ഇന്ത്യയ്ക്കൊപ്പം രാഹുലിനൊപ്പം വയനാട്

ഇന്ത്യയ്ക്കൊപ്പം രാഹുലിനൊപ്പം വയനാട്

റായ്‌‍ബറേലിയിലും കൂറ്റൻ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ വയനാടിനെ കൈവിടുമോയെന്നതാണ് ഇനിയുള്ള ആകാംക്ഷ

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷതെറ്റിക്കാതെ വയനാട്ടുകാർ രാഹുല്‍ ഗാന്ധിയുടെ 'കൈ' തന്നെ പിടിച്ചു. സിപിഐയുടെ കേന്ദ്ര കമ്മിറ്റിയംഗം ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സരിച്ചിട്ടും രാഹുലിന്റെ വിജയത്തിന്റെ മാറ്റു കുറയ്ക്കാനായില്ല. 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ ജയം. രണ്ടാമതെത്തിയ ആനി രാജയ്ക്ക് സിപിഐയുടെ വോട്ടുവിഹിതം നേരിയ തോതില്‍ വർധിപ്പിക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കെ സുരേന്ദ്രന് 1.41 ലക്ഷം വോട്ടാണ് ലഭിച്ചത്.

മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ റായ്‌‍ബറേലിയിലും കൂറ്റൻ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ വയനാടിനെ കൈവിടുമോയെന്നതാണ് ഇനിയുള്ള ആകാംക്ഷ.

കേരളത്തിലെ ദേശീയ മണ്ഡലമാണ് 2019- മുതല്‍ വയനാട്. രാഹുല്‍ ഗാന്ധിയുടെ വരവോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതാവിനെ വീഴ്ത്താന്‍ സിപിഐ തങ്ങളുടെ ദേശീയ നേതാവിന രംഗത്തിറക്കുകകൂടി ചെയ്തതോടെ മണ്ഡലം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു.

ഇത്തവണ രാഹുലിന് ഈസി വാക്കോവര്‍ ആകരുത് എന്ന വാശിപ്പുറത്താണ് സിപിഐ ആനി രാജയെ രംഗത്തിറക്കിയത്. ദേശീയതലത്തില്‍ മോദി വിരുദ്ധ സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ആനി രാജ വരുന്നതോടെ, മത്സരം തീപാറുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടി. ആദ്യം പ്രചാരണം ആരംഭിച്ചതും ഇടതുപക്ഷമായിരുന്നു. മുസ്ലിം ലീഗിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍, പൗരത്വ നിയമഭേദഗതിക്ക് എതിരെ റാലികള്‍ നടത്തിയും ആദിവാസി മേഖലകലില്‍ പ്രചാരണം കൊഴിപ്പിച്ചും ആനി രാജ കളം നിറഞ്ഞു.

ഉത്തരേന്ത്യയില്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സിരിക്കുമെന്നും അതോടെ വയനാടിനെ കൈവിടുമെന്നും ഇടതുപക്ഷം വ്യാപക പ്രചാരണം നടത്തി. എന്നാല്‍, വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ രാഹുല്‍ മറ്റൊരു മണ്ഡലത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതേയില്ല. അമേഠിയില്‍ നിന്ന് മാറി റായ്ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥിയായത് അഞ്ചാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പാണ്. വയനാട്ടില്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ, രാഹുല്‍ ഉത്തരേന്ത്യയിലെ പ്രചാരണങ്ങളില്‍ സജീവമായതുമില്ല.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം രാഹുലിന്റെ വയനാട്ടിലേക്കുള്ള ആദ്യ വരവ് തന്നെ ഇടതുപക്ഷവും ബിജെപിയും വിവാദമാക്കി. വയനാട്ടില്‍ നടത്തിയ വന്‍ റാലിയില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റേയും കൊടികള്‍ ഒഴിവാക്കിയത് ബിജെപിയെ ഭയന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരസ്യമായി വിമര്‍ശിച്ചു. മുസ്ലിം ലീഗിന് സ്വന്തം കൊടി ഉയര്‍ത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് യുഡിഎഫുള്ളതെന്നും തങ്ങളുടെ കൂടെനില്‍ക്കുന്ന ഐഎന്‍എല്ലിന് ഈ പ്രശ്‌നമില്ലെന്നും സിപിഎം പ്രചരണം ആരംഭിച്ചു. മൂന്നാം സീറ്റ് ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതില്‍ അതൃപ്തിയുണ്ടായിരുന്ന മുസ്ലിം ലീഗിനെ തങ്ങള്‍ക്കനുകൂലമായി ചിന്തിപ്പിക്കുക എന്ന അജണ്ഡ കൂടി സിപിഎമ്മിനുണ്ടായിരുന്നു. തങ്ങളാണ് പൗരത്വ നിയമത്തിന് എതിരെ സമരം നയിക്കുന്നത് എന്ന പ്രചാരണം ശക്തമാക്കാനും സിപിഎം ശ്രമിച്ചു.

രാഹുല്‍ ഗാന്ധിയുടെ വയനാട് റാലി
രാഹുല്‍ ഗാന്ധിയുടെ വയനാട് റാലി

എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ റാലികളിലും പ്രചാരണ പരിപാടികളിലുമുണ്ടായ വമ്പന്‍ ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയത്. കഴിഞ്ഞതവണത്തെ പോലെ രാഹുലിന്റെ വയനാട്ടിലെ സാന്നിധ്യം കേരളം മൊത്തതില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തി.

