അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

പൊതുമേഖലാ സ്ഥാപനമായ കെ എസ്ഐഡിസിക്ക് സിഎംആർഎലിൽ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആർഎൽ എക്‌സാലോജിക്കിന്റെ തല്പര കക്ഷിയാണെന്ന വാദം കമ്പനി റജിസ്ട്രാർ ഉന്നയിക്കുന്നുണ്ട്. ഈ വാദത്തെ ശക്തമായി നിഷേധിക്കുന്ന മറുപടിയാണ് വീണ നൽകിയത്.

“കമ്പനീസ് ആക്ടിലെ തല്പര കക്ഷി എന്ന നിർവചനത്തിന്റെ പരിധിയെ വല്ലാതെ വലുതാക്കാനുള്ള ശ്രമമാണിത്. ഒരു മെറിറ്റും ഇല്ലാത്ത ആരോപണമാണിത്. കെ എസ് ഐ ഡി സിക്ക് 13.4 ശതമാനം ഓഹരികൾ സിഎംആർഎല്ലിൽ ഉണ്ട്. എന്നാൽ ഞാനോ കുടുംബാംഗങ്ങളോ കെഎസ്ഐഡിസിയുമായി ബന്ധമുള്ളവരല്ല. ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അനൗദ്യോഗിക അംഗമായി പോലും ഞാനോ ബന്ധുക്കളോ ഇല്ല. കെഎസ്ഐഡിസി 40 കമ്പനികളിൽ ഓഹരി വാങ്ങിയിട്ടുണ്ട്. അവരുടെ ബിസിനസ്സിന്റെ ഭാഗമാണത്. സിഎംആർഎലിൽ കമ്പനി ഓഹരി വാങ്ങുന്നത് 1991 ലാണ്. അന്ന് ഞാനോ കുടും ബാംഗങ്ങളോ സർക്കാരിന്റെ ഭാഗമല്ല. കെഎസ്ഐഡിസിയുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കല്ല റിപ്പോർട്ട് ചെയ്യുന്നത്,” വീണ മറുപടിയിൽ വിശദീകരിക്കുന്നു. തൽപ്പരകക്ഷികൾ തമ്മിലെ ഇടപാടായി ഇതിനെ കാണുന്നത് വസ്തുതാപരമായും നിയമപരമായും തെറ്റാണെന്നും അവർ പറഞ്ഞു.

Exclusive|സിഎംആർഎല്ലുമായി വ്യക്തിഗത കരാർ ഇല്ലെന്ന് വീണ വിജയൻ; കൈപ്പറ്റിയ 55 ലക്ഷത്തെപ്പറ്റി മൗനം
'വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായ സമരങ്ങളെ സഹായിക്കുന്നു'; സിപിആറിന്റെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം

കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ച ഫയലിങ്ങിൽ വന്ന ചെറിയ സാങ്കേതികപ്പിഴവുകൾ കമ്പനി നിയമത്തെപ്പറ്റി വീണയ്ക്കുള്ള അറിവില്ലായ്മ കാരണം ഉണ്ടായതാണെന്നും അത് മനഃപൂർവമല്ലെന്നും മറുപടിയിൽ പരാമർശമുണ്ട്.

കർണാടക ആർ ഒ സി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയവും അഴിമതി നിരോധന നിയമവും ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടരന്വേഷണം ഇഡിയെയും സിബി ഐയെയും ഏല്പിക്കണമെന്ന ശിപാർശയും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എക്‌സാലോജിക്കിനും അവർക്ക് അവിഹിതമായി സാമ്പത്തിക സഹായം നൽകിയെന്ന് ആരോപണമുള്ള കൊച്ചിയിലെ സിഎംആർഎല്ലിനുമെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in