Exclusive| എസ്എഫ്‌ഐഒ അന്വേഷണപരിധിയിൽ വീണയും എക്‌സാലോജിക്കും; പിന്നെ, സംഭാവന വാങ്ങിയ നേതാക്കളും മാധ്യമപ്രവർത്തകരും

Exclusive| എസ്എഫ്‌ഐഒ അന്വേഷണപരിധിയിൽ വീണയും എക്‌സാലോജിക്കും; പിന്നെ, സംഭാവന വാങ്ങിയ നേതാക്കളും മാധ്യമപ്രവർത്തകരും

സിഎംആർഎല്ലുമായി ബന്ധപ്പെട്ടു കഴിഞ്ഞ 10 വർഷം നടന്ന എല്ലാ അനധികൃത പണ ഇടപാടുകളും എസ്എഫ്ഐഒ അന്വേഷിക്കും; സംഭാവന വാങ്ങിയവരിൽ പി വിയും ആർ സിയും കെ കെയും

കരിമണൽ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സിഎംആർഎൽ, മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിൽ ബംഗളുരുവിൽ പ്രവർത്തിച്ചിരുന്ന എക്‌സാലോജിക് സൊല്യൂഷൻസ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയുടെ പ്രവർത്തനങ്ങളിലേക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) അന്വേഷണം ആരംഭിക്കുമ്പോൾ പ്രതിരോധത്തിലാകുക വീണയും എക്‌സാലോജിക്കും മാത്രമാവില്ല. സിഎംആർഎല്ലിൽ നിന്ന് പല തവണയായി കോടികൾ സംഭാവന കൈപ്പറ്റിയ എൽഡിഎഫിലെയും യുഡിഎഫിലെയും ഉന്നത രാഷ്ട്രീയ നേതാക്കളും കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയ ചില മാധ്യമ പ്രവർത്തകരും അന്വേഷണ പരിധിയിൽ വരും.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ഭരണകക്ഷിയായ എൽഡിഎഫിനെയും പ്രതിപക്ഷമായ യുഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുന്ന നടപടികൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ പ്രതീക്ഷിക്കാം. അന്വേഷണ പരിധിയിൽ സിഎംആർഎൽ വീണയ്‌ക്കും കമ്പനിക്കും നൽകിയ 1.72 കോടി രൂപ മാത്രമല്ലെന്ന് കമ്പനികാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ദ ഫോർത്തിനോട് പറഞ്ഞു. “ആദായനികുതി സെറ്റിൽമെന്റ് ബോർഡിൻറെ വിധിയിലും മന്ത്രാലയത്തിന് ലഭിച്ച പരാതിയിലും വേറെയും ദുരൂഹമായ ഇടപാടുകളെപ്പറ്റി പറയുന്നുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയിൽ വരും,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Exclusive| എസ്എഫ്‌ഐഒ അന്വേഷണപരിധിയിൽ വീണയും എക്‌സാലോജിക്കും; പിന്നെ, സംഭാവന വാങ്ങിയ നേതാക്കളും മാധ്യമപ്രവർത്തകരും
എക്‌സാലോജിക്കിനെതിരേ എസ്എഫ്‌ഐഒ അന്വേഷണം; വീണ വിജയന് കൂടുതല്‍ കുരുക്ക്

2013 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ 135.54 കോടി രൂപയുടെ വരുമാനം സിഎംആർഎൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായ നികുതി സെറ്റിൽമെന്റ് ബോർഡിൻറെ കണ്ടെത്തൽ. ഇതിൽ 73.38 കോടി രൂപ വെളിപ്പെടുത്തേണ്ട ഗണത്തിൽ പെടില്ലെന്നാണ് കമ്പനിയുടെ വാദം. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കുമായി ഈ കാലയളവിൽ കമ്പനി നൽകിയത് 95.06 കോടി രൂപയാണെന്ന് ആദായ നികുതി വകുപ്പ് കണക്കാക്കിയിരുന്നു.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ് കുമാറിന്റെ വസതിയിലെ റെയ്‌ഡിൽ കണ്ടെടുത്ത രേഖയിൽ പി വി, ഒ സി, ആർ സി, കെ കെ, ഐ കെ തുടങ്ങിയ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്നവർക്ക് വൻ തുകകൾ നൽകിയതായി പരാമർശമുണ്ട്.

