കള്ളവോട്ട് പിടിക്കാന്‍ ആപ്പ്; ഓരോ ബൂത്തിലും എ എസ് ഡി മോണിറ്റര്‍

കള്ളവോട്ട് പിടിക്കാന്‍ ആപ്പ്; ഓരോ ബൂത്തിലും എ എസ് ഡി മോണിറ്റര്‍

2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചപ്പോള്‍ ഫലപ്രദമെന്ന് കണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്

ലോക്സഭ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. 'എ എസ് ഡി മോണിട്ടര്‍ സിഇഒ കേരള' എന്ന ആപ്പാണ് എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തില്‍ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ എ എസ് ഡി വോട്ടര്‍മാരെ നിരീക്ഷിക്കുന്നതിനാല്‍ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്ത 'എ എസ് ഡി മോണിറ്റര്‍ സിഇഒ കേരള' ആപ്പ് വഴി ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കഴിയും. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചപ്പോള്‍ ഫലപ്രദമെന്ന് കണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഈ ആപ്പ് ഉപയോഗിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്.

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഈ ആപ്പിന്റെ ഉപയോഗം സംബന്ധിച്ച വിശദനിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുക. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രവുമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക. പോള്‍മാനേജര്‍ ആപ്പില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് എഎസ്ഡി മോണിറ്റര്‍ ആപ്പില്‍ ലോഗിന്‍ അനുവാദം ലഭിക്കുക. അധിക സുരക്ഷയുടെ ഭാഗമായി ലോഗിന്‍ ചെയ്യുന്നതിന് ഒടിപി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടര്‍ പട്ടിക ശുദ്ധീകരണ കാലയളവില്‍ ആബ്സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണപ്പെട്ടവര്‍) എന്ന് രേഖപ്പെടുത്തി ബിഎല്‍ഒമാര്‍ തയ്യാറാക്കിയ പുതുക്കിയ പട്ടിക സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ എസ് ഡി പട്ടികയിലുള്ള വോട്ടര്‍ വോട്ട് ചെയ്യുന്നതിന് ബൂത്തിലെത്തിയാല്‍ ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുകയാണെങ്കില്‍ എഎസ്ഡി മോണിട്ടര്‍ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും.

വോട്ടറുടെ സീരിയല്‍ നമ്പര്‍, റിമാര്‍ക്ക് എന്നിവ രേഖപ്പെടുത്തിയ ശേഷം ആപ്പ് ഉപയോഗിച്ച് തന്നെ വോട്ടറുടെ ചിത്രവും എടുക്കും. തുടര്‍ന്ന് സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഈ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ തിരുത്താനോ കഴിയില്ല. ഓരോ ബൂത്തിലും വോട്ട് ചെയ്ത ആകെ എഎസ്ഡി വോട്ടര്‍മാരുടെ വിവരങ്ങളും ആപ്പ് വഴി അറിയാനാവും. എ എസ് ഡി ആപ്പ് വഴിയുള്ള നിരീക്ഷണത്തിലൂടെ ഇരട്ടവോട്ട് തടയാനും തര്‍ക്കങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും കഴിയുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

പെരുമാറ്റച്ചട്ട ലംഘനം: നടപടി എടുത്തത് 20,61,52 പരാതികളില്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളില്‍ സംസ്ഥാനത്ത് ഇതുവരെ 20,61,52 പരാതികളില്‍ നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 20,96,61 പരാതികളാണ്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.

അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.

കള്ളവോട്ട് പിടിക്കാന്‍ ആപ്പ്; ഓരോ ബൂത്തിലും എ എസ് ഡി മോണിറ്റര്‍
'പിണറായി രാഹുലിനെ വിമർശിക്കുന്നത് താൻപോലും ഉപയോഗിക്കാത്ത ഭാഷയിൽ'; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 4,446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം (19), മദ്യവിതരണം (52), സമ്മാനങ്ങള്‍ നല്‍കല്‍ (36), ആയുധപ്രദര്‍ശനം (150), വിദ്വേഷ പ്രസംഗം (39), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍ (23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 പരാതികളും പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 30,83 പരാതികള്‍ തള്ളി.

കള്ളവോട്ട് പിടിക്കാന്‍ ആപ്പ്; ഓരോ ബൂത്തിലും എ എസ് ഡി മോണിറ്റര്‍
ആളുകൂടി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സി വിജില്‍ ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്‍മേല്‍ ഉടനടി നടപടി എടുക്കും. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും സി വിജില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്‌സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണ് സ്വന്തം ഫോണ്‍ ക്യാമറ വഴി എടുത്ത ചിത്രങ്ങള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in