ഇന്ത്യയ്ക്കൊപ്പം രാഹുലിനൊപ്പം വയനാട്
ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ബെന്നി ബെഹ്നാന്‍

മറുവശത്ത് ബിജെപി, തങ്ങളുടെ വിമര്‍ശനം ഭയന്നാണ് രാഹുല്‍ മുസ്ലിം ലീഗ് കൊടി ഒഴിവാക്കിയതെന്ന് പ്രചരിപ്പിച്ചു. ഇത്തരത്തില്‍ പ്രചാരണം മുന്നോട്ടുപോകവേയാണ്, എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്ന രാഹുലിന്റെ പരാമര്‍ശം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ, രൂക്ഷ പ്രതികരണവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്ക് ഇതുവരേയും രാഷ്ട്രീയ പക്വത വന്നിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പഴയ വിളിപ്പേരില്‍ നിന്ന് രാഹുലിന് ഇതുവരെ മാറാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു. പപ്പു എന്ന് ബിജെപി വിളിച്ചു പരിഹസിക്കുന്ന പേര് സൂചിപ്പിച്ചായിരുന്നു പിണറായിയുടെ പരിഹാസം.

ആനി രാജ
ആനി രാജ

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദനമാണെന്ന ആരോപണവും പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കി. സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടമാക്കി പേരുമാറ്റുമെന്ന എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ പ്രസ്താവനയും മണ്ഡലത്തില്‍ ചര്‍ച്ചയായി. രാഹുലിന് എതിരെ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്നും മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന പ്രതീതി സൃഷ്ടിക്കണമെന്നുമുള്ള കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഏകോപനം നല്‍കി, മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാനായിരുന്നു ആദ്യം സുരേന്ദ്രന്‍ തീരുമാനിച്ചിരുന്നത്.

വലത്തോട്ട് മാത്രം വീശുന്ന വയനാടന്‍ കാറ്റ്

മണ്ഡല രൂപീകരണത്തിന് ശേഷം ഒരിക്കല്‍പ്പോലും വയനാട് ഇടതുപക്ഷത്തിന് കൈകൊടുത്തിട്ടില്ല. ഈ ഉറപ്പിന്‍മേലാണ് അമേഠിക്ക് പുറമേ സുരക്ഷിത മണ്ഡലം തേടിയിറിങ്ങിയ രാഹുല്‍ ഗാന്ധിയെ കെപിസിസി നേതൃത്വം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെത്തിച്ചത്. 2019 -ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി 20 പേരാണ് വയനാട്ടില്‍ മത്സരിച്ചത്. സിപിഐയുടെ പി പി സുനീര്‍ ആയിരുന്നു പ്രധാന എതിരാളി. സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി സുനീര്‍ പ്രചാരണവുമായി ഏറെ ദൂരം മുന്നിലെത്തിയ സമയത്തായിരുന്നു അപ്രതീക്ഷിതമായി രാഹുല്‍ വനയാട്ടിലെത്തിയത്. 706,367 വോട്ടാണ് രാഹുല്‍ കഴിഞ്ഞ തവണ നേടിയത്. പി പി സുനീര്‍ 274,597 വോട്ട് നേടി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ട് നേടി. രാഹുലിന് 64.94 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ സുനീറിന് ലഭിച്ചത് 25.24 ശതമാനം. 4,31,770 ആയിരുന്നു രാഹുലിന്റെ ഭൂരിപക്ഷം.

2009 ലാണ് വയനാട് മണ്ഡലം നിലവില്‍ വരുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം അക്കാലത്തെ റെക്കോഡായിരുന്നു. 410,703 വോട്ടാണ് അദ്ദേഹത്തിന് ആകെ ലഭിച്ചത്. (49.8ശതമാനം). എന്‍ സി പി സ്ഥാനാര്‍ഥിയായെത്തിയ കെ മുരളീധരന്‍ 99,663വോട്ട് നേടി. സിപിഐയുടെ അഡ്വ എം റഹ്‌മത്തുള്ള 2,57,264, ബിജെപിയുടെ സി വാസുദേവന്‍ 31,687 എന്നിങ്ങനെ വോട്ട് നേടി.

ഇന്ത്യയ്ക്കൊപ്പം രാഹുലിനൊപ്പം വയനാട്
പത്തനംതിട്ടയിൽ ആൻ്റോ തന്നെ താരം

എന്നാല്‍ ആദ്യ തിരഞ്ഞെടുപ്പ് പോലെ എളുപ്പമായിരുന്നില്ല യുഡിഎഫിന് രണ്ടാം തവണ. വയനാട്ടുകാര്‍ തന്നെ കൈവിടില്ലെന്ന് വിശ്വസിച്ചിറങ്ങിയ ഷാനവാസിനെ അമ്പരപ്പിക്കുന്നതായിരുന്നു അക്കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം. ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞു. 41.20 ശതമാനം (377,035) വോട്ട് നേടിയാണ് ഷാനവാസ് വിജയിച്ചത്. സിപിഐയുടെ സത്യന്‍ മൊകേരി 3,56,165 വോട്ട് നേടി. 2018 ല്‍ രോഗബാധിതനായി മരിക്കുന്നതു വരെ എം ഐ ഷാനവാസ് വയനാട് മണ്ഡലത്തിന്റെ എംപിയായി അദ്ദേഹം തുടര്‍ന്നു. വയനാട് ലോക്സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, ഏറനാട് എന്നിവയാണ് യുഡിഎഫ് അനുകൂല നിയമസഭാ മണ്ഡലങ്ങള്‍. മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ എന്നിവ എല്‍ഡിഎഫ് മണ്ഡലങ്ങളാണ്.

logo
The Fourth
www.thefourthnews.in