സംസ്ഥാനത്തെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള നിരവധി പ്രമുഖ നേതാക്കൾ സി എം ആർ എലിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകൾ തെളിയിക്കുന്നത്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ് കുമാറിന്റെ വസതിയിലെ റെയ്‌ഡിൽ കണ്ടെടുത്ത രേഖയിൽ പി വി, ഒ സി, ആർ സി, കെ കെ, ഐ കെ തുടങ്ങിയ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്നവർക്ക് വൻ തുകകൾ നൽകിയതായി പരാമർശമുണ്ട്. ഈ ഇടപാടുകൾക്ക് രസീതുകൾ നൽകിയിട്ടില്ല; പക്ഷെ, സംഭാവനയായാണ് കമ്പനി ഈ ഇടപാടുകളെ കണക്കാക്കുന്നത്.

Exclusive| എസ്എഫ്‌ഐഒ അന്വേഷണപരിധിയിൽ വീണയും എക്‌സാലോജിക്കും; പിന്നെ, സംഭാവന വാങ്ങിയ നേതാക്കളും മാധ്യമപ്രവർത്തകരും
Exclusive|സിഎംആർഎല്ലുമായി വ്യക്തിഗത കരാർ ഇല്ലെന്ന് വീണ വിജയൻ; കൈപ്പറ്റിയ 55 ലക്ഷത്തെപ്പറ്റി മൗനം

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടെ ചുരുക്കെഴുത്താണ് ഈ പേരുകൾ എന്ന് സുരേഷ് മൊഴി നൽകിയിരുന്നതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ ആദായനികുതി ബോർഡിൻറെ ഉത്തരവിൽ ഈ തെളിവുകൾ എല്ലാം രഹസ്യരേഖകളായാണ് പരാമർശിക്കുന്നത്. ഈ പേരുകാർ ആരെന്നു കണ്ടെത്താനും എസ് എഫ് ഐ ഒയുടെ അന്വേഷണം ശ്രമിക്കും. പി വി എന്നത് താൻ അല്ലെന്ന് ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ മറുപടി നൽകിയിരുന്നു.

എസ്എഫ്ഐഒയ്ക്ക് കമ്പനികൾക്ക് എതിരെ അന്വേഷണം നടത്താനാണ് അധികാരമുള്ളത്. അതുകൊണ്ട് ഈ അന്വേഷണത്തിൽ നേതാക്കൾക്കെതിരെ തെളിവുകൾ കണ്ടെത്തിയാലും അവർക്കെതിരെ നേരിട്ട് നടപടി എടുക്കാൻ സാധ്യമല്ല. പക്ഷെ, അനധികൃതമായി സംഭാവന കൈപ്പറ്റിയ നേതാക്കളെയും പാർട്ടികളെയും പറ്റി തിരഞ്ഞെടുപ്പ് കമ്മിഷനും സിബിഐ പോലുള്ള മറ്റ് ഏജൻസികൾക്കും വിവരം നല്കാൻ ഇപ്പോൾ രൂപീകരിക്കപ്പെട്ട അന്വേഷണ സംഘത്തിന് കഴിയും. രാഷ്ട്രീയ പാർട്ടികൾ 20, 000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും വെളിപ്പെടുത്തണമെന്ന് ജനപ്രാതിനിധ്യ നിയമം നിഷ്കർഷിക്കുന്നുണ്ട്. അതുകൊണ്ട് സംഭാവന അനധികൃതമാണെന്ന് കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടികൾക്ക് എതിരെ കടുത്ത നടപടിയെടുക്കാൻ സാധിക്കും.

Exclusive| എസ്എഫ്‌ഐഒ അന്വേഷണപരിധിയിൽ വീണയും എക്‌സാലോജിക്കും; പിന്നെ, സംഭാവന വാങ്ങിയ നേതാക്കളും മാധ്യമപ്രവർത്തകരും
വീണയ്ക്ക് പ്രതിരോധം തീര്‍ത്ത സിപിഎം ഇപ്പോള്‍ എന്തുപറയുന്നു?, പി രാജീവിന് മറുപടിയുണ്ടോ?; ചോദ്യവുമായി മാത്യു കുഴല്‍നാടന്‍

മാധ്യമങ്ങൾക്ക് പരസ്യം നല്കാൻ 16.43 കോടി രൂപ ചെലവഴിച്ചുവെന്നാണ് സിഎംആർഎൽ വാദം. ഇതിനുപുറമെ, ചില മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ലക്ഷങ്ങൾ നൽകിയ കണക്കും പിടിച്ചെടുത്ത രേഖകളിലുണ്ടെന്ന് അറിയുന്നു. പരസ്യത്തിനായി നൽകിയ പണം പരസ്യം പ്രസിദ്ധീകരിച്ച രേഖകൾ പരിശോധിച്ച് സാധൂകരിച്ചാലും, വ്യക്തിപരമായി കൈപ്പറ്റിയ പണം എന്തിന് ചെലവഴിച്ചുവെന്ന് ഈ മാധ്യമ പ്രവർത്തകർ വിശദീകരിക്കേണ്ടി വരും.

പരിമിതമായ ആൾബലം മാത്രമുള്ള കോർപ്പറേറ്റ് ലോ സർവീസിൽ നിന്ന് ആറ് മുതിർന്ന ഉദ്യോഗസ്ഥരെ ഇത്തരമൊരു താരതമ്യേന ചെറിയ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതിൽ അസ്വാഭാവികത കാണുന്നവരുണ്ട്. ഈ കേസിൽ പരാതിക്കാരനായ ജനപക്ഷം നേതാവ് ഷോൺ ജോർജും പിതാവ് മുൻ എം എൽ എ പി സി ജോർജും പാർട്ടി പിരിച്ചുവിട്ട് ബിജെപിയിൽ ചേർന്ന ദിവസം തന്നെ അന്വേഷണ ഉത്തരവ് ഇറങ്ങിയതിലും മറ്റു പാർട്ടികൾ ഗൂഢാലോചന മണക്കുന്നുണ്ട്.

Exclusive| എസ്എഫ്‌ഐഒ അന്വേഷണപരിധിയിൽ വീണയും എക്‌സാലോജിക്കും; പിന്നെ, സംഭാവന വാങ്ങിയ നേതാക്കളും മാധ്യമപ്രവർത്തകരും
പിണറായിക്കെതിരെ പിസി ജോർജ്ജ്: ഫാരിസിൻ്റെ നിക്ഷേപങ്ങളിൽ പങ്ക്, അമേരിക്കൻ ബന്ധം അന്വേഷിക്കണം

അന്വേഷണ സംഘത്തിന്റെ തലവനായി ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിനെ നിയമിച്ചതിലും സിപിഎം വൃത്തങ്ങൾ രാഷ്ട്രീയം കാണുന്നുണ്ട്. നേരത്തെ തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കളായ കാർത്തി ചിദംബരത്തിനെതിരെയും ജി കെ വാസനെതിരെയും വിട്ടുവീഴ്ചയില്ലാതെ അന്വേഷണം നടത്തിയ ഓഫിസർ എന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്. കേരളത്തിൽ പത്തനംതിട്ടയിലെ പോപ്പുലർ ഫണ്ട് നിക്ഷേപ തട്ടിപ്പ് കേസും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. എന്നാൽ, കേരള - തമിഴ്നാട് മേഖലയുടെ തലവൻ എന്ന നിലയിലാണ് അരുൺ പ്രസാദ് സംഘത്തലവൻ ആയതെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സെർച്ചും റെയ്‌ഡും അറസ്റ്റും നടത്താൻ അധികാരമുള്ളവരാണ് എസ് എഫ് ഐ ഒ അന്വേഷകർ. ഡയറിയിൽ പേരുള്ള രാഷ്ട്രീയക്കാരുടെ വീടുകളിലെ പരിശോധന, ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തൽ ഒക്കെയായി അന്വേഷണം വരും ദിവസങ്ങളിൽ പുരോഗമിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ, കേരളത്തിലെ ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണം അത്യന്തം നാടകീയമായി പരിണമിക്കാനാണ് സാധ്യത.

logo
The Fourth
www.thefourthnews.in